പശ്ചിമ ഘട്ടം അപായ മുനമ്പിലെന്ന് ഐയുസിഎൻ റിപ്പോർട്ട്

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ നിലനില്പിന്നാധാരമായ പശ്ചിമ ഘട്ടം അപായ മുനമ്പിലെന്ന് യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോർട്ട് പറയുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പശ്ചിമ ഘട്ടത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവുമെന്നും പഠനം വ്യക്തമാക്കുന്നു. പ്രകൃതി സംരക്ഷണത്തിൽ യുനെസ്‌കോയുടെ ഉപദേശക സമിതിയായ ഇന്റർനാഷണൽ യൂണിയൻ ഓഫ് കോൺസെർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ആണ് അവലോകന റിപ്പോർട്ട് തയാറാക്കിയത്.

ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളിൽ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തിൽ യുനെസ്‌കോ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് റിപ്പോർട്ടിൽ പരാമർശിച്ച മറ്റൊരിടം അസമിലെ മനാസ് വന്യജീവി സങ്കേതമാണ്.

പശ്ചിമ ഘട്ടത്തിലെ ജൈവമണ്ഡലം അതിരുകടന്ന ചൂഷണത്തിന് വിധീയമാണെന്ന് പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര വേനൽ മഴ, ജല-വായു മലിനീകരണം, പരിധി കടന്ന വിനോദ സഞ്ചാരം, വന നശീകരണം, മൃഗ വേട്ട, വനത്തിനുള്ളിലൂടെയുള്ള റോഡ്-റെയിൽ നിർമ്മാണ-വികസന പ്രവൃത്തികൾ, നിയന്ത്രണങ്ങളില്ലാത്ത ഖനനം, കാട്ടുതീ, ഡാമുകൾ തുടങ്ങിയവയാണ് പശ്ചിമ ഘട്ടത്തിന് ഭീഷണിയെന്ന് പഠനം വിശദമാക്കുന്നത്. ഈ ഭീഷണികളെ മറികടക്കാൻ ദീർഘകാല സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ഐയുസിഎൻ നിർദ്ദേശം.

“പശ്ചിമ ഘട്ടം സാധാരണ അവസ്ഥയിലല്ല. 245 ദശലക്ഷം ജനങ്ങൾക്ക് വെള്ളം നൽകുന്ന ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജലഗോപുരമാണ്. പശ്ചിമ ഘട്ട മേഖല മുഴുവൻ സംരക്ഷിക്കപ്പെടണം. മൂന്ന് മേഖലകളിലായി തിരിച്ച് സംരക്ഷണത്തിനായി പ്രത്യേക മാർഗരേഖ വേണം.” പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്‌ധ പാനൽ അധ്യക്ഷനായിരുന്ന മാധവ് ഗാഡ്‌ഗിൽ 2011-ൽ പുറത്തിറക്കിയ കരട് റിപ്പോർട്ടിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *