ഇന്ന് ലോക കടുവ ദിനം

FB Status | Rafeeq Babu Mohd Salih

കാടിൻ്റെ രാജാവാണ് കടുവ. വിനീതനായ, മാന്യനായ അധികാരി. കരുത്തും കൗശലവും കൈമുതലാക്കിയ യോദ്ധാവ്. കാടിനെ കാക്കുന്ന കാവൽക്കാരൻ. കുലീനതയും ഗാംഭീര്യവും ജന്മനാ മുഖമുദ്രയാക്കിയവൻ.

ഈ വീര പരിവേഷമാണവയുടെ അന്തകനായതും. കൊട്ടാരത്തിലെ കടുവത്തലകളും തൊലികളും തങ്ങളുടെ പദവി കൂട്ടുമെന്ന് രാജാക്കൻമാരും പ്രഭുക്കളും കരുതി. കടുവ രസായനങ്ങൾ ശയ്യകളിൽ തങ്ങളുടെ വീര്യം കൂട്ടുമെന്ന് വേറെ ചിലരും. മറ്റു പലർക്കും കടുവകളെ വെവ്വേറെ ആവശ്യങ്ങൾക്കായി വേണമായിരുന്നു. ഫലം കാസ്പിയൻ മുതൽ സൈബീരിയ വരേക്കും തെക്കു കിഴക്കേഷ്യൻ ദ്വീപു സമൂഹങ്ങളിലും വാണമറിയ ലക്ഷക്കണക്കിന് കടുവകൾ കേവലം അയ്യായിരത്തിന് താഴേക്കായി.

ഇന്ന് ജനമനസ്സുകളിൽ അക്രമണകാരിയും രക്തദാഹിയും കൊടുംഭീകരനുമാണിവൻ. കൊല്ലണം കടുവയെ എന്നാണ് മുദ്രാവാക്യം. എന്തിന് സംരക്ഷിക്കുന്നു എന്നാണ് രോഷം.
ഈയൊരവസ്ഥയിലേക്കെത്തിക്കുന്നതിൽ വലിയ പങ്ക് മാധ്യമങൾക്ക് തന്നെയാണ്. വാരാദ്യ – അന്ത്യ പതിപ്പുകളിൽ വന്യ ജീവിതങ്ങൾ മനോഹരമായി കോറിയിടുമ്പോഴും വാർത്തകളിലും വരികൾക്കിടയിലും കടുവ ഭീകരനാണ്. സിനിമാക്കഥകൾ ചിത്രീകരിക്കുമ്പോഴും സ്ഥിതി തദൈവ.

മാറേണ്ടതുണ്ടീ അവസ്ഥ. അല്ലെങ്കിൽ നമ്മുക്ക് കഷ്ടാവസ്ഥയായിരിക്കും. കടുവ ഭീകരജീവിയല്ലെന്ന്, കാടിൻ്റെ കാവലാളാണെന്ന്, അത് വഴി നാടിനെ കാക്കുന്നുണ്ടെന്ന് ജനങ്ങളെ വിശിഷ്യാ വിദ്യാർഥി യുവജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *