കേരളത്തിനു ‘സംസ്ഥാന തവള’യും
കേരളത്തിന് ഔദ്യോഗിക മത്സ്യവും ചിത്രശലഭവുമെല്ലാം തീരുമാനമായതിനു പിന്നാലെ സംസ്ഥാന തവളയും യാഥാർഥ്യമാകാൻ അരങ്ങൊരുങ്ങുന്നു. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോട്ടുവയ്ക്കും. കേരള വനഗവേഷണ ഇൻസ്റ്റ്യൂട്ടിൽ തവളകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ്ദാസ് ആണ് ഈ നീക്കത്തിനു തുടക്കം കുറിച്ചത്.
‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ (Nasikabatrachus sahyadrensis) എന്നു ശാസ്ത്രീയ നാമമുള്ള പാതാളത്തവളയെയാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ നിർദേശം സമർപ്പിക്കുന്നത്. ഇതിനു പന്നിമൂക്കൻ തവളയെന്നും പേരുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഒരു അടുത്ത ചാർച്ചക്കാരൻ ആഫ്രിക്കയിലെ മഡഗാസ്കറിനു സമീപമുള്ള സെയ്ഷേൽസ് ദ്വീപുകളിലാണുള്ളത്. ഏഷ്യയും ആഫ്രിക്കയും തുടർച്ചയായ വൻകരകളാണെന്നതിന്റെ സൂചന കൂടിയാണിത്.
ഡൽഹി സർവകലാശാലയിലെ പ്രഫ.എസ്.ഡി.ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 ൽ ഇടുക്കിയിൽ നിന്ന് ഈ തവളയെ കണ്ടെത്തിയത്. എന്നാൽ അതിനു മുൻപു തന്നെ ഇതിനെക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു. ബുദ്ധമയൂരിയെ ഈയിടെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചിരുന്നു. മാവേലിത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചാൽ ഔദ്യോഗിക തവളയുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.
പന്നിമൂക്കനു പകരം ‘മാവേലിത്തവള’
വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാളത്തവള മണ്ണിനടിയിലേക്കു പോകും. പിന്നെ വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനു വേണ്ടി മാത്രമാണ് ഇതു ഭൂമിക്കു മുകളിലേക്കു വരുന്നത്. അതുകൊണ്ടു തന്നെ പാതാളത്തവള, പന്നിമൂക്കൻ തവള എന്നീ പേരുകൾക്കു പകരം മാവേലിത്തവള എന്ന പേരിൽ വേണം ഇതിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ എന്നാണു സന്ദീപ്ദാസിന്റെ നിർദേശം. പാതാളത്തിൽ നിന്നു വർഷത്തിലൊരിക്കൽ മാത്രം കേരളത്തിലെത്തുന്ന മഹാബലിയെ സൂചിപ്പിക്കുന്നതാവണം പേർ എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.
Source: manoramaonline.com