ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം: നമുക്കും ചെയ്യാനുണ്ട്

ഹബീബ് റഹ്‌മാൻ കൊടുവള്ളി | habeebrahmank@gmail.com

പ്രപഞ്ചത്തിൻറെ താളം നിലനിർത്താനും മനുഷ്യവാസം സുഗമമാക്കാനും ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ദിനങ്ങളാണ് ഭൗമദിനം, വനദിനം, സമുദ്രദിനം, വന്യജീവിദിനം, കാർഷികദിനം തുടങ്ങി ഒട്ടനവധി ദിനങ്ങൾ. അവയെയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ ഒരു ദിനമാണിന്ന്. അഥവാ ലോക പരിസ്ഥിതി ദിനമായി കൊണ്ടാടുന്ന ജൂൺ 5. പാകിസ്ഥാൻ ആദിത്യം വഹിക്കുന്ന ‘ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുക’ എന്ന പ്രമേയത്തോടെയുള്ള ഇപ്രാവശ്യത്തെ പരിസ്ഥിതി ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമുക്ക് നമ്മുടെ പ്രകൃതിയുടെ യഥാർത്ഥ സംരക്ഷണത്തിനും പുനസ്ഥാപനത്തിനും, ലോകജനതയെ പ്രചോദിപ്പിക്കുന്നതിനും രാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 2021 മുതൽ 2030 വരെ നീണ്ടുനിൽക്കുന്ന ദശ വർഷ ആഗോള ക്യാംപെയിൻ നടത്തുന്നതിന് ഐക്യരാഷ്ട്രസഭ ഒരുമ്പെട്ടിരിക്കുന്നു. ഒന്നരവർഷമായി ലോകത്തെ പിടിമുറുക്കിയ കൊറോണ പകർച്ചയുടെ പശ്ചാത്തലത്തിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ ഇനിയും ഉണ്ടാവാതിരിക്കാനുള്ള മുന്നൊരുക്കവുമാണിതെന്ന് നമുക്ക് പ്രത്യാശിക്കാം.

World Environment Day: Ecosystem Restoration is the Key to Revive Our  Degraded Planet

ഐക്യരാഷ്ട്രസഭ വർഷംതോറും ഭൗമഉച്ചകോടികളും ജല ഉച്ചകോടികളും പാരിസ്ഥിതിക ഉച്ചകോടികളും ഒക്കെ നടത്തുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. അതിൻ ഫലമായി ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും കൊടുങ്കാറ്റുകളും പ്രളയങ്ങളും മഹാമാരികളും, സുനാമികളുമൊക്കെയായി പ്രകൃതിയുടെ വികൃതികൾ നമ്മെ തുരുതുരെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെ പോയാൽ ഒരു 50 വർഷം കൊണ്ട് ഭൂഗോളത്തിൽ മനുഷ്യവാസം തന്നെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.

അന്തരീക്ഷ മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ വിനാശം, ഹരിത ഭൂമിയുടെ നാശം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ലോക താപനം, ജല മലിനീകരണം, സൗരോർജ്ജ പ്രസരണത്തിലെ മാറ്റങ്ങൾ, മഴ, കാറ്റ് എന്നിവയിലെ അസന്തുലിതാവസ്ഥ എന്നിങ്ങനെ ഭൂഗോളത്തിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഭയാനകമാണ്.

മെയ് 27 ന് പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭ പാരിസ്ഥിതിക പദ്ധതിയുടെ (യു. എൻ. ഇ. പി.) പ്രകൃതിസംരക്ഷണത്തിന് ചെലവഴിക്കേണ്ട സാമ്പത്തികാവസ്ഥയെക്കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായ ഇൻഗർ ആൻഡേഴ്സൺ പറയുന്നത് നോക്കൂ. “ഇപ്പോൾ മുതൽ 2050 വരെ വർഷംതോറും 536 മില്യൺ യുഎസ് ഡോളർ വീതം 8.1 ട്രില്യൺ ഡോളർ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ മാത്രമേ കാലാവസ്ഥ, ജൈവവൈവിധ്യം, ഭൂ സംരക്ഷണം എന്നിവ വിജയകരമായി പരിഹരിക്കാൻ പറ്റൂ.

ജൈവവൈവിധ്യ നഷ്ടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തോളം അപഹരിക്കുന്നു. ഇത് കാലികമായുണ്ടാകേണ്ട വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു”.

നമ്മുടെ ജീവവായുവും ജീവിത ചുറ്റുപാടുകളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ഓസോൺ പാളിയിലെ വിള്ളൽ മുതൽ ഭൗമാന്തർഭാഗത്തെ പ്രകമ്പനത്തെ വരെ നിയന്ത്രിക്കാൻ ഒരളവു വരെ പരിഹരിക്കാനും നമ്മുടെ കൂട്ടായ പാരിസ്ഥിതിക സൗഹൃദ സമീപനത്തിലൂടെയും ശ്രദ്ധയിലൂടെയും സാധിക്കും. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും സംഘടനകളും രാഷ്ട്രങ്ങളും കൈകോർത്ത് പിടിക്കണമെന്നേയുള്ളൂ. നമ്മുടെ ആവാസവ്യവസ്ഥകളായ സമതലങ്ങൾ, പർവ്വതങ്ങൾ, നദികൾ, പുൽമേടുകൾ, വയലുകൾ, കൃഷിഭൂമികൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ, സമുദ്രങ്ങൾ, അന്തരീക്ഷം തുടങ്ങിയവയോടൊക്കെയും നാം സ്നേഹ മസൃണമായും കരുതലോടും പെരുമാറേണ്ടതുണ്ട്. അല്ലെങ്കിൽ നാം മാത്രമല്ല, നമ്മുടെ തലമുറകളും വലിയ വില കൊടുക്കേണ്ടി വരും.

ഒരിക്കൽ തൃശ്ശൂരിൽ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു സുഹൃത്തിനെ സന്ദർശിക്കാൻ മാർക്കറ്റിൽനിന്ന് അവനിഷ്ടപ്പെട്ട കപ്പയും മത്തിയും വാങ്ങി പോയി. കപ്പ കണ്ടപ്പോൾ അവന് സന്തോഷമായെങ്കിലും മത്തി കണ്ടപ്പോൾ അവനൊരു അസ്വസ്ഥത. ഞാൻ തിരിച്ചുപോരുമ്പോൾ മത്തിയുടെ അവശിഷ്ടങ്ങൾ നന്നായി പാക് ചെയ്ത ഒരു കവർ എന്നെയെല്പിച്ച് വഴിയിലെ ഏതെങ്കിലുമൊരു വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കണമെന്ന് പറഞ്ഞപ്പോഴാണെനിക്ക് കാര്യം മനസ്സിലായത്. ഏതാനും വാര നടന്ന ശേഷം അതൊരു സ്ഥലത്തു നിക്ഷേപിച്ചപ്പോഴേക്കും നാലുപാടുനിന്നും ആളുകൾ ഓടിക്കൂടി എന്നെ വളഞ്ഞു. “ഓഹോ, നിങ്ങളാണല്ലേ ഇവിടെ സ്ഥിരമായി വേസ്റ്റുകൾ നിക്ഷേപിക്കുന്നത്, കുറേ ദിവസമായി ഞങ്ങൾ ആളെ പിടിക്കാൻ കാത്തിരിക്കുന്നു. എടുത്തുകൊണ്ടു പോടാ അവിടുന്ന്”. പുഴക്കും വയലിനും മദ്ധ്യേ വിശാലമായ ഭൂ പ്രദേശത്ത് താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഭീതിപ്പെടുത്തുന്ന അനുഭവമായിരുന്നു.

ചുരുക്കത്തിൽ ഇന്ന് നമ്മൾ അടക്കമുള്ള ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് മാലിന്യങ്ങളാണ്. വീടുകൾ മുതൽ ഹോസ്പിറ്റലുകൾ വരെയും കടകൾ മുതൽ എയർ സ്പേസ് സെൻററുകൾ വരെയുമുള്ള സ്ഥാപനങ്ങളിലേയും ജൈവ-അജൈവ-പ്ലാസ്റ്റിക്- ഇ- വേസ്റ്റുകളടക്കം കരയും കടലും ആകാശവും മാലിന്യക്കൂമ്പാരമായിരിക്കുന്നു. കമ്പോസ്റ്റ് കുഴികളും ബയോഗ്യാസ് പ്ലാൻറ്കളും പ്ലാസ്റ്റിക്കേതര ഉപകരണങ്ങളും ബയോമെഡിക്കൽ മാലിന്യ സംസ്കരണവുമൊക്കെയായി വേസ്റ്റുകൾ അവയുടെ ഉറവിടങ്ങളിൽ തന്നെ നശിപ്പിക്കപ്പെട്ടില്ലെങ്കിൽ അതൊരു മഹാ ദുരന്തമായിരിക്കുമെന്ന് തീർച്ച.

50 വർഷം മുൻപ് 5 ലിറ്റർ വെള്ളം കൊണ്ട് ഒരു വ്യക്തിയുടെ മുഴുവൻ ആവശ്യങ്ങളും നിവർത്തിച്ചിരുന്ന നമ്മുടെ വീടുകളിലെ ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ 4 മുതൽ 8 വരെയുള്ള ബാത്ത്റൂമുകൾ വൃത്തിയാക്കാൻ മാത്രം ഒരു ദിവസം ചെലവഴിക്കുന്നത് 400 മുതൽ 1000 വരെ ലിറ്റർ വെള്ളമാണ്. അതിനേക്കാൾ വിസ്മയാവഹമായിട്ടുള്ളത് നമ്മുടെ കോൺക്രീറ്റും ടൈലും മാർബിളുമിട്ട് നമ്മുടെ വീടിൻറെ നാലയലത്തേക്ക് പോലും ഒരു തുള്ളി മഴവെള്ളത്തെ പോലും നാം അടുപ്പിക്കുന്നില്ല എന്നതും!

നദീതീരങ്ങൾ, തണ്ണീർത്തടങ്ങൾ, വനപ്രദേശങ്ങൾ, മറ്റു ആവാസസ്ഥലങ്ങളെല്ലാം നന്നാക്കിയെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്യേണ്ടതുണ്ട്. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കളെ ഇല്ലായ്മ ചെയ്യുകയും വിദേശ പുല്ലിനങ്ങൾക്ക് പകരം പ്രാദേശിക ഇനങ്ങൾ പകരം വെക്കുകയും വെള്ളം ഒലിച്ചു പോകുന്ന മേൽക്കൂരകൾക്കും ടാറിട്ട നിലങ്ങൾക്കും പകരം വെള്ളം വലിച്ചെടുക്കുന്ന ചെടികൾ പകരം വെക്കുകയും ചെയ്തെങ്കിലേ ജല സംരക്ഷണവും ശുദ്ധീകരണവും സാധ്യമാകൂ.

കുന്നുകളും മലകളുമിടിച്ച് വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്ന പ്രവണത അവസാനിപ്പിക്കാനുള്ള അവസാനത്തെ സന്ദർഭമത്രെ ഇത്.

കേമൻ മണിമാളികകളും ഫ്ലാറ്റുകളും ഓഡിറ്റോറിയങ്ങളും വിമാനത്താവളങ്ങളും നിർമ്മിച്ച് കൊണ്ടിരിക്കുകയുംഅത്തരം ഓഡിറ്റോറിയങ്ങളിലിരുന്ന് കസ്തൂരിരംഗൻ റിപ്പോർട്ടിനെ കുറിച്ചും ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചും നെടുങ്കൻ ചർച്ചകൾ സംഘടിപ്പിച്ച് ഇനിയും ഭൂമിക്ക് ഭാരം കൂട്ടിയാൽ ഇനിയുമിനിയും പ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതീക്ഷിച്ച്കൊള്ളാനാണ് ലോക പരിസ്ഥിതി ശാസ്ത്രത്തിലെ മലയാളി ശബ്ദമായ ഡോക്ടർ എസ് ഫെയ്സി നമ്മെ ഉണർത്തുന്നത്.

മരങ്ങളും കാടുകളും നശിപ്പിച്ച് ചെറിയ ചെറിയ ചട്ടികളിൽ വളർത്തുന്ന അലങ്കാരച്ചെടികളും പൂവുകളും നമ്മുടെ ജീവിതം സുന്ദരമാക്കുമെന്നും നമ്മുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്നുമുള്ള നമ്മുടെ ചിന്ത വ്യാമോഹം മാത്രം! ലോകാവസാനത്തിന്റെ പ്രകമ്പനം കേട്ടാൽ പോലും നിങ്ങൾ തൈ നടണമെന്നുദ്ഘോഷിക്കുകയും ഒരാളുടെ അന്ത്യവിശ്രമസ്ഥലം പോലും ചെടികൾ കൊണ്ടലംകൃതമാകണമെന്നും നമ്മെ ഉണർത്തിയ മതാധ്യാപനങ്ങളെ നമുക്കിവിടെ സ്മരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *