സമുദ്രങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേക കപ്പല്‍ ഡിസൈന്‍ ചെയ്ത് 12 വയസ്സുകാരന്‍
സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ മാറ്റി സമുദ്രം ശുദ്ധീകരിക്കാന്‍ പൂനെയില്‍ നിന്നുമുള്ള പന്ത്രണ്ട് വയസ്സുകാരന്‍ എര്‍വിസ് എന്ന പ്രത്യേക കപ്പല്‍ രൂപകല്‍പന ചെയ്തത് ശ്രദ്ധേയമാകുന്നു. സമുദ്രങ്ങളിലെ മാലിന്യം മല്‍സ്യങ്ങള്‍ വഴി മനുഷ്യരെ ബാധിക്കുന്നതാണെന്നും അതിന്റെ ഭീകരത വലുതാണെന്ന തിരിച്ചറിവിലാണ് പുതിയൊരു കപ്പല്‍ രൂപ കല്‍പന ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും പന്ത്രണ്ട് വയസ്സുകാരനായ ഹാസിക്ക് കാസി പറയുന്നു.
‘നിരവധി ഡോക്യൂമെന്ററികളിലും വീഡിയോകളിലും മാലിന്യം സമുദ്രത്തെ ബാധിക്കുന്നതിന്റെ തീവ്രത മനസ്സിലാക്കിയിട്ടുണ്ട്’; ഹാസിക്ക് കാസി പറഞ്ഞു. ‘എര്‍വിസ്’ എന്ന് പേരിട്ട കപ്പലില്‍ നിന്നും ആകേന്ദ്രബലമുപയോഗിച്ച് മാലിന്യങ്ങള്‍ പിടിച്ചെടുക്കാമെന്നും ഇത് പിന്നീട് വെള്ളം, സമുദ്രോല്‍പ്പന്നം, മാലിന്യം എന്നിങ്ങനെ വേര്‍തിരിക്കാമെന്നും ഇതിലെ വെള്ളവും സമുദ്രോല്‍പ്പന്നങ്ങളും തിരികെ കടലിലേക്ക് തന്നെ ഒഴുക്കാമെന്നും ഹാസിക്ക് ഡിസൈനിലൂടെ തെളിയിക്കുന്നു. അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് മാലിന്യം വേര്‍തിരിച്ചെടുക്കുന്നതെന്നും ഹാസിക്ക് പറഞ്ഞു.
ഹാസിക്കിന്റെ പുതിയ രൂപകല്‍പന ഇതിനകം നിരവധി അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെഡ് എക്സിലും ടെഡ് 8ലും അവതരിപ്പിച്ച ഹാസിക്കിന്റെ കണ്ടുപിടുത്തത്തെ നിരവധി അന്താരാഷ്ട്ര വിദഗദരും സംഘടനകളും അഭിനന്ദിച്ചിട്ടുണ്ട്. സമുദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ തിരിച്ചറിഞ്ഞ് എടുത്ത് മാറ്റാന്‍ പ്രത്യേക സെന്‍സര്‍ സംവിധാനം തന്നെ തന്റെ കപ്പലിലുണ്ടെന്ന് ഹാസിക്ക് പറയുന്നു. ഒന്‍പത് വയസ്സ് പ്രായമുള്ള സമയത്താണ് തനിക്ക് ഇങ്ങനെയൊരു ഐഡിയ തോന്നിയതെന്ന് ഹാസിക്ക് പറയുന്നു. സമുദ്ര സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധന പരിപാടികള്‍ക്ക് വേണ്ടി നിരവധി സംഘടനകള്‍ക്കും ഫോറങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഹാസിക്കിപ്പോള്‍.
Source: mediaonetv.in