വരാനിരിക്കുന്ന വരൾച്ച?

Social Media | Muralee Thummarukudy

ഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്ട്സ്ആപ്പ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ഉണ്ടായത് കൊണ്ട് അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാകുമെന്ന് പറയാൻ മാത്രം ശാസ്ത്രം വളർന്നിട്ടും ഇല്ല. അതുകൊണ്ട് സാധാരണയിൽ അധികമായി ഒരു വരൾച്ചക്ക്‌ ഈ വർഷം സാധ്യത ഞാൻ കാണുന്നില്ല. വരൾച്ച ഉണ്ടാകുമോ എന്ന് വരും മാസങ്ങളിൽ അറിയാം.

അതേ സമയം കേരളത്തിൽ വെള്ളത്തിന് പ്രായോഗികമായി ക്ഷാമം ഉണ്ടാകാൻ സാധ്യത ഉണ്ട്. കേരളത്തിലെ അനവധി കിണറുകളിൽ വെള്ളത്തിന്റെ ലെവൽ താഴ്ന്നു പോകുന്നതുകൊണ്ടാണ് ഇത് സംഭവിക്കാൻ പോകുന്നത്. ഇത് എന്ത് പ്രകൃതി പ്രതിഭാസം ആണ് ?.

കേരളത്തിലെ പുഴകളിലേക്ക് വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളിൽ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏത് പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴും.

ഈ തവണത്തെ മഴക്ക് വളരെ പ്രധാനമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതിവേഗതയിൽ കല്ലും മണലും ഉൾപ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടിൽ മണ്ണൊലിപ്പ് ഉണ്ടാക്കും, പുഴയുടെ ആഴം കൂടും. ഒറ്റയടിക്ക് നോക്കുമ്പോൾ പുഴ പഴയ പുഴയാണെന്നും അതിലെ ജല നിരപ്പ് കുറഞ്ഞു എന്നും നമുക്ക് തോന്നും. പുഴകളിൽ പാലങ്ങൾ ഉണ്ടെങ്കിൽ അതിൻ്റെ പില്ലറിൽ നോക്കിയാൽ, അല്ലെങ്കിൽ പുഴയിലേക്ക് കെട്ടിയിറക്കിയ സ്റ്റെപ്പുകൾ ഉണ്ടെങ്കിൽ, പുഴയുടെ നിരപ്പ് താഴുന്നത് മനസിലാക്കാം. നമ്മുട കിണറുകളിലേയും കുളത്തിലെയും ജലനിരപ്പ് പുഴയിലെ ജലനിരപ്പിന്റെ കുറവിന് ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ കിണറിലെ ജല നിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിൽ ആവശ്യത്തിന് മഴ ലഭിക്കാതെ ഇത് തിരിച്ചു വരില്ല. കിണറിലെ അടിത്തട്ടിന് താഴെ വെള്ളം പോയിട്ടുണ്ടെങ്കിൽ കിണറിന്റെ ആഴം കൂട്ടുകയല്ലാതെ വേറെ മാർഗ്ഗം ഇല്ല. പുഴയുടെ ആഴം അത്ര അധികം വർദ്ധിച്ചിരിക്കാൻ വഴിയില്ലാത്തതിനാൽ ഒന്നോ രണ്ടോ മീറ്ററിൽ അധികം ഈ വെള്ളത്തിന്റെ താഴ്ച ഉണ്ടാകില്ല. പുഴയിൽ നിന്നും അകന്ന പ്രദേശങ്ങളിലോ, പുഴ വേഗത്തിലോ കലങ്ങിയോ ഒഴുകാത്ത പ്രദേശങ്ങളിലോ ഇതൊരു പ്രശ്നമാകാനും വഴിയില്ല.

ഒരു രേഖാ ചിത്രം താഴെ കൊടുത്തിരിക്കുന്നു. നല്ല ഗ്രൗണ്ട് വാട്ടർ ജിയോളജിസ്റ്റുകൾ ഉണ്ടെങ്കിൽ ഈ ചിത്രം ഒക്കെ കൂടുതൽ നന്നാക്കി വരക്കണം.

Leave a Reply

Your email address will not be published. Required fields are marked *