പ്ലാസ്റ്റിക് മാലിന്യവുമായി വരൂ, വയറ് നിറയെ ഭക്ഷണം കഴിച്ചു മടങ്ങാം | രേഷ്മ രാജ്
പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ തല പുകയ്ക്കുന്നവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത നൽകുകയാണ് മലപ്പുറം. മാലിന്യവുമായി മലപ്പുറം നഗരസഭയിലേക്ക് കയറി വരൂ… വയറു നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം തികച്ചും സൗജന്യമായി.
മലപ്പുറം ജില്ലാ ഭരണകൂടത്തിന്‍റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ ‘പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം’ എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ക്യാന്‍സര്‍ രോഗത്തിനടക്കം കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെത്തിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് പദ്ധതി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍, തെരുവുകളില്‍ / പൊതു സ്ഥലങ്ങളില്‍ നിന്ന് അവ ശേഖരിച്ച് മലപ്പുറം മുനിസിപ്പാലിറ്റിയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (ഗാര്‍ബേജ് കഫെ) ലേക്ക് കൈമാറിയാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ തൂക്കത്തിന് അനുശ്രിതമായി ഭക്ഷണ പാക്കറ്റുകള്‍ നല്‍കും. ഭക്ഷണം ആവശ്യമുള്ള ഏതൊരാള്‍ക്കും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി എത്താവുന്നതാണ്.
ഉച്ചയ്ക്ക് 12.30മുതല്‍ 1.30 വരെയാണ് ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത ഘട്ടമായി ചായയും കടിയും നല്‍കും. ഭക്ഷണം വേണ്ടാത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്.
ഇന്നലെ പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കലക്ടര്‍ ജാഫര്‍ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുല്ല എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എന്‍എസ്‌എസ് വൊളന്റിയര്‍മാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു.
സൗജന്യ ഭക്ഷണം എന്ന നിലയ്ക്കല്ല പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സേവനത്തിനായാണ് ഭക്ഷണം നല്‍കുന്നത്. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകതയും ഇത് തന്നെയാണ്. ഇപ്രകാരം നഗരത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയിലേക്ക് എത്തിച്ച് സംസ്കരിക്കുന്നതിലൂടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവു വരുത്താനാകും എന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. റീസൈക്കിള്‍ ചെയ്യുന്ന പ്ലാസ്റ്റിക്ക് റോഡ് പണിക്കും മറ്റുമായി ക്ലീന്‍ കേരള കമ്ബനിക്ക് വില്‍ക്കുകയാണ് ചെയ്യുക.
അതേസമയം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പദ്ധതിക്ക് നവമാധ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളുടെ പിന്തുണയേക്കാൾ ജനങ്ങളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് ഭക്ഷണം വേണ്ടേ എന്ന് കരുതി ഇതുവരെ ചെയ്യുന്ന പോലെ പ്ലാസ്റ്റിക് മാലിന്യം വഴിവക്കിൽ തള്ളാനും കത്തിച്ചുകളായാനും നിൽക്കരുത്. ഈ പദ്ധതിയുടെ ഉദ്ദേശം മനസ്സിലാക്കി അതിന് വേണ്ടി കൂടെ നിൽക്കുക. നമ്മുടെ നാടിനും നമുക്കും വേണ്ടിയാണെന്ന് മറക്കാതിരിക്കുക…
അഭിമാനിക്കാം.. ഏതൊരു മലപ്പുറംകാരനും, നമ്മുടെ നാടിന്റെ വിവേകപൂർണമായ ഈ പ്രവൃത്തിയിൽ… മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങാതെ മാലിന്യം കാർന്ന് തിന്നുന്ന നാഗരങ്ങളിലെല്ലാം ഈ പദ്ധതി നടപ്പിലാക്കണം…ഇതുപോലുള്ള പദ്ധതികൾ വിജയകരമായി നടപ്പിലായാൽ മാത്രമേ നാളെ നമുക്കും നമ്മുടെ ഭാവി തലമുറകൾക്കും ജീവിക്കാൻ ഭൂമി എന്നൊരു ഗ്രഹം ഇവിടെ ബാക്കിയാകൂ.