പരിസ്ഥിതിയെപ്പറ്റി എന്തിന് മിണ്ടാതിരിക്കണം?

FB Status | Muhammed Shameem

ഇനി പറയാൻ പോകുന്ന കാര്യങ്ങൾക്ക് അൽപം ദൈർഘ്യം കൂടിയേക്കാം. നിവൃത്തിയില്ലാത്തത് കൊണ്ടാണ്. താൽപര്യമുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി. അതിജീവനത്തിന്റെ പ്രശ്നമാണ് എന്ന് മാത്രം മനസ്സിലാക്കുക.

ഒന്ന്)
കമ്യൂനിസ്റ്റുകാരായ അധ്യാപകരും സുഹൃത്തുക്കളുമാണ് ഈ കുറിപ്പുകാരനിലേക്ക് പാരിസ്ഥിതിക ബോധം പകർന്നത്. അക്കാലത്തെ ചിന്തകൾ, അന്ന് വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകളും നാടകങ്ങളും ഇവയെല്ലാം ആ അവബോധത്തെ ദൃഢീകരിക്കുകയും ചെയ്തു.

സൈലന്റ് വാലി സൃഷ്ടിച്ച ഭാവുകത്വമാണ് അന്നത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർക്ക് ഊർജം പകർന്നത്. സി.പി.എം സഹയാത്രികനായ നാടകാചാര്യൻ കെയെമ്മാർ എന്ന കെ.എം രാഘവൻ നമ്പ്യാരുടെ ചില കഥാപാത്രങ്ങൾക്ക് വേദിയിൽ ഞാൻ ജീവൻ പകർന്നിട്ടുണ്ട്. ഒരു മൽസരവേദിയിൽ അവതരിപ്പിച്ച, കാളിയൻ എന്ന ഏകാങ്കനാടകം അതിൽ എന്നുമോർമിക്കുന്നതാണ്.

യമുനാനദിയെയും നദീതടത്തെയും വിഷമയമാക്കിയ കാളിയൻ എന്ന വിഷസർപ്പത്തെക്കുറിച്ച പുരാണത്തെ ആധുനിക വ്യവസായയുഗത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടതാണ് കെയെമ്മാറിന്റെ നാടകം. പുരാണത്തിൽ കാളിയനെ കൃഷ്ണൻ അതിജയിക്കുന്നുവെങ്കിൽ ആധുനിക കാളിയന് മുന്നിൽ കൃഷ്ണനും തളർന്ന് നിസ്സഹായനായിപ്പോകുന്നു.

കാളിയ സർപ്പത്തിന് മകുടിയൂതുന്ന ഭരണത്തിന്റെയും സിദ്ധാന്തങ്ങൾ ചമയ്ക്കുന്ന ശാസ്ത്രത്തിന്റെയും ഇരട്ട വേഷമാണ് ഞാൻ വേദിയിലാടിയത്. (ബെസ്റ്റ് ആക്ടർക്കുള്ള സമ്മാനവും കിട്ടി. സന്തോഷം).

രണ്ട്)
നന്നായി മഴ പെയ്തിരുന്ന ഒരു സമയത്ത് മുഹമ്മദ് നബി ചെയ്തിരുന്ന ഒരു പ്രാർത്ഥനയിലെ ആശയങ്ങളോർക്കുന്നു.

ഈ ജലവർഷത്തെ ഒരു ദുരന്തമായി ഞങ്ങൾക്കു മേൽ പതിപ്പിക്കാതെ ചുറ്റിലുമായി വ്യാപിപ്പിക്കേണമേ എന്നാണ് അതിന്റെ തുടക്കം.

വെള്ളത്തിന് ഒരു സഞ്ചാരപഥമുണ്ട്. നമ്മുടെ നാട്ടിൽ മഴവെള്ളം മലവെള്ളമായി പിന്നെയത് പുഴവെള്ളമായി കടലിൽ ചെന്നു ചേരുന്നു. അതിനിടയിൽ ജലം കയറി നിൽക്കുന്ന ധാരാളം തണ്ണീർത്തടങ്ങൾ, നീർച്ചാലുകൾ അങ്ങനെ പലതും.

ഇപ്രകാരം വ്യാപിക്കാനുള്ളതാണ് ജലം എന്ന അവബോധത്തിൽ നിന്നാണ് പ്രാർത്ഥന ആരംഭിക്കുന്നത്.

ഒരു കവിതപോലെ സാന്ദ്രസൗന്ദര്യത്തോടെയും ആശയഗാംഭീര്യത്തോടെയും ശാസ്ത്രീയാവബോധത്തോടെയും പ്രവാചകൻ സഹജർക്കും സഹജീവികൾക്കും വേണ്ടിയുള്ള തന്റെ അർത്ഥന തുടരുന്നു.

പുൽമേടുകളിൽ,
മലകളിൽ,
താഴ്‌വാരങ്ങളുടെ ഗർഭങ്ങളിൽ,
വൃക്ഷങ്ങളുടെ വേരുകളിലും.

ജലം ശേഖരിക്കപ്പെടുന്ന ഇടങ്ങളാണിവ.

അനന്തരം)
ജലം ശേഖരിക്കപ്പെടാൻ പുൽമേടുകളെവിടെ?
മലകളെവിടെ?
താഴ്‌വാരങ്ങളുടെ ഗർഭത്തിലേക്കുള്ള ജലകണങ്ങളുടെ പ്രവേശനം നാം നിഷേധിച്ചിരിക്കുകയല്ലേ?
വേരുകളിൽ ജലം ശേഖരിക്കുന്ന, മണ്ണിനെ ആർദ്രമാക്കുന്ന വൃക്ഷങ്ങളിന്നെവിടെ?
പ്രാർത്ഥിക്കാനുള്ള അർഹത പോലും ആരാണ് നഷ്ടപ്പെടുത്തിയത്?

ഇപ്പോൾ ചിലർ നടത്തുന്ന വിചിത്രമായ ചില വിശകലനങ്ങളുണ്ട്.

പ്രളയകാലത്തെ ഭൂലോക പിന്തിരിപ്പന്മാരുടെ ലിസ്റ്റാണതിൽ മുഖ്യം. കേരളത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന സംഘികൾ, മുഖ്യമന്ത്രിയുടെ ദുതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്ന ദുഷ്ടശക്തികൾ, പരിസരബോധമില്ലാത്ത പരിസ്ഥിതിവാദികൾ എന്ന് ഒറ്റയടിക്കങ്ങോട്ട് ചേർത്തു പറഞ്ഞു കളയും.

സത്യത്തിൽ ഈ സമീകരണമാണ് ഏറ്റവും വലിയ പിന്തിരിപ്പത്തം. മൂലധനശക്തികൾക്ക് വേണ്ടിയുള്ള കുഴലൂത്തല്ലാതെ മറ്റൊന്നുമല്ലത്. പരിസ്ഥിതിവാദികളെ സംഘിസത്തോട് ചേർക്കുമ്പോൾ സംഘികൾ പ്രകൃതി സ്നേഹികളാണെന്ന വ്യാജബോധം സൃഷ്ടിക്കപ്പെടുന്നുവെന്നത് ഇതിന്റെ മറുവശം. സംഘിസം എന്നുവെച്ചാൽ പരിസ്ഥിതിവാദം പോലെ എന്തോ ആണെന്ന മനോഭാവം ഇതിന്റെ അനുബന്ധവും.

ഫലത്തിൽ ഇത് സംഘികൾക്ക് വേണ്ടിയുള്ള കുഴലൂത്തും കൂടിയാണ്.

ഇവിടെയാണ് ഒന്നാമത് പറഞ്ഞ കാര്യം പ്രസക്തമാവുന്നത്. ഞാനും പ്രകൃതിയും കമ്യൂനിസവും എന്ന ചരിത്രം.

ഇപ്പോഴും വ്യക്തിപരമായി ഇടത് രാഷ്ട്രീയത്തോടാണെന്റെ ചായ്‌വ്‌. എന്നാൽ പാരിസ്ഥിതിക ബോധത്തെ ഇന്ന് ഏറ്റവും ആക്രാമകമായി അപഹസിക്കുന്നത് ദൗർഭാഗ്യവശാൽ അവരാണ്.

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നത് രണ്ടു കൂട്ടരാണ്.
പ്രകൃതിയെക്കുറിച്ച ക്രിസ്തു സന്ദേശത്തെ അരമനയിലെ തടവു മുറിയിൽ ബന്ധിച്ച രൂപതകളും ബിഷപ്പുമാരും, പിന്നെ ഡയലക്ടിക്സ് ഒഫ് നേച്ചറിനെക്കുറിച്ച സിദ്ധാന്തങ്ങളെ ചവുട്ടിത്തേച്ച മുഖ്യധാരാ കമ്യൂനിസ്റ്റുകാരും.

ജനം ദുരിതമനുഭവിക്കുമ്പോൾ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് മര്യാദയില്ലായ്മയാണത്രേ.

ഞാനൊരു സാമൂഹ്യ പ്രവർത്തകനാണ്. എന്നെക്കൊണ്ടാവുന്ന വിധത്തിൽ ദുരിതാശ്വാസത്തിലും പങ്കാളിയായ ശേഷമാണ് ഇത് പറയുന്നതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെയും ആവും വിധം പ്രചരിപ്പിച്ചിട്ടുണ്ട്. അതിനെതിരായ പ്രചാരണങ്ങൾ നടത്തിയവരെ സൌഹൃദപ്പട്ടികയിൽ നിന്ന് വലിച്ചെറിഞ്ഞിട്ടുമുണ്ട്.

പലരെയും പരിഹസിക്കാറുള്ളത് ജനം പ്രയാസപ്പെടുമ്പോൾ ദന്തഗോപുരത്തിലിരുന്ന് കീബോഡ് വിപ്ലവമുണ്ടാക്കുന്നു എന്ന് പറഞ്ഞാണല്ലോ.

അല്ലെങ്കിൽ പറയൂ. കഴിഞ്ഞ പ്രളയക്കാലത്തും നിങ്ങളിത് തന്നെ പറഞ്ഞില്ലേ? എന്നിട്ട് പ്രളയാനന്തരം ഇത്തരം ചിന്തകൾ ഉയർത്തിയതിനെ എത്രമാത്രം അസഹിഷ്ണുതയോടെയാണ് നിങ്ങൾ നേരിട്ടത്?

ഓർക്കേണ്ട ചില കാര്യങ്ങൾ)
ദുരന്തത്തിൽ മേപ്പാടിയിലെ പുത്തുമല എന്ന ഗ്രാമം തന്നെ ഇല്ലാതായി. അഞ്ച് ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്ക് ഗ്രാമത്തിന് മേൽ ഇടിച്ചിറങ്ങിയത്.

അവിടെ സംഭവിച്ചത് പക്ഷേ ഉരുൾപൊട്ടലല്ല. സോയിൽ പൈപ്പിങ് നിമിത്തമുള്ള മണ്ണിടിച്ചിൽ. 1980കളിൽ നടന്ന വ്യാപകമായ മരംമുറിയുടെ പ്രത്യാഘാതം. നോക്കൂ., മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ഇത് സൃഷ്ടിച്ച എല്ലാ സമ്മർദ്ദങ്ങളെയും താങ്ങി നിർത്തുകയാണ് ഭൂമി ചെയ്തത്! ഒട്ടും താങ്ങാനാവാത്ത ഒരു ഘട്ടത്തിൽ മാത്രമാണ് മണ്ണ് ഇടിച്ചിറങ്ങുന്നത്.

പരിസ്ഥിതി ലോല പ്രദേശം എന്ന് മാർക് ചെയ്യുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിൽ പ്രത്യേകം പേരെടുത്ത് പറഞ്ഞ സ്ഥലങ്ങളുണ്ടായിരുന്നു കഴിഞ്ഞ വർഷവും ഈ വർഷവും ഉരുൾ പൊട്ടൽ നടന്ന മേഖലകളിൽ.

റിപ്പോർട്ടിനോടുള്ള അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും നിലപാടുകൾ അവരെ തീറ്റിപ്പോറ്റുന്ന മാഫിയകൾക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാം. എന്നാൽ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിൽ ഇതുപോലെ പേരെടുത്ത് പരാമർശിക്കുന്ന സ്ഥലങ്ങളിൽ അപകടം സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും ജാഗ്രത സർക്കാർ പുലർത്തിയോ?

കഴിഞ്ഞ വർഷത്തെ ദുരന്തത്തിന് ശേഷമെങ്കിലും, പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികപ്രാധാന്യത്തെയും അവിടുത്തെ ജൈവവൈവിധ്യത്തെയും പറ്റി ആഴത്തിൽ പഠിച്ച ഗാഡ്ഗിലിനോട് എന്തെങ്കിലും തരത്തിലുള്ള ഉപദേശങ്ങൾ തേടിയിരുന്നോ? ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർക്കാൻ വേണ്ടി രംഗത്ത് വന്ന തട്ടിക്കൂട്ട് കമ്മിറ്റിക്കാരോടെങ്കിലും യാതൊരുപദേശവും തേടിയില്ലല്ലോ? പോട്ടെ, ദുരന്തത്തെപ്പറ്റിയുള്ള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനങ്ങളെയെങ്കിലും മുഖവിലക്കെടുക്കാമായിരുന്നില്ലേ?

2018ലെ ദുരന്തത്തെപ്പറ്റിയുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Post Disaster Need Assessment) കേരള മന്ത്രിസഭയും അംഗീകരിച്ചതാണ്. ഒരു ഭൂവിനിയോഗനയം (Land Use Policy) ഇല്ലാത്തതാണ് കേരളത്തിന്റെ പാരിസ്ഥിതിക അസന്തുലിതത്വത്തിന്റെ മുഖ്യകാരണം എന്നതായിരുന്നു അതിലെ പ്രധാന വിശകലനം.

റീബിൽഡ് കേരളയിൽ പക്ഷേ, ഇത്തരമൊരു പോളിസി രൂപപ്പെടുത്താനുള്ള പരിശ്രമം ഒട്ടും കണ്ടില്ല. പാരിസ്ഥിതികമോ സാമൂഹ്യനീതിപരമോ ആയ ഒരു വിധത്തിലുള്ള നിർദ്ദേശങ്ങളെയും ഒട്ടും പരിഗണിച്ചതായും കാണുന്നില്ല.

ഒടുക്കം)
ഇപ്പറയുന്നവരും വീടുണ്ടാക്കുന്നില്ലേ, അങ്ങനെയില്ലേ, ഇങ്ങനെയില്ലേ എന്നെല്ലാം ചോദിക്കാൻ വരട്ടെ. വീടുണ്ടാക്കണ്ടെന്നോ റോഡുണ്ടാക്കണ്ടെന്നോ ഇവിടാരും പറയുന്നില്ല. വിശകലനങ്ങളെ വൈകാരികമായി നേരിടരുത്. ക്വാറി മാഫിയയും മൂലധനശക്തികളുമൊക്കെ ഗാഡ്ഗിലിനെ കുടിയേറ്റ കർഷകർക്കെതിരായി നിർത്തുന്നതും ഇതുപോലെ ഉപരിപ്ലവമോ കപടമോ ആണ്.

പണ്ട് നടന്ന വെള്ളപ്പൊക്കം വികസനത്തിന്റെ ഫലമാണോ എന്ന് ചോദിക്കുന്നതും ഇതുപോലൊരു തന്ത്രം മാത്രം.

തുടങ്ങിവെച്ചതിലേക്ക് തന്നെ വരാം.
ക്രോണി കാപിറ്റലിസത്തിന്റെ ഏറ്റവും പിടിവാശിയുള്ള വക്താക്കളായി കമ്യൂനിസ്റ്റുകാർ മാറുന്നതും സാമൂഹികമോ പാരിസ്ഥിതികമോ ആയ ബോധവും പ്രതിബദ്ധതയും തൊട്ടുതീണ്ടാതെ, അർത്ഥമില്ലാത്ത അക്ഷരങ്ങൾ വെച്ച് പ്രാർത്ഥന നടത്തുന്നതുമൊക്കെത്തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ ദുരന്തം.

മാധവ് ഗാഡ്ഗിലിനെ അറിയാൻ നാം ഇനിയുമിനിയും ശ്രമിച്ചേ മതിയാവൂ. ബാക്കിയുള്ള മലകളെയും മരങ്ങളെയുമെങ്കിലും ആരും അപഹരിക്കാതിരിക്കാനുള്ള ജാഗ്രത നമ്മുടെ ജനാധിപത്യബോധത്തിന്റെ അടയാളമായി മാറേണ്ടതുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *