സംസ്ഥാനത്തെ ഭൂഗർഭ ജലം പകുതിയായി കുറഞ്ഞു
വേനല്‍ കനത്തതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നതെന്നാണ് ഭൂജല വകുപ്പിന്റെ കണ്ടെത്തൽ. പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയുമെന്നും ഭൂജലവകുപ്പ്.
ചൂട് കൂടിയതോടെ ജലാശയങ്ങൾ എല്ലാം വറ്റി തുടങ്ങി. കുളവും തോടുകളും നേരത്തെ തന്നെ വറ്റിവരണ്ടിരുന്നു. ഇപ്പോൾ പുഴകളും കിണറുകളും വെള്ളമില്ലാതെയായി. വേനല്‍ മഴ ലഭിച്ചില്ല എങ്കില്‍ സ്ഥിതി ഗുരുതരമാകും എന്നും ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ ഈ പ്രദേശങ്ങളെ അപകടമേഖലയായി പ്രഖ്യാപിച്ചു.
പ്രളയ ശേഷം ഭൂഗർഭ ജലത്തിന്റെ അളവ് പകുതിയായി താഴ്ന്നു. പ്രളയത്തെ തുടർന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാൻ തടസ്സമായത്.
Also read : Kerala: After the deluge, a drought in the works
ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം എന്നിങ്ങനെ പ്രളയം ബാധിച്ച മേഖലകളില്‍ ജലദൗര്‍ബല്യം ഇനിയും കൂടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ജില്ലകളില്‍ ജലദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിലേക്ക് എത്തില്ല. 756 നിരീക്ഷണ കിണറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ലോകം മുഴുവൻ ബാധിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി മാറുകയാണ് കേരളവും.