കുടിനീരില്ലാതെ പക്ഷികള്‍: വീടുകളിൽ വെള്ളം കരുതണമെന്ന് വനംവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരത്ത് ഒരുക്കണമെന്ന് വനംവകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കടുത്ത വേനല്‍ ചൂടിൽ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ, ടെറസിലോ, സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്ന് ഇരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കി നല്‍കാം. നിത്യേന പാത്രം കഴുകി പുതിയ വെള്ളം നിറച്ചു വെക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. കുടിവെള്ളത്തിന് മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റി രോഗവിമുക്തമാവുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും.

പൊതു ജനങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്‍റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും ഇക്കാര്യത്തില്‍ മുന്നോട്ട് വന്ന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കണമെന്ന് മുഖ്യ വനംമേധാവി പി.കെ. കേശവന്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *