മാലിന്യം കത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാൻ (Waste to Energy) ബ്രഹ്മപുരത്ത് പ്ലാന്റ്

M Suchitra Suchitra

മാലിന്യം കത്തിച്ച് വൈദ്യുതി ഉല്പാ ദിപ്പിക്കുക (Waste to Energy) എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്ലാന്റുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് ഇന്നലെ കലക്ടറേറ്റിൽ നടന്നു.

ജിജെ ഇക്കോ പവർ എന്ന പ്രൈവറ്റ്കമ്പനിയാണ് DBOT ( ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ് & ട്രാൻസ്‌ഫർ) അടിസ്ഥാനത്തിൽ പ്ലാന്റ് നിർമ്മിച്ച് പ്രവർത്തിപ്പിക്കാൻ പോകുന്നത്. Waste Management ൽ ഒരു തരത്തിലുമുള്ള മുൻപരിചയം ഈ കമ്പനിക്കില്ല. പദ്ധതിയുടെ Environmental Impact Assessment തയ്യാറാക്കിയത് L & T എന്ന നിർമാണ കമ്പനിയാണ്. ഞങ്ങളാണ് (അദാനിയുടെ) വിഴിഞ്ഞം പദ്ധതിയുടെ EIA തയ്യാറാക്കിയത് എന്ന് ഈ കമ്പനിയുടെ പ്രതിനിധി അഭിമാനത്തോടെ പറയുന്നത് കേട്ടു (ആനന്ദ ലബ്ധിക്കിനി എന്തുവേണം !) പബ്ലിക് ഹിയറിങ്ങിനു മുമ്പ് EIA പൊതു ജനങ്ങൾക്കു ലഭ്യമാക്കേണ്ടതുണ്ടായിരുന്നു. ഹിയറിങ്ങിന്റെ തലേന്ന് വരെ മലിനീകരണനിയന്ത്രണ ബോർ ഡിന്റെ വെബ്‌സൈറ്റിൽ അതുണ്ടായിരുന്നില്ല.

Also Read: Wasted effort: half of India’s waste-to-energy plants defunct

അടിസ്ഥാനപരമായിത്തന്നെ തെറ്റായ പല കാര്യങ്ങളും അങ്ങേയറ്റം ശരി എന്നമട്ടിലാണ് ജി ജെ യുടെയും എൽ ആൻറ് ടി യുടെയും പ്രതിനിധികൾ അവിടെ അവതരിപ്പിച്ചത്.

1 . “കൊച്ചി നഗരത്തിന്റെ മാലിന്യപ്രശ്നത്തിന്‌ ഇത് സ്ഥിരപരിഹാരമാകും “: ഒരിക്കലുമില്ല. എന്ന് മാത്രമല്ല, സുസ്ഥിര മാലിന്യസംസ്ക്കരണത്തിന്റെ അടിസ്ഥാനതത്വങ്ങളായ 4 “R” കളിൽ ( Reduce, Reuse, Recycle, Recover) നിന്ന് വ്യതിചലിക്കാൻ ഇടയാക്കുകയും ചെയ്യും . നിശ്ചിതയളവ് മാലിന്യം എല്ലാദിവസവും പ്ലാന്റിന് നൽകും എന്ന കരാറിൽ ഒപ്പു വയ്ക്കുമ്പോൾ മാലിന്യത്തിന്റെ അളവ്‌ എങ്ങനെ കുറച്ചു കൊണ്ടുവരും?

2 . “ഇത് ക്‌ളീൻ എനർജിയാണ്” : അല്ല . അങ്ങേയറ്റം polluting ആണ് . ഗുണനിലവാരം ഏറ്റവും കുറഞ്ഞ കൽക്കരി കത്തിക്കുന്നതിനേക്കാൾ കൂടുതൽ മലിനീകരണം ഉണ്ടാകും. ഉയർന്ന ഊഷമാവിൽ മാലിന്യം കത്തിക്കുമ്പോൾ ഉണ്ടാകുന്ന ചാരം ( bottom ash , fly ash) അങ്ങേയറ്റം toxic ആണ് . ഗുരുതരമായ പല അസുഖങ്ങൾക്കും ഹോർമോൺ ഡിസോർഡറുകൾക്കും ഇടവരുത്തുന്ന ഘനലോഹങ്ങളും ഡയോക്സിനുകളും അടങ്ങിയതാണ് ഈ ചാരം.

3 . “ഇത് renewable എനർജിയാണ്” : അല്ല. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് എന്ന ഇനത്തിൽ പെടുത്താൻ പറ്റുന്നതല്ല മാലിന്യം കത്തിച്ച് ഉണ്ടാക്കുന്ന എനർജി. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും Waste to energy യെ അത്തരത്തിൽ ക്ളാസിഫൈ ചെയ്ത് സ്വകാര്യകമ്പനിക്ക് കണ്ടമാനം സബ്‌സിഡി ലഭ്യമാക്കുന്നുണ്ടെങ്കിലും ഇപ്പറയുന്നത് തെറ്റാണ്.

4. “ഗ്യാസിഫിക്കേഷൻ എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്” : ഇത് നൂതനമായ സാങ്കേതികവിദ്യയൊന്നുമല്ല. ഓക്സിജൻ കുറവുള്ള ഒരു ചേമ്പറിൽ വളരെ ഉയർന്ന ഊഷ്മാവിൽ മാലിന്യം കത്തിക്കുന്ന ഈ സാങ്കേതിക വിദ്യ എത്രയോ വർഷങ്ങളായി പല രാജ്യങ്ങളും പരീക്ഷിക്കുന്നതാണ്.

5 . ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത യൂറോപ്യൻ മോഡൽ : യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ മാലിന്യം കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റുകൾക്കെതിരെ ശക്തമായ ജനകീയ സമരങ്ങൾ നടക്കുന്നുണ്ട്. ഇത്തരംപ്ലാന്റുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത് .

6 . “ മാലിന്യം പ്ലാന്റിൽ തരാം തിരിക്കും. അത് പലർക്കും ഉപജീവനമാർഗ്ഗം നൽകും”: നടന്നത് തന്നെ. ഇനി നടന്നാൽ തന്നെ, മാലിന്യം ഉറവിടത്തിൽത്തന്നെ തരം തിരിക്കണം എന്ന നിയമപരമായ നിബന്ധന ലംഘിക്കുന്നതാകും ഇത്. കേരളത്തിലെ മിക്കപ്ലാന്റുകളുംപരാജയപ്പെട്ടതിന്റെ ഒരുകാരണം മാലിന്യം വേർതിരിക്കാനാവാത്തതാണ്. പറയുമ്പോൾ എന്തുംപറയാം . ഫലത്തിൽ mixed waste ഒന്നിച്ചു കത്തിക്കുകയായിരിക്കുംചെയ്യുക. അതുംനിയമവിരുദ്ധമാണ് .

7 . ഒരുവിധത്തിലുമുള്ള ധനസഹായം സർക്കാരിൽ നിന്ന് ലഭിക്കില്ല: കേന്ദ്രവും സംസ്ഥാനവും ഇത്തരം പ്രോജക്ടുകൾക്ക് വലിയ സബ്‌സിഡികൾ നൽകുന്നുണ്ട്. മാലിന്യം കത്തിച്ച് ഉണ്ടാക്കുന്ന വൈദ്യുതി ചെലവേറിയതാണ്. വയബിലിറ്റി ഗാപ് ഫണ്ടിങ് സർക്കാരല്ലാതെ പിന്നെ ആരാണ് ചെയ്യുക ? അതിനുള്ള പണം പോകുന്നത് പൊതു ഖജനാവിൽ നിന്നല്ലേ…?

8 . “ കേരളത്തിൽ വിജയകരമാകാൻ പോകുന്ന ഈ മോഡൽ കാണാൻ നിരവധിപേർ പലയിടങ്ങളിൽ നിന്നുമെത്തും”: എത്ര മനോഹരമായ സ്വപ്നം!

ഇന്ത്യയിൽ waste to energy ക്ക് ഒരു successful model പോലും ഇല്ലെന്നിരിക്കെ എന്തിനാണ് ഇതിനൊക്കെ പോകുന്നത്? മുനിസിപ്പൽ ഖരമാലിന്യം കൗകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനിയമവും (2000 , 2016) സംസ്ഥാനസർക്കാരിന്റെ മുനിസിപ്പൽ ഖരമാലിന്യ നയവും ( 2018 ) പറയുന്നത് മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കണമെന്നാണ് . ലളിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവമാലിന്യം അവരവർ തന്നെ സംസ്ക്കരിക്കണം, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ഏർപ്പാട് തദ്ദേശഭരണ സ്ഥാപനങ്ങൾ ചെയ്യണം. സംസ്കരിക്കാൻ സാധ്യമല്ലാത്ത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് നിര്മ്മാതാക്കളെ വിലക്കണം, അത് ചെയ്‌യുന്നില്ലെങ്കിൽ ഉപഭോഗത്തിനു ശേഷം അത്തരം ഉല്പന്നങ്ങൾ തിരിച്ചെടുക്കാൻ കമ്പനികളെ പ്രേരിപ്പിക്കണം…അങ്ങനെ മാലിന്യമുക്ത സ്ഥിതിവിശേഷം സംജാതമാക്കണം. ഇതൊക്കെയാണ് സംസ്ഥാനത്തിത്തിന്റെ നയത്തിൽ പറയുന്നത്. ശുചിത്വ മിഷനും അത് തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം കൂടിയാണ് വികേന്ദ്രീകൃത മാലിന്യസംസ്കരണം.

ആലപ്പുഴയും തിരുവനന്തപുരവുമൊക്കെ ഇത് വിജയകരമായി പരീക്ഷിച്ചതാണ്. തിരുവനതപുരം കോർപറേഷൻ 37 വാർഡുകൾ സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പല തദ്ദേശ ഭരണ സ്ഥാപനങ്ങളും വികേന്ദ്രീകരണത്തിന്റെ വഴിയിലൂടെ പോകുന്ന സമയവുമാണ്.

വിളപ്പിൽശാലയും സർവോദയപുരവും ഉൾപ്പെടെ നിരവധിയിടങ്ങളിൽ നടന്ന വലിയ സമരങ്ങൾക്കൊടുവിലാണ് വികേന്ദ്രീകൃത രീതികളിലേയ്ക്ക് കേരളം മാറിത്തുടങ്ങിയത്.

ഇത്തരം കാര്യങ്ങളൊക്കെ ഇന്നലത്തെ പബ്ലിക് ഹിയറിംഗിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഈ വിയോജിപ്പൊന്നും വേണ്ട രീതിയിൽ മിനുട് സിൽ വന്നതായി തോന്നുന്നില്ല അവിടെ വായിച്ചു കേട്ടതിൽ നിന്ന്.

കേന്ദ്രീകൃതമായ മാലിന്യസംസ്ക്കരണത്തിനു പിറകിൽ വലിയ ഒരു മാഫിയ ഉണ്ട് എന്ന് ആ മേഖല ശ്രദ്ധിക്കുന്നവർക്ക് അറിയാം. മാലിന്യപ്രശ്നം അവസാനിക്കാൻ അവർ ഒരിക്കലും സമ്മതിക്കുകയില്ല. അഴിമതിയുടെ മേഖലയാണത്.

പൊതുജനങ്ങൾക്കാണെങ്കിൽ എലാറ്റിനും മടിയാണ് . എല്ലാം മറ്റാരെങ്കിലും ചെയ്തു കൊടുത്താൽ അത്രയും നല്ലത് എന്ന മനോഭാവം.
എറണാകുളം നഗരത്തിലെയും മറ്റു മുനിസിപ്പാലിറ്റികളിലെയും റെസിഡന്റ്‌സ് അസോസിയേഷനുകൾ ഈ പ്ലാന്റിനെ അനുകൂലിക്കുന്നത് അത് കൊണ്ടാണ് . നഗരം വൃത്തിയാവണം, അവരവരുടെ ജീവിതപരിസരം ശുചിയായിരിക്കണം. അതിന്റെ പേരിൽ മറ്റുള്ളവർ എന്ത് സഹിച്ചാലും കുഴപ്പമില്ല. ഇൻഫോപാർക്ക് , സ്മാർട്ട് സിറ്റി ..ഇതൊക്കെ കണക്കിലെടുത്ത് പ്ലാന്റ് പണിയണം എന്ന വാദങ്ങളും ഉയർന്നു. കൊച്ചിനഗരം മനോഹരമാകണം!

പക്ഷേ വളരെ ലളിതമായ ഒരു ചോദ്യത്തിനു മാത്രം ഇന്നലെ മറുപടിയൊന്നും ഉണ്ടായില്ല. അങ്ങനെയൊരു ചോദ്യം കേട്ടതായിത്തന്നെ ആരും നടിച്ചില്ല. ബ്രഹ്മപുരം സ്ഥിതിചെയ്യുന്ന വടവുകോട് -പുത്തൻകുരിശ് പഞ്ചായത്തിന്റെ പ്രസിഡന്റ് പി കെ വേലായുധനാണ് അത് ചോദിച്ചത് : കേരളം കേട്ടുതഴമ്പിച്ച ചോദ്യമാണ്. ആധുനിക സാങ്കേതികവിദ്യയെപ്പറ്റിയുള്ള ജഗപൊഗയ്ക്കിടയിൽ ഉത്തരം അർഹിക്കുന്നില്ല എന്ന മട്ടിൽ വിട്ടു കളഞ്ഞ ചോദ്യം.

“നഗരത്തിലെ മാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തിലേക്കു കൊണ്ടുവരുന്നത്?”

Leave a Reply

Your email address will not be published. Required fields are marked *