സുപ്രീംകോടതിയും 10 ലക്ഷം ആദിവാസികളും

Social Media | Harish Vasudevan Sreedevi

സുപ്രീംകോടതിയും 10 ലക്ഷം ആദിവാസികളും

അതേ, വനാവകാശ നിയമപ്രകാരം വനഭൂമിയിന്മേൽ അവകാശം സ്ഥാപിക്കാൻ കഴിയാത്തതും അനാധികൃതവുമായ 10 ലക്ഷം ആദിവാസികൾ വനഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുണ്ട്.

അതേ, അവരുടെ അപേക്ഷ തള്ളിക്കളഞ്ഞാൽ നിയമപ്രകാരം അവരെ ഒഴിപ്പിക്കേണ്ടതാണ്.

അതേ, വനത്തിൽ ചില്ലറ നാശമൊക്കെ അവരും ഉണ്ടാക്കുന്നുണ്ട്.

എന്നിട്ട്? ഈ വനഭൂമി നിങ്ങൾ സംരക്ഷിക്കുമോ your Lordship?

വനാവകാശ നിയമം നടപ്പാക്കാതെ, കൈക്കൂലി കൊടുക്കാൻ ഗതിയില്ലാത്തത് കൊണ്ടു മാത്രം ആയിരക്കണക്കിന് ആദിവാസികളെ ഒഴിപ്പിച്ചെടുത്ത നൂറു കണക്കിന് ഏക്കർ വനഭൂമി ഛത്തീസ്ഗഡിലും ഒറീസയിലും ഇന്ന് എവിടെയാണ് എന്നറിയാമോ?

ആ വനഭൂമിയിൽ വേദാന്തയും സമാന ഖനനഭീമന്മാരും വൻതോതിൽ ഖനനം നടത്താൻ കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

സ്വന്തമായി ഭൂമിയുള്ള, പണമുള്ള, കോടികളുടെ ലാഭം ആഗ്രഹിക്കുന്ന, വനഭൂമിയിൽ ഖനനവ്യവസായം തുടങ്ങാൻ അപേക്ഷ നൽകുന്ന കമ്പനികളാണ് ഒരുവശത്ത്…

വനത്തിൽ ജനിച്ച, രണ്ടു തലമുറയെങ്കിലുമായി കാട്ടിൽ ജീവിക്കുന്ന, വേറെ ഭൂമിയില്ലാത്ത ആദിവാസികളുടെ അപേക്ഷയാണ് മറുവശത്ത്….

വനഭൂമി വ്യാവസായിക ആവശ്യത്തിനു ലഭിക്കാൻ അപേക്ഷിച്ചതിൽ 99% കമ്പനികൾക്കും വനഭൂമി അനുവദിച്ച സർക്കാരാണിത്. അതിനു ഭൂമി തികയാത്തതിനാൽ ആദിവാസികളേ ഒഴിപ്പിച്ചു കൂടി നൽകണമെന്നാണ് മനസിലിരിപ്പ് എന്നു മനസിലാക്കാൻ കഴിഞ്ഞ 4 വർഷം വനാവകാശ നിയമവും വനം നിയമത്തിലെ അനുമതികളും മാത്രം താരതമ്യപ്പെടുത്തിയാൽ മതി.

തലമുറകൾ തമ്മിലുള്ള തുല്യതയും സുസ്ഥിരവികസനവും ഒക്കെ നിയമമായി ഉള്ള ഈ നാട്ടിലാണ് ആയിരക്കണക്കിന് ഏക്കർ വനം, ഖനനത്തിനും മറ്റും ചോദിക്കുന്നവരിൽ 99% പേർക്കും അപ്പോൾത്തന്നെ കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടിയെ ഒരുതരത്തിലും നിർത്താൻ കോടതി ശ്രദ്ധിച്ചില്ലല്ലോ. അത് ചോദ്യം ചെയ്തില്ലല്ലോ.

വന്യജീവികൾക്ക് വേണ്ടിയെന്ന ധാരണയിൽ നിങ്ങൾ 10 ലക്ഷം ആദിവാസികളെ കുടിയിറക്കി നേടുന്ന ഈ വനഭൂമിയിൽ പലതും ഖനന കമ്പനികൾക്ക് തീറെഴുതാനാണ് ശ്രമം. അനധികൃത ഇരുമ്പയിര് ഖനനത്തിന്റെ പേരിൽ ഒരു സംസ്ഥാനത്ത് മാത്രം വേദാന്തകയ്ക്ക് 22000 കോടി രൂപയുടെ ഫൈൻ കിട്ടിയെന്നു പറയുമ്പോൾ, ഇതിനു പിന്നിലെ സാമ്പത്തിക താൽപ്പര്യം എത്ര വലുതാണ് എന്നു മനസിലാകും.

വനത്തിൽ ആദിവാസികളുണ്ടാക്കുന്ന ആ ‘നാശം’ നമുക്കങ്ങ് സഹിക്കാം. വേദന്തകളെ ആട്ടിയകറ്റാൻ അവരെ കൂടെക്കൂട്ടാം. അപ്പോഴേ വനത്തിനും വന്യജീവിയ്ക്കും സംരക്ഷണമാകൂ. ബഹു കോടതിക്ക് മനസിലാകുന്നുണ്ടോ???

അഡ്വ.ഹരീഷ് വാസുദേവൻ.

NB : ഒഴിപ്പിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം എതിർക്കാൻ കേന്ദ്രസർക്കാരിന്റെ ഒറ്റ അഭിഭാഷകനും ഹാജരായില്ല, ഏകപക്ഷീയ വിധി. അതിനു കേന്ദ്രം മറുപടി പറയണം.

Leave a Reply

Your email address will not be published. Required fields are marked *