പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം അനുമതി കൊടുത്തത് 129 ക്വാറികള്‍ക്ക്; കവളപ്പാറ മേഖലയില്‍ 20 പാറമടകള്‍
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ മാസം വരെ 62.81735 ലക്ഷം ടണ്‍ തുരന്നെടുത്തതായും കണക്കുണ്ട്. മണ്ണ് മാഫിയകള്‍ അനധികൃതമായി കടത്തുന്ന മണ്ണിന്റെ അളവ് ഇതിലേറെ വരും.
പ്രളയവും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞ വര്‍ഷം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഒരു വര്‍ഷം കൊണ്ട് മാത്രം മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകള്‍ പൊട്ടിച്ചെടുത്തെന്ന് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 750 പാറമടകള്‍ക്ക് പുറമേ 5100ലധികം ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലിന്റെ അളവ് കണക്കാക്കി എത്രയെന്ന് പറയാന്‍ പോലും ആയേക്കില്ല.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 750 ക്വാറികളില്‍ 83 എണ്ണം പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലാണ്. നിലമ്പൂര്‍ താലൂക്കില്‍ മാത്രം 72 ക്വാറികള്‍. വന്‍ ദുരന്തമുണ്ടായ കവളപ്പാറ മേഖലയില്‍ മാത്രം പാറ പൊട്ടിക്കല്‍ നടക്കുന്നത് 20 ക്വാറികളില്‍.
അനധികൃത കരിങ്കല്‍ ക്വാറികളില്‍ ഏറെയും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂഗര്‍ഭജല നിരപ്പ് താഴല്‍ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ ഭൂചലനത്തിനും ഇവ കാരണമാകുന്നു. സംസ്ഥാനത്ത് 1983നും 2015നും ഇടയില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആര്‍ഐ) പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുന്നത് അയ്യായിരത്തിലധികം ക്വാറികള്‍. 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠന പ്രകാരം കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നതാകട്ടെ 750 പാറമടകള്‍ക്ക് മാത്രവും. 20 ഹെക്ടറിന് മുകളില്‍ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും മൈനിങ് നടത്തുന്നു. അനധികൃത ക്വാറികള്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്.
സംസ്ഥാനത്ത് 1983നും 2015നും ഇടയില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു. ഭൂമി കുലുക്കത്തിന് പുറമേ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും അനിയന്ത്രിതമായ കരിങ്കല്‍ ഖനനം കാരണമാകുന്നുണ്ട്. മേല്‍മണ്ണും സസ്യങ്ങളും അടങ്ങുന്ന ഉപരിതല ആവരണം മാറ്റിക്കളഞ്ഞ ശേഷമാണ് ക്വാറികള്‍ തയ്യാറാക്കുന്നത്. ഇത് മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് ഇല്ലാതാക്കും. അനിയന്ത്രിതമായ പാറ പൊട്ടിക്കല്‍ ഭൂമിക്കടിയില്‍ വിള്ളലുകള്‍ രൂപപ്പെടാനും ഭൂഗര്‍ഭജലനിരപ്പ് താഴാനും ഇടയാക്കും. മലമുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഉരുള്‍പൊട്ടലിനും കാരണമാകുന്നു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ചട്ടം ലംഘിച്ച് ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് 2133 പരാതികളാണ് ഒരു വര്‍ഷത്തിനിടെ മൈനിങ് ആന്റ് ജിയോളജി വകുപ്പിന് ലഭിച്ചത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിങ്കല്‍, മണ്ണ്, മണല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഖനനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് മാത്രമാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോള്‍ വീണ്ടും ഖനനാനുമതി നല്‍കാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം.