തോട്ടഭൂമിയിൽ ഖനനം പാടില്ലെന്ന് സുപ്രീംകോടതി
FB STATUS | Harish Vasudevan Sreedevi
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാണ് ഇന്ന്. ഒരഭിഭാഷകന്റെ ജീവിതത്തിൽ അപൂർവ്വമായി സംഭവിക്കാറുള്ള ഒന്ന് ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു. 15 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ സർക്കാർ ഏറ്റെടുക്കും എന്നാണ് ഭൂപരിഷ്കരണ നിയമത്തിൽ തോട്ടങ്ങൾക്ക് ഇളവ് കിട്ടിയത് പോലെ വാണിജ്യസ്ഥാനങ്ങൾക്കും കിട്ടിയിരുന്നു. ക്വാറി ഒരു വാണിജ്യസ്ഥാനമായി കണക്കാക്കി തോട്ടഭൂമിക്കായി ഇളവ് കൊടുത്ത സ്ഥലത്ത് ഖനനം തുടങ്ങാം എന്നായിരുന്നു 1997 ലെ മുഹമ്മദലി ഹാജിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധി. അത് ശരിയല്ലെന്നും ക്വാറി മറ്റു വാണിജ്യങ്ങൾ പോലെയല്ലെന്നും, മറ്റു വാണിജ്യങ്ങൾ ഭൂമിയ്ക്ക് മുകളിൽ വാണിജ്യങ്ങൾ നടത്തുമ്പോൾ ഖനനത്തിന് ഭൂമി തന്നെ – അതിലെ കല്ലും മണ്ണും തന്നെ വാണിജ്യോപാധി ആകുകയാണെന്നും അതിനാൽ ആ വിധി ശരിയല്ലെന്നും 2017 ൽ ഞാൻ സിംഗിൾബെഞ്ചിൽ വാദിച്ചു. ആ കേസ് ജയിക്കാൻ ആ വാദത്തിന്റെ ആവശ്യമില്ലായിരുന്നെങ്കിലും സഹചര്യവശാൽ അതൊരു പ്രധാന വാദമായി മാറി.
മാത്രമല്ല, കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലമാണ് തോട്ടഭൂമി ആയുള്ളത്. അത് മുഴുവൻ ഖനനത്തിന് നൽകാനുള്ള potentially dangerous വാദമാണിത്. അത് ഭൂപരിഷ്കരണ നിയമത്തിന്റെ കടയ്ക്കൽത്തന്നേ കത്തി വയ്ക്കുന്നതിന് തുല്യമാണ്.
ജസ്റ്റിസ്.വിനോദ് ചന്ദ്രൻ സിംഗിൾ ബെഞ്ച് ആ വാദം ശരിവെച്ചു അത് ഡിവിഷൻ ബെഞ്ചിലേക്ക് വിട്ടു. ഡിവിഷൻ ബഞ്ച് അത് ശരിവെച്ചു ഫുൾ ബെഞ്ചിന് കൈമാറി. ജസ്റ്റിസ്.ചിദംബരേഷ് അധ്യക്ഷനായ ഫുൾ ബഞ്ച് ഇരുഭാഗവും സർക്കാർ ഭാഗവും വാദംകേട്ടു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ എന്റെ വാദത്തിനു പിന്തുണയേകി. ഒടുവിൽ എന്റെ വാദം ശരിവെച്ചു തോട്ടഭൂമിയിൽ ഖനനം നടത്തുന്നത് നിയമലംഘനമാണെന്നും, അങ്ങനെ ചെയ്താൽ തോട്ടഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും ഫുൾബെഞ്ച് വിധിച്ചു.
അതിനെതിരെ ക്വാറിഉടമ സംഘം തന്നെ രംഗത്തിറങ്ങി. ലക്ഷങ്ങൾ ചെലവിട്ടു അവർ സുപ്രീംകോടതിയെ സമീപിച്ചു. സിറ്റിംഗിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സീനിയർ
അഭിഭാഷകരായ കെ.വി വിശ്വനാഥൻ, മനു അഭിഷേക് സിംഖ്വി, ബെച്ചു കുര്യൻ തോമസ് എന്നിവർ ഖനനത്തിനായി ഹാജരായി. അഡ്വ.റോമി ചാക്കോ ഖനനത്തിന് എതിരായും എന്റെ കക്ഷിക്കായും. ഞെട്ടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഈ കേസിൽ മൗനം പാലിച്ചു !! ഒരു സത്യവാങ്മൂലം നൽകിയിരുന്നു. വിധിയിൽ അതേപ്പറ്റി കാര്യമായ പരാമർശം പോലുമില്ല)
ജസ്റ്റിസ്. നാഗേശ്വരറാവു, ജസ്റ്റിസ്. ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അപ്പീൽ തള്ളി ഹൈക്കോടതി വിധി ശരിവെച്ചു. 81(3) വകുപ്പ് പ്രകാരമുള്ള പൊതുതാല്പര്യം ഈ ആവശ്യത്തിനു ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ഏക്കർ മരങ്ങളും പച്ചപ്പും മേൽമണ്ണുമുള്ള കേരളത്തിലെ ഭൂമി ഭാവിയിൽ ഒരിക്കലും ഖനനത്തിന് തുറന്നു കൊടുക്കാതിരിക്കാനുള്ള ഒരു പൂട്ടാണ് ഇന്ന് പൂട്ടിയത്. തോട്ടഭൂമികൾ ഖനനത്തിനായി ദുരൂപയോഗിക്കുന്ന മുതലാളിമാർക്ക് ഇനി ഭൂമി പോകും. കേരളത്തിൽ നൂറുകണക്കിന് ഏക്കർ തോട്ടഭൂമി ഇപ്രകാരം നിയമവിരുദ്ധമായി കൈവശം വെച്ചവ ഇനി സർക്കാരിന്റെതാകും. ആ ഭൂമി നൂറുകണക്കിന് ഭൂരഹിത കുടിയൻമാർക്ക് ലഭിക്കും.
വലിയ സമരങ്ങൾ ചെയ്തു, ഒട്ടേറെ ജനങ്ങളെ അണിനിരത്തി സർക്കാരിനെ സമ്മർദ്ദത്തിൽ ആഴ്ത്തി നേടേണ്ട ഒരു നേട്ടമാണ് നിയമയുദ്ധത്തിലൂടെ നേടാനായത്. ഭൂപരിഷ്കരണ നിയമം അതിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ ശക്തിപ്പെടുകയാണ്. ഫുൾബഞ്ച് വിധി വന്നപ്പോളെഴുതിയ കുറിപ്പ് കമന്റിൽ.
സർക്കാരിനെ ന്യായീകരിച്ചു വല്ലപ്പോഴും ഞാൻ അഭിപ്രായം പറഞ്ഞാൽ “ഇതാ ഗവണ്മെന്റ് പ്ലീഡർ പോസ്റ്റ് കിട്ടാനാണ്” എന്ന് കമന്റ് ഇടുന്ന പലരെയും കണ്ടിട്ടുണ്ട്. അവരോടാണ്, ഗവണ്മെന്റ് പ്ലീഡർ ആയാൽ ചെയ്യാൻ പറ്റാത്തൊരു കാര്യമാണിത്. ഒരായുസ്സിൽ ഒരാൾ നട്ടാൽ തീരാത്തത്ര മരങ്ങളും മണ്ണുമാണ് ഒരൊറ്റ കേസിലെ നിയമവ്യാഖ്യാനത്തിലൂടെ സംരക്ഷിക്കപ്പെടുക. ഇതൊക്കെ കിട്ടാൻ ഈ പ്രാക്ടീസ് തന്നെ വേണം. ഒട്ടും മോശമായത് കൊണ്ടല്ല, നാളെ സ്വർണ്ണതളികയിൽ വെച്ചു തന്നാലും സർക്കാർ പോസ്റ്റുകളോ അധികാരങ്ങളോ സ്വീകരിക്കില്ല.
അഡ്വ. ഹരീഷ് വാസുദേവൻ