സൗദിയുടെ സ്വപ്ന പദ്ധതി: നിയോം കാർബൺ രഹിത നഗരം
പടിഞ്ഞാറൻ സൗദിയിൽ തബൂക്കിനടുത്താണ് നിയോം എന്ന പേരിലുള്ള സ്വപ്ന പദ്ധതി. ഇതിനകത്താണ് ദി ലൈൻ എന്ന പേരിലുള്ള കാർബൺ രഹിത പട്ടണമൊരുക്കുന്നത്.
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയായ നിയോമില്‍ നിര്‍മിക്കാനൊരുങ്ങുന്നത് കാര്‍ബണ്‍ രഹിത നഗരം. പത്ത് ലക്ഷം പേര്‍ക്ക് താമസിക്കാവുന്ന നിയോമില്‍ കാര്‍ബണ്‍ രഹിത വാഹന സൗകര്യങ്ങള്‍ മാത്രമാകും ഉണ്ടാവുക. കാറുകളോ സാധാരണ തെരുവുകളോ ഉണ്ടാകില്ല. പകരം കൂടുതൽ മരങ്ങൾ നട്ടും ആധുനിക സാങ്കേതിക വിദ്യയിൽ പരിസ്ഥിതിക്ക് കോട്ടമില്ലാതെ നഗരമൊരുക്കും.
സൗദി കിരീടാവകാശി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ദി ലൈൻ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതി വഴി പത്തു വർഷത്തിനകം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, അതിവേഗ പൊതുഗതാഗത ശൃംഖല എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധതി. ഈ നഗരത്തില്‍ ഏത് ഭാഗത്തേക്കും എത്തിപ്പെടാന്‍ 20 മിനുട്ടില്‍ കൂടുതല്‍ വേണ്ടി വരില്ല. നിര്‍മിത ബുദ്ധി ഈ നഗരത്തില്‍ പ്രധാനമായിരിക്കും.
2050 ആകുമ്പോഴേക്കും പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും. വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ പുറംതള്ളലും സമുദ്ര ജലം ഉയരലും കാരണം ശതകോടി ജനങ്ങള്‍ പട്ടണം വിടുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. മനുഷ്യർ ഇന്നു നേരിടുന്ന വെല്ലുവിളിക്കുള്ള പരിഹാരവും പ്രതികരണവുമായിരിക്കും പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.