ശാന്തിവനത്തെക്കുറിച്ച് KSEB പ്രചരിപ്പിക്കുന്ന അസത്യങ്ങൾക്കുള്ള മറുപടി
FB Status | MN Praveen Kumar
ചെറായി പള്ളിപ്പുറം മുനമ്പം എടവനക്കാട് ഭാഗത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകരെന്ന നിലയിലോ സാമൂഹ്യപ്രതിബദ്ധതയുള്ളവരെന്ന നിലയിലോ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. അതിനു കൈക്കൊള്ളുന്ന മാർഗ്ഗങ്ങൾ സുസ്ഥിര വികസനത്തിൽ ഊന്നിയതും പരിസ്ഥിതി സൗഹൃദപരവും സർവോപരി സത്യസന്ധവും ആയിരിക്കണം എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം.
മന്നത്തു നിന്ന് ചെറായിയിലേക്ക് പോകുന്ന 110kv വൈദ്യുത ലൈൻ ശാന്തിവനത്തിന്റെ ഭാഗത്തെത്തുമ്പോൾ യാതൊരു കാരണവുമില്ലാതെ നേർരേഖയിൽ നിന്ന് വ്യതിചലിച്ച് ശാന്തിവനത്തിനു നടുവിലേക്ക് കയറിയിറങ്ങി പോകുന്നത് എന്തിനാണെന്ന ചോദ്യത്തിന് KSEBL ന് കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ല എന്നത് ദുരൂഹത ഉളവാക്കുന്നതാണ്.
നേർരേഖയിൽ പോകാൻ മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെന്നിരിക്കെ പ്രസരണ നഷ്ടം കൂടുതലുള്ളതും ചിലവേറിയ ടവർ ഉപയോഗിച്ചുകൊണ്ടുള്ളതും ആയ ഈ വഴി സ്വീകരിച്ചുകൊണ്ട് നാടിൻറെ വികസനം എന്ന പേരിൽ പൊതുജനങ്ങളുടെ പണം KSEBL ദുർവ്യയം ചെയ്യുകയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ആണ്.
മരങ്ങൾ മുറിക്കേണ്ടി വരില്ല എന്ന് പറയുന്ന KSEBL മുറിക്കേണ്ട 48 മരങ്ങളുടെ ലിസ്റ്റ് ഇതിനകം നമുക്ക് തന്നുകഴിഞ്ഞിട്ടുള്ളതാണ്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും മുൻപേ ഒരു മരം മാത്രം മുറിക്കും എന്ന് പറഞ്ഞവർ പിന്നീട് 3 മരങ്ങൾ മുറിച്ച ശേഷം ഉടമസ്ഥയുടെ ഒപ്പ് വാങ്ങുകയും അതിനു ശേഷം ആകെ 11 മരങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്തു.
ടവർ നിർമ്മിക്കാൻ 0.62 സെൻറ് സ്ഥലമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പറയുന്നവർ ഇതിനോടകം തന്നെ 5 സെന്റോളം ഭാഗത്തെ മുഴുവൻ മരങ്ങളും അടിക്കാടും നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിനുപുറമെ, 37 സെന്റോളം സ്ഥലത്തേക്ക് പൈലിംഗ് സ്ലറി ഒഴുക്കിവിട്ട് അവിടുത്തെ അടിക്കാടിനെയും നാശത്തിലേക്ക് തള്ളിവിട്ടുകഴിഞ്ഞു. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്.
മരങ്ങൾ വെട്ടേണ്ടി വരില്ലേ എന്ന ചോദ്യത്തിന് 3 നില കെട്ടിടം വെയ്ക്കാം എന്ന മറുപടി തൃപ്തികരമല്ല. കാരണം നമ്മുടെ ഉദ്ദേശ്യം ഇതിനടിയിൽ കെട്ടിടം വയ്ക്കലല്ല മറിച്ച് ഇവിടുത്തെ മരങ്ങൾ സംരക്ഷിക്കലാണ്. മാത്രമല്ല, ലൈൻ കടന്നുപോകുന്ന വഴിയിൽ 22 മീറ്റർ വീതിയിൽ റൈറ്റ് ഓഫ് വേ (ക്ലിയറൻസ് ഏരിയ) ആണ്. ഈ പ്രദേശത്തെ വൻമരങ്ങൾ വെട്ടിമാറ്റിക്കൊണ്ടു മാത്രമേ KSEBL നു പദ്ധതി മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ.
2013 ൽ ശാന്തിവനം ഉടമയായ മീനയും മറ്റ് പ്രശ്‌നബാധിതരായ ജനങ്ങളും ജില്ലാ കളക്ടർക്ക് നൽകിയ പരാതി പ്രകാരം ADM ഒരു അഡ്വക്കേറ്റ് കമ്മീഷനെ വയ്ക്കുകയും ആ കമ്മീഷൻ ശാന്തിവനത്തിലെ ജൈവവൈവിധ്യത്തിനു ടവർ ദോഷം ചെയ്യും എന്ന രീതിയിൽ റിപ്പോർട്ട് നൽകുകയും ആണുണ്ടായത്. ഇതിനു ശേഷം ADM നിർദ്ദേശിച്ചതിനനുസരിച്ച് നിർദ്ദിഷ്ട ടവർ ശാന്തിവനത്തിന്റെ വടക്കേ അതിരിലേക്കു മാറ്റി ഒരു ആൾട്ടർനേറ്റ് റൂട്ട് പ്ലാൻ KSEBL സമർപ്പിക്കുകയുണ്ടായി. ശാന്തിവനത്തെ പൂർണ്ണമായി രക്ഷിക്കാൻ മറ്റ് വഴികളില്ല എന്ന് ADM പറഞ്ഞതുപ്രകാരം ശാന്തിവനം ഉടമയായ മീന ആ ആൾട്ടർനേറ്റ് റൂട്ട് പ്ലാൻ അംഗീകരിക്കാൻ നിർബന്ധിതയാവുകയും ആണുണ്ടായത്. എന്നാൽ, ADMൻറെ ഉത്തരവ് വന്നപ്പോൾ “മീന ആ ആൾട്ടർനേറ്റ് റൂട്ട് പ്ലാൻ തള്ളിക്കളഞ്ഞു” എന്നാണ് സത്യവിരുദ്ധമായ രീതിയിൽ അതിൽ എഴുതിയിരിക്കുന്നത്. ഇക്കാര്യത്തിലെ ദുരൂഹത ഇതുവരെയും നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ ADM നു ഒരു റിവ്യൂ ഹർജി നൽകിയെങ്കിലും അത് തള്ളിപ്പോയിരുന്നു.
ഇതേത്തുടർന്ന് ശ്രീമതി മീന ഹൈക്കോടതിയിൽ കേസുമായി നീങ്ങാൻ നിർബന്ധിതയായി. അവിടെയും ആൾട്ടർനേറ്റ് റൂട്ടിൽ 2 കാവുകൾ ഉണ്ട് തുടങ്ങിയ വ്യാജരേഖകൾ ഉണ്ടാക്കിക്കൊണ്ട് KSEBL മുന്നോട്ട് പോകുകയും ഈ വ്യാജരേഖകളെ ചോദ്യം ചെയ്യാൻ പോലും മീനയ്ക്ക് സമയം ലഭിക്കാതെയിരിക്കുകയും KSEBL അനുകൂലവിധി വാങ്ങിയെടുക്കുകയും ആണുണ്ടായത്.
സത്യവിരുദ്ധമായ വ്യാജരേഖകളിന്മേൽ നേടിയെടുത്ത വിധിയുടെ ബലത്തിൽ ശാന്തിവനം നശിപ്പിക്കാൻ ധൃതികൂട്ടുകയാണ് KSEBL ഇപ്പോൾ ചെയ്യുന്നത്. മാത്രമല്ല, ഇതിനെതിരെ ഉയർന്ന ജനവികാരത്തെ മാനിക്കാതിരിക്കുകയും മറിച്ച് വീണ്ടും ശാന്തിവനത്തെയും ഉടമയെയും അവർക്കൊപ്പം നിൽക്കുന്ന പരിസ്ഥിതി സ്നേഹികളെയും അപമാനിക്കും വിധം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രസ്താവനകൾ ഇറക്കുകയും ചെയ്യുന്നത് അവരെ അപകീർത്തിപ്പെടുത്തുന്നതിനു തുല്യമാണ്.
ശാന്തിവനം സംരക്ഷണസമിതി