ഹരിത സർക്കാരേ നിങ്ങളീ നാടിന് ശവക്കല്ലറ പണിയുകയാണോ…?
FB Status | Varun Kayaralam
രാഷ്ട്രീയം പറയാൻ ഒട്ടും താൽപര്യമുണ്ടായിട്ടല്ല. എങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചിലത് സംസാരിക്കുമ്പോൾ ചില രാഷ്ട്രീയ വിശകലനങ്ങൾ അനിവാര്യമായി മാറുകയാണ്. 2016 ലായിരുന്നു ഇവിടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയത് യു.ഡി.എഫ് സർക്കാറിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടലായിരുന്നു പ്രധാന പ്രചരണ വിഷയം. പുതിയൊരു ഹരിതകേരളം ഇവിടെ സൃഷ്ട്ടിക്കുമെന്ന അവകാശവാദവും ജനങ്ങൾക്ക് മുന്നിലേക്ക് നിങ്ങൾ അവതരിപ്പിച്ചു. ആ പ്രചരണത്തോടെ തീർന്നതാണ് നിങ്ങളുടെ പരിസ്ഥിതിയോടുള്ള പ്രണയം. പറയേണ്ടത് ശാന്തിവനത്തെപ്പറ്റിയാണ്. അതിനു മുന്നേ നിങ്ങൾ തുടങ്ങി വെച്ച കീഴാറ്റൂർ, കണ്ടങ്കാളി വിഷയവും ഒന്നുകൂടെ ഓർമ്മിപ്പിക്കാം, നിങ്ങളുടെ ഏറ്റവും വലിയ വികസന തീവ്രവാദമായിരുന്നല്ലോ കീഴാറ്റൂർ ബൈപ്പാസ് നുണകൾ കൊണ്ടൊരു ബൈപ്പാസ് എന്നാണ് ഞാൻ പറയുക. കാരണം നിങ്ങളുടെ ബ്രാഞ്ച് കമ്മറ്റി മുതൽ ജില്ലാ സെക്ക്രട്ടറി വരെ പടച്ച് വിട്ട നട്ടാൽ മുളക്കാത്ത നുണക്കഥകൾ പരിസ്ഥിതി കേരളം കണ്ടതാണ്. നാഴികയ്ക്ക് നാൽപ്പത് വട്ടം മോദി സർക്കാറിനെ കുറ്റം പറയുന്ന നിങ്ങൾ ഒരു മടിയും കൂടാതെ മോദിയുടെ കോർപ്പറേറ്റ് നയങ്ങൾക്ക് ഓശാന പാടിയവരല്ലേ. എണ്ണക്കമ്പനികൾക്ക് സ്ഥലമേറ്റെടുത്ത് നൽകാൻ ഓടി നടന്നവരല്ലേ നിങ്ങൾ. പറഞ്ഞത് കണ്ടങ്കാളി പദ്ധതിയേപ്പറ്റിയാണ്. അവിടെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നൂറേക്കറോളം വരുന്ന കണ്ടൽകാടുൾപ്പെട്ട തണ്ണീർതടം നികത്താൻ മോദി സർക്കാറിന് കയ്യും മെയ്യും നൽകാൻ കാത്തിരിക്കുകയല്ലേ നിങ്ങൾ. അന്നം വിളയേണ്ട മണ്ണിൽ എണ്ണ നിറക്കാൻ നിങ്ങളീ കാണിക്കുന്ന വ്യഗ്രത ആരെ പ്രീണിപ്പിക്കാനാണ്. ഹാരിസണും മറ്റ് മുതലാളിത്വ ശക്തികൾക്കും ഭൂമി ഇഷ്ട്ട ധാനം കൊടുത്ത് വനാവകാശ നിയമത്തിന്റെ പരിരക്ഷ പോലും നൽകാതെ ആദിവാസികളെ തുരത്തിയോടിക്കുന്ന നിങ്ങളുടെ കോർപ്പറേറ്റ് പ്രണയം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുകയാണ്. കേരളത്തിലെ നാഗരിക ജില്ലയായ എറണാകുളത്ത് അൽപ്പമെങ്കിലും അവശേഷിക്കുന്ന പച്ചപ്പ് തുടച്ച് നീക്കാൻ എന്തിനാണ് നിങ്ങളിത്ര ആവേശം കാട്ടുന്നത്. നിങ്ങൾ അധികാരത്തിലേറിയവർഷം പരിസ്ഥിതി ദിനമെന്ന പ്രഹസന ദിനത്തിൽ വെച്ച് പിടിപ്പിച്ച ലക്ഷം തൈകൾ വളർന്ന് പന്തലിച്ചതല്ല ശാന്തി വനം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം. അനേക വർഷം പ്രായമുള്ള വൻ മരങ്ങളും മറ്റ് ജൈവ സമ്പത്തുകളും പെട്ടന്നൊരു നാൾ മുളച്ച് പൊങ്ങിയതുമല്ല. ആ ജൈവ കലവറയുടെ മഹത്വം എന്തേ ഹരിത സർക്കാരേ നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തത്. അതിരപ്പിള്ളി നോട്ടമിട്ട നിങ്ങൾക്ക് ഇത്തിരിയോളം പോന്ന ശാന്തി വനം നിർവഹിക്കുന്ന പാരിസ്ഥിതിക ധർമ്മം ഉൾക്കൊള്ളാനുള്ള കേവല വിദ്യാഭ്യാസം ഉണ്ടാകില്ലെന്നറിയാം. അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി കള്ള പരിസ്ഥിതി പഠന റിപ്പോർട്ടുണ്ടാക്കിയ കെ.എസ്.ഇ.ബി യിൽ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കുന്നുമില്ല. പരിസ്ഥിതി സൗഹാർദ സർക്കാരെന്ന് കൊട്ടിപ്പാടി വന്ന നിങ്ങൾ എന്തേ പരിസ്ഥിതിയെ തകർത്തു കൊണ്ട് മാത്രം മുന്നേറുന്നു. പ്രളയാനന്തരം നവകേരളം കെട്ടിപ്പടുക്കാനായി നെട്ടോട്ടമോടുന്ന ഹരിത സർക്കാരിന് പരിസ്ഥിതി വിദ്യഭ്യാസം തൊട്ട് തീണ്ടിയിട്ടില്ലെന്ന് മനസ്സിലാക്കാനേ നിവർത്തിയുള്ളു. ഈ കോർപ്പറേറ്റ് വികസനത്തിനപ്പുറം മണ്ണിന്റേയും മരത്തിന്റേയും രാഷ്ട്രീയം എന്നാണ് നിങ്ങൾ സംസാരിച്ച് തുടങ്ങുക. ഇവിടെ ഒരു ഹരിത സർക്കാരുണ്ടായിട്ടും നല്ല വെള്ളം കുടിക്കാനും നല്ല വായു ശ്വസിക്കാനുമുള്ള അവകാശത്തിനായി സമരം ചെയ്യണ്ടി വരുന്നത് എന്തൊരു ഗതികേടാണ്. ജനകീയ സമരങ്ങളെ കേൾക്കാതെ അതിന് പരിഹസിച്ച് തള്ളുന്നത് ജനകീയ സർക്കാരിന് ഒട്ടും ചേർന്നതല്ല. ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്നത് തോൽവിയല്ല മറിച്ച് വിജയമാണെന്ന് തിരിച്ചറിയുക. പ്രകൃതി ചൂഷണം ഒട്ടും ആരംഭിക്കാത്ത കാലത്ത് കാൾ മാർക്സ് പറഞ്ഞൊരു കാര്യമുണ്ട് “പ്രകൃതി ആരുടെയും സ്വന്തമല്ല, ആരുടേയും കൂട്ടു സ്വത്തുമല്ല. ശ്രദ്ധാപൂർവ്വം ഉപയോഗിച്ച് അത് വരും തലമുറയ്ക്കായി സംരക്ഷിക്കേണ്ടതുണ്ട്” എന്നാൽ ഇടതുപക്ഷ സർക്കാർ ഇന്ന് കൈക്കൊള്ളുന്നത് വലതുപക്ഷ സിദ്ധാന്തമാണ് തീവ്ര വലതുപക്ഷ സിദ്ധാന്തം. അതു കൊണ്ട് ഹരിത കേരളമെന്ന ലേബൽ ദൂരേക്ക് വലിച്ചെറിയാം.
-Varun Kayaralam
Natural And Wild Animal Activist