പ്ലാച്ചിമടയിൽ വീണ്ടും കൊക്കക്കോള
2000 ലാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോഴേക്ക് ജലചൂഷണവും ജലമലിനീകരണവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. 2002 ഏപ്രില്‍ 22ന് കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങള്‍ സമരത്തിനിറങ്ങി. നിരന്തര സമരത്തിനൊടുവില്‍ 2003ല്‍ കമ്പനി കമ്പനി അടച്ചുപൂട്ടി. 2017 ജൂലയിൽ പ്ലാച്ചിമട പ്ളാൻ്റുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ പരിഗണിക്കവേ, ഇനി പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കക്കോള സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, അടച്ചുപൂട്ടിയ കമ്പനി സാമൂഹിക സേവന പദ്ധതികളുടെ രൂപത്തിൽ തിരിച്ചുവരാനുള്ള പുറപ്പാടിലാണ്. കൊക്കക്കോളയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളുടെ രൂപത്തിലാണ് തിരിച്ചുവരവിന് കളമൊരുക്കുന്നത്. ആദ്യ ഘട്ടത്തിൽ സാമൂഹിക സേവന പദ്ധതികൾ നടപ്പാക്കി പിന്നീട് വ്യവസായം തുടങ്ങുകയാണത്രെ ലക്‌ഷ്യം.