ക്വാറികളുടെയും പാറമടകളുടെയും കണക്കില്ല: നിയമസഭാ സമിതി

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും പാറമടകളുടെയും വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് നിയമസഭ പരിസ്ഥിതി സമിതി. ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു. കേസുകളില്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി വിധി വരുന്നത് പരിശോധിക്കണമെന്നും കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

പ്രളയത്തിന് ശേഷം ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും മുല്ലക്കര രത്‌നാകരന്‍ വ്യക്തമാക്കി. കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികളില്‍ 40%വും ഇതുസംബന്ധിച്ചുള്ളതാണ്. നിര്‍മ്മാണമേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമായിരിക്കണം പാറഖനനം. ഇതിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ വകുപ്പുകള്‍ ഏകീകൃത സ്വാഭാവത്തോടെ പ്രവര്‍ത്തിക്കണം. നിര്‍ഭാഗ്യവശാല്‍ പാറമടകളുടെയും ക്വാറികളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഉദ്യോഗതലത്തിലില്ല. കോടതി ഉത്തരവ് ഉണ്ടെന്ന പേരില്‍ നിയമലംഘനം നടത്താന്‍ പാറമടകളെ അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാറമടകളുടെയും ക്വാറികളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മൈനിങ്ങ് ആന്റ് ജിയോളജി, ജലസേചനം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായം, ആരോഗ്യം, പോലീസ്, വനം, ഭൂഗര്‍ഭ ജലം, തുടങ്ങിയ വകുപ്പുകള്‍ അടിയന്തരമായി നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. ഇത് പരിഗണിച്ച ശേഷം അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമിതി വ്യക്തമാക്കി.

This was originally published in thecue.in

Leave a Reply

Your email address will not be published. Required fields are marked *