പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യം
വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശത്തുനിന്ന് പുതിയ സസ്യത്തെ ശാസ്ത്രഗവേഷകര്‍ കണ്ടെത്തി. വള്ളിപ്പാലവര്ഗത്തില്പെടുന്ന സസ്യത്തെയാണ് അഞ്ചുവര്‍ഷം നീണ്ട നിരീക്ഷണത്തിനൊടുവില്‍ കണ്ടെത്തിയത്. ഈ ചെടി ‘ടൈലോഫോറ ബാലകൃഷ്ണാനീ’ എന്ന പേരില്‍ അറിയപ്പെടും. വയനാട് എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ മേധാവിയും ഡിവൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന് ശാസ്ത്രലോകത്തിന് നല്കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി, ആദരസൂചകമായി നല്‍കിയതാണ് ശാസ്ത്രനാമം.
ഈ വള്ളിച്ചെടിയിൽ അപ്പൂപ്പൻതാടി ഗണത്തിൽ കാണുന്ന വിത്തുകൾ ഉണ്ടാകും. പൂക്കൾ ചുവപ്പും പിങ്കും കലർന്ന വർണങ്ങളോടുകൂടിയതാണ്. കായൽ പ്രദേശത്ത് കാണപ്പെടുന്ന ‘ടൈലോഫോറ ഫ്ലക്സോസ’ എന്ന സസ്യത്തോടു സാമ്യമുള്ളതാണ് പുതിയ സസ്യം.
ഈ ചെടിക്കൊപ്പം ‘ടൈലോഫോറ നെഗ്ലെക്ട’ എന്ന മറ്റൊരു സസ്യത്തെകൂടി കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കള്‍ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയില്‍, തൂവല്‍മല പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
എം.എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന് എം. സലിം, ജയേഷ് പി. ജോസഫ്, എം.എം. ജിതിന്, ആലപ്പുഴ സനാതന ധര്‍മ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകന് ഡോ. റെജി യോഹന്നാന് എന്നിവരാണ് ചെടികള്‍ കണ്ടെത്തിയത്.