പശ്ചിമഘട്ടം: സൊനാലി ഗാര്‍ഗ് ഇതുവരെ കണ്ടെത്തിയത് 40 ഇനം തവളകള്‍

ജോസഫ് ആന്റണി | jamboori@gmail.com | The article was originally published on mathrubhumi.com  https://bit.ly/2RYWwgb

വയനാട്ടില്‍ വഴിവക്കില്‍ നിന്നൊരു പുതിയ തവളവര്‍ഗ്ഗത്തെ കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സൊനാലി ഗാര്‍ഗ് നടത്തിയ കണ്ടെത്തല്‍, നമ്മുടെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.

സുഗന്ധഗിരിക്കുള്ള വഴിയില്‍ റോഡുവക്കിലെ ചെളിക്കുഴിയില്‍ നിന്നാണ് പുതിയ വര്‍ഗ്ഗത്തിലും (ജീനസ്) ഇനത്തിലും (സ്പീഷീസ്) പെട്ട തവളയെ കണ്ടെത്തിയത്. തന്റെ പ്രൊഫസറും പ്രശസ്ത ഉഭയജീവി ഗവേഷകനുമായ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സത്യഭാമദാസ് ബിജു (ഡോ.എസ്.ഡി.ബിജു) വുമായി ചേര്‍ന്നാണ് സൊനാലി ഈ കണ്ടെത്തല്‍ നടത്തിയത്.

Sonali Garg, Mysterious Narrow-mouthed Frog
സൊനാലി ഗാര്‍ഗും പുതിയ വര്‍ഗ്ഗത്തില്‍ പെട്ട തവളയും. ചിത്രം കടപ്പാട്: S.D.Biju

ഇതോടെ, പശ്ചിമഘട്ടത്തില്‍ നിന്നും രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും സൊനാലി കണ്ടെത്തിയ തവളയിനങ്ങളുടെ സംഖ്യ നാല്പതോളമായി. അതില്‍ രണ്ട് പുതിയ വര്‍ഗ്ഗങ്ങളും പെടുന്നു. ‘ഇന്ത്യയില്‍, ഒരുപക്ഷേ ലോകത്ത് തന്നെ ഇത്രയും പുതിയ തവളയിനങ്ങളെ കണ്ടെത്തിയ മറ്റൊരു ഗവേഷക ഉണ്ടാകില്ല’-ഡോ.ബിജു ‘മാതൃഭൂമി ഡോട്ട് കോമി’നോട് പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പില്‍ഖുവ സ്വദേശിയായ സൊണാലി, 2010 മുതല്‍ ഡോ.ബിജുവിന്റെ മേല്‍നോട്ടത്തില്‍ പശ്ചിമഘട്ടത്തിലെ ഉഭയജീവികളെപ്പറ്റി ഗവേഷണം നടത്തുകയാണ്.

Sathyabhama Das Biju
ഡോ. സത്യഭാമദാസ് ബിജു

രൂപഘടനാപഠനം, ശബ്ദം, വാല്‍മാക്രികളുടെ പ്രത്യേകത, ഡിഎന്‍എ ബാര്‍കോഡ് ഉപയോഗിച്ച് മറ്റിനങ്ങളുമായി നടത്തിയ താരതമ്യപഠനം എന്നിവയ്ക്ക് ശേഷമാണ്, പുതിയ കണ്ടെത്തല്‍ ഗവേഷകര്‍ സ്ഥിരീകരിച്ചത്. അപൂര്‍വ്വമായി മാത്രം പുറത്തിറങ്ങുന്ന ഈ നിഗൂഢവര്‍ഗ്ഗത്തിന് ‘മിസ്റ്റീരിയസ് നാരോ-മൗത്ത് തവള’ എന്നാണ് വിളിപ്പേര് നല്‍കിയത്. ഫീല്‍ഡിലും ലാബിലുമായി മൂന്നുവര്‍ഷം നടത്തിയ പഠനത്തിന്റെ ഫലമാണ് പുതിയ കണ്ടെത്തല്‍.

Mysterious Narrow-mouthed Frog, Mysticellus franki
വര്‍ഷത്തില്‍ വെറും നാലുദിവസമേ പുതിയയിനം തവളകള്‍ പുറത്തുവരൂ. ചിത്രം കടപ്പാട്: S.D.Biju

ഇവയുടെ നിഗൂഢസ്വഭവം പരിഗണിച്ച്, ഇവ ഉള്‍പ്പെടുന്ന പുതിയ വര്‍ഗ്ഗത്തിന് ‘മിസ്റ്റിസെല്ലസ്’ (Mysticellus) എന്ന് നാമകരണം നടത്തി. ബ്രസ്സല്‍സിലെ പ്രമുഖ പരിണാമശാസ്ത്രജ്ഞന്‍ ഫ്രാന്‍കി ബൊസ്സ്യൂറ്റിന്റെ ബഹുമാനാര്‍ഥം, പുതിയ ഇനത്തിന് ‘മിസ്റ്റിസെല്ലസ് ഫ്രാന്‍കി’ (Mysticellus Franki) എന്ന് ശാസ്ത്രീയ നാമവും ഗവേഷകര്‍ നല്‍കി. നേച്ചര്‍ ഗ്രൂപ്പില്‍ പെട്ട ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ജേര്‍ണലില്‍ ബുധനാഴ്ച ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. https://go.nature.com/2I6CRey

പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പുതിയ തവളയിനത്തിന്റെ അടുത്ത ജനിതകബന്ധുക്കള്‍ 2000 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കന്‍ ഏഷ്യയിലാണുള്ളത്. നാലുകോടി വര്‍ഷം മുമ്പ്, ഇയോസീന്‍ യുഗത്തില്‍ (Eocene epoch) ബന്ധുക്കളില്‍ നിന്ന് ഇവ വേര്‍പിരിഞ്ഞു എന്നാണ് ജനിതകപഠനങ്ങളില്‍ വ്യക്തമാക്കുന്നത്-ഗവേഷകര്‍ പറഞ്ഞു.

‘എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. നമ്മുടെ കണ്‍മുന്നില്‍ തന്നെ എത്രയോ ഇനങ്ങള്‍ ഇനിയും തിരിച്ചറിയാതെ ഉണ്ടാകും എന്നാണ് പുതിയ കണ്ടെത്തല്‍ പറയുന്നതെ’ന്ന്, ഡോ.ബിജു അഭിപ്രായപ്പെട്ടു. ‘ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ’ (‘Frogman of India’) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉഭയജീവി ഗവേഷകനാണ്, കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഡോ.ബിജു.

വഴികാട്ടിയത് വാല്‍മാക്രി തന്റെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായി പതിവ് ഫീല്‍ഡ് സര്‍വ്വേയ്ക്ക് വയനാട്ടില്‍ എത്തിയതായിരുന്നു സൊനാലി. റോഡുവക്കില്‍ ചെളിക്കുണ്ടിലെ വെള്ളത്തില്‍ നിന്ന് ആ ഗവേഷക ഏതാനും ‘വിചിത്ര’ വാല്‍മാക്രികളെ ശേഖരിച്ചു. അവയെ പരിശോധിച്ചപ്പോള്‍ നിഗൂഢത ഏറി. കാരണം, മേഖലയിലെ തിരിച്ചറിഞ്ഞിട്ടുള്ള ഒരു തവളവര്‍ഗ്ഗവുമായും അവയ്ക്ക് ജനിതകസാമ്യമില്ല!

ആ വാല്‍മാക്രികളുടെ കുടുംബക്കാരെ കണ്ടെത്താന്‍ അടുത്ത രണ്ടുവര്‍ഷം സൊനാലി വിഫലമായി ശ്രമിച്ചു. ഒടുവില്‍ ഫലം കാണുന്നത് 2015-ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കത്തിലാണ്. പുതുമഴയില്‍ റോഡരികിലെ ചെളിക്കുഴിയില്‍ വെള്ളം പൊങ്ങിയപ്പോള്‍, അവിടെ ഇരുന്നൂറിലേറെ തവളകള്‍ പ്രത്യക്ഷപ്പെട്ടു. പ്രജനനകാലമായിരുന്നു അവയ്ക്.

കഷ്ടിച്ച് നാലുദിവസം നീണ്ട പ്രണയലീലകള്‍ക്ക് ശേഷം തവളകളെല്ലാം അപ്രത്യക്ഷമായി! പിന്നീട് വര്‍ഷം മുഴുവന്‍ തിരഞ്ഞിട്ടും സൊണാലിക്കോ അവരുടെ ഗ്രൂപ്പില്‍ പെട്ടവര്‍ക്കോ ആ തവളയില്‍ ഒരെണ്ണത്തെപ്പോലും കണ്ടെത്താനായില്ല. മേഖലയില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി തിരഞ്ഞിട്ടും ഫലം നിരാശയായിരുന്നു.

വീഡിയോ https://bit.ly/2S02wFp

വളരെ കുറഞ്ഞ ദിവസം നീളുന്ന പ്രജനനകാലത്തിന് ശേഷം അപ്രത്യക്ഷമാകുന്ന വിചിത്രജീവികള്‍ ആയതിനാലാണ് ‘മിസ്റ്റീരിയസ് നാരോ-മൗത്ത് തവള’ (Mysterious Narrow-mouthed Frog) എന്ന് അവയ്ക്ക് വിളിപ്പേരിട്ടത്.

‘പ്രജനനം നടത്താന്‍ കഷ്ടിച്ച് നാലു ദിവസം മാത്രമാണ് ഇവ പുറത്തുവരിക. വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ രഹസ്യജീവിതം നയിക്കുന്നു. അതുകൊണ്ടാകാം ഇത് ഇതുവരെ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയത്’-സൊനാലി പറയുന്നു. അവയുടെ നിഗൂഢത വര്‍ധിപ്പിക്കുന്ന മറ്റൊരു സംഗതികൂടിയുണ്ട്. അവയുടെ ശബ്ദം സാധാരണ തവളകളുടേതുപോലെ അല്ല, പകരം പ്രാണികളുടേതുപോല ആണ്! ശബ്ദം കേട്ട് ആ തവളകളെ തിരിച്ചറിയാനാകില്ലെന്ന് സാരം.

Mysterious Narrow-mouthed Frog, Mysticellus franki
ആകെ ഒറ്റ സ്ഥലത്തുനിന്നേ പുതിയ തവളയിനത്തെ കണ്ടെത്തിയിട്ടുള്ളൂ. ചിത്രം കടപ്പാട്: S.D.Biju

ഇവയുടെ മറ്റൊരു സവിശേഷത, ശരീരത്തിന്റെ പിന്‍ഭാഗത്ത് കണ്ണുകള്‍ പോലെ രണ്ട് കറുത്ത അടയാളങ്ങള്‍ ഉണ്ടെന്നതാണ്. സ്വയംരക്ഷയ്ക്കുള്ള ഉപായമാകാം അതെന്ന് ഗവേഷകര്‍ കരുതുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പശ്ചിമഘട്ടത്തില്‍ നിന്ന് ഒട്ടേറെ ശ്രദ്ധേയമായ ഉഭയജീവി കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍, പുതിയ തവളവര്‍ഗ്ഗത്തിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്, ഈ മേഖലയില്‍ ഇനിയും തിരിച്ചറിയാത്ത ഉഭയജീവികളുണ്ടെന്നാണ്-ഗവേഷകര്‍ പറയുന്നു.

‘ഇന്ത്യയില്‍ ഉഭയജീവി വര്‍ഗ്ഗങ്ങള്‍ പലവിധത്തിലുള്ള ഉന്‍മൂലന ഭീഷണി നേരിടുകയാണ്. പ്രത്യേകിച്ചും അവയുടെ ആവസവ്യവസ്ഥയുടെ നാശം മൂലം. ഇപ്പോള്‍ തിരിച്ചറിഞ്ഞ തവള വര്‍ഗ്ഗത്തിന്റെ ആകെ അറിയപ്പെടുന്ന റോഡരികിലെ ആ സ്ഥലം തന്നെ ഉദാഹരണം. വാഹനങ്ങളും, പ്ലാന്റേഷന്‍ ജോലികളും, പ്രദേശത്തെ ആള്‍പ്പാര്‍പ്പും എല്ലാം ആ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുകയാണ്. അവയുടെ ആവാസമേഖലകളെക്കുറിച്ചും, എവിടെയൊക്കെ അവ കാണപ്പെടുന്നു എന്നതു സംബന്ധിച്ചും വളരെ കുറച്ചു കാര്യങ്ങളേ നമുക്ക് അറിയാവൂ. അതിനാല്‍, നിലവിലെ ഏക ആവാസമേഖലയെ ആ തവളകളുടെ അതിജീവനത്തിനായി സംരക്ഷിക്കേണ്ടതുണ്ട്’-സൊനാലി ഗാര്‍ഗ് പറയുന്നു.

തവളകള്‍ക്കൊപ്പമുള്ള ജീവിതം യു.എന്‍.പ്രഖ്യാപിച്ച ‘ശാസ്ത്രരംഗത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ദിനം’ ആയിരുന്നു ഫെബ്രുവരി 12. അതിന്റെ പിറ്റേന്നാണ്, ഇന്ത്യയില്‍ നിന്ന് സൊനാലിയുടെ കണ്ടെത്തല്‍ ലോകമറിയുന്നത്.

ഉത്തര്‍പ്രദേശിലെ പുല്‍ഖുവ (Pilkhuwa) പട്ടണത്തില്‍ ഒരു ബിസിനസ് കുടുംബത്തില്‍ 1987-ലാണ് സൊനാലി ഗാര്‍ഗ് ജനിച്ചത്. ബഡ്ഷീറ്റ് നിര്‍മാണത്തില്‍ പ്രശസ്തമായ പട്ടണമാണത്. മാതാപിതാക്കളും അനുജനും ഉള്‍പ്പെടുന്നതാണ് സൊനാലിയുടെ കുടുംബം. ‘തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ മെച്ചപ്പെട്ട ജീവിതം മക്കള്‍ക്കുണ്ടാകണമെന്ന് എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചു’-സൊനാലി പറയുന്നു.

ഡറാഡൂണിലും അജ്മറിലുമായിട്ടായിരുന്നു സൊനാലിയുടെ സ്‌കൂള്‍ പഠനം. ചെറുപ്പത്തിലേ പ്രകൃതി തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും, വന്യജീവികളോ വനങ്ങളോ തന്റെ ജീവിതത്തിന്റെ ഭാഗമേ ആയിരുന്നില്ലെന്ന് ആ ഗവേഷക ഓര്‍ക്കുന്നു. പക്ഷേ, ‘ജീവശാസ്ത്രവും പരിസ്ഥിതി പഠനവും ഭൂമിശാസ്ത്രവും എന്നെ എന്നും ആകര്‍ഷിച്ചിരുന്നു’. അതാണ് ഡല്‍ഹി സര്‍വകലാശാലയുടെ ഹാന്‍സ് രാജ് കോളേജില്‍ ബി എസ് സി സുവോളജി (ഓണേഴ്‌സ്) പഠിക്കാന്‍ പ്രേരണയായത്. എം എസ് സിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എണ്‍വിരോണ്‍മെന്റല്‍ സയന്‍സ് ആണ് പഠിച്ചത്.

‘2010-ല്‍ ഡോ.എസ്.ഡി.ബിജുവിന്റെ മേല്‍നോട്ടത്തില്‍ ഉഭയജീവികളെ കുറിച്ച് പഠിക്കാന്‍ അവസരം ലഭിച്ചതാണ് എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത്’-സൊനാലി അറിയിക്കുന്നു (ഡോ.ബിജുവിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പി.എച്ച്.ഡി.പ്രബന്ധം സൊനാലി ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്). ഹിമാചല്‍ പ്രദേശിലെ ഉഭയജീവി വൈവിധ്യത്തെക്കുറിച്ച് മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പ്രബന്ധം തയ്യാറാക്കിയതായിരുന്നു തുടക്കം. പശ്ചിമഘട്ടത്തിലെ അതിമനോഹരവും, എന്നാല്‍ എത്തിപ്പെടാന്‍ കഴിയാത്തതുമായ വന്യമേഖലകളില്‍ തവളകളെ തേടാന്‍ അവസരം കിട്ടി.

‘തവളകളെക്കാളും മറ്റൊന്നും എന്നെ ആകര്‍ഷിക്കാതായി…വളരെയേറെ പഠിക്കാനും കണ്ടുപിടിക്കാനും ബാക്കിയുണ്ട്…..അതു മുതല്‍ എന്റെ ജീവിതം, അക്ഷരാര്‍ഥത്തില്‍ തവളകളെ കുറിച്ചുള്ള പഠനമായി. അങ്ങനെ എന്റെ ജീവിതയാത്ര ഞാന്‍ ആരംഭിച്ചു. പൂര്‍ണ സമയം ഉഭയജീവി ഗവേഷണത്തിന് മാറ്റിവെച്ചു. പിഎച്ച്ഡി അതിന്റെ ഒരു പരിണിതഫലം മാത്രം’.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഭൂമുഖത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൂടെ, പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും പര്യടനം നടത്തിയ കാര്യം സൊനാലി പറയുന്നു. തവളകളെ തേടി കന്യാവനങ്ങളിലും ദുര്‍ഘടവുമായ വനമേഖലകളിലും താനെത്തി. ഒരു ഫീല്‍ഡ് ബയോളജിസ്റ്റാവുക എന്ന തന്റെ മോഹം യാഥാര്‍ഥ്യമാവുകയാണ്. മനോഹരവും അതുല്യവുമായ തവളയിനങ്ങളെ കണ്ടെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി.

Mysterious Narrow-mouthed Frog, Mysticellus franki
പുതിയതായി കണ്ടെത്തിയ തവളയുടെ പിന്‍ഭാഗത്ത് കണ്ണുകള്‍ പോലെ തോന്നിക്കുന്ന രണ്ട് അടയാളങ്ങളുണ്ട്. ചിത്രം കടപ്പാട്: S.D.Biju

‘പശ്ചിമഘട്ടത്തിലെ അറിയപ്പെടുന്ന എല്ലാ തവളകളുടെയും സ്‌പെസിമനുകള്‍ പഠിക്കാനായി ഞാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചു. എന്റെ റോള്‍മോഡലായ അധ്യാപകന്‍ ബിജു സര്‍ ഉള്‍പ്പടെ, ഉഭയജീവികളുടെ കാര്യത്തില്‍ ഏറ്റവും വലിയ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്താനും പഠിക്കാനും ഏറെ അവസരങ്ങള്‍ അവസരങ്ങള്‍ എനിക്ക് കിട്ടി’- നാല്പത് തവളയിനങ്ങളെ തിരിച്ചറിഞ്ഞ ഗവേഷകയായല്ല, ഗവേഷണത്തിനായി സ്വയംസമര്‍പ്പിച്ച വിദ്യാര്‍ഥിനിയുടെ വാക്കുകളാണ് സൊനാലിയുടേത്.

40-ഓളം തവളകളെ കണ്ടെത്തി വിശദീകരിച്ചതിനൊപ്പം, 16 ഗവേഷണ പ്രബന്ധങ്ങള്‍ രാജ്യാന്തര പിയര്‍-റിവ്യൂഡ് ജേര്‍ണലുകളില്‍ ഈ ചെറുപ്രായത്തിനിടെ സൊനാലി പ്രസിദ്ധീകരിച്ചു. സൊനാലിയുടെ കണ്ടെത്തലുകള്‍ ഇന്റര്‍നാഷണല്‍ മാധ്യമങ്ങളില്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ഉഭയജീവികളെ പറ്റി ലോകമറിയാനും, അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും അത് സഹായിച്ചു.

‘ലോസ്റ്റ് ആംഫീബിയന്‍സ് ഓഫ് ഇന്ത്യ’ (Lost Amphibians of India) പദ്ധതിയില്‍ അംഗമാണ് സൊനാലി. രാജ്യത്ത് നഷ്ടപ്പെട്ടു എന്നു കരുതിയ പല ഉഭയജീവി വര്‍ഗ്ഗത്തെയും ഗവേഷകര്‍ വീണ്ടും കണ്ടെത്തിയത് ഈ പദ്ധതി വഴിയാണ്. അതുപോലെ തന്നെ, ഡോ.ബിജു നേതൃത്വം നല്‍കുന്ന Western Ghats Network of Protected Areas for Threatened Amphibians (WNPATA) പദ്ധതിയിലും സൊനാലി മുഖ്യപങ്ക് വഹിക്കുന്നു (കടപ്പാട്: ഡോ.എസ്.ഡി.ബിജു, സൊനാലി ഗാര്‍ഗ്).

 

Leave a Reply

Your email address will not be published. Required fields are marked *