ആറ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യത്ത് ആറിനം സിഗിംൾ യൂസ് (ഒറ്റത്തവണ ഉപയോഗിക്കുന്ന) പ്ലാസ്റ്റിക്കുകൾക്ക് നിരോധനം രുമെന്ന് റിപ്പോർട്ട്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച സഞ്ചി, കപ്പ്, പാത്രം, ചെറിയ കുപ്പി, സ്ട്രോ, ചില പ്രത്യേകതരം സാഷെകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ നിരോധനം വരിക.
ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൽ പാതിയും സിംഗിൾ യൂസ് ആണ്. അവയുടെ ഘടനാപരമായ പ്രത്യേകത കാരണം അവ റീസൈക്കിൾ ചെയ്യാനും ബുദ്ധിമുട്ടാണ്. വർഷങ്ങളോളം മണ്ണിലും വെള്ളത്തിലും കിടക്കുന്ന ഇവ മാരക രാസവസ്തുക്കളായി വിഘടിക്കും. പ്ലാസ്റ്റിക്കിന് പ്രത്യേക ആകൃതി നൽകാനും കരുത്ത് കൂട്ടാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വിഘടിക്കുക.
ആറ് ഉല്പന്നങ്ങള്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ ആകെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറവാണുണ്ടാവുക. ഈ വസ്തുക്കൾക്ക് സമ്പൂർണ നിരോധനമാണ് ഏര്‍പ്പെടുത്തുക. ഇവയുടെ ഉല്പാദനം, ഉപയോഗം, ഇറക്കുമതി എന്നിവ നിരോധിക്കുമെന്നും അറിയുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ വലിയ പങ്കും പുന:രുപയോഗം സാധ്യമല്ലാത്ത ഉൽപന്നങ്ങളാണ്. ഇതിന്റെ 50 ശതമാനവും സമുദ്രങ്ങളിലാണ് എത്തിച്ചേരുന്നത്. ഇത് ജലജീവികളെ ഇല്ലാതാക്കുന്നതിനൊപ്പം ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യനിലേക്കും എത്തിച്ചേരുന്നു. നിലവിൽ നിരോധിക്കുന്ന മിക്ക ഉത്പന്നവും ഉപയോഗ ശേഷം മണ്ണിൽ ഇടുന്നവയാണ്. ഇവ മണ്ണിൽ ലയിക്കാതെ കിടക്കുന്നത് മണ്ണിനും പ്രകൃതിക്കും ഏറെ ദോഷകരമാണ്.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. 2022ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം.