കൊറോണവൈറസ്: നമ്മൾ തീകൊണ്ടാണ് കളിക്കുന്നത്
ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ എൻവിറോണ്മെന്റ് എഡിറ്റർ ഡാമിയൻ കാരിംഗ്ടൺ, ശാസ്ത്രജ്ഞനും ഐക്യരാഷ്ട്രസഭ പരിസ്ഥിതി വിഭാഗം മേധാവിയുമായ ഇംഗർ ആൻഡേഴ്സന്റെ വിലയിരുത്തലുകൾ സഹിതം “‘Coronavirus: ‘Nature is sending us a message’, says UN environment chief – എന്ന തലക്കെട്ടിൽ മാർച്ച് 25 ന് പ്രസിദ്ദീകരിച്ച റിപ്പോർട്ടിന്റെ സ്വതന്ത്ര പരിഭാഷ – കടപ്പാട്: പ്രകൃതി
കൊവിഡ് പകച്ചവ്യാധിയിലൂടെ പ്രകൃതി നമുക്ക് വ്യക്തമായ സന്ദേശമാണ് നല്കുന്നത്. മനുഷ്യവംശം ആപൽകരമാംവിധം പ്രകൃതിയില് നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. പ്രകൃതിയെ അടിസ്ഥാനമാക്കി ലോകത്തെ സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു എന്നതിനർത്ഥം സ്വയം സംരക്ഷിക്കുന്നതില് മനുഷ്യൻ പരാജയപ്പെട്ടു എന്നുതന്നെയാണ്.
പ്രമുഖ ശാസ്ത്രജ്ഞന് കൂടിയായ ഐക്യരാഷ്ട്രസഭ പരിസ്ഥിതി വിഭാഗം മേധാവി ഇംഗർ ആൻേഴ്സൺ പറയുന്നു – കൊവിഡ്19ന്റെ വ്യാപനം മനുഷ്യനുള്ള കൃത്യമായ മുന്നറിയിപ്പാണ്. വന്യജീവികളിലൂടെ നിരവധി മാരക രോഗങ്ങൾ നമ്മളിലേക്ക് പകർന്നുകഴിഞ്ഞു. ഇന്നത്തെ മാനവരാശി തീകൊണ്ടാണ് കളിക്കുന്നത്. മനുഷ്യന്റെ അശാസ്ത്രീയമായ പെരുമാറ്റങ്ങളാണ് ഇത്തരം വൈറസുകൾ പടരാൻ കാരണം. ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ ആഗോള താപനം, വനനശീകരണം, അശാസ്ത്രീയമായ കൃഷി, ഖനനം, അശാസ്ത്രീയമായ ഭൂവിനിയോഗം എന്നവയെല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. കൂടാതെ മൃഗങ്ങളെ പച്ചയ്ക്ക് കൊന്ന് വിൽക്കുന്ന മാർക്കറ്റുകൾ ലോകമെമ്പാടും അടിയന്തിരമായി അടച്ചുപൂട്ടണം. സാംക്രമിക രോഗങ്ങളുടെ പ്രധാന പ്രഭവകേന്ദ്രം അതാണ്.
ഞങ്ങളുടെ പ്രാഥമിക പരിഗണന കൊവിഡ് വൈറസിൽനിന്ന് സമൂഹത്തെ രക്ഷിക്കുക എന്നതുതന്നെയാണ് പക്ഷേ, ദീർഘകാല പദ്ധതി നമ്മുടെ ആവാസവ്യവസ്ഥയുടെ നശീകരണം തടയുക എന്നതുതന്നെയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതിവിഭാഗം എക്സിക്യുട്ടീവ് പ്രോഗ്രാം ഡയറക്ടറായ ആൻഡേഴ്സൺ വ്യക്തമാക്കി.
വന്യ-വളർത്തു മൃഗങ്ങളിൽനിന്നും ഇത്രയധികം രോഗം മനുഷ്യരിലേക്ക് പടർന്ന ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ലോകത്ത് പുതുതായി രൂപംകൊണ്ട 75 ശതമാനം സാംക്രമിക രോഗങ്ങളും വന്യമൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടർന്നതാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ അതിക്രമിച്ചു കയറിയുള്ള മനുഷ്യരുടെ പ്രവർത്തികൾ കാരണം രോഗങ്ങൾ പടർന്നു, ദാ ഇപ്പോ നമുക്കുതന്നെ ഇരിക്കപ്പൊറുതിയില്ലാതായി.
Also Read: Coronavirus: ‘Nature is sending us a message’, says UN environment chief
ഓസ്ട്രേലിയയിൽ ഈയിടെയുണ്ടായ കാട്ടുതീയും, എമ്പാടും ഉയരുന്ന അസഹ്യമായ ഉഷ്ണവും, കെനിയയിലെ വെട്ടുകിളി ആക്രമണവും എല്ലാം ചേർത്തുവച്ചു വായിക്കുമ്പോൾ പ്രകൃതി നമുക്കൊരു ശക്തമായ സന്ദേശം തരികയാണെന്ന് മനസിലാക്കണം. ആരും അംഗീകരിച്ചാലും ഇല്ലെങ്കിലും അഭേദ്യമാംവിധം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ജീവിവർഗമാണ് നമ്മൾ. അതുകൊണ്ടുതന്നെ പ്രകൃതിയുടെ സംരക്ഷണം നമ്മൾ ഏറ്റെടുത്തിട്ടില്ലെങ്കിൽ നമുക്ക് നമ്മളുൂടെതന്നെ സുരക്ഷിതത്വം നഷ്ടപ്പെടും. പത്ത് ബില്യണോളം വരുന്ന മനുഷ്യവർഗത്തെ അത് ഗുരുതരമായി ബാധിക്കും. നമ്മുടെ ഇനിയുള്ള മുന്നോട്ടുപോക്കിൽ പ്രകൃതിയെയും ഒപ്പംകൂട്ടിയേ പറ്റൂ. ആൻഡേഴ്സൺ വ്യക്തമാക്കി.
മനുഷ്യരിൽ സാംക്രമിക രോഗങ്ങൾ പടരുന്നത് ഇക്കഴിഞ്ഞ കാലങ്ങളിൽ വല്ലാണ്ട് വർദ്ദിച്ചിട്ടുണ്ട്, എബോള, പക്ഷിപ്പനി, മെർസ്, റിഫ്റ്റ് വാലി ഫീവർ, സാർസ്, വെസ്റ്റ്നൈൽ വൈറസ് രോഗം, സിക്ക വൈറസ് രോഗം എന്നി രോഗങ്ങളെല്ലാം വന്യമൃഗങ്ങളിൽനിന്നും നമ്മിലേക്ക് പടർന്നതാണ്.
കൊവിഡ്19 ന്റെ വ്യാപനം നേരത്തെ പ്രവചിക്കപ്പെട്ടിട്ടില്ല. പക്ഷേ വന്യമൃഗങ്ങളിൽനിന്നും ഇനിയും സാംക്രമിക രോഗങ്ങൾ മനുഷ്യരിലേക്ക് പടരാമെന്നുള്ള മുന്നറിയിപ്പുകൾ നേരത്തെ ലഭിച്ചിട്ടുണ്ട്. സൂവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ പ്രൊഫസർ ആന്ഡ്ര്യൂ കണ്ണിംഗ്ഹാം വ്യക്തമാക്കുന്നു. 2002 -2003 വർഷങ്ങളിൽ പടർന്നുപിടിച്ച സാർസ് രോഗത്തെപറ്റി 2007ൽ നടന്ന പഠനത്തിന്റെ നിഗമനത്തിൽ ഇപ്രകാരം പറയുന്നു. സാർസ് പോലുള്ള രോഗം പടർത്തുന്ന വൈറസുകളുടെ വാഹകർ വവ്വാലുകളാണ്. ഇത്തരം വന്യജീവികളുടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന തെക്കൻ ചൈനക്കാരുടെ സംസ്കാരം തുടരുന്നത് മനുഷ്യരാശിയുടെ മടിയിൽ ഒരു ടൈംബോംബ് വയ്ക്കുന്നതിന് സമമാണ്.
കണ്ണിംഗ്ഹാം തുടരുന്നു. കൊവിഡ്19നെ അപേക്ഷിച്ച് മറ്റ് സാംക്രമിക രോഗങ്ങൾക്ക് മരണനിരക്ക് കൂടുതലാണ്. എബോള രോഗത്തിന് 50 ശതമാനമാണ് മരണനിരക്ക്, 60 മുതൽ 75 ശതമാനംവരെയാണ് നിപ്പ വൈറസ് രോഗത്തിന്. ഇതെല്ലാം സൗത്തേഷ്യയിലെ വവ്വാലുകളിൽ നിന്നും പടർന്നുപിടിച്ചതാണ്. കൊവിഡിനെ സംബന്ധിച്ച് മരണനിക്ക് കുറവാണ് എന്നത് അൽപം ആശ്വാസകരമാണ്. ഇതെല്ലാം കൃത്യമായ മൂർച്ചയുള്ള മുന്നറിയിപ്പുകളാണ്. ഇനിയും നമ്മൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇതിലും വലുത് ഭാവിയിൽ സംഭവിക്കും.. ചൈനയിലെ വന്യമൃഗങ്ങളെ കശാപ്പ് ചെയ്യുന്ന മാർക്കറ്റിൽനിന്നാണ് കൊവിഡ്19 വൈറസ് പടർന്നത് എന്നതുതന്നെ നേരത്തെ ലഭിച്ച മുന്നറിപ്പുകൾ എത്രത്തോളം ശരിയായിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
Also Read: Coronavirus has finally made us recognise the illegal wildlife trade is a public health issue
ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒരുപാട് ദൂരെനിന്നും മൃഗങ്ങളെ വരിഞ്ഞുകെട്ടിയും കൂട്ടിലിട്ടും കൊണ്ടുവരികയാണ്. അസഹ്യമായ സാചര്യങ്ങളിലൂടെ ഏറെസമയം കഴിച്ചുകൂട്ടേണ്ടിവരുന്ന ഇത്തരം മൃഗങ്ങൾ തങ്ങളുടെ ഉള്ളിലുള്ള രോഗാണുക്കളെ പുറമേക്ക് സംക്രമണം ചെയ്യും. ഇത്തരം മൃഗങ്ങളുമായി വ്യാപകമായി ഇടപഴകേണ്ടിവരുന്ന ഇത്തരം മാർക്കറ്റുകളിലെ മനുഷ്യർ രോഗവാഹകരാകുന്നതിൽ എന്തൽഭുതം.
ചൈന ഇത്തരം മാർക്കറ്റുകളെ താൽകാലികമായി നിരോധിച്ചു എന്നറിഞ്ഞു. പക്ഷേ അത് എന്നന്നേക്കുമായി നിരോധിക്കുകയാണ് വേണ്ടത്, ചൈനയിൽ മാത്രമല്ല ലോകമെമ്പാടും അത് പിന്തുടരണം. ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം മാർക്കററുകൾ ഒരുപാടുണ്ട്. യാത്രയും പരസ്പരം ഇടപഴകലും എളുപ്പമായ ഇക്കാലത്ത് ഇത്തരം കശാപ്പുശാലകൾ മനുഷ്യവംശത്തിനുതന്നെ അപകടകരമാകുകയാണ്.
ഹാർവാർഡ് യൂണിവേഴ്സിറ്റി പബ്ലിക് ഹെൽത്ത് വിഭാഗത്തിലെ ആരോൺ ബേൺസ്റ്റെയിൻ പറയുന്നതിങ്ങനെ. കാടുകൾ നശിപ്പിക്കുന്നത് വന്യമൃഗങ്ങളെ മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും സമാന സാഹചര്യമുണ്ടാക്കുന്നു. ഇത് പുതിയ സാംക്രമിക രോഗങ്ങൾ സൃഷ്ടിക്കപ്പെടാൻ എളുപ്പത്തിൽ കളമൊരുക്കുന്നു.
സാർസ്, മെർസ്, കൊവിഡ്19, എച്ചഐവി, എന്നീ രോഗങ്ങളിലൂടെ പ്രകൃതി നമ്മോട് എന്താണ് പറയാനുദ്ദേശിച്ചതെന്ന് മനസിലാക്കണം. നമ്മൾ തീകൊണ്ടാണ് കളിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മനുഷ്യ ആരോഗ്യവും പ്രകൃതിയും തമ്മിലുള്ള അകലം വലിയൊരു അബദ്ദമാണ്. നമ്മുടയോരോരുത്തരുടെയും ആരോഗ്യം പ്രകൃതിയുമായി അഭേദ്യ ബന്ധമുള്ളതാണ്. പ്രകൃതി നമുക്ക് തരുന്ന കാലാവസ്ഥയും മറ്റു ജിവികളുമായുള്ള ബന്ധവുമെല്ലാം മനുഷ്യവംശത്തെ സംബന്ധിച്ച് നിർണായകമാണ്.
Also Read: Coronavirus outbreak highlights need to address threats to ecosystems and wildlife
ശതകോടികൾ മറിയുന്ന വന്യജീവി വിൽപനയാണ് മറ്റൊരു മാരക ഭീഷണിയെന്ന് കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓഫ് എൻഡാൻജ്ഡ് സ്പീഷിസ് ഓഫ് ഫൗന അൻഡ് ഫ്ലോറയുടെ മുൻ സെക്രട്ടറി ജനറലായിരുന്ന ജോൺ സ്കാലൻ പറയുന്നു.
ഇത്തരം വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ എന്ത് തരികിടയിലൂടെയും മൃഗങ്ങളെ രാജ്യത്തെത്തിക്കുക എന്നതിനപ്പുറം ഇത്തരം ഇറക്കുമതികൾ തടയാനായി കൃത്യമായ നിയമങ്ങൾ കൊണ്ടുവരണം. കയറ്റുമതി ചെയ്യപ്പെട്ട രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിച്ച് ഒന്നുംതന്നെ മറ്റു രാജ്യങ്ങിലെത്താൻ പാടില്ല. ഇത്തരം വന്യജീവി കയറ്റുമതിക്കാർക്കെതിരെ ശക്തമായ നടപടിയാരംഭിക്കുന്നതോടെ നമ്മുടെ പ്രകൃതിയുടെ സ്വാഭാവികത തിരിച്ചുവരും അത് പ്രാദേശികർക്കും സമൂഹത്തിനും നൽകുന്ന ഉണർവ് ചെറുതായിരിക്കില്ല.