പ്രകൃതി ദുരന്തങ്ങളും “പുതിയ” പൗരസമൂഹവും

 | utharakalam.com

തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിൽ മൂന്ന് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ ഒരു സംസ്ഥാനമാണ് കേരളം. ഓഖി ചുഴലിക്കാറ്റിൽ 102 മത്സ്യത്തൊഴിലാളികൾ മരിച്ചു. അതിനടുത്ത വര്‍ഷം വെള്ളപ്പൊക്കത്തിൽ 435 ജീവൻ നഷ്ടപ്പെട്ടു. അതിന് ഒരു വര്‍ഷം തികയുന്നതിന് മുൻപേ നൂറിലധികം ജീവനെടുത്തുകൊണ്ട് മറ്റൊരു വെള്ളപ്പൊക്ക ദുരന്തം കൂടി സംഭവിച്ചിരിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ മൂലം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്ന ഒരു പ്രദേശമായി കേരളം മാറുകയാണ്. കേരളത്തിന്റെ സാമ്പത്തിക – സാമൂഹിക ജീവിതത്തെ പതുക്കെയെങ്കിലും ഈ മാറ്റം പുനർനിർണയിക്കും.

കേരളീയ പൊതുസമൂഹം ഈ ദുരന്തത്തെ ഒരു വാർഷിക സംഭവമായി മാത്രം കാണാതെ, ഇതിലെ പ്രതിസന്ധികള്‍ മൂലമുണ്ടാകുന്ന ദൂരവ്യാപകമായ മാറ്റങ്ങളെ വിലയിരുത്താനും പ്രതികരിക്കാനും ശ്രമിക്കണം. ഈ ദുരന്തങ്ങൾ എത്രത്തോളം കേരളീയ പൗരബോധത്തെ സജ്ജമാക്കി എന്ന് വിലയിരുത്തുന്നിടത്താണ് ശരിയായ ദുരന്ത നിവാരണ പ്രവർത്തനം തുടങ്ങുന്നത്. സർക്കാർ സംവിധാനങ്ങൾ പ്രകൃതി ദുരന്തങ്ങളെ ഒരു പ്രത്യേക സമയത്തെ ഭരണ നിർവ്വഹണ പ്രശ്നമായി മാത്രം കാണാനാണ് ശ്രമിക്കാറുള്ളത്. സർക്കാർ സംവിധാനങ്ങൾ തികച്ചും സാമ്പ്രദായിക രീതിയിൽ തന്നെയാണ് ഇടപെടാറുള്ളത്. ദുരന്തം ഉണ്ടാകുബോൾ വലിയ തോതിൽ പ്രതികരിക്കും. എന്നാൽ പിന്നീടുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സാവധാനത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണത്തിലും ആയിരിക്കും. അത് ഒരുപക്ഷേ വര്‍ഷങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. ഇതൊക്കെ നിലനിൽക്കുമ്പോഴും പ്രകൃതി ദുരന്തങ്ങൾ അതാത് പ്രദേശത്തെ പൗരബോധത്തെ അഗാധമായി സ്വാധീനിക്കാറുണ്ട്. ഈ മാറ്റങ്ങൾ പലപ്പോഴും സാമൂഹിക മൂലധനം എന്ന പേരിലാണ് കണക്കാക്കാറുള്ളത്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിൽ ഇത്തരം പൗരബോധം രൂപപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കേരളത്തിൽ രാഷ്ട്രീയ – പൗരസമൂഹ അന്തരം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ രണ്ടു വർഷത്തിനിടെ ഉണ്ടായ മൂന്ന് ദുരന്തങ്ങൾ മലയാളി പൗരബോധത്തിനും പൗര സങ്കൽപത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ പഠിക്കേണ്ടതാണ്.

സമകാലീന കേരള ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ നേട്ടമെന്ന് പറയാവുന്നത് കേരളത്തിലെ പൗരസമൂഹം ഒരു ദുരന്തത്തോട് ശക്തമായി പ്രതികരിക്കാൻ വേണ്ടി രൂപപ്പെട്ടു എന്നതാണ്. എന്നാൽ ഈ രൂപപ്പെടൽ, അതായത് ഇന്ന് കേരളത്തിൽ കാണുന്ന ദുരിതാശ്വാസ കൂട്ടായ്മകൾ 2017ൽ തിരുവനന്തപുരം ജില്ലയിലെ കടലോര മേഖലയെ ഓഖി ദുരന്തം തകർത്തെറിഞ്ഞപ്പോൾ ഉണ്ടായില്ല എന്നതും വിസ്മരിക്കാൻ കഴിയില്ല. അന്ന് ശരിയായ രീതിയിലല്ല രക്ഷാപ്രവർത്തനം നടത്തുന്നത് എന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതന്മാർ അടക്കമുള്ള മനുഷ്യരെ അവഹേളിക്കാനും പരിഹസിക്കാനും മുന്നിൽ നിന്നത് നമ്മുടെ സർക്കാരും അവരുടെ പാർട്ടിക്കാരും ആയിരുന്നു. അന്ന് കേരളത്തിന്റെ പാർലമെന്ററി – ഇടതു രാഷ്ട്രീയ മനസ്സ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നം മുഖ്യധാരയിലേക്ക് കൊണ്ടുവന്ന മനുഷ്യർക്ക് എതിരായിരുന്നു എന്നതും വലിയ ഒരു പാഠമാണ്.

എന്നാൽ ആറു മാസത്തിന് ശേഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇതേ മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ പൊതു പൗരബോധത്തിലേക്ക് രക്ഷാ പ്രവർത്തകരായി കടന്നു വന്നപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരളം മത്സരിച്ചു. ‘മഴുവെറിഞ്ഞല്ല തുഴയെറിഞ്ഞാണ് കേരളം വീണ്ടെടുത്തത്’ എന്ന വാക്യം ഇടതു – വലത് ഭേദമന്യേ (സംഘപരിവാർ ഒഴികെ. അവർക്കിതൊന്നും ബാധകമല്ല) എല്ലാവരും ഏറ്റുപിടിച്ചു. ഇടതുപക്ഷക്കാർ ഒരു പടികൂടെ കടന്ന് ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ മത്സ്യത്തൊഴിലാളികളെ അവരുടെ പ്രൊഫൈൽ ചിത്രമായി ചേർത്തു. മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണ് 2018ലെ വെള്ളപൊക്കത്തിന്റെ ആഘാതം കുറച്ചത്. കേരളത്തിൽ ഈ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു വീര പരിവേഷം നൽകി, ഇതിനെത്തുടർന്ന് കമ്പനികൾ പരസ്യം വരെ ചിത്രീകരിച്ചു. കടലിന്റെ മക്കൾ എന്ന പ്രയോഗത്തിന് അതിവൈകാരികതയുടെ നിറം കലർന്നു.

എന്നാൽ കേരളത്തിന്റെ പൊതു പൗരബോധം മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ മുഖ്യധാരയുടെ ഭാഗമായി കാണുന്നുണ്ടോ എന്ന് ഉറക്കെ ചോദിക്കേണ്ട അവസ്ഥയും ഇന്ന് കേരളത്തിലുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു പുതിയ പൊതുസമൂഹം രൂപപ്പെട്ടു എന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ അത്തരം ഒരു പൊതുസമൂഹത്തിനുണ്ടാകേണ്ട മാറ്റങ്ങൾ ഒന്നും തന്നെ കേരളത്തിലുണ്ടായില്ല എന്നതും വസ്തുതയാണ്.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഒരു പൈസ പോലും കൊടുക്കരുത് എന്ന് ആവശ്യപ്പെടുന്നവരും ഈ പൊതു സമൂഹത്തിന്റെ ഭാഗമാണ്. അവർക്ക് എളുപ്പത്തിൽ ഈ സമൂഹത്തെ മാറ്റിത്തീർക്കാൻ കഴിയും എന്നിടത്താണ് പ്രളയാനന്തരമുള്ള മനുഷ്യ നന്മകളെ നമ്മൾക്ക് ആഘോഷിക്കേണ്ടി വരുന്നത്. കേരളത്തിൽ ഉണ്ടായിട്ടുള്ള കൂട്ടായ്മകളെയും ദുരന്തങ്ങളോട് പ്രതികരിച്ച രീതിയെയും പരിഗണിച്ചാൽ കേരളത്തിൽ ശക്തമായ ഒരു രാഷ്ട്രീയ – പൗരസമൂഹം ഉണ്ടാകേണ്ടതാണ്. മനുഷ്യത്വത്തെ ഇത്രത്തോളം ആഘോഷിച്ച ഒരു കാലഘട്ടം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് കാരണം. എന്നാൽ ഈ രാഷ്ട്രീയ സമൂഹം ഇനിയൊരു തിരുത്തൽ ശക്തിയായി മാറുമോ എന്നതാണ് പരിശോധിക്കേണ്ടത്.

കേരളം അതിജീവിക്കും എന്നൊക്കെ സർക്കാരും മുഖ്യമന്ത്രിയും പറയുന്നുണ്ടെങ്കിലും ശരിക്കും കേരളം അതിജീവിക്കേണ്ടത് സർക്കാരും ഉദ്യോഗസ്ഥന്മാരും നിശ്ചയിക്കുന്ന രീതിയിലാകരുത്. പൂർണ്ണമായും പൗരസമൂഹത്തോട് ചേർന്നു നിൽക്കുന്നതാണ് സർക്കാർ / ഉദ്യോഗസ്ഥർ എന്ന തെറ്റിധാരണക്ക് വലിയ തോതിൽ പ്രചാരണം കൊടുക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയേണ്ടതും അതിന് ആവശ്യമാണ്. കേരളത്തിലെ സർക്കാർ – ഉദ്യോഗസ്ഥ ബന്ധം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമാണ്. ഈ ദുരന്തത്തിന് കാരണമായതും അതിന്റെ ആഘാതം കൂട്ടിയതിനും പൗരസമൂഹത്തിന്റെ നേതൃത്യത്തിനു പകരം കേവലാർഥത്തിൽ സർക്കാർ നയങ്ങൾക്ക് കേരള സമൂഹം നൽകിയ പിന്തുണയാണ്. വികസനത്തിന് ഇടതുപക്ഷ സർക്കാർ നൽകിയ വിശദീകരണം രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗീകരിച്ച ഒരു സമൂഹമായി കേരളം മാറി. പൗരസമൂഹത്തെ മാറ്റിനിർത്തിയുള്ള ഭരണകൂട ബോധം തന്നെയാണ് ദുരന്തത്തിന് ശേഷമുണ്ടായ പൊതു കൂട്ടായ്മകളെ ഒരു പുതിയ പൗരാവബോധമായി മാറുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്നത്. കേരളം അതിജീവിക്കും എന്നു പറഞ്ഞാൽ ആദ്യം മറികടക്കേണ്ടത് ഇത്തരം സർക്കാർ അനുകൂല പൊതു ചിന്തകളെയാണ്. ഇതിൽ ജാതി – മത അപരത്വങ്ങളും ഉൾപ്പെടും. അല്ലാത്തപക്ഷം കേരളം ഇനിയും പഴയതു പോലെ തുടരും.

(മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സെന്റർ ഫോർ ഡിസാസ്റ്റേർസ് ആൻഡ് ഡെവലപ്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *