വരൾച്ചാക്കാലത്തെ ഖനനം!!
FB Status | Harish Vasudevan Sreedevi
ഇത് ലൈക്കോ ഷെയറോ കിട്ടേണ്ട പോസ്റ്റല്ല. നാട്ടുകാരിൽ അവബോധം ഉണ്ടാക്കാനുമല്ല. സർക്കാരിന്റെ നിർണ്ണായക ഇടങ്ങളിൽ ഇരിക്കുന്ന എന്റെ സുഹൃത്തുക്കൾ അറിയാനും പ്രവർത്തിക്കാനും വേണ്ടി മാത്രം.
40 ഡിഗ്രി ചൂടിൽ കേരളം കത്തുന്നു. നാടെങ്ങും വറ്റി വരളുമ്പോൾ ഈ ചൂടിലും അവശേഷിക്കുന്ന നീരുറവകളാണീ നാടിന്റെ ഭാവി കുടിവെള്ളത്തിനുള്ള ഏക പ്രതീക്ഷ. ആ നീരുറവകളെയും അതിന്റെ മുകളിലെ ജലസംരക്ഷിത പ്രദേശത്തെയും കണ്ടെത്തി മാപ്പിൽ രേഖപ്പെടുത്തുകയും ഉറവകളും പ്രദേശവും അപ്പടിയെങ്കിലും നിലനിർത്തുന്നതിനുമുള്ള തീരുമാനം എടുക്കുന്നില്ലായെങ്കിൽ വരൾച്ചയുടെ ആഘാതം കൂടും. ദുരന്തലഘൂകരണ പ്രവർത്തനങ്ങളിൽ ഇത് പ്രധാനമാണ്.
എന്നാൽ, തെളിനീരുറവ ബാക്കിയാകുന്ന സ്ഥലങ്ങൾ വളരെ കുറവാണ്. അത്തരം സ്ഥലങ്ങളിൽ ജൈവവൈവിധ്യത്താലും മരങ്ങളാലും സമ്പന്നമായ ഒരു കുന്നുണ്ടാവും. നാട്ടിലെ മിക്ക കുന്നുകളും ഖനന ലോബിയുടെ കയ്യിലാണ്. യാതൊരു ശാസ്ത്രീയ പഠനവുമില്ലാതെ ജിയോളജിസ്റ്റ്മാർ ഇത്തരം ഉറവകളുടെ ഇടത്തിൽ ഖനന അനുമതി നൽകുന്നത് വഴി, അവശേഷിക്കുന്ന ഉറവകളും വറ്റും.
ഹൈഡ്രോളജി പഠനമില്ലാതെ ഖനനം പാടില്ലെന്ന സുപ്രീംകോടതി വിധി പരിഗണിക്കാതെ ഉണ്ടാക്കിയ കേരള മൈനർ മിനറൽ ചട്ടം മാറ്റണം. വഴിപാടായി മാത്രം പരിസ്ഥിതി പഠനങ്ങൾ കാണുന്ന സമീപനം പരിസ്ഥിതി ആഘാതപഠന അതോറിറ്റിയും മാറ്റണം. അല്ലെങ്കിൽ കേരളം കൂടുതൽ വറ്റി വരളും. അവശേഷിക്കുന്ന ഉറവകളും ഇല്ലാതാവും. ഉറവകൾ ഇല്ലാതാക്കാതെ എവിടെ നിന്നെല്ലാം എത്രയെല്ലാം കല്ലെടുക്കാം എന്ന പഠനം ആവശ്യമാണ്. കല്ലിനെക്കാൾ പ്രാധാന്യമുണ്ട് കുടിവെള്ളത്തിന്.
കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ ഭൂതത്താർകുണ്ട് എന്ന വറ്റാത്ത ഒരു ജലസ്രോതസ്സാണ് ചിത്രത്തിൽ. പുതിയ ക്വാറിയ്ക്ക് ഇവിടെ അനുമതി നൽകിയിരിക്കുന്നു എന്നറിയുന്നു. ഖനനം മൂലം വറ്റിപ്പോയ നിരവധി ജലസ്രോതസ്സുകളിൽ ഒന്ന് ആവാതിരിക്കട്ടെ ഇതും.