മരട്: കോടതിവിധിയും കുടിയിറക്കവും
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളുടെ കേസ് അപഗ്രഥിക്കുകയാണ് അഭിഭാഷകനായ Adv Ashkar Khader
മരട് കേസിലെ വിധിന്യായങ്ങളുടെ അപഗ്രഥനവും അതിലൂടെയുള്ള വസ്തുതാന്വേഷണവുമാണു. എഴുതിവന്നപ്പോൾ ദൈർഘ്യം കൂടിപ്പോയി. ക്ഷമിക്കുമല്ലോ.
മരട് കോടതിവിധിയും കുടിയിറക്കവും
മരടിലെ അഞ്ചു ഫ്ലാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിച്ചു നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ, അവിടെ നിന്നും കുടിയിറക്കപ്പെടുന്നകുടുംബങ്ങളുടെ പരിദേവനങ്ങളിൽ സുപ്രീം കോടതിയുടെ വിധി ഒരുവേള, മനുഷ്യത്വരഹിതമായ തരത്തിൽ തിടുക്കമാർന്നതെന്ന് സന്ദേഹം തോന്നി. കുടിയൊഴിപ്പിക്കപ്പെടുന്നവരോടുള്ള അനുതാപത്തിൽ ഫ്ലാറ്റ് നിർമ്മാതാക്കളും തദ്ദേശസ്വയംഭരണ സ്ഥാപനവും ചേർന്ന് നടത്തിയ നിയമലംഘനത്തേക്കാൾ മനസ്സിന്റെ പ്രതിക്കൂട്ടിൽ നിഷ്കളങ്കനായ കോടതിവിധിയെ കേറ്റിനിർത്തി.
പരിസ്ഥിതിനിയമം ലംഘിച്ചു നടത്തിയ നിർമ്മാണങ്ങൾ പൂർത്തിയായ സ്ഥിതിക്ക് (fait accompli) കനത്ത പിഴയൊടുക്കി ക്രമവൽക്കരിച്ചു നല്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. നടപടിക്രമങ്ങൾ സംബന്ധിച്ച സാങ്കേതികമായ വീഴ്ചകളാണെങ്കിൽ (procedural violations) തുടർന്ന് ആരും അത്തരം വീഴ്ചകൾ ആവർത്തിക്കാത്ത വണ്ണം മാതൃകാപരമായി കനത്ത പിഴ ഈടാക്കി ക്രമവൽക്കരിക്കാവുന്നതാണ്. എന്നാൽ കാര്യപ്രസക്തമായ നിയമത്തിന്റെ (substantive law) ലംഘനം പൊറുത്തുനല്കുന്നത് നിയമവാഴ്ചയുടെ നിരാസത്തിലേക്കും കൈയൂക്കുള്ളവൻ കാര്യക്കാരനെന്ന അരാജകത്വത്തിലേക്കുമായിരുക്കും സമൂഹത്തെ നയിക്കുക. തിന്മയെ സഹിക്കുന്നത് തിന്മ വർദ്ധിപ്പിക്കുന്നതിനു തുല്യമാണ് (evil tolerated is evil propagated).
പരിസ്ഥിതിനിയമങ്ങളുടെ നിർവ്വഹണ ഏജൻസികളും സർക്കാരുകളും എന്തിനു നമ്മുടെ നീതിപീഠങ്ങൾ വരെ, സമീപകാലത്തോളം പാരിസ്ഥിതിക നിയമധ്വംസനങ്ങളെ സാങ്കേതികമായ ഒരു നടപടിക്രമവീഴ്ച എന്ന നിലയിൽ വളരെ ലാഘവത്തോടെയാണു കണ്ടുപോന്നിരുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി നിരവധിയായ നിയമങ്ങൾ നമ്മുടെ രാജ്യത്ത് വിരചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിസ്ഥിതി വേണ്ടത്ര പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുന്നുവെന്നാണു പാരിസ്ഥിതിക ബാക്കിപത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അത്തരം ലാഘവമനോഭാവം മാറി പരിസ്ഥിതിസംരക്ഷണം കൂടുതൽ ശ്രദ്ധയർഹിക്കുന്നതാണെന്ന തിരിച്ചറിവു പൊതുവിലുണ്ടാകുന്നത് കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും നമുക്ക് നേരിട്ട് അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണു. അതുവരെ പരിസ്ഥിതിക്കായി വർത്തമാനം പറയുന്നവർ ഒരു പണിയുമില്ലാതെ വികസനവണ്ടിക്ക് വഴിതടസ്സമുണ്ടാക്കുന്ന കാല്പനികവേദാന്തികളെന്ന് കളിയാക്കപ്പെടുകയായിരുന്നു.
നിയമനിർവ്വഹണ ഏജൻസികൾ പരിസ്ഥിതി നിയമലംഘനങ്ങളെ നിസ്സാരമായി അവഗണിക്കുന്നത് പാരിസ്ഥിതിക നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെ പരാജയപ്പെടുത്തുവെന്ന് പാരിസ്ഥിതികനിയമങ്ങളും പരിസ്ഥിതിവിജ്ഞാനീയ സ്ഥിതിവിവരക്കണക്കുകളും വിശകലനം ചെയ്തുകൊണ്ട് സുപ്രീം കോടതി ഇന്ത്യൻ കൌൺസിൽ ഫോർ എൻവയറോ ലീഗൽ ആക്ഷൻ കേസിൽ ശക്തമായ ഭാഷയിൽ താക്കീതുചെയ്യുകയുണ്ടായി. നിയമം സ്വമേധയാ അനുസരിച്ചില്ലെങ്കിൽ, നിർവ്വഹണ ഏജൻസികൾ അത് കണിശമായി നടപ്പിലാക്കണമെന്നും പ്രകൃതിസംരക്ഷണ നിയമങ്ങളുടെ ലംഘനം നിലവിലെ ജീവിത ഗുണനിലവാരത്തെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വരാനിരിക്കുന്ന തലമുറകളെ കൂടി ബാധിക്കുന്നതരത്തിൽ പ്രകൃതിക്ക് ആഘാതമേൽപ്പിക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. ഈ വിധിയിലാണു 1991-ലെ തീരദേശ നിയന്ത്രണ നിയമത്തിന്റെ നിർവഹണത്തിനായി പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട ഏജൻസികളില്ലാതെ നിയമം അവഗണിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനു ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തീരദേശ പരിപാലന അതോറിറ്റികൾ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടത്. വിധിയെ തുടർന്നാണു 1998-ൽ തീരദേശപരിപാലന അതോറിറ്റികൾ വ്യവസ്ഥചെയ്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കുന്നത്.
തീരദേശ നിയമം: ചരിത്രവും വർത്തമാനവും
7500 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശത്താൽ അനുഗ്രഹീതമാണു നമ്മുടെ രാജ്യം. നമ്മുടെ ജനസംഖ്യയുടെ കാൽ ഭാഗവും തീരദേശങ്ങളിലാണു നിവസിക്കുന്നത്. ദേശീയ മത്സ്യസമ്പത്തിന്റെ മുക്കാൽ പങ്കും വിളവെടുക്കുന്ന 3200-ഓളം മത്സ്യബന്ധന ഗ്രാമങ്ങളാണു ഇന്ത്യയുടെ തീരദേശത്തുള്ളത്. കണ്ടലുകൾ, പവിഴപ്പുറ്റുകൾ, ഉപ്പുചതുപ്പുകൾ, മണൽതീരങ്ങൾ, മണൽക്കൂനകൾ, അഴിമുഖങ്ങൾ, കായലുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ ആവാസവ്യവസ്ഥ കൊണ്ട് അതീവ പരിസ്ഥിതി പ്രാധാന്യമുള്ളവയാണു തീരമേഖല. ഈ മേഖലയുടെ ജൈവികക്ഷമതയെയും സൂക്ഷ്മവും സ്ഥൂലവുമായ ആവാസവ്യവസ്ഥയെയും നിലനിർത്തുന്നതരത്തിൽ പരസ്പരം മത്സരിക്കുന്ന ഭവനനിർമ്മാണം, വ്യവസായം, മറ്റു പൊതു ഉപയോഗങ്ങൾ എന്നിങ്ങനെയുള്ള മാനുഷിക ഇടപെടലുകളെയും നിർമ്മാണപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനാണു തീരദേശപരിപാലന നിയമം രചിക്കപ്പെടുന്നത്.
ഇന്ത്യയിലെ പരിസ്ഥിതിസംരക്ഷണ നിയമങ്ങളുടെ പയനീറിങ് എഞ്ചിനീയർ എന്നറിയപ്പെടുന്ന ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയെന്ന നിലയിൽ 1981 നവംബറിൽ ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് രാജ്യത്തിന്റെ കടൽത്തീരങ്ങളുടെ ജൈവികസമഗ്രതയും സൌകുമാര്യവും സംരക്ഷിക്കുന്നതിനായി വേലിയേറ്റ രേഖയുടെ 500 മീറ്റർ തീരോന്മുഖ മേഖലയിൽ യാതൊരു നിർമ്മാണപ്രവർത്തനങ്ങളൂം അനുവദിക്കരുതെന്ന് നല്കിയ നിർദ്ദേശമാണു രാജ്യത്തെ തീരദേശപരിപാലനത്തിന്റെ തുടക്കം കുറിക്കുന്നത്. തീരദേശപരിപാലനത്തിനു നിയമപരമായ പിൻബലമില്ലാത്തത് സംരക്ഷണപ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു കേന്ദ്ര സർക്കാർ 1991-ൽ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
തീരദേശ നിയന്ത്രണ നിയമത്തിന്റെ നിർവ്വഹണച്ചുമതലയും ആദ്യം മലിനീകരണ നിയന്ത്രണ ബോർഡുകൾക്കായിരുന്നു. പണ്ടേ ദുർബല പിന്നെ ഗർഭിണിയുമെന്ന അവസ്ഥയിലിരുന്ന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് കീഴിൽ, പ്രസ്തുത നിയമത്തിന്റെ നിർവ്വഹണം ഏട്ടിലെ പശുവായി നിന്നു. പിന്നീട് 1996-ലെ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് തീരദേശ പരിപാലന അതോറിറ്റികൾ 1999-ൽ പ്രയോഗത്തിൽ വന്നത്.
1991-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേലിയേറ്റ പ്രഭാവമുള്ള ജലാശയങ്ങളുടെ തീരങ്ങളെ ജൈവവൈവിധ്യം, ജലബലതന്ത്രം, ജനംസംഖ്യാവിതാനം, പ്രകൃതിവിഭവങ്ങൾ, ഭൂവൽക്ക ശാസ്ത്രപരവും ഭൂഗർഭശാസ്ത്രപരവുമായ വിശേഷഗുണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ 1, 2,3,4 മേഖലകളായി തരംതിരിക്കുകയും ഓരോ മേഖലയിലെയും ഭൂവുപയോഗം നിശ്ചിത ദൂരപരിധിക്ക് വിധേയമായി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നു.
ഈ സോണിങ്ങിനനുസരിച്ച് തീരദേശ നിയമപരിപാലനം നടപ്പിലാക്കുന്നതിനു ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും ഈ വിജ്ഞാപനത്തിനു വിധേയമായി തീരദേശ പരിപാലന ഭൂപടങ്ങൾ(CZMP), വിജ്ഞാപനം പ്രാബല്യത്തിൽ വന്നതിനു ശേഷം ഒരു വർഷത്തിനുള്ളിൽ തയ്യാറാക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. 1996-ലാണു നമ്മുടെ സംസ്ഥാനം കോസ്റ്റൺ സോൺ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുന്നത്.
തീരപരിപാലന ഭൂപടത്തിൽ മരട് ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം.
1991-ലെ തീരദേശനിയന്ത്രണ വിജ്ഞാപനമനുസരിച്ച് മരട് ഗ്രാമപഞ്ചായത്ത് കാറ്റഗറി മൂന്നിലാണു വരുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിലെ 33, 33എ, 34എ സ്കെച്ചുകളിലാണു മരട് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാറ്റഗറി 3-ലുൾപ്പെടുന്ന മേഖലകളിൽ വേലിയേറ്റരേഖയിൽ നിന്നും 200 മീറ്റർ കരയോടുചേർന്ന പ്രദേശം നിലവിലെ കെട്ടിടങ്ങളുടെ നിലവിലെ വ്യാപ്തിക്ക് വിധേയമായുള്ള അറ്റകുറ്റപ്പണിയല്ലാതെ യാതൊരു നിർമ്മാണപ്രവർത്തനങ്ങളും അനുവദനീയമല്ലാത്ത നിരോധിത മേഖല (no development zone)യാണ്.
വേലിയേറ്റരേഖയിൽ നിന്നും 200 മീറ്റർ മുതൽ 500 മീറ്റരവരെ കരയിൽ തദ്ദേശീയരായ മുക്കുവ ഗോത്രസമൂഹങ്ങളുടെ ഭവനനിർമ്മാണവും പുനർനിർമ്മാണവുമൊഴികെയുള്ള നിർമ്മാണപ്രവർത്ത നങ്ങളെ നിരോധിച്ചിരിക്കുന്നു. തീരദേശപരിപാലന മേഖലയിലെ അനുവദനീയമായ നിർമ്മാണങ്ങൾ 5 കോടിയിലധികം ചെലവു വരുന്നതെങ്കിൽ ദേശീയ തീരപരിപാലന അതോറിറ്റിയിൽ നിന്നും അല്ലാത്തവയ്ക്ക് സംസ്ഥാന തീരപരിപാലന അതോറിറ്റിയിൽ നിന്നും മുൻകൂർ അനുമതി ആവശ്യമാണ്.
മരട് ഗ്രാമപഞ്ചായത്തും കെട്ടിടനിർമ്മാണ നിയമവും.
1953-ൽ രൂപീകൃതമായ മരട് ഗ്രാമപഞ്ചായത്ത് 2010 ജനുവരിയിലാണു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെടുന്നത്. 1995-ലെ പഞ്ചായത്ത് രാജ് നിയമത്തിനു കീഴിൽ കെട്ടിടനിർമ്മാണച്ചട്ടം രൂപീകരിക്കപ്പെടുന്നത് 2011-ലാണ്. മരട് ഗ്രാമപഞ്ചായത്ത് 1998 ജൂലൈയിലാണു 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ മരട് ഗ്രാമപഞ്ചായത്തിനു ബാധകമാക്കി വിജ്ഞാപനമിറക്കുന്നത്.
തീരദേശനിയന്ത്രണ മേഖലയിൽ അനുവദനീയമായ നിർമ്മാണത്തിനുള്ള അപേക്ഷകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന തീരപരിപാലന അതോറിറ്റിക്ക് കൈമാറണമെന്ന് കേരള ശാസ്ത്ര സാങ്കേതിക വകുപ്പും തദ്ദേശസ്വയംഭരണവകുപ്പും 1992 മുതൽ സർക്കുലറുകൾ പുറപ്പെടുവിച്ചുവരുന്നുവെങ്കിലും പല തദ്ദേശസ്ഥാപനങ്ങളും അത് വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലായിരുന്നു.
കേരള തീരപരിപാലന അതോറിറ്റി 17.06.2006 തീയതി പ്രസ്തുത നിർദ്ദേശമടങ്ങുന്ന സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കൂടാതെ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂളിന്റെ 23(4) ചട്ടം പ്രകാരം 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം തീരദേശനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണവും ഭൂവികസനവും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന തീരദേശനിയന്ത്രണ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കുമെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു.
മരട് ഗ്രാമപഞ്ചായത്ത് തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറിവില്ലായിരുന്നുവെന്ന് മരടിൽ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്ന ബിൽഡേഴ്സിനോ മരട് ഗ്രാമപഞ്ചായത്തിനോ അവകാശപ്പെടാനാകില്ല. കാരണം മരട് ഗ്രാമപഞ്ചായത്തിലെ നെട്ടൂരിൽ പണികഴിക്കപ്പെട്ട ലേക്‌ഷോർ ഹോസ്പിറ്റൽ തീരദേശനിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് 2001 മുതൽ കേരള ഹൈക്കോടതിയിൽ 2003 മാർച്ച് വരെ കേസ് നടന്നിരുന്നതും പ്രസ്തുത കേസിലെ വിധിന്യായം (2003(3) KLT424) ലോ ജേണലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ വ്യവഹാരങ്ങളിൽ മരട് ഗ്രാമപഞ്ചായത്ത് കക്ഷിയുമായിരുന്നു.
സുപ്രീം കോടതിയുടെ ബുൾഡോസറിനടിപ്പെടുന്ന ബഹുനിലമന്ദിരങ്ങൾ
വാടർ ഫ്രണ്ടേജെന്ന ലക്ഷ്വറി വ്യതിരിക്തവിപണനവാചകമായി (USP) മാർക്കറ്റ് ചെയ്തു വിറ്റഴിച്ച മരടിലെ അഞ്ചു മണിഹർമ്മ്യങ്ങളാണു 2019 മെയ് 8-ലെ സുപ്രീം കോടതി ഉത്തരവുപ്രകാരം ബുൾഡോസ് ചെയ്യപ്പെടാൻ വിധിക്കപ്പെട്ടിട്ടുള്ളത്.
ഹോളി ഫെയ്ത് H2O
ഹോളി ഫെയ്ത് ബിൽഡേഴ്സ് & ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കുണ്ടന്നൂരിൽ കായലോരത്തു നിർമ്മിക്കച്ച H2O എന്ന 18 നില കെട്ടിടത്തിൽ 90 ഫ്ലാറ്റുകളാണുള്ളത്. അതിൽ 47 ഫ്ലാറ്റുകളിലാണു ചലച്ചിത്രതാരങ്ങളും സംവിധായകരുമടക്കം താമസമുള്ളത്. 2006 ആഗസ്റ്റ് മാസമാണു മരട് ഗ്രാമപഞ്ചായത്തിൽ നിന്നും ഫ്ലാറ്റ് നിർമ്മാണത്തിനു അനുമതി ലഭിച്ചത്.
ആൽഫ സെറീൻ
ആൽഫ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നെട്ടൂരിലെ പുഴയോരത്തു നിർമ്മിച്ച 16 നിലയുള്ള രണ്ടു ടവറുകളിലായി 94 ഫ്ലാറ്റുകളുള്ള ആൽഫ സെറീൻ പ്രീമിയം വാടർ ഫ്രണ്ട് അപ്പാർട്മെന്റ്സ്. മുഴുവൻ ഫ്ലാറ്റുകളും താമസമുള്ളവയാണ്. 2006 സെപ്റ്റംബർ 19-നാണു മരട് ഗ്രാമപഞ്ചായത്തിൽ നിന്നും നിർമ്മാണത്തിനു അനുമതി ലഭിച്ചത്. 22.01.2007, 05.03.2007 തീയതികളിൽ പെർമിറ്റ് പരിഷ്കരിച്ചു.
ഗോൾഡൻ കായലോരം
കായലോരം അപാർട്മെന്റ്സ് ചമ്പക്കര കനാൽ റോഡിനു സമീപം നിർമ്മിച്ച 15 നില കെട്ടിടത്തിൽ 40 ഫ്ലാറ്റുകളാണുള്ളത്. അതിൽ 37 ഫ്ലാറ്റുകളിൽ താമസമുണ്ട്. 2006 ഡിസംബർ 30-നാണു മരട് ഗ്രാമപഞ്ചായത്തിൽ നിന്നും നിർമ്മാണത്തിനു അനുമതി ലഭിച്ചത്.
ജെയിൻ കോറൽ കോവ്
ജയിൻ ഹൌസിങ് & കൺസ്ട്രക്ഷൻ ലിമിറ്റഡ് നെട്ടൂർ കെട്ടേഴെത്തു കടവിൽ നിർമ്മിച്ച 18 നില കെട്ടിടത്തിൽ 125 ഫ്ലാറ്റുകളാണുള്ളത്. 20 ഫ്ലാറ്റുകളിലേ നിലവിൽ താമസമാരംഭിച്ചിട്ടുള്ളു. 2006 സെപ്റ്റംബർ 22-നാണു മരട് ഗ്രാമപഞ്ചായത്തിൽ നിന്നും നിർമ്മാണത്തിനു അനുമതി ലഭിച്ചത്.
ഹോളിഡേ ഹെറിറ്റേജ്
ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ പണിപൂർത്തീകരിക്കാത്ത 90 ഫ്ലാറ്റുകൾ. 2007 ജനുവരി 20-നാണു മരട് ഗ്രാമപഞ്ചായത്തിൽ നിന്നും നിർമ്മാണത്തിനു അനുമതി ലഭിച്ചത്.
ഫ്ലാറ്റു നിർമ്മാണവും നിയമലംഘനവും
2006 ആഗസ്റ്റിനു ശേഷമാണു മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ അഞ്ചു ഫ്ലാറ്റുകളുടെ നിർമ്മാണത്തിനു അനുമതി നല്കുന്നത്. തീരദേശനിയന്ത്രണനിയമത്തിന്റെ പരിധിയിൽ വരുന്ന ഈ നിർമ്മാണത്തിനുള്ള അപേക്ഷകൾ തീരദേശപരിപാലന അതോറിടിയിലേക്ക് അയച്ചു നല്കാതെ, തീരദേശപരിപാലനനിയമപ്രകാരം നിർമ്മാണം നിരോധിക്കപ്പെട്ട മേഖലയിൽ അനുമതി നല്കുകയായിരുന്നു. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടമാണു കെട്ടിടനിർമ്മാണാനുമതി നല്കുന്ന സമയത്ത് മരട് ഗ്രാമപഞ്ചായത്തിനു ബാധകമായിരുന്ന നിയമം. ആ നിയമത്തിന്റെ 23(4) ചട്ടം തീരദേശനിയന്ത്രണ മേഖലകളിലെ കെട്ടിട നിർമ്മാണവും ഭൂവികസനവും CRZ നോടിഫിക്കേഷനു വിധേയമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൂടാതെ, കേരള തീരദേശ പരിപാലന അതോറിറ്റി 17.06.2006 തീയതി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും തീരദേശനിയന്ത്രണ വിജ്ഞാപനം നിരോധിക്കുന്ന യാതൊരു പ്രവൃത്തികൾക്കും തീരദേശനിയന്ത്രണമേഖലയിൽ അനുവാദം നല്കരുതെന്നും തീരദേശനിയന്ത്രണമേഖലയിൽ അനുവദനീയമായ പ്രവൃത്തികൾക്കുള്ള അപേക്ഷകൾ തീരദേശ പരിപാലന അതോറിറ്റിക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചും വീഴ്ചവരുത്തുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 5-ഉം 19-ഉം വകുപ്പുകൾ പ്രകാരം ശീക്ഷാ നടപടികൾ താക്കീതു നല്കിക്കൊണ്ടും സർക്കുലർ അയച്ചിരുന്നു. സർക്കുലർ കിട്ടിയതിന്റെ ചൂടാറുന്നതിനു മുമ്പാണു, മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തീരദേശനിയന്ത്രണ നിയമം ലംഘിച്ചുകൊണ്ട്, തീരദേശപരിപാലന അതോറിറ്റിയുടെ അഭിപ്രായം പോലുമാരായാതെ CRZ-III ൽ നിയമവിരുദ്ധമായി ഫ്ലാറ്റുകളുടെ നിർമ്മാണത്തിനു അനുമതി നല്കിയത്.
തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്ന മേഖലയിലാണു പ്രസ്തുത നിർമ്മാണമെന്ന് ലേക്‌ഷോർ ഹോസ്പിറ്റലിന്റേതടക്കമുള്ള നിയമവ്യവഹാരങ്ങളിൽ കക്ഷിയായിരുന്ന മരട് ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് അറിവില്ലാത്തതു കൊണ്ടല്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് അനർഹമായ ലാഭമുണ്ടാക്കുന്നതിനു തന്റെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി കെട്ടിട നിർമ്മാണ അനുമതി നൽകി. ഫ്ലാറ്റ് നിർമ്മാതാക്കൾക്കും തങ്ങളുടെ നിർമ്മാണം നിയമവിരുദ്ധമെന്ന് അറിവില്ലാഞ്ഞിട്ടല്ല, പക്ഷെ പണവും സ്വാധീനവും കൊണ്ട് എന്തും വാങ്ങിയെടുക്കാമെന്നുള്ള ഔദ്ധത്യമാണു അവരെ നയിച്ചിട്ടുണ്ടാകുക. നിയമം അറിയില്ലായിരുന്നുവെന്ന വാദം നിയമലംഘനത്തിന്റെ ഭവിഷ്യത്തുക്കളിൽ നിന്ന് ഒരാൾക്ക് ഇളവു നൽകുന്നില്ലെന്നുള്ളതാണു നിയമരംഗത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു തത്വം.
2007 വർഷമാദ്യം വിജിലൻസ് സീനിയർ ടൗൺ പ്ലാനർ മരടു ഗ്രാമപഞ്ചായത്തിലെ ചില കെട്ടിടനിർമ്മാണ സൈറ്റുകളിൽ മിന്നൽ പരിശോധന നടത്തുകയും നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സീനിയർ ടൗൺ പ്ലാനറുടെ റിപ്പോർടിന്റെ അടിസ്ഥാനത്തിൽ സർക്കാർ (തദ്ദേശസ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) പഞ്ചായത്ത് സെക്രട്ടറിയോട് 18.05.2017 തീയതി മരട് ഗ്രാമപഞ്ചായത്ത് അനുവദിച്ച പൊളിക്കാനുള്ള ഉത്തരവിനു വിധേയമായ 5 ഫ്ലാറ്റുകളുടേതുൾപ്പടെ നിയമവിരുദ്ധമായ 31 കെട്ടിട നിർമ്മാണ അനുമതികൾ റദ്ദുചെയ്യണമെന്ന് നിർദ്ദേശം നൽകി. അതിനെതുടർന്ന് 31 ബിൽഡീങ് പെർമിറ്റുകൾ റദ്ദു ചെയ്യാതിരിക്കാൻ കാരണം കാണിക്കാനുണ്ടെങ്കിൽ 30 ദിവസത്തിനകം ബോധിപ്പിക്കണമെന്നും അതിൽ വീഴ്ച വരുത്തുന്ന പക്ഷവും മറുപടി തൃപ്തികരമല്ലാത്ത പക്ഷവും ഇനിയൊരറിയിപ്പു കൂടാതെ ബിൽഡിങ് പെർമിറ്റ് റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പെർമിറ്റുടമകൾക്ക് 04.06.2007 തീയതി നോടീസ് നൽകി.
വേരിലും കായ്ക്കുന്ന വ്യവഹാരം
പഞ്ചായത്ത് സെക്രട്ടറി നല്കിയ കാരണം കാണിക്കൽ നോടീസിനെതിരെ മരടു മണിഹർമ്മ്യങ്ങളുടെ ബിൽഡേഴ്സായ ആൽഫ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത് ബിൽഡേഴ്സ് & ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കായലോരം അപാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ് ലിമിറ്റഡ്, ജയിൻ ഹൌസിങ് & കൺസ്ട്രക്ഷൻ ലിമിറ്റഡ് യഥാക്രമം 22590/2007, 23046/2007, 23293/2007, 24709/2007, 23219/2007 നമ്പരുകളായി കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നല്കി. റിട് പെറ്റീഷൻ അഡ്മിറ്റ് ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് പഞ്ചായത്ത് സെക്രട്ടറിയുടെ 04.06.2007-ലെ ഷോകോസ് നോടീസും തുടർനടപടികളും 31.07.2007 തീയതി സ്റ്റേ ചെയ്തു.
കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസ് 1999 പ്രകാരം ബിൽഡിങ് പെർമിറ്റ് അനുവദിച്ചോ നിരസിച്ചോ റദ്ദുചെയ്തോ, മറ്റെന്തെങ്കിലും നോടീസോ ഉത്തരവോ സെക്രട്ടറി നൽകിയാൽ, ആവലാതിക്കാരനു അതിനെതിരെ പഞ്ചായത്ത് രാജ് നിയമം 271എസ് പ്രകാരം രൂപീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിൽ അപ്പീൽ നൽകുന്നതിനുള്ള അവകാശം ചട്ടം 160 നൽകുന്നു. ഒരു പ്രത്യേകനിയമം അപ്പീൽ പ്രതിവിധി (appeal remedy) അനുവദിക്കുമ്പോൾ ആ പരിഹാരമാർഗ്ഗം സ്വീകരിക്കാതെ ഹൈക്കോടതികളുടെ റിട്ട് അധികാരം ദുർവിനിയോഗം ചെയ്യരുതെന്നാണു സുപ്രീം കോടതി അസി. കളക്ടർ, സെന്റ്രൽ എക്സൈസ് വി. ഡൺലപ് ഇന്ത്യാ ലിമിറ്റഡിൽ (AIR 1985 SC 330) നിർദ്ദേശിച്ചത്. ആർടിക്കിൾ 226 പ്രകാരമുള്ള റിട്ടധികാരം ഒരു നിയമത്തിനു കീഴിലുള്ള നടപടിക്രമത്തെ ഒഴിവാക്കാനുള്ള ഉപായമായി സ്വീകരിക്കാനിട വരുത്തരുതെന്നും ആർടിക്കിൾ 226 പ്രകാരമുള്ള റിട്ട് ഹർജികൾ ഭൂരിപക്ഷവും ഇടക്കാല ഉത്തരവു നേടാനും പിന്നീട് ഓരോരോ ഉപായങ്ങൾ വഴി കേസ് ദീർഘിപ്പിക്കാനുമാണു ഉപയോഗിക്കപ്പെടുന്നതെന്ന് സുപ്രീം കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ കാരണം കാണിക്കൽ നോടീസിനെതിരെയാണു, കാരണം ബോധിപ്പിക്കുന്നതിനോ, അന്തിമ ഉത്തരവിനു കാത്തിരിക്കുന്നതിനോ, നിയമാനുസൃതമുള്ള അപ്പീൽ പ്രതിവിധി സ്വീകരിക്കുന്നതിനോ നിൽക്കാതെ ആർടികിൾ 226 പ്രകാരം ഹൈക്കോടതിയുടെ റിട്ട് അധികാരം തേടിയത്. കാരണം കാണിക്കൽ നോടീസിനെതിരെയുള്ള റിട്ട് ഹർജികൾ മൂപ്പെത്താത്തവയാണെന്നും (prematue) വെറും കാരണം കാണിക്കൽ നോടീസ് ആരുടെയും അവകാശത്തെ ഹനിക്കുന്നില്ലെന്നും അവകാശ നിഷേധങ്ങൾക്കെതിരെ മാത്രമേ റിട്ട് ഹർജി സ്വീകരിക്കാവൂയെന്നും ആവലാതിക്കാരനെ ദോഷകരമായി ബാധിക്കുന്ന ശിക്ഷയോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുമ്പോൾ മാത്രമാണു അയാൾക്ക് ഹർജിനല്കുന്നതിനുള്ള വ്യവഹാരകാരണം ഉണ്ടാകുന്നുള്ളുവെന്നും സുപ്രീം കോടതി 1987 മുതലുള്ള അനവധിയായ വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. (AIR 1987 SC 943, 1995 AIR SCW 4710, 2001 (10) SCC 639, AIR 2004 SC 146, AIR 2007 SC 906).
രാജ്യത്തെ പരമോന്നത കോടതി അസംഖ്യം വിധിന്യായങ്ങളിലൂടെ സ്ഥിരപ്പെടുത്തിയ നിയമതത്വത്തിനു വിരുദ്ധമായി, ഒരു കാരണം കാണിക്കൽ നോടീസിനെതിരെ ഒരു സാധാരണക്കാരനാണു ഹർജിയുമായി ഹൈക്കോടതിയെ സമീപ്പിക്കുന്നതെങ്കിൽ ആ ഹർജിയുടെ സ്ഥാനം മിക്കവാറും ചവറ്റുകുട്ടയിലായിരുന്നേനെ! അപ്പോൾ ഹർജിക്കാരന്റെ വലിപ്പവും അഭിഭാഷകന്റെ മുഖവും ന്യായാധിപരുടെ വ്യക്തിവീക്ഷണങ്ങളനുസരിച്ച് ഭരണഘടനാപരമായ ന്യായാധികാരവിനിയോഗത്തെ ബാധിക്കുന്നുവെന്നത് നിയമസമത്വം സംബന്ധിച്ച പൊതുവിശ്വാസത്തിനെ ഉലച്ചിൽ തട്ടാനിടയാക്കും.
നിയമവിരുദ്ധമായ ഒരു നിർമ്മാണപദ്ധതി റദ്ദുചെയ്യാതിരിക്കാൻ എന്തെങ്കിലും വിശദീകരണം ബോധിപ്പിക്കാനുണ്ടോ എന്ന കാരണം കാണിക്കൽ നോടീസ് സ്റ്റേ ചെയ്യുകയും കേസ് തീർപ്പാകാതെ നിലനിർത്തി ആ സ്റ്റേയുടെ മറവിൽ നിർമ്മാണം പൂർത്തീകരിച്ചതിനു ശേഷം മാത്രം കേസ് തീർപ്പാക്കുകയും ചെയ്തതു വഴി, സുപ്രീം കോടതി ആശങ്കപ്പെട്ടതരത്തിൽ ഇടക്കാല ഉത്തരവു സമ്പാദിച്ചതിനു ശേഷം അതിന്റെ മറവിൽ വർഷങ്ങളോളം കാലം കഴിക്കുക എന്ന ചതുരോപായമാണു ഹൈക്കോടതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾ പ്രയോഗിച്ചത്.
2007-ൽ ഫയൽ ചെയ്ത റിട്ട് ഹർജികൾ 5 വർഷത്തിനു ശേഷമാണു ഹൈക്കോടതി തീർപ്പുകല്പിച്ചത്. ഈ കാലയളവിനുള്ളിൽ കോടതിയുടെ ഇടക്കാല ഉത്തരവിന്റെ മറവിൽ നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കാനും പിന്നീട് പൂർത്തീകരിച്ച കെട്ടിടത്തിനു നമ്പറിട്ടു നല്കുന്നതിനും കോടതിയിൽ നിന്നും ബിൽഡേഴ്സ് ഉത്തരവുകൾ സമ്പാദിച്ചു. ഷോകോസ് നോടീസ് നല്കിയത് സംബന്ധിച്ച നടപടിക്രമത്തിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 2012 സെപ്റ്റംബറിലാണു ജ. കെ.സുരേന്ദ്രമോഹൻ ബിൽഡേഴ്സിന്റെ റിട്ട് ഹർജികൾ അനുവദിച്ച് ഉത്തരവു നൽകിയത്.
ഷോകോസ് നോടീസ് സ്റ്റേ ചെയ്ത് നിർമ്മാണം തുടരുവാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിച്ച കോടതി, എന്തു നിയമലംഘനമാണു നോടീസിനു അടിസ്ഥാനമായി ആരോപിക്കപ്പെട്ടതെന്നോ പ്രസ്തുത നിർമ്മാണം നിയമവിധേയമാണോയെന്നു പോലും പരിശോധിക്കുന്നതിനും മെനക്കെട്ടില്ല. തീരദേശനിയന്ത്രണ നിയമലംഘനമാണു ഈ അഞ്ചു കെട്ടിടനിർമ്മാണ പദ്ധതിക്കുമെതിരെ കാരണം കാണിക്കൽ നോടീസ് നല്കുന്നതിനു നിദാനമായത്. ഇത് തീരദേശനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണോ എന്നും പ്രസ്തുതനിർമ്മാണം ആ നിയമത്തിന്റെ ലംഘനമാണോ എന്ന് തീർച്ചവരുത്തുന്നതിനും ഈ അഞ്ചു കേസുകളിൽ ഒന്നിലൊഴികെ മറ്റു നാലു കേസിലും കേരള തീരദേശ പരിപാലന അതോറിറ്റിയെ കക്ഷിപോലുമാക്കിയിരുന്നില്ല.
ബിൽഡേഴ്സ് നൽകിയ ഹർജിയിൽ, ഗ്രാമപഞ്ചായത്തിന്റെ കാരണം കാണിക്കൽ നോടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി, മരട് ഗ്രാമപഞ്ചായത്തിനു നിയമപ്രകാരം വീണ്ടും നോടീസ് നല്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണെന്ന് ഇടക്കാല ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. എന്നാൽനിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ശരിയാം വിധം കൈക്കൊണ്ട് പെർമിറ്റ് റദ്ദു ചെയ്യുന്നതിനുള്ള നോടീസ് നല്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അനധികൃത നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുകയാണു യഥാർത്ഥത്തിൽ മരടു പഞ്ചായത്ത് ചെയ്തത്. ഹർജിയുടെ നിയമപരമായ നിലനില്പോ, നോടീസ് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവോ ചോദ്യം ചെയ്യാതെ, ചക്കളത്തിപോരാട്ടത്തിലൂടെ കേസുകൾ ബിൽഡേഴ്സിനു അനുകൂലമാക്കി തീർക്കുകയായിർന്നു മരടു ഗ്രാമപഞ്ചായത്തെന്നാണു തോന്നുന്നത്.
പഞ്ചായത്ത് സെക്രട്ടറി വഴിവിട്ട് ബിൽഡേഴ്സിനെ സഹായിക്കുകയായിരുന്നുവെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും 2006 മുതൽ 2012 വരെ അധികാരത്തിന്റെ ശീതളിമ അനുഭവിച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതികൾക്ക് കൈകഴുകാനാവില്ല. ഗ്രാമപഞ്ചായത്ത് കക്ഷിയായ, വിജിലൻസ് ക്രമക്കേട് കണ്ടെത്തിയ കെട്ടിടനിർമ്മാണാനുമതി സംബന്ധിച്ച കേസിന്റെ നടത്തിപ്പിൽ തങ്ങൾക്കൊരു റോളുമില്ലെങ്കിൽ, പിന്നെ (ഫ്ലാറ്റുടമകളുടെ പ്രതിനിധികൾ ടിവി ചർച്ചയിലാരോപിച്ച പോലെ) കമ്മറ്റി കൂടി ഏത്തയ്ക്കാ അപ്പവും ചായകുടിക്കുവാനുമാണോ ജനം തെരഞ്ഞെടുത്തുവിട്ടത് എന്നു ചോദിക്കേണ്ടിവരും.
ഹർജികൾ തീർപ്പുകല്പിക്കുമ്പോഴേക്കും അനധികൃത കെട്ടിടങ്ങൾ ആകാശം മുട്ടെ ഉയർന്നതിനൊപ്പം മരട് ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർന്നിരുന്നു. ബിൽഡേഴ്സിന്റെ ഹർജികളിലെ സിംഗിൾ ബെഞ്ചിന്റെ വിധികൾക്കെതിരെ മരട് നഗരസഭ ഹൈക്കോടതിയിൽ 2013-ൽ റിട്ട് അപ്പീൽ നല്കി. വ്യവഹാരങ്ങൾ തുടർന്നാൽ മാത്രമാണല്ലോ ബിൽഡേഴ്സിന്റെ കടാക്ഷം നഗരസഭയ്ക്ക് ലഭിക്കുകയുള്ളു! അല്ലാതെ, സിംഗിൾ ബെഞ്ച് മുമ്പാകെ ശരിയാം വണ്ണം കേസ് നടത്തുന്നതിനോ നടപടിക്രമങ്ങൾ പാലിച്ച് നിർമ്മാണാനുമതികൾ റദ്ദു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ 5 കൊല്ലം ഉണ്ടുറങ്ങിയ മരട് നഗരസഭ അപ്പീൽ നല്കിയത് നിയമലംഘനങ്ങളിൽ മനംനൊന്താണെന്നു കരുതാൻ വയ്യ.
ജ. ആന്റണി ഡോമനിക്, ജ. എസ്.പി ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 02.06.2015 തീയതിയിലെ വിധിന്യായപ്രകാരം റിട്ട് അപ്പീലുകൾ തള്ളുകയും മരട് നഗരസഭ വീണ്ടും നിയമപ്രകാരം ഷോകോസ് നോടീസ് നല്കുന്നതിനോ തയ്യാറാകെ റിട്ട് അപ്പീൽ നല്കുന്നതിനു കാണിച്ച വൈകിവന്ന വിവേകത്തെ പരിഹാസരൂപേണ വിമർശിക്കുകയും ചെയ്ത വിധിയിൽ നിയമവിരുദ്ധമായി കെട്ടിടനിർമ്മാണാനുമതികൾ അനുവദിച്ചവർക്കെതിരെ എന്തു ശിക്ഷണനടപടികൾ സ്വീകരിച്ചുവെന്ന കോടതിയുടെ ചോദ്യത്തിനു മരട് നഗരസഭയുടെ അഭിഭാഷകനു നല്കാൻ മറുപടിയൊന്നുമുണ്ടായിരുന്നില്ല എന്ന പ്രസക്തമായ നിരീക്ഷണവുമുണ്ട്.
കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസിലെ 24(3) ചട്ടവും അതോറിറ്റി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 17.06.2006-ലെ സർക്കുലറും ചൂണ്ടിക്കാട്ടി, കേരള തീരദേശപരിപാലന അതോറിറ്റി, തീരദേശ നിയന്ത്രണനിയമത്തിന്റെ ലംഘനത്തിലേക്ക് കോടതിയുടെ ശ്രദ്ധക്ഷണിച്ചു. സർക്കുലർ ലംഘിച്ചത് മരട് നഗരസഭയാണെന്നും അതിനു കെട്ടിടനിർമ്മാതാക്കൾ ശിക്ഷിക്കപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ 2003-ലെ ലേക്‌ഷോർ കേസിലെ വിധിയിൽ (2003(3)KLT424) 1991-ലെ CRZ നോടിഫിക്കേഷൻ പ്രകാരം 1996-ൽ അംഗീകരിച്ച തീരദേശ പരിപാലന ഭൂപടം 1:12,5000,1:50,000 അനുപാതത്തിൽ സർവ്വേ ഓഫ് ഇന്ത്യയുടെ മാപ്പിനെയും സാറ്റലൈറ്റ് ഇമേജറിയും അടിസ്ഥാനപ്പെടുത്തിയാണു തയ്യാറാക്കിയതെന്നും അതിൽ ഒരിഞ്ചിൽ നിന്നും 12500 ചതുരശ്ര കിലോമീറ്റർ ഏരിയ കണ്ടുപിടിക്കുക എന്നത് ശ്രമകരമാണെന്നും ആയതു കൊണ്ട് സർക്കാർ കഡസ്ട്രൽ മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണേന്ന് സർക്കാർ നല്കിയ സ്റ്റേറ്റ്മെന്റ് ഉദ്ധരിച്ചുകൊണ്ട് CRZ നിയമം കേസിൽ ബാധകമാക്കാൻ കഴിയില്ലെന്നും നിരീക്ഷണം നടത്തുകയുണ്ടായി.
ലേക്‌ഷോർ കേസിനാസ്പദമായ വസ്തുതകളും റിട്ട് അപ്പീലുകൾക്ക് ആധാരമായ കേസുകളിലെ വസ്തുതകളും വ്യതിരിക്തമാണോ സദൃശ്യമാണോ എന്ന് പരിശോധിക്കാതെയാണു ഹൈക്കോടതി അപ്രകാരം ഒരു നിഗമനത്തിൽ തിടുക്കത്തിൽ എത്തിച്ചേർന്നതെന്ന് കാണാൻ കഴിയും. ലേക്‌ഷോർ കേസിൽ മനുഷ്യനിർമ്മിതമായ ഒരു കനാലിനരികിലെ കെട്ടിടനിർമ്മാണമായിരുന്നു വിഷയം. കൂടാതെ കേസിലെ ഹർജിക്കാർക്ക് വേലിയേറ്റ രേഖ എവിടെയാണെന്നും അതിൽ നിന്നും എത്ര ദൂരത്തിലാണു കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതിനോ ആയതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കുന്നതിനോ കഴിയാത്തതു കൊണ്ടാണു വേർതിരിച്ചെടുക്കാനാവത്തത്ര വലിയ അനുപാതത്തിലുള്ള ഭൂപടം കേസിൽ നിർണ്ണായകമായത്. ആ വ്യത്യാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ അൻസാരി കോമത്ത് v. സ്റ്റേറ്റ് ഓഫ് കേരള (2011 KLT 1043) കേസിലും നെടിയതുരുത്ത് കാപ്പിക്കോ റിസോർട് കേസിലും (2013 (3) KLT 840) വേർതിരിച്ചു വ്യക്തമാക്കുന്നുണ്ട്. നെടിയതുരുത്ത് കേസിൽ ലേക്‌ഷോർ കേസിൽ നിരീക്ഷിക്കുന്നതു പോലെ കഡസ്ട്രൽ മാപ്പ് തയ്യാറാക്കിയിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു 1996-ലെ CZMP തയ്യാറാക്കിയ വിദഗ്ദരിലൊരാളായ ഡോ.കെ.വി. തോമസ് കൊച്ചിയുടെയും മരട് നഗരസഭയുടെയും CRZ പ്രകാരമുള്ള കഡസ്ട്രൽ മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. മരട് നഗരസഭാ പ്രദേശത്തിന്റെ CRZ പ്രകാരമുള്ള കഡസ്ട്രൽ മാപ്പ് 2011-ൽ തയ്യാറാക്കിയത് കേരള ശാസ്ത്ര സങ്കേതിക വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
CRZ നിയമങ്ങളുടെ അനുവർത്തിത്വമുറപ്പാക്കേണ്ടത് മരട് നഗരസഭയുടേതു മാത്രമായിരുന്നുവെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം അടിസ്ഥാന രഹിതമാണു. മറ്റേതൊരു നിയമം പോലെ CRZ നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനും ചട്ടത്തിനും കീഴിലാണു കേന്ദ്ര സർക്കാർ CRZ നിയമമുണ്ടാക്കിയിരിക്കുന്നത്. CRZ നിയമപ്രകാരം നിരോധിക്കപ്പെട്ട പ്രവർത്തിയിൽ ഏർപ്പെടുന്നത് പരിസ്ഥിതി സംരക്ഷണ നിയമം വകുപ്പ് 15 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. നിരോധിക്കപ്പെട്ട പ്രവൃത്തി തടയുന്നതിനു നഗരസഭ വീഴ്ച വരുത്തിയെന്ന് പറഞ്ഞുകൊണ്ട് നിയമവിരുദ്ധ പ്രവൃത്തി ചെയ്തവനു അതിന്റെ ഗുണമനുഭവിക്കാൻ അവസരം നല്കുന്നത് യഥാർത്ഥത്തിൽ ആ നിയമത്തെ പരാജയപ്പെടുത്തുന്നതിനു തുല്യമാണ്.
തീരദേശ നിയന്ത്രണനിയമലംഘനം സംബന്ധിച്ച് കെട്ടിട ഉടമകൾക്ക് ബാധ്യതയില്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള തീര പരിപാലന അതോറിറ്റി ഹൈക്കോടതിയിൽ റിവ്യൂ ഹർജി നല്കിയെങ്കിലും ആ ഹർജി 11.11.2015 തീയതി ഹൈക്കോടതി തള്ളി.
കേസ് സുപ്രീം കോടതിയിലെത്തുന്നു
ഫ്ലാറ്റ് നിർമ്മാതാക്കളുടെ റിട്ട് ഹർജിയിലെ വിധികൾക്കെതിരെ മരടു നഗരസഭ ഫയൽ ചെയ്ത റിട്ട് അപ്പീലിലെ 02.06.2015-ലെ ഹൈക്കോടതിയുടെ വിധിന്യായവും ആ വിധിന്യായം പുനഃപരിശോധിക്കുന്നതിനു കേരള തീരദേശ പരിപാലന അതോറിറ്റി നൽകിയ റിവ്യൂ ഹർജികളിലെ 11.11.2015-ലെ ഹൈക്കോടതിയുടെ വിധിന്യായവും ചോദ്യം ചെയ്തുകൊണ്ട് കേരള തീരദേശ പരിപാലന അതോറിറ്റി 2016 ജനുവരിയിൽ സുപ്രീം കോടതിയെ സമീപിച്ചു.
കേസിൽ നോടീസ് ലഭിച്ചിട്ടും മരടു നഗരസഭയ്ക്ക് വേണ്ടി പലപോസ്റ്റിങ്ങുകളിലായി ആരും ഹാജരാക്കാത്തതിനെ തുടർന്ന് 06.04.2017 നഗരസഭയ്ക്ക് വീണ്ടും നോടീസയക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണു നഗരസഭ കേസിൽ അഭിഭാഷകനെ ഏർപ്പാടാക്കുന്നത്. 02.05.2017 തീയതി കേസ് പരിഗണിച്ച ജ. പിനാകി ചന്ദ്രഘോഷും ജ. രോഹിൻടൺ നരിമാനും വിഷയത്തിൽ നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുത്തതിന്റെയും അന്വേഷണത്തിന്റെയും വിശദമായ റിപ്പോർട് അടുത്ത വിചാരണ തീയതിക്ക് മുമ്പായി കോടതിയിൽ ഹാജരാക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചു.
27.11.2018 തീയതി കേസ് പരിഗണിച്ച ജ. അരുൺ മിശ്രയും ജ. വിനീത് ശരണും ഉൾപ്പെടുന്ന ബെഞ്ച് കേസിനാസ്പദമായ വിഷയം CRZ നിയമപ്രകാരം നിരോധിക്കപ്പെട്ട മേഖലയിലെ കെട്ടിടനിർമ്മാണമായതു കൊണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചോ ഡിവിഷൻ ബെഞ്ചോ പ്രസ്തുത നിർമ്മാണങ്ങൾ CRZ മേഖല 3-ലാണോ 2-ലാണോ നിലനില്ക്കുന്നതെന്ന് തീർച്ചവരുത്താത്തതു കൊണ്ടും, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുനിസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന ഒരു മൂന്നംഗകമ്മറ്റിയെ തല്പരകക്ഷികളെ കേട്ടും സ്ഥലം സന്ദർശീച്ചും 1991-ലെ CRZ വിജ്ഞാപനപ്രകാരം നിർമ്മാണസ്ഥലം ഏതു CRZ മേഖലയിലാണെന്നും നിർമ്മാണപ്രവർത്തനത്തിന്റെ നിയമസാധുത സംബന്ധിച്ചും രണ്ട് മാസത്തിനുള്ളിൽ റിപ്പോർട് ചെയ്യുന്നതിനു ചുമതലപ്പെടുത്തി.
08.05.2019 തീയതി കേസ് പരിഗണിച്ച ജ.അരുൺ മിശ്രയും ജ.നവീൻ സിൻഹയും ഉൾപ്പെടുന്ന ബെഞ്ച് മൂന്നംഗകമ്മറ്റിയുടെ റിപ്പോർട് പരിശോധിക്കുകയും കെട്ടിടനിർമ്മാണ പ്രവർത്തനമാരംഭിക്കുന്ന സമയത്ത് നിർമ്മാണ സ്ഥലം CRZ മേഖല 3-ലുൾപ്പെടുന്നതും നിർമ്മാണപ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടതാണെന്നും കണ്ടെത്തുകയും തീരദേശനിയന്ത്രണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് തീരദേശങ്ങളിൽ നടത്തുന്ന അനധികൃത നിർമ്മാണങ്ങൾ പ്രളയത്തിനും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നുവെന്ന റിപ്പോർടും CRZ നിയമം നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ Vaamika Island (Green Lagoon Resort) vs. Union of India & Ors. [(2013) 8 SCC 760], Piedade Filomena Gonsalves v. State of Goa [(2004) 3 SCC 445], Indian Council for Enviro-Legal Action v. Union of India [(1996) 5 SCC 281] എന്നീ കേസുകളിലെ വിധിന്യായവും കേരള ഹൈക്കോടതിയുടെ Ratheesh v. State of Kerala [2013 (3) KLT 840] എന്നീ വിധിയും ഉദ്ധരിച്ചുകൊണ്ട് അഞ്ച് അനധികൃത നിർമ്മാണവും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കം ചെയ്തു കോടതിയിൽ റിപ്പോർട് ചെയ്യണമെന്ന് ഉത്തരവിട്ടു.
പണവും സ്വാധീനവും കൊണ്ട് അധികാരസ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും എന്തിനു നീതിപീഠങ്ങളെ വരെയും വരുതിയിലാക്കി എന്തും വെട്ടിപ്പിടിക്കാമെന്ന അഹന്തയുടെ ഇരുണ്ടകോട്ടകളാണു സുപ്രീം കോടതിയുടെ കണിശമായ ഉത്തരവിൽ നിലം പൊത്തിയത്. പൊളിച്ചുകളയുന്നതിനുള്ള ഉത്തരവു നല്കിയതിനു ശേഷവും വളഞ്ഞവഴിയിലൂടെയും പിൻവാതിലിലൂടെയും എങ്ങനെ അനുകൂലനടപടികൾ നേടാമെന്ന അന്വേഷണം ഫ്ലാറ്റ് നിർമ്മാതാക്കൾ പിന്നെയും തുടർന്നു. വെക്കേഷനു മറ്റൊരു ബെഞ്ചിൽ നിന്നും തങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല, സ്വാഭാവിക നീതി ലംഘിക്കപ്പെട്ടു എന്നാരോപിച്ച് നാലാഴ്ചത്തേക്ക് സ്റ്റേ സമ്പാദിച്ചു.
ഫ്ലാറ്റ് ഒഴിയുന്നതിനു കുറച്ചുകൂടി സമയമാവശ്യമാണെന്ന് കേസിൽ കക്ഷിചേർന്നിരുന്ന ഫ്ലാറ്റിലെ താമസക്കാരുടെ പെറ്റീഷൻ ജ.മിശ്രയുടെ ബെഞ്ച് നിഷ്കരുണം തള്ളി. താമസക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഫ്ലാറ്റുകളിരിക്കുന്നത് CRZ മേഖലയിലാണിരിക്കുന്നതെന്ന വിവരം കോടതിയോട് മറച്ചുവെച്ചുവെന്നും അദ്ദേഹത്തെ കേട്ടുകൊണ്ടുതന്നെയാണു കോടതി 08.05.2019 തീയതി കേസിലെ വിധിപുറപ്പെടുവിച്ചതെന്ന് നിരീക്ഷിച്ചുകൊണ്ട്, ഹർജിക്കാരനു ബിൽഡർമാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഫ്ലാറ്റുടമകളോടു നീതികേട് കാണിച്ചതാർ?
കോടതിയോ ബിൽഡേഴ്സോ?
വസ്തു കൈമാറ്റനിയമവും സാമാന്യനിയമവും ആഹ്വാനം ചെയ്യുന്ന ഒരു നിയമതത്വമാണു വാങ്ങുന്നവൻ ജാഗ്രത്തായിരിക്കുക (caveat emptor) എന്നത്. എന്നാൽ വാങ്ങുന്നവനു സാമാന്യ ശ്രദ്ധ കൊണ്ട് കണ്ടെത്താനാവാത്തതും വാങ്ങുന്നവനു ബോധ്യമില്ലാത്തതും എന്നാൽ വില്ക്കുന്നവനു അറിവുള്ളതുമായ വസ്തു സംബന്ധിച്ച ന്യൂനത വില്ക്കുന്നവൻ വാങ്ങുന്നവനോട് വെളിപ്പെടുത്താൻ ബാധ്യസ്ഥനാണെന്ന് വസ്തുകൈമാറ്റ നിയമം വകുപ്പ് 55(1)(a)നിഷ്കർഷിക്കുന്നത്. വസ്തുസംബന്ധമായി വാങ്ങുന്നവൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനും വില്ക്കുന്നവനു ബാധ്യതയുണ്ട്. നിയമം നിഷ്കർഷിക്കുന്ന ഈ ബാധ്യത നിർവ്വഹിക്കാതെ നടത്തുന്ന വസ്തുകൈമാറ്റം വഞ്ചനാപരമാണെന്ന് നിയമം അനുശാസിക്കുന്നു.
മരടിലെ മണിഹർമ്മ്യങ്ങൾക്ക് കെട്ടിടനിർമ്മാണാനുമതി ലഭിച്ച് 6 മാസത്തിനകം 2007 ജൂണിൽ തുടങ്ങിയ വ്യവഹാരമാണു ഇപ്പോൾ മെയ് 8-ലെ അന്തിമവിധിതീർപ്പിലെത്തിയത്. തങ്ങളുടെ സ്വാഭാവിക നീതി ലംഘിച്ചുവെന്നും ഒരു സുപ്രഭാതത്തിൽ തങ്ങളെ തെരുവിലെറിയുന്ന മനുഷ്യത്വരഹിതമായ കോടതിയെന്നും വിലപിക്കുന്നവർ എന്തു കൊണ്ട് കഴിഞ്ഞ 12 വർഷമായി നടന്നുവരുന്ന കോടതിവ്യവഹാരം അവരിൽ നിന്നു മറച്ചുവെച്ച ബിൽഡേഴ്സിനെതിരെ മാത്രം ഒന്നും പ്രതികരിച്ചുകണ്ടില്ല. പ്രിയ ഫ്ലാറ്റുവാസികളെ, ആർഭാടദന്തഗോപുരങ്ങളിൽ സ്വന്തം സുഖലോലുപതയും ലക്ഷ്വറിയും മാത്രമാസ്വദിച്ചു, ബിൽഡർമാരുടെ പണക്കൊഴുപ്പിനെ കണ്ണടച്ചു വിശ്വസിച്ചതിനു കേസിലൊരു പങ്കും വഹിക്കാത്ത പരിസ്ഥിതിപ്രവർത്തകരെയും(വിമർശനമെന്ന നിലയിലും) കോടതിയെയും ഭള്ളുപറയുന്നതിലെന്ത് കാര്യം.
നിങ്ങൾക്ക് വന്ന നഷ്ടം ബിൽഡർമാർ നിങ്ങളോട് നടത്തിയ വഞ്ചനയുടെ ഫലമാണ്. നിങ്ങൾക്ക് ഫ്ലാറ്റ് കൈമാറിയ തീറാധാരങ്ങളിൽ വസ്തുവിന്റെ ടൈറ്റിൽ സംബന്ധിച്ച് ന്യൂനതകളില്ലെന്നും കോടതി വ്യവഹാരങ്ങൾ, മറ്റു ജപ്തി ബാധ്യതകളൊന്നുമില്ലെന്ന് ബിൽഡർ വ്യവസ്ഥ ചെയ്തിട്ടുണ്ടാകുമല്ലോ? നിങ്ങളും ബിൽഡറും തമ്മിലുള്ള കരാർ ലംഘനത്തിനും വഞ്ചനാപരമായ വസ്തു കൈമാറ്റത്തിനും നീതി ദേവതയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?
നിങ്ങളുടെ നഷ്ടത്തിനും പരിസ്ഥിതിനിയമലംഘനത്തിനും ബിൽഡർമാരെയാണു പ്രതിക്കൂട്ടിൽ നിർത്തേണ്ടത്. അവരുടെ പടിവാതില്ക്കലാണു നിങ്ങൾ പട്ടിണി സമരവും നില്പുസമരവും നടത്തേണ്ടത്.
വികസനത്തിന്റെ ഇടിവണ്ടിച്ചക്രങ്ങൾക്കടിയില്പെട്ട് ചതഞ്ഞ കാലുമായി നീതിതേടിയുറുന്ന ഈ നാട്ടിലെ പട്ടിണിപാവങ്ങൾക്കും പ്രതീക്ഷയുടെ അവസാനത്തെ അത്താണിയാണു നീതിപീഠങ്ങൾ. അതിലുള്ള വിശ്വാസം തകർക്കരുത് പ്ലീസ്. വല്ലപ്പോഴും നീതിയുടെയും നിയമത്തിന്റെയും പരുന്തുകൾ പണത്തിനു മീതെ പറന്നോട്ടെ.
അനീതിയുടെയും നിയമലംഘനത്തിന്റെയും ചതുപ്പിൽ പണക്കൊഴുപ്പിന്റെ സ്മാരകങ്ങൾ ഇനിയും നിയമത്തിന്റെ ചിലന്തിവലയിൽ പെടാതെ രമിക്കുന്നുണ്ടാകും. അതുകൊണ്ട് അന്യായത്തിന്റെ അപ്പം ആരുടെയും അവകാശമാണെന്ന് പറയാൻ കഴിയില്ലല്ലോ.
പ്രതിഷേധിക്കേണ്ടതും നഷ്ടപരിഹാരം തേടേണ്ടതും അനധികൃത നിർമ്മാണത്തിനു സാഹസം കാണിച്ച ഫ്ലാറ്റ് നിർമ്മാതാക്കളോടല്ലെ. കുടിയിറക്കപ്പെടുന്നവന്റെ വേദന എല്ലായിടത്തും ഒന്നണു, പക്ഷെ ആ കണ്ണീർ നിയമലംഘനങ്ങളുടെ കടലാസുവഞ്ചികളൊഴുക്കുന്നതിനുള്ള ചാലായി മാറ്റരുത്. നിങ്ങളുടെ വേദനയിൽ ഞങ്ങളും ഐക്യപ്പെടുന്നു.