മരട്-മൂലമ്പിള്ളി: നിലപാടിലെ ഇരട്ട നീതി

സുപ്രീം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരട് ഫ്‌ളാറ്റ് സമുച്ഛയങ്ങളിലെ താമസക്കാരോട് സർക്കാരും, പൊതുസമൂഹം സ്വീകരിക്കുന്ന അനുഭാവപൂർവ്വമായ നിലപാടും, നേരത്തെ മൂലമ്പള്ളിയിലും മറ്റും കുടിയൊഴിപ്പിക്കപ്പെട്ടവരോട് പുലർത്തിയ കർക്കശ നിലപാടിനെയും വിലയിരുത്തുകയാണ് മാധ്യമ പ്രവർത്തകൻ അബ്ദുൽ റഷീദ്.

ഫേസ്ബുക്ക് പോസ്റ്റ്:

2008 ഫെബ്രുവരി ആറിനാണ് ഒറ്റ രാത്രികൊണ്ട് മൂലമ്പിള്ളിക്കാർക്ക് എല്ലാം നഷ്ടമായത്. ബലം പ്രയോഗിച്ചു കുടിയൊഴിപ്പിക്കില്ലെന്ന് ഭരണകൂടം പറഞ്ഞു മണിക്കൂറുകൾക്കകം അവരുടെ വീടുകൾ ഇടിച്ചു നിരത്തപ്പെട്ടു. ചെറുത്തുനിന്നവരെ പോലീസ് നേരിട്ടു.
സാധന സാമഗ്രികൾ വലിച്ചെറിയപ്പെട്ടു. ചോറു കലങ്ങൾ ലാത്തിയടിയേറ്റു പൊട്ടി. ജനിച്ചു വളർന്ന വീടുകൾ ഇടിഞ്ഞു വീഴുമ്പോൾ പലരും ബോധംകെട്ടു. മൺകൂനകളായി മാറിയ വീടുകളുടെ മേൽ കുഞ്ഞുങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങി.

Image may contain: one or more people and people playing sport
മൂലമ്പിള്ളിയിൽ വീട് ഇടിച്ചുനിരത്തുമ്പോൾ അലമുറയിടുന്ന സ്ത്രീ. 2008 ഫെബ്രുവരി. ചിത്രം: രഞ്ജിത്ത് ബാലൻ

വലിയ മാധ്യമ പിന്തുണയൊന്നും മൂലമ്പള്ളിക്കാർക്ക് കിട്ടിയില്ല. മുഖ്യധാരാ രാഷ്ട്രീയക്കാർ അവിടെ തമ്പടിച്ചില്ല. സൗജന്യ നിയമ സഹായവുമായി ആരും വന്നില്ല. മൂലമ്പള്ളിക്കാർക്കായി സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ആരും ഉണ്ടായില്ല. കൊച്ചിയിലെ അംബരചുംബികളായ ഫ്ലാറ്റുകളിൽ നിന്ന് മൂലമ്പള്ളിക്കാർക്കായി ആരും ശബ്ദമുയർത്തിയില്ല. ‘വികസനവിരുദ്ധരായ’ മൂലമ്പള്ളിക്കാരെ പലരും പരിഹസിച്ചു. മൂലമ്പള്ളി സമരത്തിന് പിന്നിൽ നക്സലുകളാണെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആരോപിച്ചു.

മൂലമ്പള്ളിയിൽ പേരിനൊരു പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. അത് ലുതായൊന്നും ഫലവത്തായില്ല. അന്ന് കിടപ്പാടം നഷ്‌ടമായ പലരും ഇത്ര വർഷങ്ങൾക്കു ശേഷവും വാടക വീടുകളിലാണ്. കുറേക്കാലം അവർ സമരമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ എവിടെയൊക്കെയോ ചിതറി….

പതിനൊന്നു വർഷങ്ങൾക്കിപ്പുറം മരട്…
തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ചു കെട്ടിപ്പൊക്കിയ അഞ്ചു ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്.

കണ്ണിൽ ചോരയില്ലാത്ത വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റുടമകൾ വഴിയാധാരമാകരുതെന്ന് രമേശ് ചെന്നിത്തല. സൗജന്യ നിയമ സഹായവുമായി ജസ്റ്റിസ് കമാൽ പാഷ. ഇടതു വലതു എംപിമാർ ഒന്നിച്ചു പ്രധാനമന്ത്രിക്ക് നിവേദനം. ഫ്ലാറ്റുടമകൾക്കായി സിപിഎം ധർണ. ഹൈബി ഈഡൻ ഒരാഴ്ചയായി അവിടെത്തന്നെയാണ്, സമരമുഖത്ത്.

ഒന്നരക്കോടിവരെ മുടക്കി ഫ്‌ളാറ്റ്‌ വാങ്ങിയവർ ഇതാദ്യമായി പ്ലെക്കാർഡുകൾ പിടിച്ചു മുദ്രാവാക്യം മുഴക്കുന്നു. തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നു. കിടപ്പാടം, സമരം, പോരാട്ടം എന്നൊക്കെ അവർ പറഞ്ഞു പഠിക്കുന്നു.

ഇതു കേട്ട്, ഭരണകൂടം മനസലിഞ്ഞു നിൽക്കുന്നു. ഫ്ലാറ്റുടമകൾക്ക് അനുകൂലമായ വാദങ്ങൾ കോടതിയിൽ ഉന്നയിക്കാൻ കേരളത്തിനായി സോളിസിറ്റർ ജനറൽ തന്നെ സുപ്രീം കോടതിയിൽ ഹാജരാകും. കരുണ കാട്ടണമെന്ന് അപേക്ഷിച്ചു ഫ്‌ളാറ്റ് ഉടമകൾക്കായി സർക്കാർ കോടതിയുടെ കാൽക്കൽ വീഴും.

മരടിലെ ഫ്ലാറ്റുടമകളിൽ ഒരു ചെറു വിഭാഗം തീർച്ചയായും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നിക്ഷേപിച്ചു ഫ്ലാറ്റ് വാങ്ങിയവർ. എന്നാൽ, ഒരു ലാഭനിക്ഷേപമെന്ന നിലയിൽ വാങ്ങി താമസക്കാരില്ലാതെ അടഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുണ്ട്. തീരദേശ നിയമം ലംഘിച്ചതിന് കേസ് ഉണ്ടെന്നു അറിഞ്ഞുകൊണ്ട് തന്നെ ഫ്ലാറ്റുകൾ വാങ്ങിയ അനേകം പേർ ഉണ്ട്. കോടതിയിലെത്തുന്ന എല്ലാ പരിസ്ഥിതി കേസുകളുംപോലെ ഇതും പണം നൽകി വക്കീലിനെ വെച്ചാൽ അലിഞ്ഞു ഇല്ലാതാകുമെന്ന് കരുതി ഫ്ലാറ്റ് വാങ്ങിയവർ. ആ ധാരണകളാണ് കോടതി പൊളിച്ചത്. ഇടയ്ക്ക് ഒരടി നല്ലതാണ്.

ഈ അനധികൃത ആകാശ മന്ദിരങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇപ്പോൾ ചിത്രത്തിൽ ഇല്ല. കാരണം, നിരപരാധികളായ ഫ്ലാറ്റുടമകൾ x കണ്ണിൽ ചോരയില്ലാത്ത കോടതി എന്ന ദ്വന്ദ്വത്തിൽ ഇത് നിൽക്കുന്നതാണ് എല്ലാവർക്കും നല്ലത്.

അല്ലെങ്കിൽ ആരാണ് ഈ നിർമാണങ്ങൾക്ക് അനുമതി നൽകിയതെന്ന ചോദ്യം വരും. ഏതു തദ്ദേശ സ്ഥാപനങ്ങൾ? ഏതു ഉദ്യോഗസ്ഥർ? ഏതു ഭരണാധികാരികൾ? ഒപ്പം, അപ്പം ചുടുമ്പോലെ അതിവേഗം അനുമതികൾ ഓരോന്നായി വാങ്ങിയെടുത്ത് ഇതൊക്കെ കെട്ടിപ്പൊക്കിയ നിർമാതാക്കൾ ആരെന്ന ചോദ്യം വരും. അതൊക്കെ എല്ലാവർക്കും തലവേദനയാകും. ഇടതിനും വലതിനും.

ശ്രദ്ധിച്ചാൽ മനസിലാകും, ‘ സർക്കാർ രക്ഷിക്കണം’ എന്നാണു ഫ്ലാറ്റുടമകൾ പറയുന്നത്. നഷ്ടം സർക്കാർ വഹിക്കണമെന്ന്. ഒഴിപ്പിക്കാൻ നോക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും.
ഈ അനധികൃത നിർമാണങ്ങൾ നടത്തി അത് വിറ്റഴിച്ച ഫ്ലാറ്റ് നിർമാതാക്കളെക്കുറിച്ചു അവർക്ക് പരാതിയൊന്നും ഇല്ല. ആ ഫ്ലാറ്റ് നിർമാതാക്കളുടെ പേര് പോലും പറയാൻ സമരക്കാർ മടിക്കുന്നു. അനധികൃത ഫ്ലാറ്റുകൾ നിർമിച്ചു വിറ്റ് തങ്ങളെ വഞ്ചിച്ച ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെ കേസിനു പോകുമെന്ന് ഏതെങ്കിലും ഫ്ലാറ്റുടമ പറഞ്ഞോ? ഇല്ല. പറയില്ല.

മരട് ഒരു പാഠമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തി അനുമതികൾ ചുട്ടെടുത്ത് ആകാശ മന്ദിരങ്ങൾ പണിയുന്നവർ ഇനിയും അത് തുടരും. എന്നാൽ, അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി അത് വാങ്ങാൻ ഇറങ്ങുന്നവർ ഇനി രണ്ടുവട്ടം ആലോചിക്കും. ചുരുങ്ങിയപക്ഷം കേസുണ്ടോ എന്നെങ്കിലും അന്വേഷിക്കും. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്‍റ്, ആൽഫ വെഞ്ചേഴ്സ് എന്നൊക്കെയുള്ള പേരുകൾ കണ്ട് ലക്ഷങ്ങൾ മുടക്കുമ്പോൾ ഒരു മിനിമം പരിശോധനയെങ്കിലും നടത്തും. അതാണ് ഈ സുപ്രീംകോടതി ഇടപെടലിന്റെ ഗുണവും പാഠവും.

ഇതൊക്കെയാണെങ്കിലും മരടിലെ ആ ഫ്ലാറ്റുകൾ ഇടിച്ചു നിരത്താതിരിക്കാൻ സർക്കാരിന് മുന്നിൽ വഴിയുണ്ടെങ്കിൽ അത് പരിഗണിക്കപ്പെടണം. അഞ്ചു കൂറ്റൻ മന്ദിരങ്ങൾ ഇടിച്ചു നിരത്തുന്നതിന്റെ പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കും. ഒപ്പം ഫ്ലാറ്റുടമകളിൽ ഒരു ചെറിയ വിഭാഗം, ജീവിതത്തിലെ എല്ലാ സമ്പാദ്യവും ആ ഫ്ലാറ്റുകളിൽ മുടക്കിയവരാണ്. ആ മാനുഷിക വശം പരിഗണിക്കപ്പെടണം.

ആ അനധികൃത നിർമാണങ്ങൾക്ക് അനുമതി കൊടുത്തവർ ചിത്രത്തിൽ വരണം. അവർ വിചാരണ ചെയ്യപ്പെടണം. ആ മന്ദിരങ്ങൾ കെട്ടിപ്പൊക്കിയ നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം. മേലിൽ ഇത്തരം നിർമാണങ്ങൾ ഉണ്ടാകാത്ത വിധം നിയമം കർശനമാക്കാൻ ഈ അവസരം സർക്കാർ ഉപയോഗിക്കണം. ഒരു തിരുത്തലിനുള്ള അവസരമാണിത്.

ഒന്നുകൂടി. ഫ്‌ളാറ്റുടമകളുടെ നഷ്ടം സർക്കാർ നികത്തണം എന്നുള്ള വാദങ്ങൾ ഉയർന്നു തുടങ്ങി. പൊതു ഖജനാവിൽ നിന്ന് ഒറ്റ പൈസ മരടിലെ ഫ്ലാറ്റ് നിവാസികൾക്കായി ഉപയോഗിക്കരുത്. നഷ്ടം, ഈ അനധികൃത കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ നിർമാതാക്കളിൽ നിന്നും അതിന് അനുമതി നൽകിയവരിൽ നിന്നും ഈടാക്കണം.

കിടപ്പാടം പോകുന്നവരെ സർക്കാർ സംരക്ഷിക്കുമെങ്കിൽ, മൂലമ്പള്ളിയിൽ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്. അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം അർഹിക്കുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *