മരട്, ആലപ്പാട്…
FB STATUS | Rohini Sanil
ഗ്രേറ്റാ തുന്‍ബര്‍ഗ് എന്ന പതിനാറുകാരി കാലം തെറ്റിപ്പെയ്ത ഒരു മഴയോ കാട്ടു തീയോ അല്ല.
കരിഞ്ഞുണക്കുന്ന അവസാനിക്കാത്ത വേനലോ അന്തമില്ലാത്ത മഞ്ഞു കാലമോ അല്ല..
അവള്‍ കരിഞ്ഞുപോയേക്കാവുന്ന ഭാവിയുടെ ഒരു പൂമരമാണ്. പൂവിടാന്‍ തുടങ്ങും മുമ്പേ കരിഞ്ഞുപോയാക്കാവുന്ന വരാനിരിക്കുന്ന തലമുറകളുടെ ദുരന്തം പേറുന്നവള്‍.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ, അതു ഭൂമിയിലുണ്ടാക്കിയേക്കാവുന്ന കനത്ത നഷ്ടങ്ങളെ പരിഗണിക്കാതെ, വികസിതവും വികസരവുമായ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ കാണിക്കുന്ന നിസംഗതയ്‌ക്കെതിരെ ഒറ്റയ്ക്കു പോരാടിത്തുടങ്ങിയ ആ പെണ്‍കുട്ടിയുടെ ശബ്ദം ഇന്നു ലോകം ഏറ്റെടുത്തിരിക്കുന്നു. ഈ വെള്ളിയാഴ്ച അവസാനിക്കുന്ന, കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ലോകമെമ്പാടും നടക്കുന്ന കാലാവസ്ഥാ വ്യതിയാന സമരം അതിന്റെ പ്രസക്തി കൊണ്ട് ശ്രദ്ധേയമാകുമ്പോള്‍, 2030 നു ശേഷം പിന്നെ രക്ഷിക്കാനാവാത്ത നിലയിലേക്ക് ഭൂമി കൈവിട്ടുപോകുമെന്ന വാര്‍ത്തകള്‍ മനുഷ്യരാശിയുടെ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴലാവുന്നു.
കാര്‍ബണ്‍വാതകങ്ങള്‍, അനിയന്ത്രിത ഖനനങ്ങള്‍ തുടങ്ങി മനുഷ്യന്റെ ആര്‍ത്തി അവനവന്റെ നിലനില്‍പിനെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത് ലോകമെമ്പാടുമുള്ള ഇടതുപക്ഷം ഉത്കണ്ഠയോടെ കാണുമ്പോള്‍ ഇങ്ങു ദൂരെ കേരളത്തില്‍ ജനിച്ച ഗ്രാമം കടലെടുക്കാനിതിരിക്കാന്‍ അവിടെ ജനിച്ചുവളര്‍ന്ന മത്സ്യതൊഴിലാളികളും അവരുടെ കുടുംബങ്ങളും നടത്തുന്ന സമാധാനപരമായ സത്യാഗ്രഹ സമരം 330-ാം ദിവസത്തിലേക്കു കടക്കുകയാണ്. ഖനനത്തിന്റെ ആര്‍ത്തി പൂണ്ട കരങ്ങള്‍ കരിമണ്ണു വലിച്ചെടുക്കുമ്പോള്‍, കരിമണ്ണു സംസ്‌കരിക്കുന്ന പൊതുമേഖലാ സ്ഥാപനം അതിന്റെ പരിസരങ്ങളില്‍ ക്യാന്‍സര്‍ വിതയ്ക്കുമ്പോള്‍ ആലപ്പാട് എന്ന ഗ്രാമം അവഗണിക്കപ്പെട്ടവരുടെ പ്രതീകമാകുന്നു. അവരുടെ കടലെടുത്ത തീരങ്ങളില്‍ ഓര്‍മ്മകള്‍ പോലും ബാക്കിയാവുന്നില്ല.
ആലപ്പാട്ടില്‍ ഒന്നല്ല. ഒരുപാട് ഗ്രേറ്റമാരുണ്ട്. പിറന്ന മണ്ണിനു വേണ്ടി വിശപ്പ് വിട്ടു കൊടുത്തു നിരാഹാരപ്പന്തലുകളിലിരുന്നവര്‍. സ്‌കൂള്‍ കുട്ടികള്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വൃദ്ധര്‍. പക്ഷേ അവരെ തിരിഞ്ഞു നോക്കേണ്ടതില്ലല്ലോ. അവര്‍ മരടിലെ ഫ്‌ളാറ്റികളില്‍ കഴിയുന്നവരെപ്പോലെ സമൂഹത്തിന്റെ അപ്പര്‍ ക്‌ളാസുകളില്‍ അഭിരമിക്കുന്നില്ലല്ലോ. അവര്‍ക്കായി കണ്ണീര്‍ പൊഴിക്കാന്‍ ഇടതു, കോണ്‍ഗ്രസ്, ബിജെപി സഖ്യം വരിവരിയായി വന്നു നില്‍ക്കില്ലല്ലോ. അവരുടെ കണ്ണീര്‍ തുടച്ചാല്‍ ഡെറ്റോളിട്ടു കൈ കഴുകണം എന്നു ചിന്തിക്കുന്ന പൊളിറ്റിക്കല്‍ അരിസ്റ്റോക്രസിക്ക് എന്നും പാവങ്ങളുടെ കണ്ണീര്‍ പുച്ഛമാണല്ലോ.
ഈ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിലെ, പിന്നീട് സ്ഥിരപ്പെട്ടേക്കാവുന്ന താല്‍ക്കാലിക ജോലികള്‍ തരപ്പെടുത്താന്‍ 25-30 ലക്ഷം വരെ കൂലിവാങ്ങുന്ന രാഷ്ട്രീയ ഭേദമില്ലാത്ത മുഖ്യധാരാ പാര്‍ട്ടികളുടെയും അവരുടെ ഛോട്ടാ നേതാക്കന്മാരുടെയും വരുമാനം അവസാനിക്കാതിരിക്കാനാണ് ഒരു ഗ്രാമം അപ്രത്യക്ഷമാകാന്‍ വിട്ടു കൊടുക്കുന്നത് എന്ന തിരിച്ചറിവ് എത്രമാത്രം ഹൃദയഭേദകമാണ്. ജീവിച്ചിരിക്കുന്നവരോട്, ഇനിയും ജനിക്കാനിരിക്കുന്നവരോട് എന്തു ഉത്തരവാദിത്തമാണ് ഇവര്‍ക്കുള്ളത്.. ഓരോ പ്രളയവും കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് പതിനായിരത്തോളം കോടികളുടെ ആഘാതമേല്‍പിക്കുമ്പോള്‍, ഇനിയെങ്കിലും പ്രകൃതിയോടിണങ്ങിയ വികസന മാതൃകകള്‍ മുന്നോട്ട് വെയ്ക്കാന്‍ സമയമായെന്നു തിരിച്ചറിയാതെ, ഓരോ മണലും ഓരോ പുഴയും ഓരോ പുല്‍ക്കൊടിത്തുമ്പും എത്രമാത്രം പ്രസക്തമെന്നു തിരിച്ചറിയാതെ, വലിയ നഷ്ടങ്ങള്‍ക്കു വേണ്ടി ചെറു ലാഭമുണ്ടാക്കുന്നവരുടെ ബുദ്ധിക്കു മീതെ ആലുകള്‍ കിളിര്‍ത്തു തണലാകട്ടെ.
മരടിലെ ഫ്‌ളാറ്റുകാരുടെ സമരപ്പന്തലിലേക്ക് പ്രവഹിക്കുന്ന നേതാക്കളുടെ നിര കാണുമ്പോഴാണ് ആലപ്പാട്ടില്‍ എന്തു കൊണ്ട് ഒരു ജോണ്‍ ബ്രിട്ടാസ് ജനിച്ചില്ല എന്നത് വേദനയാകുന്നത്. ചില അയല്‍പക്കങ്ങളോ സ്വകാര്യസമ്പാദ്യങ്ങളോ സമരങ്ങളുടെ ഗതിയെ എത്രമാത്രം സ്വാധീനിക്കാമെന്നു തിരിച്ചറിയുമ്പോള്‍ ഈ ഗ്രാമവാസികള്‍ക്കു വേണ്ടി പൊരുതാന്‍ കേരളത്തിന്റെ പൊളിറ്റിക്കല്‍ അരിസ്റ്റോക്രസിയുടെ തലപ്പത്ത് ആരെങ്കിലും ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
സമരം അവസാനിക്കാതിരിക്കട്ടെ! അവസാനത്തെ മനുഷ്യനും മരിച്ചു വീഴുംവരെ പ്രതിരോധത്തിന്റെ മതിലുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കട്ടെ!