വരൂ കാണൂ ഈ ജൈവകൃഷിയിടങ്ങൾ

അപ്പർ കുട്ടനാട്ടിൽ തിരുവല്ല വേങ്ങലിൽ നെൽകൃഷിക്ക് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് രണ്ട് പേര്‍ മരിക്കുകയും മൂന്നു പേർ ആശുപത്രിയിലാകുകയും ചെയ്തിരിക്കുകയാണല്ലോ.

ജൈവകൃഷി സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ഒരു സംസ്ഥാനത്തു തന്നെ കീടനാശിനി മൂലം കർഷകർ മരിക്കുന്നുവെന്നത് വേദനയുളവാക്കുന്നതാണ്. ജൈവകൃഷി പ്രായോഗികമല്ലെന്ന് പ്രചരിപ്പിച്ചാണ് കർഷക തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നതും തീരാരോഗിക്കളാക്കി മാറ്റുന്നതും.

ഒരു കീടനാശിനികളും ആവശ്യമില്ലാതെ ചെയ്യാവുന്ന കൃഷിയാണ് നെൽകൃഷി. ജൈവകീടനിയന്ത്രണമാർഗ്ഗങ്ങൾ പോലും നെൽകൃഷിക്ക് കാര്യമായി ആവശ്യമില്ല. വല്ല രോഗവും കീടവും വന്നാൽ പോലും ചെറുത്തു വളരാനുള്ള സ്വാഭാവികമായ ശേഷി നെൽചെടികൾക്കുണ്ട്. ശാസ്ത്രീയമെന്നു പറഞ്ഞ് തികച്ചും അശാസ്ത്രീയവും സുസ്ഥിരവുമല്ലാത്ത ആളുകളെ രോഗികളാക്കുകയോ കൊല്ലുകയോ, മണ്ണിന്റെ ജൈവഘടനയെ താറുമാറാക്കുകയും ചെയ്യുന്ന രാസകീടനാശിനികളായ വിഷങ്ങൾ മരുന്നെന്ന് പറഞ്ഞ് നൽകി പ്രോൽസാഹിപ്പിച്ച് നെൽകൃഷിയെ അതിസങ്കീർണമാക്കുകയാണ് ഇവിടുത്തെ കാർഷിക നയവിദഗ്ദർ ചെയ്തത്.

എന്തെങ്കിലും പ്രശ്നമുണ്ടായാൽ കുറ്റം കർഷകർക്കും കർഷക തൊഴിലാളികൾക്കുമാണ് ഇപ്പോൾ. അവർ അമിതമായ രീതിയിൽ പ്രയോഗിച്ചതാണത്രേ കുഴപ്പം!

ആരാണ് രാസവിഷം കൃഷിയിൽ പ്രയോഗിക്കാമെന്നു കണ്ടെത്തിയത്? ആരാണ് ഇത് പ്രയോഗിക്കാൻ നിർബന്ധിപ്പിച്ചത്? ഇതൊക്കെ കർഷകരാണോ ചെയ്തത്?
മര്യാദയ്ക്ക് പരിസ്ഥിതി സൗഹൃദമായ രീതിയിൽ കീടനിയന്ത്രണങ്ങൾ അവലംബിച്ച് കൃഷി ചെയ്യുന്ന കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവരെ ഈ അവസ്ഥയിലേക്ക് മനപൂർവം കൊണ്ടെത്തിച്ചതല്ലേ? എന്നിട്ട് ഇപ്പോൾ കൈകഴുകുന്നു. അപകടകരമായ വിഷം നൽകിയതിന് ശേഷം അൽപം വെള്ളം ചേർത്ത് സേവിച്ചോ ഒരു കുഴപ്പവുമില്ലായെന്ന് പറഞ്ഞ് പാവപ്പെട്ട കർഷകരുടെ തലയിൽ തള്ളിയ ഈ കാർഷിക നയവിദഗ്ദർ തന്നെയാണ് പ്രധാന പ്രതികൾ!

നൽകുന്നത് വിഷമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും പ്രോൽസാഹിപ്പിക്കുന്നു?
ഇതൊന്നുമില്ലാതെ കൃഷി ചെയ്യാമെന്ന് ഏറെ പേർ തെളിയിച്ചിട്ടും എന്തുകൊണ്ട് അത് പഠിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നില്ല?
ഈ വിഷങ്ങൾ അപകടകരമാണെന്ന് പലതവണ തെളിഞ്ഞിട്ടും എന്തുകൊണ്ട് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നില്ല?
ഇതൊക്കെ പ്രചരിപ്പിക്കാൻ വേണ്ടി കീടനാശിനി കമ്പനികളുടെ ചെലവിൽ എന്തുമാത്രം പരിപാടികളായിരുന്നു നിങ്ങൾ നടത്തിയത്!

യൂറിയയിടാതെ നെല്ല് വളരില്ല. പൊട്ടാസ്യം കിട്ടണമെങ്കിൽ രാസവളം വേണം.
കീടനാശിനി അടിക്കാതെ ചാഴി പോകില്ല. നാടൻ വിത്തിന് വിളവ് കുറവ് എന്നൊക്കെയായിരുന്നല്ലോ നിങ്ങളുടെ പ്രചരണം!

കേരളത്തിൽ ജൈവകൃഷി പ്രചരിക്കാൻ തുടങ്ങിയപ്പോൾ കീടനാശിനിയും രാസവളവുമില്ലാതെ ഞങ്ങളെ പോലെയുള്ള ആളുകൾ കൃഷി ചെയ്തു വിജയിപ്പിച്ചു കാണിച്ചു കൊടുക്കുവാൻ തുടങ്ങിയപ്പോൾ ജൈവകൃഷി പ്രചരിച്ചാൽ ഭക്ഷ്യ സുരക്ഷ തകരുമെന്നായി പിന്നീട് പ്രചരണം.
കഴിഞ്ഞ 40 വർഷം കൊണ്ട് രാസകൃഷി കൊണ്ട് എന്തു ഭക്ഷ്യ സുരക്ഷയാണ് കേരളത്തിൽ നിങ്ങളുണ്ടാക്കിയതെന്ന് കണക്കു സഹിതം പറഞ്ഞു തരാൻ കഴിയുമോ? ഭക്ഷ്യ സുരക്ഷയുടെ നിർവചനമെന്താണെന്ന് നിങ്ങൾക്കറിയുമോ?

ജൈവകൃഷി വിളവ് കുറവാണ്. കീടരോഗങ്ങൾ കൂടുതലാണ് എന്നൊക്കെയാണല്ലോ പ്രധാന വാദം! രാസകീടനാശിനികളെ പ്രോൽസാഹിപ്പിക്കുന്ന ജൈവ കൃഷിയെ എതിർക്കുന്ന സകലരെയും ഞങ്ങളുടെ വെള്ളാങ്ങല്ലൂരിലെ പാടത്തേയ്ക്ക് ക്ഷണിക്കുകയാണ്. നാടൻ വിത്ത് ഉപയോഗിച്ച് കൊണ്ട് കുറച്ചു ചാണകം അടിവളവും രണ്ടു തവണ ജീവാമൃതവും ഒരു തവണ മത്സ്യാവശിഷ്ടവും മാത്രം തളിച്ചു കൊണ്ട് ഞങ്ങളിവിടെ നെൽകൃഷി ചെയ്തിട്ടുണ്ട്. അതിന്റെ കൊയ്ത്താണ് ഈയാഴ്ച. തൊട്ടപ്പുറത്ത് തോടിനു മറുവശത്ത് സങ്കരയിനം വിത്തും രാസകീടനാശിനികളും ഉപയോഗിച്ച് ചെയ്യുന്ന നെൽകൃഷിയുമുണ്ട്. രണ്ടിന്റെയും കൊയ്ത്ത് നടക്കുമ്പോൾ നിങ്ങൾ നേരിട്ട് വന്നു നോക്കി നെല്ലും വയ്ക്കോലും അളന്നു നോക്കൂ. എന്നിട്ട് പറയൂ ജൈവകൃഷി പരാജയമാണോയെന്ന്?

രസകരമായ സംഗതി ശബരിമലയിൽ മകരജ്യോതി, കത്തിക്കുന്നതാണെന്ന് പോയി നോക്കി തെളിയിച്ച യുക്തിവാദികളുടെ പിൻമുറക്കാരാണ് ഇപ്പോൾ ജൈവകൃഷിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നുള്ളതാണ്. നൂറു കണക്കിന് കൃഷിയിടങ്ങളിൽ ജൈവകൃഷി വിജയകരമായി നടക്കുന്നത് നേരിട്ട് പോയി കണ്ടു പഠിക്കാതെയാണ് ഇവർ ജൈവകൃഷിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുന്നത്. ലോകത്ത് പലയിടത്തും നിരോധിച്ച ആളെ കൊല്ലുന്ന എൻഡോസൾഫാൻ പോലെയുള്ള കീടനാശിനികളെ കുറിച്ച് ഇവർ വാഴ്ത്തുപാട്ടു നടത്തുകയും ചെയ്യുന്നു.

ആഗോളതലത്തിൽ തന്നെ രാസകീടനാശിനികൾക്കെതിരെ ശക്തമായ മുന്നേറ്റം നടന്നു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന് ഒരു പ്രധാന കാരണമായ രാസകൃഷി പ്രതിസ്ഥാനത്താണ്. പരമാവധി കാർബൺ മണ്ണിലേയ്ക്ക് പിടിച്ചു നിർത്താൻ ജൈവകൃഷി പ്രചരിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ക്ലൈമറ്റ്ചേഞ്ച് സമ്മിറ്റുകളിൽ പോലും ചർച്ച ചെയ്യപ്പെടുന്നത്.  പല രാജ്യങ്ങളും ജൈവകൃഷി പ്രധാന അജണ്ടയായി എടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളും ജൈവകൃഷിയെ ഗൗരവമായെടുത്തു കഴിഞ്ഞു. എന്നിട്ടും കേരളത്തിലെ യുക്തിവാദികളും ചില കൃഷി ശാസ്ത്രജ്ഞരും രാസകൃഷിയെ മതവിശ്വാസം പോലെ ഏറ്റെടുത്തു നടക്കുകയാണ്. ജൈവകൃഷിയെന്നു കേട്ടാൽ മതി അവരുടെ മതവികാരം ഇളകും!

രാസകൃഷിവാദികളുടെ സ്ഥിരം ചില വാദങ്ങളാണ് കേരളത്തിലെ മണ്ണിലെ പൊട്ടാസ്യം കുറവാണ് ബോറോൺ കുറവാണ് സിങ്ക് കുറവാണ് എന്നൊക്കെ. ജൈവരീതിയിൽ എങ്ങിനെ ഈ മൂലകങ്ങളൊക്കെ ഉണ്ടാക്കുമെന്നാണ് അവരുടെ പ്രധാന ചോദ്യം.

ഇവരീ പറയുന്നതു പോലെ സ്വാഭാവികമായി നമ്മുടെ മണ്ണിൽ ഇതിന്റെ അഭാവമൊന്നുമില്ല. NPK രാസവളങ്ങൾ മാത്രം ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ മറ്റു സൂക്ഷ്മ മൂലകങ്ങളുടെ അഭാവമുണ്ടാകും. ജൈവകൃഷിയിലേക്ക് മാറുമ്പോൾ അതെല്ലാം പരിഹരിക്കപ്പെടും.
വളരെ വർഷങ്ങളായി ഒരേയിടത്തിൽ നെൽകൃഷി ചെയ്യുന്ന ഒരുപാട് ജൈവകർഷകരെ കണ്ടിട്ടുണ്ട്. അവരൊന്നും പൊട്ടാസ്യത്തിനും വേണ്ടി മ്യൂറിയേറ്റ് ഓഫ് പൊട്ടാഷോ പൊട്ടാസ്യം
സൾഫേറ്റോ ഒന്നും ഉപയോഗിക്കാറില്ല.  ഒരു ടൺ വൈക്കോലും ഒരു ടൺ നെല്ലിലും 17 കിലോ നൈട്രജനും 3 കിലോഫോസ്ഫറസും 20 കിലോ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടാണെന്ന് പറയുന്നത്. ഇതിന് വേണ്ടിയാണ് ഹെക്ടറിന് 90 കിലോ നൈട്രജനും 45 കിലോ ഫോസ്ഫറസും 45 കിലോ പൊട്ടാസ്യവും വേണമെന്ന് കൃഷിവിദഗ്ദർ നിർദ്ദേശിക്കുന്നത്.
(NPK 90:45:45)

കാർഷിക സർവകലാശാലയുടെ ജൈവകൃഷി പാക്കേജ് ഓഫ് പ്രാക്ടീനനുസരിച്ച് (Package of Practices Recommendation organic crops- 2017, KAU). ഈയളവിൽ ജൈവവളം ഉപയോഗിക്കാൻ പറഞ്ഞിരിക്കുന്നതിന്റെ അളവ് കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. 5 ടൺ FYM (farm yard manure ചാണകവും പച്ചിലയും ഗോമൂത്രവും അടങ്ങിയ വളം) ഹെക്ടറിന്. അതല്ലെങ്കിൽ അത്ര തന്നെ കമ്പോസ്റ്റു വളങ്ങൾ ചേർക്കണം. അതുമല്ലെങ്കിൽ 2.5 ടൺ വെർമി കമ്പോസ്റ്റ് ഇടണം. കൂടാതെ 500 കിലോ മുതൽ 750 കിലോ വരെ പിണ്ണാക്ക് വളങ്ങൾ, പുളിരസമുള്ള മണ്ണാണെങ്കിൽ 600 മുതൽ 1000 കിലോ വരെ കുമ്മായം കൂടി ചേർക്കണം. ഒരു ജൈവകർഷകൻ കുത്തുപാളയെടുക്കാൻ വേറെവിടെയും പോകേണ്ടി വരില്ല! ജൈവകൃഷി പ്രചരിക്കാതിരിക്കാൻ വേണ്ടിയാണോ ഈ POP യെന്നു സംശയിച്ചു പോകും!

ഇതിനകത്തൊക്കെ അടങ്ങിയ NPK നോക്കിയിട്ടാണ് ഈ അളവ് നിശ്ചയിച്ചിരിക്കുന്നത് (90:45:45). കൂടാതെ തിരുവനന്തപുരത്തും മലപ്പുറത്തും റോക്ക് ഫോസ്ഫേറ്റും കുട്ടനാട്ടിൽ ഡോളോമൈറ്റും ചേർക്കാൻ പറയുന്നുണ്ട്. ഒപ്പം ആവശ്യത്തിന് ഫോസ്ഫേറ്റ് സോലുബലൈസിംഗ് ബാക്ടീരിയയും, പൊട്ടാസ്യം സോലുബലൈസിംഗ് ബാക്ടീരിയയും അസോസ്പെറില്ലവും മറ്റും വേണം.

എന്നാൽ നമ്മുടെ ജൈവകർഷകരാരും തന്നെ ഈയളവിൽ മൂലകങ്ങൾ കിട്ടാൻ വേണ്ടി വളങ്ങൾ ഉപയോഗിക്കുന്നില്ല. എന്നിട്ടും നെല്ല് വിളയുന്നു.

ഉദാഹരണത്തിന് മുണ്ടൂർ ചൂലിശ്ശേരി പാടശേഖരത്തിൽ കൃഷി ചെയ്യുന്ന ശ്രീ കെ. ബി. സന്തോഷ് കഴിഞ്ഞ പത്തു വർഷമായി അഞ്ചേക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്യുന്നുണ്ട്. ചാണകവും മൂത്രവും ബയോഗ്യാസ് സ്ലറിയുമല്ലാതെ കാര്യമായി മറ്റു വളങ്ങളൊന്നും അദ്ദേഹം ഉപയോഗിക്കുന്നില്ല. ശ്രീ സന്തോഷ് പറയുന്നത് ചിറ്റേനിയാണ് വിത്തെങ്കിൽ ഹെക്ടറിന് 4000 കിലോ വയ്ക്കോലും 3000 കിലോ വരെ നെല്ലും കിട്ടുമെന്നാണ്. അതായത് ഇത്രയും നെല്ലുണ്ടാകാൻ ഹെക്ടറിന് ഏകദേശം 60 കിലോ നൈട്രജനും 11 കിലോ ഫോസ്ഫറസും 70 കിലോ പൊട്ടാസ്യവും വേണം. ഇത് അഞ്ചേക്കറാകുമ്പോഴോ 120 കിലോ നൈട്രജൻ, 22 കിലോ ഫോസ്ഫറസ്, 140 കിലോ പൊട്ടാസ്യവും ഉണ്ടാകും. സന്തോഷ് ഒരേക്കറിന് ഏകദേശം 400 കിലോ ചാണകം അടിവളം 100 ലിറ്റർ ഗോമൂത്രം, ഏകദേശം 300 ലിറ്റർ ബയോഗ്യാസ് സ്ലറി, രണ്ട് തവണ ജീവാമൃതവും തളിക്കുന്നു. എന്നിട്ടും നെൽകൃഷിയിൽ നല്ല വിളവ് കൊയ്യുന്നു.

സർവകലാശാല നിർദ്ദേശിക്കുന്ന രീതിയിൽ രാസവളങ്ങളോ ജൈവവളങ്ങളോ ഉപയോഗിക്കാത്ത ശ്രീ സന്തോഷിനെ പോലെയുള്ളവർക്ക് എങ്ങിനെയാണ് നെല്ല് വിളയിച്ചെടുക്കാനാകുന്നത്?

ഒരു ടൺ വൈക്കോലിൽ 8 കിലോ നൈട്രജനും 1.7 കിലോ ഫോസ്ഫറസും 12 കിലോ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പൊക്കമുള്ള ചിറ്റേനി പോലെയുള്ള നാടൻ വിത്താണെങ്കിൽ കൊയ്തെടുക്കുമ്പോൾ മെതിക്കാനുള്ള എളുപ്പത്തിന് അറ്റം ചേർത്ത് കൊയ്യാറില്ല. പകുതി കച്ചി പാടത്തുണ്ടാകും. അതടുത്ത വിളയ്ക്ക് വളമായ് മാറുന്നു. “മുകൾ വീടിന് നടു മാടിന് അടി മണ്ണിന് ” ഇതാണ് നമ്മാൾവാർ വാക്യം. ജ്യോതി, ഉമ പോലുള്ള കുറിയ ഇനങ്ങളാണെങ്കിൽ കുറ്റിയടക്കം കൊയ്തു കൊണ്ടു പോകുന്നു. മണ്ണിലേയ്ക്ക് തിരിച്ച് ഒന്നും കിട്ടുന്നില്ല.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ ജൈവകർഷക സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ചന്ദ്രൻ മാസ്റ്റർ ഒരേക്കർ നെൽകൃഷിക്ക് 6 ചാക്ക് ആട്ടിൻകാഷ്ഠവും 4 ചാക്ക് ഉമിചാരവുമാണ് അടിവളമായിട്ടിടുന്നത്. പിന്നെ മേൽവളമായി ജീവാമൃതവും സ്ലറിയും ഉപയോഗിക്കും. കീടങ്ങൾ വല്ലതും വരികയാണെങ്കിൽ മാത്രം ഇലക്കഷായം ഉണ്ടാക്കി തളിക്കും. ചിറ്റേനിയും, കുറുവയും, ചേറ്റാടിയുമൊക്കെയാണ് അദ്ദേഹത്തിന്റെ വിത്തുകൾ.

തൃശ്ശൂർ ജില്ലയിലെ കൊറ്റനെല്ലൂരിലെ ടോം കിരൺ ഡേവിസും കൂട്ടരും 15 ഏക്കറിലാണ് ജൈവനെൽകൃഷി ചെയ്യുന്നത്. കുറച്ച് ചാണകവും ചാരവും അടിവളമായിട്ടിടാറുണ്ട്. അങ്ങിനെ കൃത്യമായ കണക്കിലൊന്നുമല്ല. കൈവശമിരിക്കുന്നതിനനുസരിച്ചിടും. മൂന്നോ നാലോ തവണ ജീവാമൃതവും കൊടുക്കും. ഹെക്ടറിന് മൂന്നര ടണ്ണോളം നെല്ല് ലഭിക്കുന്നു. ആ ഭാഗങ്ങളിൽ രാസകൃഷി ചെയ്യുന്നവർക്കും അത്രയൊക്കെയോ അതിൽ കുറവോ ആണ് വിളവ്. കേരളത്തിലെ ശരാശരി നെൽവിളവ് ഹെക്ടറിന് 2.5 ടണ്ണാണെന്നോർക്കണം.

ഇവിടെ വള്ളാങ്ങല്ലൂരിൽ വിവിധ പാടശേഖരങ്ങളിലായി കർഷകർ 104 ഏക്കറോളമാണ് ജൈവനെൽകൃഷി ചെയ്യുന്നുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളൊക്കെ തന്നയാണ് ഞങ്ങളും ചെയ്യുന്നത്. വിളവിൽ കുറവില്ലെന്നു മാത്രമല്ല നാടൻ കുറുവ ചെയ്യുന്നതു കാരണം ഇരട്ടി വൈക്കോലും ലഭിക്കുന്നു. ജ്യോതിക്കോ ഉമയ്ക്കോ ഏക്കറിന് 24 മെഷീൻ മീഡിയം കെട്ട് വൈക്കോൽ ലഭിക്കുമ്പോൾ കുറുവയ്ക്ക് 52 മുതൽ 60 കെട്ട് വരെ വൈക്കോൽ ലഭിക്കുന്നു.

ആലപ്പുഴ ജില്ലയിലെ അപ്പർകുട്ടനാടിനോട് ചേർന്നുള്ള എടത്വായിലെ ജേക്കബ് സെബാസ്റ്റ്യൻ എന്ന കർഷകൻ കഴിഞ്ഞ 20 വർഷത്തോളമായി കുട്ടനാട്ടിൽ രാസകീടനാശിനികൾ ഉപയോഗിക്കാതെ നെൽകൃഷി ചെയ്യുന്ന കർഷകനാണ്. വീട്ടുവളപ്പിൽ വീഴുന്ന ചപ്പുചവറുകൾ കമ്പോസ്റ്റാക്കി മാറ്റി ചാണകം ചേർത്ത് രണ്ട് തവണ വളമായി കൊടുക്കും. മറ്റുള്ള കർഷകർ കളനാശിനി ഉപയോഗിക്കുമ്പോൾ ഇദ്ദേഹം കൈകൊണ്ട് കളപറിക്കുകയാണ് പതിവ്. കളപറിക്ക് കുറച്ചധികം ചെലവ് വരുമെങ്കിലും വളവും കീടനാശിനികൾക്കും പ്രത്യേകിച്ച് ചിലവൊന്നുമില്ലാത്തതിനാൽ അതിൽ ബാലൻസ് ചെയ്തു പോകുമെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടനാട്ടിലെ ഏറ്റവും നല്ല വിളവായ ഏക്കറിന് 30 ക്വിന്റൽ നെല്ല് വരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മങ്കൊമ്പ് സർവകലാശാല അദ്ദേഹത്തിന്റെ കൃഷിയിടം ഒരു മാതൃകാതോട്ടമായി തെരഞ്ഞെടുത്തിരിക്കുകയാണ്.

പൊന്നാനി കോളിനോട് ചേര്‍ന്ന് നഗരസഭയുടെ സഹായത്തോടു കൂടി അവിടുത്തെ ജൈവകർഷകർ 100 ഓളം ഏക്കറിലാണ് ജൈവനെൽകൃഷി ചെയ്യുന്നത്. അടിവളമായി ഏക്കറിന് കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എല്ലാം കൂടി ഒരു 200 കിലോയിടും. പാടത്തെ പുളി കളയാൻ ഏക്കറിന് 150 കിലോ നീറ്റാത്ത കക്കയും (ഇത്തിൾ) ചേർക്കും. കൂടാതെ ചാണകപൊടിയും വെണ്ണീറും മേൽവളമായി ചേർക്കുന്നു. ചാഴിക്ക് മത്തിശർക്കര മിശ്രിതം അടിക്കുന്നു. വിവിധ നാടൻ വിത്തുകൾ ഉപയോഗിക്കുന്നതു കൊണ്ട് കീടരോഗങ്ങൾ കുറവാണെന്നാണ് ഇവർ പറയുന്നത്.

വയനാട്ടിൽ തൃശ്ശിലേരിയിൽ തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തകർ 25 ഏക്കറിലധികമാണ് ജൈവനെൽകൃഷി ചെയ്യുന്നത്. മുള്ളൻ കയമ, പാൽതൊണ്ടി, ഗന്ധകശാല, വെളിയൻ തുടങ്ങിയ നാടൻ വിത്തുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഷൊർണ്ണൂർ ആറങ്ങോട്ടുകരയിൽ പാഠശാല പ്രവർത്തകർ 20 ഏക്കറോളമാണ് ജൈവ നെൽകൃഷി ചെയ്യുന്നത്. പയ്യന്നൂരിൽ നല്ലഭൂമിയുടെയും പ്രകൃതി സമിതിയുടെയും പ്രവർത്തകർ, കോഴിക്കോട് ചാത്തമംഗലത്ത് പൈതൃകം കൂട്ടായ്മ, പള്ളിപ്പുറത്തെ നാട്ടുകോലായ പ്രവർത്തകർ ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങളാണ് ജൈവനെൽകൃഷി ചെയ്യുന്നവരിൽ ഉള്ളത്.
ഇവരൊന്നും കാര്യമായി ജൈവകീടനാശിനി പ്രയോഗം പോലും നടത്തുന്നില്ലായെന്നതാണ് മറ്റൊരു പ്രത്യേകത. പിന്നെയെങ്ങിനെയാണ് ഇത്രയും മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്ന അവസ്ഥയിലേക്ക് കർഷകരെ കൊണ്ടെത്തിച്ചത്?

രാസവളങ്ങൾ ഉപയോഗിക്കുന്ന കൃഷിയിടത്തിലാണ് കൂടുതൽ രോഗകീടാക്രമണങ്ങൾ കാണുന്നത്. രാസവളങ്ങൾ മണ്ണിന്റെ അസിഡിറ്റി കൂട്ടുന്നു. മണ്ണിന്റെ ആലോഗ്യം കുറയുകയും ചില സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ഉണ്ടാകുകയും ചെയ്യുന്നു. അസിഡിറ്റി കൂടിയ മണ്ണിൽ മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും പ്രവർത്തനം കുറവായിരിക്കും. ഇതൊക്കെ കാരണം ചെടികൾക്ക് എളുപ്പം രോഗങ്ങൾ പടരുന്നു. രോഗം വന്ന ചെടിയെ കീടങ്ങൾക്കും എളുപ്പം കീഴ്പ്പെടുത്താം.

കൂടാതെ രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ സസ്യങ്ങളുടെ സെല്ലുകളുടെ വണ്ണം കൂടുകയും അത് ചില കീടങ്ങളെ ആകർഷിപ്പിക്കുകയും ചെയ്യുന്നു.

എത്രയോ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത് ജൈവരീതിയിൽ നെൽകൃഷി. ചിലവും കൂടുതലല്ല. രാസവളകീടനാശികളെ അപേക്ഷിച്ച് ജൈവരീതിയിൽ വളത്തിനും കീടനിയന്ത്രണത്തിനും ചെലവ് വളരെ കുറവുമാണ്. തൊഴിലാളികളുടെ കൃലിയും യന്ത്രങ്ങളുടെ വാടകയുമാണ് പ്രധാന ചെലവ്. അത് ഏതു കൃഷിക്കും ഒരുപോലെയാണല്ലോ.

നെല്ലിന് പ്രധാന കീടരോഗങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അത് ഏതൊക്കെ സമയത്ത് വരുമെന്നും തിരിച്ചറിഞ്ഞ് അതിനെതിരെ മുൻകരുതലെടുത്തു കഴിഞ്ഞാൽ യാതൊരു പ്രശ്നവും പിന്നീട് ഉണ്ടാവുകയുമില്ല. അത്യാവശ്യം അടിവളമായി ചാണകവും മേൽവളമായി പിണ്ണാക്ക് വളങ്ങളോ വെണ്ണീറോ ജീവാമൃതമോ രണ്ടു തവണ കൊടുക്കണം. കതിര് നിരക്കുന്നതിന് തൊട്ടുമുമ്പ് ചാഴിയെ അകറ്റാനുള്ള മത്സ്യാവശിഷ്ടം കലർന്ന വെള്ളമോ മറ്റെന്തെങ്കിലും ദുർഗന്ധമുള്ള കീടവിരട്ടിയോ പ്രയോഗിക്കണം. അത്രേയുള്ളൂ. വിളവിലൊന്നും ഒരു കുഴപ്പവും വരില്ല. ഇത് കർഷകർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്താൽ മതി. ഇതിനാണ് കൃഷി വകുപ്പ് ശ്രമിക്കേണ്ടത്.

Source : bit.ly/2WDLZuu Illias KP

 

Leave a Reply

Your email address will not be published. Required fields are marked *