നിയമങ്ങള്‍ കാറ്റില്‍ പറത്തി ക്വാറി മാഫിയ; കോഴിക്കോട് വനത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത് എട്ട് ക്വാറികള്‍
വനം വകുപ്പ് അനുമതി നിഷേധിച്ചിട്ടും ഖനനത്തിന് പരിസ്ഥിതി അനുമതി കിട്ടിയ ക്വാറികളും ഇക്കൂട്ടത്തിൽ പെടും.
കോഴിക്കോട് ജില്ലയിൽ നിയമങ്ങളെല്ലാം അട്ടിമറിച്ച് വനത്തിന്‍റെ 107 മീറ്റർ അടുത്ത് വരെ ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് രേഖകൾ. വനത്തോട് ചേർന്ന് ഏഴ് കരിങ്കല്‍ ക്വാറിയും ഒരു ചെങ്കല്‍ ക്വാറിയുമുണ്ട്. വനം വകുപ്പ് അനുമതി നിഷേധിച്ചിട്ടും ഖനനത്തിന് പരിസ്ഥിതി അനുമതി കിട്ടിയ ക്വാറികളും ഇക്കൂട്ടത്തിൽ പെടും. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കിയോ വിലക്കെടുക്കുകയോ ചെയ്തിട്ടാണ് ഉടമകള്‍ ഖനനത്തിന് പരിസ്ഥിതി അനുമതി നേടിയത്.
ഉദാഹരണത്തിന് വേണ്ടി കൊടിയത്തൂര്‍ വില്ലേജിലുള്ള പാലക്കല്‍ ഗ്രാനൈറ്റ്സെടുക്കാം. പരിസ്ഥിതി അനുമതി തേടിയുള്ള പാലക്കല്‍ ഗ്രാനൈറ്റ്സിന്റെ അപേക്ഷ 2017 ആഗസ്റ്റില്‍ കിട്ടിയ സമയത്ത് സ്ഥലം വനത്തോട് ചേര്‍ന്നാണെന്നും മിച്ചഭൂമിയാണോയെന്ന സംശയമുണ്ടെന്നും ഡി.എഫ്.ഒ അന്ന് ജില്ലാ കളക്ടറായിരുന്ന യു.വി ജോസിനെ രേഖാമൂലം അറിയിച്ചതാണ്. എന്നാല്‍ ഇത് മറികടന്ന് തൊട്ടടുത്തമാസം ഈ ക്വാറിക്ക് പരിസ്ഥിതി അനുമതി കൊടുത്തു. സര്‍ട്ടിഫിക്കറ്റില്‍ ക്വാറിക്ക് സമീപം വനമില്ലെന്നും രേഖപ്പെടുത്തി. പക്ഷെ വനം വകുപ്പിന്‍റെ രേഖകളില്‍ പാലക്കല്‍ ഗ്രാനൈറ്റ്സും വനവും തമ്മിലുള്ള അകലം 300 മീറ്റര്‍ മാത്രമാണ്.