Klimate ! Climate !
നമ്മൾ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിൽ
കോടതിയിലും തെരുവിലും ബഹളം വച്ച ദിവസങ്ങളിൽ,
ശാന്തി വനത്തിൽ ഒരു വലിയ കുന്തിരിക്ക മരം
മലർന്നു വീണു.
അപ്പോൾ
നമ്മൾ പ്രളയത്തെ എങ്ങിനെ അതിജയിച്ചതെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി
നെതർലാന്റിലേക്ക് വിമാനം കയറാൻ ഒരുങ്ങി.
ഇതിനിടയിൽ ലണ്ടനിൽ നിന്ന് ഒരു നല്ല വാർത്ത
വന്നത്
ചർച്ച ചെയ്യാൻ നമ്മൾക്കെവിടെ സമയം!
ഇപ്പോൾ
ലണ്ടനിലുളള പൊതുഗതാഗതം
‘പഠിക്കാൻ’ പോയ നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും
ആ വാർത്തയെ കുറിച്ച് വല്ലതും അറിഞ്ഞുവോ എന്തോ!
മെയ് 1ന് ബ്രിട്ടൺ
“കാലാവസ്ഥ അടിയന്തിരാവസ്ഥ”
പ്രഖ്യാപിച്ചു.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം
നല്ല കാലാവസ്ഥയ്ക്കും
സർവ്വജീവജാലങ്ങൾക്കും ഭൂമിക്കുമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്!
ഈ പ്രഖ്യാപനത്തിന്
പ്രേരണയായതോ
ഒരു സ്കൂൾ
കുട്ടി തുടങ്ങിവച്ച പഠിപ്പുമുടക്കു
സമരവും!
നമ്മൾ പരിസ്ഥിതി സമരങ്ങളെയും ക്യാമ്പയിനുകളെയും ഭീകരമുദ്ര ചാർത്തി
അടിച്ചമർത്തി
വമ്പൻ ‘വികസന’ പ്രവർത്തനങ്ങൾക്ക്
ലൈൻ വലിക്കുമ്പോഴാണ് ലണ്ടൻ
പുക കുഴലുകളെ
താഴെ ഇറക്കി വക്കാനുള്ള
അടിയന്തിര സമയമായന്ന്
ഓർമ്മപ്പെടുത്തുന്നത്.
നമ്മൾ A+ കിട്ടാൻ
കുട്ടികളെ മുറ്റത്തേക്കിറക്കാതെ
കെട്ടിയിട്ടപ്പോൾ
ലോകത്തിന്റെ നാനാഭാഗത്തുള്ള കുട്ടികൾ
തങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന അനുഗ്രഹീതമായ ഈ ഭൂമിയെ അതിന്റെ സർവ്വ സൗന്ദര്യത്തോടെ തിരിച്ചുപിടിക്കാനുള്ള സമരപന്തലിൽ ഇരിക്കുകയായിരുന്നു.
അതിന്റെ മുൻപന്തിയിലോ ഒരു പതിനാറുകാരി പെൺകുട്ടിയും!
ഗ്രേറ്റ തൻബർഗ്
എന്ന ആ മിടുക്കി
ലോകത്തെല്ലാ കുട്ടികളോടും അവൾക്കൊപ്പം ചേർന്ന് പഠിപ്പുമുടക്കാൻ ആവശ്യപ്പെട്ടു.
സ്വീഡനിലിരുന്ന് തുടങ്ങിയ ആ സമരത്തിന്റെ അലയൊലി
ലോകത്തിന്റെ എല്ലാ കോണിലുമെത്തി.
ഇംഗ്ലീഷിൽ പഠിക്കാനും പഠിപ്പിക്കാനും മത്സരിക്കുന്ന കേരളത്തിലെ സ്കൂളുകളിലെയും കോളേജിലെയും കുട്ടികളോ
രക്ഷിതാക്കളോ പക്ഷെ ഇംഗ്ലണ്ടിലെ ആ സമരത്തെ കേൾക്കാതെ പോയി!
എന്തൊരു വൈരുധ്യം!
ഗ്രേറ്റ തൻബർഗ്
തന്റെ സമരം തുടങ്ങിയിട്ട് മാസങ്ങളായി. ആഗോളതാപനത്തിന്റെയും കലാവസ്ഥ വ്യതിയാനത്തിന്റെയും ഏറ്റവും പ്രധാന കാരണമായി കണക്കാക്കുന്ന കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറക്കണമെന്നാവശ്യപ്പെട്ട് ഗ്രേറ്റ തന്റെ ക്ലാസ് മുറിക്ക് പുറത്ത് തുടങ്ങിയ സമരം ലോകം കണ്ട ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സമരങ്ങളിൽ ഒന്നായി തീർന്നിരിക്കുന്നു.
എത്ര വേഗമാണ് അത് ലോകത്തിന്റെ വിവിധ നാടുകളിലേക്ക് പടർന്നത്.
എല്ലായിടത്തും കുട്ടികൾ സമരത്തിനിറങ്ങി. ഗ്രേറ്റയുടെ
നേതൃത്വത്തിൽ ക്ലാസ് മുറികൾ ബഹിഷ്കരിച്ച കുട്ടികൾ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന്,
പരിസ്ഥിതി സൗഹൃദ ജീവിതരീതിക്ക് പുതുവെളിച്ചം നൽകി.
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ആഗോള താപനത്തെ കുറിച്ചും
ബ്രസൽസിലെ യൂറോപ്യൻ പാർലമന്റിന് മുന്നിൽ പരിസ്ഥിതി സമരത്തിന് നേതൃത്വം നൽകാനും ഒടുവിൽ ബ്രിട്ടീഷ് പാർലമന്റിൽ സംസാരിക്കാനും ഈ പതിനാറുകാരിക്ക് സാധിച്ചു.
ബ്രിട്ടീഷ് പാർലമന്റിലെ
ഗ്രേറ്റയുടെ പ്രഭാഷണമാണ്
ബ്രിട്ടനെ പെട്ടന്ന്
സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്.
2050 ഓടെ വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന ഹരിതഗൃഹവാഹതകങ്ങളടെ
തോത് zero യിൽ എത്തിക്കുക എന്നതാണ് അടിയന്തിരാവസ്ഥയുടെ ലക്ഷ്യം.
അതിനായി 2030 ഓടെ രാജ്യത്തെ ഫാക്ടറികളിൽ നിന്ന് പുക കുഴലുകൾ പൂർണ്ണമായും ഇല്ലാതാവും.
അതിനർത്ഥം ഫാക്ടറി പൂട്ടും എന്നല്ല !
കാർബൺ പുറത്തു വിടാത്ത
ഹരിത ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തി
ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ അപ്പോഴേക്കും വഴി കണ്ടെത്താൻ ശ്രമിക്കും.
ട്രംപ് പാരിസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങിയത് ഇത്തരുണത്തിൽ ഓർക്കണം.
35% എങ്കിലും കാർബൺ പുറം തള്ളൽ കുറക്കണം എന്ന വ്യവസ്ഥ പോലും പാലിക്കാതിരിക്കാനാണ് ട്രംപ് പാരീസ് ഉടമ്പടി കീറി കളഞ്ഞത്.
അപ്പോഴാണ് ബ്രിട്ടൺ
എടുത്തിരിക്കുന്ന തീരുമാനത്തിന്റെ ആഴവും പരപ്പും നമുക്ക് ബോധ്യമാവുക.
വരും നാളുകളിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഇത്തരം നല്ല വാർത്തകൾ വരുമന്ന്
പ്രതീക്ഷിക്കാം.
നിർഭാഗ്യവശാൽ ഈ ഇലക്ഷൻ സമയത്തു ഒരാൾ പോലും ഇതൊന്നും ചർച്ച ചെയ്തില്ല.
പ്രകടനപത്രികയിലൊന്നും ഒരു വരി പോലും ചേർത്തില്ല.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും
വരൾച്ചയും പിന്നെ ഗജയും ഒടുവിൽ ഫോനിയും ഇതുവഴി വന്നു പോയി.
എന്നിട്ടും നാം വയൽ നികത്താൻ വ്യാജരേഖയും
കുന്നിടിക്കാൻ പ്രത്യേക സിൻഡിക്കേറ്റും രൂപീകരിച്ച്
‘വികസനം ‘ വരുത്തുന്നു.
കാട് വെട്ടി റോഡുണ്ടാക്കാൻ
എത്ര പ്രൊജക്ടുകളാണ് ഈ സർക്കാർ അണിയറയിൽ
കോപ്പുകൂട്ടിയതന്നറിഞ്ഞാൽ
നാം ഞെട്ടും!
നിലമ്പൂർ കാട്ടിൽ മാത്രം
9 കി.മീ നിത്യഹരിത മഴക്കാട് വെട്ടി വയനാട്ടിലേക്ക് റോഡുണ്ടാക്കാൻ രണ്ട് പദ്ധതികൾ കലാസുപണി കഴിഞ്ഞ് ഇരിക്കുന്നുണ്ട്.
അതിനിടയിലാണ്
ശാന്തി വനത്തിലേക്ക് വഴിതെറ്റി(ച്ച്)
ഒരു ലൈൻ വരുന്നത്.
ലോകം പരിസ്ഥിതി സൗഹൃദ
രാഷ്ട്രീയത്തിലേക്ക്
ധൃതിപ്പെടുമ്പോൾ
നമ്മൾ ആചാരങ്ങൾക്ക് ഉപചാരം ചൊല്ലി
മുഖംപൊത്തി തപ്പി തടഞ്ഞു നടക്കുന്നു.
കഷ്ടം!
പിൻകുറി:
കഴിഞ്ഞ മാസം ചൈനയിലെ തെരുവിലൂടെ അലഞ്ഞു നടക്കുമ്പോൾ
റോഡിലെ തണൽമരങ്ങൾ കണ്ട് അന്ധാളിച്ച്
വീഡിയോ എടുത്ത് കുടുംബ ഗ്രൂപ്പിലിട്ടു.
KSEB എഞ്ചിനീയറായ അനിയൻ അപ്പോൾ ഒരു ചോദ്യം.
റോഡിൽ ഇലക്ട്രിക് ലൈനില്ലേ എന്ന്?
അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
ലൈനും ട്രാൻസ്ഫോർമറുമല്ലാം നമ്മുടെതിനെക്കാൾ കൂടുതലുണ്ട്.
പക്ഷെ ലൈൻ മുഴുവൻ മരങ്ങൾക്കിടയിൽ!
ക്യാബിൾ ആണന്ന് മാത്രം.
അതിനുള്ള അധിക ചെലവിനേക്കാൾ മൂല്യമുണ്ട് മരങ്ങൾക്കെന്ന് വായു മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ ചൈനക്കിപ്പോൾ അറിയാം!
Hamidali Vazhakkad