കേരളം പ്ലാസ്റ്റിക് നിരോധനം വ്യാപിപ്പിക്കും

പ്ലാസ്റ്റിക് നിരോധനം ഏതെല്ലാം തലങ്ങളിൽ നടപ്പാക്കാനാവുമെന്നത് പരിശോധിക്കുമെന്ന് കേരള സർക്കാർ. ഹരിത കേരളം മിഷന്റെ അവലോകന യോഗത്തിൽ മുഖ്യമന്ത്രിയാണ് ഇത് അറിയിച്ചത്. ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കണം. നദികളിലെ മാലിന്യനീക്കം ഉൾപ്പെടെയുള്ള ഹരിതകേരളം പദ്ധതികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. വെള്ളത്തിന്റെ ഗുണനിലവാരപരിശോധനയ്ക്കായി ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലാബുകൾ ആരംഭിക്കാവുന്നതാണ്. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളെ വിവിധ വകുപ്പുകൾ ഗൗരവത്തോടെ കാണണം. ഇതിന്റെ പ്രവർത്തനങ്ങൾ വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും അവലോകനം ചെയ്യണം.

ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം. മികച്ചരീതിയിൽ മാലിന്യം നീക്കം ചെയ്യുന്ന കേന്ദ്രങ്ങൾക്ക് അവാർഡുകൾ നൽകണം. പ്രാദേശിക തലത്തിൽ പ്രചാരണത്തിന് പ്രാധാന്യം നൽകണം. മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പ്രചാരണത്തിന്റെ ഭാഗമാക്കണം. ഇവർക്ക് പ്രത്യേക മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകാവുന്നതാണ്. വീടുകൾ, കെട്ടിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മഴവെള്ള ശേഖരണത്തിന് പ്രാമുഖ്യം നൽകണം. ഇതിന്റെ പ്രവർത്തനങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്ന് ആരംഭിക്കാം.

ആരോഗ്യ വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കണം. തോട്ടങ്ങളിലും വീടുകളിലും കൃഷി നടത്താം. യശസ്സുള്ള, വിശ്വസ്തമായ ആയുർവേദ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാവുന്നതാണ്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ആവശ്യമായ വൃക്ഷത്തൈകൾ വനംവകുപ്പ് ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *