മലകളും പുഴകളും പ്രമുഖർ കൊണ്ടുപോയി; എല്ലാം കയ്യീന്ന് പോയി
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വന്നൊരു പഠനത്തിൽ വായിച്ചത് ഇനിയീ ദുരന്തത്തിനു നിവാരണമൊന്നും ഇല്ല, ഇതു കയ്യിൽ നിന്നും പോയി എന്നാണ്.
പഴുത്തു വീഴുമ്പോഴാണ്, മഞ്ഞ നിറത്തിലാണ് ഇലയുടെ പച്ചഞരമ്പുകള്‍ തെളിഞ്ഞു കാണുക. നശിപ്പിക്കപ്പെട്ടപ്പോള്‍ പ്രകൃതി നമ്മുടെ കണ്‍മുന്നില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നതു പോലെ. താറുമാറായ പ്രകൃതി-മനുഷ്യ ജീവിതമല്ലാതെ വേറെ ഒന്നുമല്ല ഇത്തകർന്നു വീഴുന്നതും പൊട്ടിയൊലിക്കുന്നതും. ‘ആളുകൾ കൈകൊണ്ടു സമ്പാദിച്ചു കൂട്ടിയതാണ് കരയിലെയും കടലിലേയും അനർത്ഥങ്ങൾ’. സ്വയം കൃതാനർത്ഥങ്ങൾ.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വന്നൊരു പഠനത്തിൽ വായിച്ചത് ഇനിയീ ദുരന്തത്തിനു നിവാരണമൊന്നും ഇല്ല, ഇതു കയ്യിൽ നിന്നും പോയി എന്നാണ്. പരിഹരിക്കാവുന്ന പാളിച്ചകളും കേടുപാടുകളുമല്ല ഇത്രയും കാലം കൊണ്ട് നാം വരുത്തിയിട്ടുള്ളത്. അതുകൊണ്ട് ഇനി പ്രതിരോധമൊന്നുമില്ല. ജീവിച്ചു തീർക്കുക. കുത്തിയൊലിച്ചു വരുമ്പോൾ തടുക്കാനൊന്നുമാകില്ല, അതുവരെ ഭയന്നു സന്തോഷം കളയാതെ ജീവിക്കുക എന്നാണൊരു പക്ഷം അഭിപ്രായപ്പെടുന്നത്.
‘വായിക്കുവാന്‍ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം. അകലങ്ങളില്‍ അതിവൃഷ്ടികള്‍, അത്യുഷ്ണങ്ങള്‍, അഭയാര്‍ഥികളുടെ ആര്‍ത്തമാം പ്രവാഹങ്ങള്‍, അകലങ്ങളില്‍ അഗ്നി ബാധകള്‍..’. പത്രത്തിൽ മാത്രം കാണുന്നവയും അകലങ്ങളിൽ സംഭവിക്കുന്നവയുമായിരുന്നു നമുക്ക് ഏറെക്കുറെ ദുരന്തങ്ങളെല്ലാം. ഇപ്പോൾ നോക്കൂ, ഇപ്പോൾ എല്ലാം നമ്മുടെ വീട്ടിൽ, നാട്ടുമുറ്റത്ത്. നമ്മൾ വളരേ വളർന്നിരിക്കുന്നു..!
തിരുവള്ളൂരിൽ എന്റെ ഗ്രാമവാസികൾ ഒരു ക്വാറിക്കെതിരെ സമരം ചെയ്യുന്നതിനെ പറ്റി വാർത്തകൾ വന്നിരുന്നു. ഞാനത് അത്ര കാര്യമാക്കിയിരുന്നില്ല. രാഷ്ട്രീയം പേടിയായ നമ്മുടെ പാർട്ടികൾക്കെല്ലാം ഇയ്യിടെ ജീവകാരുണ്യവും പരിസ്ഥിതി സ്നേഹവുമാണല്ലോ പ്രധാന ആകർഷണം. പക്ഷേ..ഇക്കുറി മഴ തുടങ്ങിയ അന്നു തന്നെ അവിടെ ഉരുൾപൊട്ടി. നാട്ടുകാർ ബേജാറായി. വാട്ട്സാപ്പ് ഗ്രൂപ്പുകൾക്ക് ജീവൻ വെച്ചു.
എറണാകുളത്തു കവിയമ്മ വി.എം ഗിരിജയുടെ സ്നേഹം നുകരാൻ കുട്ടികളെയും കൊണ്ട് ചെന്നപ്പൊ അവിടത്തെ പുരക്കാരൻ സി.ആർ തിരുവള്ളൂരിലെ ക്വാറി സമരം എന്തായെന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നാട്ടിലെ സാധാരണക്കാർക്കു നിയമം കൊണ്ട് പൂട്ടാൻ കഴിയുന്നൊരു കൂട്ടരല്ല അവിടെ പാറ തുരക്കുന്നത്. ഉന്നതങ്ങളിലെ അവരുടെ പിടുത്തം വിടുവിക്കാൻ നാട്ടിലെ പാവങ്ങളെ കൊണ്ട് പറ്റില്ല. പാറ പൊളിച്ചു കടത്താൻ അവർക്ക് പെർമിറ്റ് ഉണ്ട്. നിങ്ങൾക്കിപ്പൊ ചെയ്യാവുന്നത് അവരുടെ വാഹനങ്ങൾ സാധാരണ ജനങ്ങളുടെ പോക്കുവരുത്തു നടക്കുന്ന റോഡുകൾ തകർത്തു കളയുന്നു എന്ന കാരണം പറഞ്ഞു അവരെ വഴി തടയുക മാത്രമാണ്. എന്റെ നാട്ടിൽ ഇത്രയും വലിയ പ്രകൃതി ചൂഷണമോ എന്ന അതിശയം കൊണ്ട് ഞാനുമതൊന്നു കാണാൻ പോയിരുന്നു. കണ്ടതിന്റെ സാമ്പിളുകൾ ഇവിടെ വെക്കുന്നു.
നാലഞ്ചുകൊല്ലം മുമ്പ് ഞങ്ങളുടെ രണ്ടു പഞ്ചായത്ത് അപ്പുറമുള്ള പ്രദേശത്തെ ഒരു പൊതുപ്രവർത്തകൻ പങ്കുവെച്ച അനുഭവമുണ്ട്. ഒരു യുവജന സംഘടനയുടെ പ്രാദേശിക ഭാരവാഹിയാണവൻ. പാർട്ടി പിരിവുമായി നടക്കുമ്പോൾ ഒരു കൂട്ടർ വന്നു. ദാനം കിട്ടുന്ന നൂറും ഇരുനൂറും കൂടിയാൽ അഞ്ഞൂറും കൊണ്ട് ഉദ്ദേശിച്ചതിന്റെ പകുതിയോ അതിലും കുറവോ പിരിഞ്ഞു കിട്ടാറുള്ള മുൻ കാല പിരിവനുഭവങ്ങൾ ഉള്ള അവൻ ആ പുതിയ കൂട്ടർ നൽകിയ ചെക്ക് കണ്ടു അന്തം വിട്ടുപോയി. അഞ്ചുലക്ഷം രൂപ. ഇതിപ്പൊ വെച്ചോളീൻ, ഇനിയും ആവശ്യങ്ങൾ വരുമല്ലോ അപ്പൊ നോക്കാം, ഇപ്പൊ വരുമാനമൊക്കെ കുറവാണ് എന്നൊരു വാഗ്ദാനവും അവരവനു നൽകി. അവരുമായവൻ സംസാരിച്ചു. അവർ പ്രദേശത്ത് ഒരു ചെറിയ ക്വാറി തുടങ്ങിയിട്ടുണ്ട്. പ്രാദേശികമായി എതിർപ്പൊക്കെ വരികയാണെങ്കിൽ ഒന്നു തടുക്കണം. അതാണവർക്കു വേണ്ടത്. എന്റെ കൂട്ടുകാരൻ രണ്ടു കാര്യങ്ങൾ തിരിച്ചു ചോദിച്ചു. പ്രാദേശികമായി എതിർപ്പു വരുമ്പോൾ ഞങ്ങൾക്കു നാട്ടുകാരെ പറഞ്ഞു പിന്തിരിപ്പിക്കാനാകും. ശരിതന്നെ. പക്ഷേ മുകളിൽ നിന്നുള്ള ഓർഡറുകൾ വന്നാലോ..? കൂടിയ ആത്മവിശ്വാസത്തോടെ ആ സംഘം എന്റെ സുഹൃത്തിനു കൊടുത്ത മറുപടി അതൊന്നും വരില്ല, അതിനു വേണ്ടതൊക്കെ ചെയ്തിട്ടുണ്ട് എന്നതായിരുന്നു. മറ്റൊരു കാര്യം കൂടി സ്വഭാവികമായ ജിജ്ഞാസ മൂലം അവൻ ചോദിച്ചു. പ്രദേശത്തെ മറ്റു യുവജന സംഘടനകളോ..? അതിനുമവർ ഒത്തൊപ്പിച്ചൊരു മറുപടി നൽകി. അവനു കിട്ടിയ അഞ്ചുലക്ഷത്തിലും കൂടിയ തുക അവരൊക്കെ എന്നേ കൈപ്പറ്റിപ്പോയിരിക്കുന്നു എന്നതായിരുന്നു അതിന്റെ ആകത്തുക.
നാടൊട്ടുക്കും ഇതൊക്കെയാണിപ്പൊ നടപ്പ്. നമുക്ക് സങ്കല്പിക്കാവുന്നതിനേക്കാൾ വലുപ്പവും വ്യാപ്തിയുമുണ്ട് നമ്മുടെ വയലുകളും മലകളും പുഴകളും എടുത്തു ലോറിയിൽ വെച്ചു കൊണ്ടുപോകുന്നവർക്കെന്നു ചുരുക്കം. നമ്മളു തന്നെയാണ് അവരുടെ പറ്റുകാർ. നമ്മുടെ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് പെട്ടെന്നുണ്ടായ ധനശേഷി അവരുടെ സംഭാവനയാണ്. സർവനാശത്തിന്റെ ഈ കൂട്ടുകൃഷി മൂലമുള്ള ആപത്തിനെ, -നോർത്ത് ഈസ്റ്റിലെ കാടുതുരപ്പന്മാരെ പറ്റിയെഴുതിയ ലേഖനത്തിൽ അരുന്ധതി റോയി നിൽക്കക്കള്ളിയില്ലാത്ത ഗതികേട് എന്നു വളരെ മുമ്പേ വിളിച്ചിട്ടുണ്ട്.
ഇപ്പോൾ മഴ തിമിർക്കുകയും ആണികൾ ഇളകിപ്പോയ ഭൂമി പിളർന്നു വരികയും ചെയ്യുമ്പോൾ നമുക്ക് ശരിക്കും ബോധ്യമാകുന്നുണ്ട് നാമകപ്പെട്ട നിൽക്കക്കള്ളിയില്ലാത്ത ഗതികേട്.
സ്വര്‍ഗവും നരകവും പാതാളവും ഭൂമിയുമായി തിരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ അക്കിത്തമെഴുതിയിട്ടുണ്ട്. എനിക്കു മാനഹാനിക്കായ് ഇല്ല കാരണമൊന്നുമേ ക്ഷമ യാചിക്കുന്നതിത് എന്നെപ്പെറ്റ ഭൂമിയോടല്ലി ഞാന്‍. മാപ്പു പറഞ്ഞു യാചിക്കുക. പ്രകൃതി ശക്തി കനിഞ്ഞേക്കും. അല്ലെങ്കിലോ..? അല്ലെങ്കിൽ..അതു പറയാൻ മഹ്മൂദ് ദർവേശിന്റെ ആ ഒരൊറ്റ വരി മതി. ഭൂമി നമ്മളിൽ തന്നെ അവസാനിക്കും.
Source: mediaonetv.in