വലിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ഉരുള്‍പൊട്ടലിന് കാരണമായെന്ന് മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വീഴ്ചയാണ് സംസ്ഥാനത്ത് വീണ്ടും പ്രളയത്തിന് കാരണമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിനു തെറ്റുപറ്റിയെന്നും ഭൂവിനിയോഗത്തിലെ പാളിച്ചകള്‍ രൂക്ഷമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെയും വെള്ളത്തിന്‍റെയും വിനിയോഗത്തിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെന്നും ഒരു വിഭാഗത്തിന്‍റെ താൽപര്യം സംരക്ഷിക്കാനായി പൊതുസമൂഹത്തിന്‍റെയും പരിസ്ഥിതിയുടെയും ഭാവി സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ.

വലിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ കേരളത്തില്‍ നിര്‍ബാധം അനുമതി നല്‍കുകയാണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങള്‍ ഇല്ലാത്തതല്ല, മറിച്ച് നിയമങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ് കാരണം. ഇതിന് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ചെറിയ വിഭാഗത്തിന്റെ താല്‍പര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. പൊതുജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണമെന്നും പരിസ്ഥിതി അനുകൂല നിലപാടുകളുണ്ടാകണമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന യുഡിഎഫും ഒന്നിച്ചെതിര്‍ത്തു. ക്രൈസ്തവ സഭകളും റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു. റിപ്പോര്‍ട്ട് ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമെന്ന് പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധങ്ങള്‍, കൂട്ടായ്മകള്‍, പാര്‍ലമെന്‍റിനകത്തും പുറത്തും സമരങ്ങള്‍, ഗാഡ്ഗിലിനെ എല്ലാവരും ഒറ്റപ്പെടുത്തി. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു വി എന്‍ ഗാഡ്ഗില്‍. വ്യത്യസ്ത സോണുകളായി തിരിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്.

Courtesy: Media Reports

Leave a Reply

Your email address will not be published. Required fields are marked *