പ്രളയ കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച
ഡാമുകൾ തുറന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
കേരളം കണ്ട മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും അമിക്കസ് ക്യൂറി അഡ്വ. അലക്സ് പി ജേക്കബ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.
Also read: പ്രളയത്തിന് കാരണം അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടത്: മാധവ് ഗാഡ്ഗില്‍
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അണകെട്ടുകൾ തുറന്നുവിട്ടത്. തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടുകൾ തുറക്കുന്നതിന് മുമ്പ് ഓറഞ്ച് , റെഡ് അലർട്ടുകൾ പുറപ്പെടുവിക്കുകയും മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. എന്നാൽ ഇതൊന്നും ഡാം മാനെജുമെന്റ് പരിഗണിച്ചില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുമെത്തിയ റിപ്പോർട്ടുകളോ മുന്നറിയിപ്പുകളോ സർക്കാർ കൃത്യമായി പരിഗണിച്ചിരുന്നില്ല. കേരളത്തിൽ പെയ്ത മഴയുടെ അളവ് തിരിച്ചറിയാൻ കേരളത്തിലെ സംവിധാനങ്ങൾക്കും വിദഗ്ദ്ധർക്കും സാധിച്ചില്ല.
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെടുന്നു.