പ്രളയം, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം – ഡോ. എസ് ഫൈസി
‘പന്ത്രണ്ടു മണിക്കൂറിൽ ഇരുന്നൂറു മില്ലി മീറ്റർ മഴ ഒരു പ്രത്യേക പ്രദേശത്തു പെയ്താൽ എത്ര വലിയ വനവിസ്തൃതി കൊണ്ടും അതിനെ പ്രതിരോധിക്കാനാകില്ല’.
തുടർച്ചയായി രണ്ടാം വർഷവും കേരളം അതിഭീകരമായ പ്രളയത്തിന്റെ പിടിയിലമരുമ്പോൾ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക എന്നത് പെട്ടെന്നുള്ള പുനരധിവാസത്തിനും പുനർജീവിതത്തിനും മാത്രമല്ല മുന്നോട്ടുള്ള വികസന സമീപനങ്ങൾ ആവിഷ്കരിക്കുന്നതിനും വളരെ നിർണ്ണായകമാണ്. പ്രളയം ഒരു വാർഷിക പ്രതിഭാസമായി മാറുകയും നിരവധിയാളുകളുടെ ജീവനെടുക്കുകയും വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾ മുന്നോട്ടുള്ള ചുവടുവയ്പുകൾ ശ്രദ്ധയോടുകൂടിയവയാകണം. പ്രളയത്തിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ ഇത് മനുഷ്യനിര്‍മ്മിതം ആണെന്നതിൽ തർക്കമില്ല. പക്ഷെ വന വിസ്തൃതിയുടെ കുറയൽ, ജലത്തെ ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ കഴിവില്ലായ്മ, ഭൂമി കയ്യേറ്റങ്ങൾ, പാറമടകൾ, അശാസ്ത്രീയമായ കെട്ടിട നിർമ്മാണ രീതികൾ, നീർത്തടം നികത്തലുകൾ തുടങ്ങി നിരവധിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഡാമുകളുടെ പങ്കും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ ഇവയുടെ എല്ലാം പങ്ക് ഭാഗികമാണ് എന്നും യഥാർത്ഥ വില്ലൻ ആഗോള താപനവും അത് സൃഷ്ടിക്കുന്ന വലിയ അളവിലുള്ള കാലാവസ്ഥാ വ്യതിയാനവും ആണെന്നാണ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കാലാവസ്ഥാ വിദഗ്ധനുമായ ഡോക്ടർ എസ് ഫൈസി പറയുന്നത്. ആഗോള പരിസ്ഥിതി നയരൂപീകരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ആഗോള പ്രസ്ഥാനങ്ങളിലും സജീവമായ ഫൈസി എത്തോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ്.
തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രളയത്തിന്റെ പിടിയിലമരുകയാണ്. വ്യാപകമായ നാശനഷ്ടങ്ങൾ. മരണങ്ങൾ. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വനനശീകരണവും കയ്യേറ്റങ്ങളും മനുഷ്യരുടെ ആർത്തിയുമാണ് ഇതെല്ലാം വരുത്തിവയ്ക്കുന്നത് എന്നാണ് പൊതുവിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്താണ് വസ്തുത?
കാട്, പുഴകൾ, മലകൾ, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ മേലെല്ലാം അതികഠിനമായ ചൂഷണം കേരളത്തിൽ നടക്കുന്നുണ്ട്. സ്വാഭാവികമായും പ്രളയം ഉണ്ടാകുമ്പോൾ അത്തരം പ്രവർത്തനങ്ങളുടെ പ്രത്യഘാതം അതിൽ പ്രതിഫലിക്കുകയും ചെയ്യും. പ്രാദേശിക സമൂഹങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും അനിയന്ത്രിതമായ ചൂഷണങ്ങളും ദുരന്തങ്ങളുടെ ആഘാതം നിശ്ചയമായും കൂട്ടിയിട്ടുണ്ട്. എന്നാൽ കേരളം നിലവിൽ സാക്ഷ്യം വഹിക്കുന്ന പ്രളയത്തിന്റെ കാരണം വനവിസ്തൃതി കുറയുന്നതോ വയലുകൾ നികത്തപ്പെടുന്നതോ അല്ല. ഈ പറയുന്നതിനര്‍ത്ഥം കയ്യേറ്റക്കാരെയും ഭൂമാഫിയകളെയും ന്യായീകരിക്കുക എന്നതല്ല. തീർച്ചയായും അവരുടെ ഇടപെടലുകൾ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണം ആക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം വിവാദങ്ങൾക്കും പഴിചാരലുകൾക്കും ഇടയിൽ നമ്മൾ കാണാതെ പോകുന്നത് ആഗോള താപനം ഉയർത്തുന്ന വെല്ലുവിളിയാണ്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കേരളത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചെറിയ കാരണങ്ങൾ തേടിപ്പോകുമ്പോൾ നമ്മൾ അഡ്രസ് ചെയ്യാൻ വിട്ടുപോകുന്ന വിഷയം ഇതാണ്. കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. അതിന്റെ കാരണങ്ങൾ ചികയുകയും ശാസ്ത്രീയവും നീണ്ടകാലത്തിലുള്ളതുമായ പ്രതിരോധങ്ങൾ ആവിഷ്കരിക്കുകയുമാണ് വേണ്ടത്. ശരിയായ രോഗ നിർണ്ണയവും ചികിത്സയുമാണ് വേണ്ടത്.