നിങ്ങളറിഞ്ഞോ കേരളത്തിന്‍റെ ഈ മാറ്റങ്ങൾ?

കേരളം പുതിയൊരു ‘ഭിന്നകാലാവസ്ഥാ’ പ്രദേശമായി മാറുന്നു. കൺമുന്നിലെ സൂചനകൾ നൽകുന്ന പാഠം ഇതാണ്: മഴത്തുള്ളികളെ മണ്ണിലിറക്കിയും ജലസ്രോതസ്സുകളെ സംരക്ഷിച്ചും നാടിന്റെ നനവും പച്ചപ്പും നിലനിർത്തുക.
പറന്നെത്തുന്നു, മയിലും ദേശാടനപ്പക്ഷികളും
മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന പലയിനം ദേശാടനപ്പക്ഷികൾക്കു കേരളം ഇപ്പോൾ ഇഷ്ടഭൂമി. കുമരകത്തു ചരിത്രത്തിലാദ്യമായി വർണക്കൊക്ക് (പെയിന്റഡ് സ്റ്റോർക്) കൂടുകൂട്ടി; അതും 250 എണ്ണം. ഉത്തരേന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന ‘റോസി പാസ്റ്റർ’ പക്ഷികൾ കോട്ടയം തിരുനക്കരയിലും മറ്റും 500 എണ്ണം വരെ കാണപ്പെട്ടതായി പക്ഷിനിരീക്ഷകർ.‌ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന മയിലും ഇപ്പോൾ കേരളത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു.
ക്രമംതെറ്റി കാർഷിക കലണ്ടർ
കേരളത്തിന്റെ പഴയ കാർഷിക കലണ്ടർ അനുസരിച്ചു നെൽകൃഷി ചെയ്യാനാവാത്ത സ്ഥിതിയായെന്നു ഡോ. എം.എസ്. സ്വാമിനാഥൻ അടക്കമുള്ള ശാസ്ത്രജ്ഞർ. ഡിസംബറിൽ പൂവിടേണ്ട മംഗോസ്റ്റിൻ, ജാതി എന്നിവ ഈ വർഷം പൂവിട്ടതു ഫെബ്രുവരിയിൽ. തേനീച്ചകൾക്കു ചൂടുമൂലം രോഗം, തേനുൽപാദനം കുറയുന്നു.
മുരിങ്ങയും ചക്കയും
ഈ വേനൽക്കാലത്തും ചക്കയും മുരിങ്ങയും സമൃദ്ധമായി പൂവിടുന്നു. കാരണം: ചൂടേറി അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവു കൂടിയതോടെ പല വിളകളുടെയും ഫലങ്ങളുടെയും ഉൽപാദനം പുഷ്ടിപ്പെട്ടു. തണുപ്പു തേടി പല പർവത സസ്യങ്ങളും ഉയരമുള്ള പ്രദേശങ്ങളിലേക്കു മാറുന്നു.
കാടുവിട്ട് വന്യജീവികൾ
കാടുവിട്ട് വന്യജീവികൾ വെള്ളവും പച്ചത്തീറ്റയും തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. അവയുടെ ആക്രമണം വ്യാപകമാകുന്നു. ‌ചൂടു കൂടി വനത്തിൽ കാട്ടുതീ വ്യാപകമാകുന്നതും പലായനത്തിനു കാരണമാകുന്നു.
രാജവെമ്പാലകൾ നാട്ടിലേക്കിറങ്ങുന്നു
കാരണം: വിയർപ്പിലൂടെ ചൂടുനിയന്ത്രിക്കാൻ മനുഷ്യനു കഴിയുന്നതുപോലെ പാമ്പുവർഗത്തിൽപെട്ട ജീവികൾക്കു കഴിയില്ല. അതിനാൽ മനുഷ്യവാസ മുള്ള ഇടങ്ങളിലെ തണുപ്പു തേടി ഇവയെത്തുന്നു.
മഴ മാറി, കൃഷിയും
മൺസൂണിന്റെ കവാടം തിരുവനന്തപുരത്തുനിന്നു വടക്കോട്ടു നീങ്ങി കോഴിക്കോടും മംഗലാപുരവുമായി. ഓരോ വർഷവും മഴയുടെ തോതിൽ ഏറ്റക്കുറച്ചിൽ. അന്തരീക്ഷത്തിലെ രാസമലിനീകരണം മൂലം മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം കുറയുന്നു. ഇതു കൃഷിക്കു ദോഷകരം.
ചൂടു കൂടുന്നു
കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോവർഷവും 0.01 ഡിഗ്രി വീതം കൂടുന്നതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. പാലക്കാട്ടു കഴിഞ്ഞ വർഷം ഏപ്രിലിൽ 41. 8 ഡിഗ്രി എന്ന റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ആറു പതിറ്റാണ്ടിനിടെ 0.99 ഡിഗ്രി ശരാശരി താപനില ഉയർന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള ഉഷ്ണതരംഗവും (ഹീറ്റ് വേവ്) സൂര്യാതപവും കേരളത്തിലും പതിവായി. കാലാവസ്ഥാ മാറ്റം ഏറ്റവും പ്രകടമായ മാറ്റം വരുത്തുന്ന ജില്ല വയനാട്. ഇവിടെ 2012 മാർച്ച് അവസാനം കൂടിയ ചൂട് 25.3 രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വർഷം അത് 34. 2 ഡിഗ്രി.
ഉറക്കമില്ലാത്ത രാത്രികൾ
കാരണം: രാത്രി താപനില ഉയരുന്നത്. ചൂടുമായി പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ ക്രമീകരണം താളം തെറ്റുന്നു. ഇതു ജീവിത താളത്തെ (സിർക്കേഡിയൻ റിതം) ബാധിച്ചു മനുഷ്യന്റെ പെരുമാറ്റത്തിൽ തന്നെ മാറ്റം ഉണ്ടാക്കാൻ സാധ്യത.
കോഴഞ്ചേരിയിൽ കല്ലുമ്മക്കായ
പെരിയാറ്റിലും കോട്ടയത്തു പേരൂരിലും ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം. പാലായ്ക്കു കിഴക്കു ഭരണങ്ങാനത്തു കായൽമൽസ്യമായ കരിമീനിനെ കണ്ടെത്തി. കോഴഞ്ചേരി പാലത്തിൽ കടൽജീവിയായ കല്ലുമ്മക്കായ ഏതാനും വർഷം മുമ്പു കണ്ടെത്തി. തിരണ്ടിയെ കേരളത്തിലെ പല നദികളിലും കാണുന്നു. കുമരകത്തു ജനുവരിയിൽ ആമകൾ വ്യാപകമായി ചത്തുപൊങ്ങിയതു പുളിവെള്ളം (അസിഡിറ്റി) മൂലമാകാൻ സാധ്യത.
ഇടിമിന്നൽ, വൻമഴത്തുള്ളി
തുള്ളിവലുപ്പം വർധിച്ചു മഴയുടെ സംഹാരശേഷി കൂടി. ഇടിമിന്നലിന്റെ വർധന മറ്റൊരു പ്രധാന മാറ്റം.
മാമ്പഴക്കാലം
ഇപ്പോൾ ഏതു സീസണിലും കേരളത്തിൽ മാവു പൂക്കുന്നു. നല്ല കാര്യം. പക്ഷേ, ഇതും ചൂടു കൂടുന്നതിന്റെ ഫലമാണ്. കാരണം: ഫലവൃക്ഷങ്ങളിലെ താപസൂചകങ്ങളായ ‘സെൻസറുകൾ’ സജീവമാകുന്നത്.
വിഷാദം, പുതിയ രോഗങ്ങൾ, വൈറസ്
മനുഷ്യരിലെ പെരുമാറ്റ വ്യത്യാസങ്ങൾക്കും വിഷാദരോഗത്തിന്റെ വ്യാപനത്തിനും അന്തരീക്ഷത്തിലെ മാറ്റം കാരണമാകുന്നതായി സൂചന. ജനിതകമാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും മാറ്റത്തിന്റെ മറ്റൊരു ലക്ഷണം. ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ കൂടുന്നു. ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കാണപ്പെടുന്ന പല കൊതുക് ഇനങ്ങളും ഇവിടേക്കും എത്തുന്നു. ചിക്കുൻഗുനിയ, എച്ച് 1 എൻ 1, സിക്കാ വൈറസ്, ജപ്പാൻ ജ്വരം പരത്തുന്ന വൈറസ് എന്നിവ കേരളത്തിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
മരുഭൂമിയാകുന്നു
ഇടുക്കി ജില്ലയിലെ രാമക്കൽമേട്, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ സ്‌ഥലങ്ങളിലെ 450 ചതുരശ്ര അടി ഭൂമി കള്ളിമുൾച്ചെടി മാത്രം വളരുന്ന തരിശുനിലമായി. തമിഴ്നാട്ടിലെ വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ മാത്രം വളരുന്ന പല സസ്യങ്ങളും കുറ്റിച്ചെടികളും കുറച്ചുവർഷങ്ങളായി രാമക്കൽമേട്ടിൽ തഴച്ചുവളരുന്നുണ്ട്. കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ 1984 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46 ശതമാനം വർധിച്ചതായി കണ്ടെത്തി.
കേരനാട്ടിൽ ഓറഞ്ചും കാബേജും
ഓറഞ്ച് ഇപ്പോൾ കേരളത്തിൽ പലയിടത്തും വളരുന്നു. മഴനിഴൽ പ്രദേശമായ മറയൂരും വട്ടവടയിലുമുള്ള ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്ലവറും കേരളത്തിലെവിടെയും വിളയുമെന്ന സ്ഥിതി വന്നതും കാലാവസ്ഥാമാറ്റം മൂലം. വിഷുവിനു മാത്രം പൂത്തിരുന്ന കൊന്ന ഇപ്പോൾ ഏതുകാലത്തും കാണാം.
എവിടെ തവളകൾ?
തവളകളുടെ എണ്ണം കുറയുന്നു. മത്തി കേരളത്തിന്റെ കടൽത്തീരം വിടുന്നു.
പുഴമീൻ കുറയുന്നു
കാരണം: വെള്ളത്തിന്റെ അമ്ലസ്വഭാവം കൂടുന്നത് അവയുടെ നിലനിൽപിനെ ബാധിക്കുന്നു
പാൽ കുറയുന്നു
ചൂടു മൂലം പാൽ ഉൽപാദനം കുറയുന്നു. സങ്കര ഇനം വളർത്തുമൃഗങ്ങൾക്കു ശീതീകരണ സംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി.
(മനോരമ bit.ly/2oDL7VP)

Leave a Reply

Your email address will not be published. Required fields are marked *