കവളപ്പാറ: തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേര്‍ക്കാഴ്ച

അലി തുറക്കല്‍ | Published on mediaonetv.in

കുത്തിയൊലിച്ചെത്തിയ കാലവര്‍ഷത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. നിമിഷ നേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഒരായുസ്സിന്‍റെ സമ്പാദ്യം മുഴുവന്‍ കണ്മുന്നില്‍ ഒലിച്ച് പോകുന്നത് നിസ്സഹായതയോടെ നേക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരുമായി പതിനായിരങ്ങളുണ്ട് ഇവിടങ്ങളില്‍. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ നിറകണ്ണുകളുമായി കാത്തിരിക്കുന്നവര്‍. മണ്ണിനടിയില്‍‌ നിന്ന് പുറത്തെടുക്കുന്ന ഓരോ ശരീരവും തങ്ങളുടെ ഉറ്റവരുടേതാണെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തകരുടെ അടുത്തേക്ക് അവര്‍ ഓടിയടുക്കുന്നു. അങ്ങനെ കാണുന്ന കാഴ്ചകളെല്ലാം നെഞ്ച് പൊള്ളിക്കുന്നവയാണ്.

 കവളപ്പാറ: തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേര്‍ക്കാഴ്ച

നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്കാണ് മുത്തപ്പന്‍ മല ഇടിഞ്ഞ് താഴ്ന്നത്. കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ കവളപ്പാറ മണ്ണിനടിയിലായി. ഒപ്പം കുറേയേറെ മനുഷ്യ ജീവനുകളും അവരുടെ സ്വപ്നങ്ങളും. ആഗസ്ത് 8 ന് രാത്രി 7.30 ഓടെയാണ് ദുരന്തമുണ്ടാകുന്നത്. എന്നാല്‍ പിറ്റേ ദിവസം 10 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്ക് ഇരുപതടിയിലധികം താഴ്ച്ചയിലേക്കാണ് മണ്ണ് പതിച്ചത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മഴ മാറി നിന്ന ഒരു പ്രഭാതത്തിലാണ് ഞാനും സുഹൃത്തായ ഖാദറും അവിടേക്ക് പുറപ്പെടുന്നത്. വീട്ടില്‍ നിന്നും ഏകദേശം 80 കിലോമീറ്ററിലധികം ദൂരമുണ്ട് കവളപ്പാറയിലേക്ക്. ഏകദേശം രണ്ട് മണിയോടെ ഞങ്ങള്‍ അവിടെയെത്തി. ഒരു സമയം ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന വളരെ ഇടുങ്ങിയ ഒരു റോഡാണ് കവളപ്പാറയിലേക്കുള്ളത്. ഒട്ടേറെ വളവുകളും തിരിവുകളുമുള്ള ഒരു ചെറിയ വഴി. പോകുന്ന വഴില്‍ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. എല്ലയിടത്തും കയറി. ആവുന്ന രീതിയില്‍ സഹായിച്ചു. ഇതിലും വലിയതൊന്നും ഇനി വരാനില്ല എന്ന ഭാവമായിരുന്നു എല്ലാ ദൈന്യ മുഖങ്ങളിലും.

 കവളപ്പാറ: തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേര്‍ക്കാഴ്ച

നിസ്സഹായരായ ഒട്ടനവധി മനുഷ്യര്‍ ഓരോ ക്യാമ്പിന്‍റെ വരാന്തകളിലുമുണ്ടായിരുന്നു. എന്നാല്‍ ദുരന്ത ഭൂമിയോട് അടുക്കുന്തോറും കാണുന്ന മുഖങ്ങളില്‍ വേദനയുടെ ആഴം കൂടി വന്നു. ആരോടും ഒന്നും പറയാനില്ലാത്ത നിസ്സഹായരായ മനുഷ്യര്‍‌. കവളപ്പാറയിലേക്ക് തിരിയുന്ന വഴിയില്‍ പൊലീസുണ്ട്. അവിടെ വടം കെട്ടി ഗതഗതം നിയന്ത്രിച്ചിട്ടുണ്ട്. വാഹനം നിര്‍ത്തി മുകളിലേക്ക് നടന്നു. കഷ്ടിച്ച് നൂറ് മീറ്റര്‍ നടന്നപ്പോള്‍ തന്നെ ആ ഭീകരദൃശ്യം കണ്ടു. അങ്ങ് ദൂരെ നിന്നും ഇടിഞ്ഞിറങ്ങിയ മുത്തപ്പന്‍ മല. രണ്ടായി പിളര്‍ന്ന് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ താഴ്‍വരെയാകെ മൂടിയിരിക്കുന്നു. നടുവില്‍ ഒരു തുരുത്തുണ്ട്.

അവിടെ ഒന്നു രണ്ട് വീടുകളുമുണ്ടെന്ന് ദൂരെ നിന്നുമുള്ള കാഴ്ച്ചയില്‍ മനസ്സിലായി. ചെളി പുതഞ്ഞിരിക്കുന്നതിനാല്‍ അങ്ങോട്ട് പോകുന്നത് ഇപ്പോള്‍ പ്രായോഗികമല്ല. ഇരു വശങ്ങളിലൂടെയും പൊട്ടിയൊലിച്ചിറങ്ങിയ ഉരുള്‍ ആ പ്രദേശത്തെ ഒരു തുരുത്താക്കിയിരിക്കുന്നു. പിന്നീട് നാട്ടുകാരോട് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ദുരന്തത്തിന്‍റെ ഭീകരത മനസ്സിലായത്. ഉരുള്‍പ്പൊട്ടലുണ്ടായ രാത്രി മുഴുവന്‍ ഏതാനും ആളുകള്‍ അവിടെ കഴിഞ്ഞുവത്രേ. പ്രദേശത്ത് വൈദ്യുതിയില്ലാഞ്ഞതിനാല്‍ അവര്‍ക്ക് പുറം ലോകത്തെത്താന്‍ കഴിഞ്ഞില്ല‍.

 കവളപ്പാറ: തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേര്‍ക്കാഴ്ച

മരണത്തെ മുഖാമുഖം കണ്ട് അവര്‍ ആ രാത്രി അവിടെ കഴിച്ച്കൂട്ടി. പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴാണ് തങ്ങള്‍ക്ക് ഇരു വശത്തു കൂടെയും മരണം കടന്ന് പോയത് അവരറിയുന്നത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയിച്ച ആ ഭീകര ദൃശ്യങ്ങള്‍ ഞാന്‍ വെറുതേ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി. അതിലും എത്രയോ ഇരട്ടി ഭീതിയും നിസ്സഹായതയും ഒറ്റ രാത്രി കൊണ്ട് അവര്‍ അറിഞ്ഞിരിക്കും. ചിന്തിക്കാനാവുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍. പലയിടങ്ങളിലും ഇരുപതും മുപ്പതും അടി ഉയരത്തിലാണ് മണ്ണടിഞ്ഞിരിക്കുന്നത്. തിരിച്ചറിയാനാകാത്ത വിധം ഒരു പ്രദേശം മുഴുവന്‍ അപ്പാടെ തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു.

അതി ഭീകരമാണ് ആ കാഴ്ച. നൂറേക്കറിലധികം വരുന്ന ചെളി പുതഞ്ഞ ഒരു പ്രദേശത്ത് എവിടെയാണ് തിരയേണ്ടതെന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അവിടുത്തെ പ്രകൃതിക്ക് തന്നെ ഒരു വിഷാദ ഭാവം. നെഞ്ചില്‍ വലിയൊരു മല ഉരുണ്ടുവരുന്നതു പോലെ തോന്നി. ആ മണ്ണിനടിയില്‍ നിന്ന് ഒരു ജീവനെങ്കിലും ഉയിര്‍ത്തെഴുന്നേറ്റ് വന്നിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും ആശിച്ചു പോയി.. ഇത്തരത്തിലൊരു ദുരന്തം എവിടെയും ഒരിക്കലും ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് ആ മലയിറങ്ങിയത്….

Leave a Reply

Your email address will not be published. Required fields are marked *