കരിമ്പുഴ വന്യജീവി സങ്കേതം യാഥാർഥ്യമായി
സംസ്ഥാനത്ത് പുതിയ ഒരു വന്യജീവി സങ്കേതം കൂടി. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിത വനവും വടക്കേ കോട്ട മലവാരം നിക്ഷിപ്ത വനവും അടങ്ങുന്ന നീലഗിരി ജൈവ വൈവിധ്യമേഖലയിലെ 227.97 ഭൂഭാഗമാണ് കരിമ്പുഴ വന്യ സങ്കേതമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. നിലമ്പൂർ താലൂക്കിലെ കരുളായി, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ വനപ്രദേശം. കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായതോടെ കേരളത്തില്‍ 18 വന്യജീവി സങ്കേതങ്ങളായി.
ബ്രീട്ടീഷുകാരുടെ കാലത്തു നിന്നും തുടങ്ങുന്ന ചരിത്രമാണ് കരിമ്പുഴ കാടുകൾക്കു പറയുവാനുള്ളത്. എടവണ്ണ കോവിലകത്തിന്റെ ഭാഗമായിരുന്ന ഈ ഭൂമി 1883ൽ ബ്രിട്ടീഷുകാർ വിലകൊടുത്തു വാങ്ങുകയായിരുന്നു. 249.64 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അമരവ്പലം വനമായിരുന്നു അവർ വാങ്ങിയത്. അതിൽ 34 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് അവർ തേക്ക് വച്ചുപിടിപ്പിക്കുകയും ബാക്കി ഭാഗം കാടായി തന്നെ നിലനിർത്തുകയും ചെയ്തു.
കരിമ്പുഴയോട് ചേർന്ന് കിടക്കുന്ന തേക്ക് തോട്ടങ്ങളും ചോലനായ്ക്ക ആദിവാസി സങ്കേതങ്ങളും ജനവാസ മേഖലയോട് ചേർന്നുള്ള 25 കിലോമീറ്റർ ദൂരവും ന്യൂ അമരമ്പലം സംരക്ഷിതവനത്തിന്റെ ഉൾഭാഗത്തുള്ള 2.50 ഹെക്ടർ ഭൂമിയും വന്യജീവി സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.
മനുഷ്യൻ കയറാത്ത വനമെന്ന പ്രത്യേകതയും ഈ വനപ്രദേശത്തിനുണ്ട്. ചെങ്കുത്തായി കിടക്കുന്ന പ്രത്യേക ഭൂപ്രകൃതി തന്നെയാണ് ഇവിടെ മനുഷ്യരെത്തുന്നതിൽ നിന്നും തടയുന്നത്. മണ്ണിനടിയിൽ കഴിയുകയും വർഷത്തിൽ ഒരിക്കൽ ഇണചേരാൻ പുറത്തുവരികയും ചെയ്യുന്ന പന്നിമൂക്കൻ തവളയെ കണ്ടെത്തിയത് കരിമ്പുഴ വന്യജീവി സങ്കേതത്തിൽപ്പെട്ട ന്യൂ അമരമ്പലം വനത്തിൽനിന്നാണ്. കേരളത്തിൽ ഇന്നു കാണുന്ന ഏഴു തരത്തിലുള്ള വനപ്രദേശങ്ങളും ഈ വന്യജീവി സങ്കേതത്തിനുള്ളിൽ കാണുവാൻ സാധിക്കും. 226 ഇനം പക്ഷികൾ, 23 ഇനം ഉഭയ ജീവികൾ, 33 ഇനം ഉരഗങ്ങൾ, 41 ഇനം സസ്തനികൾ, കൂടാതെ കരിങ്കുരങ്, ഹനുമാൻ കുരങ്ങ്, നീലഗിരി ഥാർ, വരയാട് തുടങ്ങിയവയെയും ഇവിടെ കാണുവാൻ സാധിക്കും.
നിത്യഹരിതം, അർധ നിത്യഹരിതം, ഇലപൊഴിയും ആർദ്രവനം, ചോലവനം, പുൽമേടുകൾ, സൂചികാഗ്രവനങ്ങൾ, മലമുകളിലെ പുൽമേട് തുടങ്ങി കേരളത്തിൽ കാണുന്ന ഏഴുതരം വനങ്ങളുമുള്ള ഏക ഭൂപ്രദേശമാണ് കരിമ്പുഴ.
താഴ്‌വരയില്‍ നിന്ന് ഉയരത്തിലേക്ക് 40 മീറ്ററില്‍ നിന്ന് 2554 മീറ്ററിലേക്കുള്ള ഈ പ്രദേശത്തിന്റെ കുത്തനെയുള്ള ചരിവ് പക്ഷിമൃഗാദികള്‍ക്ക് വാസസ്ഥലമാക്കാന്‍ പര്യാപ്തമായ പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ ഭൗമോപരിതലത്തിന്റെ പ്രത്യേകതയും അപൂര്‍വ്വസസ്യജന്തുജാലങ്ങളുടെ സാന്നിധ്യവും സംബന്ധിച്ച് നടന്ന ഒട്ടേറെ പഠനങ്ങള്‍ ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം വെളിപ്പെടുത്തുന്നവയും അതിന്റെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവയുമായിരുന്നു.
നിർദിഷ്ട കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഏറ്റവും മുകളിലുള്ള മുക്കുറുത്തി കൊടുമുടിക്ക് സമുദ്രനിരപ്പിൽ നിന്ന് 2554 മീറ്ററാണ് ഉയരം. താഴ്‌വാരമായ കരുളായി സമുദ്ര നിരപ്പിൽ നിന്ന് 50മീറ്റർ ഉയരത്തിലും.
2010ലെ ദേശീയ വന്യജീവി നിയമമനുസരിച്ച് സംസ്ഥാനങ്ങളിൽ മൊത്തം വനത്തിന്റെ 30% സംരക്ഷിത പ്രദേശമാക്കണമെന്ന് നിർദേശമുണ്ട്. കേരളത്തിൽ നിലവിൽ 28 ശതമാനമേ ഉള്ളൂ. കരിമ്പുഴ വന്യജീവി സങ്കേതം നിലവിൽ വരുന്നതോടെ 29 ശതമാനമായി ഉയരും.