പയ്യന്നൂർ കണ്ടങ്കാളിയിലെ എണ്ണ സംഭരണ കേന്ദ്രം

FB Status | Nisanth Pariyaram

സി.പി.എമ്മിന്റെ ഒത്താശയോടെ കേന്ദ്ര എണ്ണക്കമ്പനികളുടെയും ഭൂമാഫിയയുടെയും താൽപര്യ സംരക്ഷണാർത്ഥം പയ്യന്നൂർ കണ്ടങ്കാളിയിൽ നികത്തുന്ന 100 ഏക്കർ നെൽ വയലിന്റെ ഈ ചിത്രം കേരളത്തിൽ അധികമൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല.

കോർപ്പറേറ്റ് മൂലധനത്തിന്റെ വലിയ സ്വാധീനത്താൽ മുഖ്യധാരാ രാഷ്ട്രീയ മാടമ്പിമാർ പച്ചയായ ഈ പരിസ്ഥിതി ധ്വംസനത്തിനു നേരെ ലജ്ജയില്ലാതെ കണ്ണടയ്ക്കുകയാണ്.

1. എന്താണ് കണ്ടങ്കാളി പദ്ധതി (കമ്പനികളുടെ ഭാഷ്യം)?
ഉത്തരം: ഇന്ത്യയിലെ 3 പൊതുമേഖലാ എണ്ണക്കമ്പനികൾ സംയുക്തമായി സ്ഥാപിക്കുന്ന പെട്രോളിയം സംഭരണ കേന്ദ്രം. ഇവിടെ തൃശൂരിനും മംഗലാപുരത്തിനും ഇടയിൽ വരുന്ന മുഴുവൻ റീട്ടൈൽ പെട്രോൾ പമ്പുകളിലേക്കും ആവശ്യമുള്ള എണ്ണ സംഭരിക്കും , നിലവിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളെല്ലാം ഡീ കമ്മീഷൻ ചെയ്ത് ഒരൊറ്റ കേന്ദ്രത്തിലേക്ക് കൊണ്ടു വരുമ്പോൾ എണ്ണക്കമ്പനികൾക്ക് ലാഭം വർദ്ധിക്കും. റയിൽ മാർഗം കണ്ടങ്കാളി സംഭരണിയിലെത്തുന്ന എണ്ണ റോഡ് മാർഗം തൃശൂരിനു വടക്കുളള മുഴുവൻ ജില്ലകളിലേക്കും പോകും.

2. പദ്ധതിയുടെ നേട്ടങ്ങൾ എന്തെല്ലാം (കമ്പനികളുടെയും സംസ്ഥാന സർക്കാരിന്റെയും അവകാശവാദം) ?
ഉത്തരം: റോഡ് വഴിയുള്ള എണ്ണ ടാങ്കറുകളുടെ സഞ്ചാരം കുറയും, ഗതാഗതക്കുരുക്ക് കുറയും , വടക്കേ മലബാറിലെ എണ്ണ ക്ഷാമത്തിന് ശാശ്വത പരിഹാരമാകും , പദ്ധതി പയ്യന്നൂരിന്റെ വികസനത്തിലെ നാഴികക്കല്ലാകും .

പദ്ധതി അനുകൂലികളുടെ ഇത്തരം അവകാശവാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ഇനി നോക്കാം.
1. വടക്കേ മലബാറിൽ ‘എണ്ണക്ഷാമം’ എന്ന ഒന്നില്ല. പമ്പുകളിലേക്കുള്ള വിതരണത്തിനായി വിവിധ ജില്ലകളിലായി നിലവിലുള്ള ആറ് സംഭരണ കേന്ദ്രങ്ങളിൽ നിന്നും ആവശ്യത്തിന് എണ്ണ അതാത് സമയം പമ്പുകളിലെത്തുന്നുണ്ട്. വിതരണത്തിലെ കാലതാമസം കൊണ്ട് പമ്പുകളിൽ നിന്നും എണ്ണ കിട്ടാത്ത സ്ഥിതിവിശേഷം ഉണ്ടാകാറില്ല.

2. നിലവിലെ ആറ് എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കും എണ്ണ എത്തുന്നത് റയിൽ മാർഗവും അവിടെ നിന്നും റീട്ടൈൽ പമ്പുകളിലേക്ക് കൊണ്ടു പോകുന്നത് റോഡ് മാർഗവും തന്നെയാണ് . കണ്ടങ്കാളിയിലായാലും വരുന്നത് റയിൽ മാർഗം പോകുന്നത് റോഡ് മാർഗം. പക്ഷേ ഒരു വ്യത്യാസമുണ്ട് , വയനാട്ടിലേക്കുള്ള എണ്ണ നിലവിൽ റോഡ് മാർഗം കോഴിക്കോടുള്ള സംഭരണിയിൽ നിന്നുമാണ് പോകുന്നത് ,കണ്ടങ്കാളി പദ്ധതി വന്നാൽ മലപ്പുറത്തേക്കും വയനാട്ടിലേക്കും കോഴിക്കോടേക്കും എല്ലാമുള്ള എണ്ണ കണ്ടങ്കാളിയിൽ നിന്നും റോഡ് മാർഗം പോകും.

അതായത് പയ്യന്നൂരിൽ മാത്രമല്ല കണ്ണൂർ ജില്ലയിലാകെ റോഡിലൂടെയുള്ള എണ്ണ ‘ടാങ്കറുകളുടെ ഒഴുക്ക് ഒരു നാലിരട്ടിയായി വർദ്ധിക്കും എന്നർത്ഥം.
റോഡിൽ എണ്ണടാങ്കറുകളുടെ ഒഴുക്ക് കൂടുകയും സുരക്ഷാ ഭീഷണി വർദ്ധിക്കുകയും ചെയ്യും എന്നല്ലാതെ പദ്ധതി മൂലം മറ്റൊരു വികസനവും പയ്യന്നൂരിൽ ഉണ്ടാകില്ല.

3. ലോകത്തിലെ എണ്ണ നിക്ഷേപങ്ങൾ ഒരു ഇരുപത്തഞ്ച് വർഷത്തേക്ക് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ..
2030 ഓടെ ഇന്ത്യയിലെ നിരത്തുകളിൽ നിന്നും എണ്ണ വാഹനങ്ങൾ പിൻവലിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷത്തേക്ക് മാത്രം ആവശ്യമുളള ഒരു ഇന്ധനത്തിനായി നിലവിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളെ തന്നെ ഉപയോഗിക്കുന്നതിനു പകരം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു തണ്ണീർത്തട വ്യവസ്ഥ തകർക്കുന്നതിന്റെ യുക്തി എന്താണ് ? മനുഷ്യൻ ഭൂമുഖത്ത് നിലനിൽക്കുന്നിടത്തോളം കാലം വയൽ തരുന്ന കുടിവെള്ളവും ഭക്ഷണവും ആവശ്യമല്ലേ..!! ?

4. പദ്ധതിക്കായി 85 ഏക്കർ നെൽവയലാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിക്ക് നൽകുന്നത്. റാംസർ സൈറ്റാക്കാൻ (അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള സംരക്ഷിത തണ്ണീർത്തട വ്യവസ്ഥ ) നിർദേശിക്കപ്പെട്ട കവ്വായി കായലിലോടു ചേർന്നാണ് പദ്ധതി പ്രദേശം. കവ്വായി കായലിലെയും സമീപ തണ്ണീർത്തടങ്ങളിലെയും ജൈവവൈവിധ്യം , മൽസ്യ ബന്ധനം, കല്ലുമ്മക്കായ കൃഷി, ചെമ്മീൻ കൃഷി, അനുബന്ധ തൊഴിൽ മേഖലകൾ, സാധാരണ ജനജീവിതം എന്നിവയെ പദ്ധതി അതി ഗുരുതരമായി ബാധിച്ചേക്കും.

5. പിഞ്ഞാറൻ തീരത്തെ തണ്ണീർത്തടങ്ങൾ സംഭരിച്ച് മണ്ണിലേക്ക് ‘റീചാർജ് ‘ ചെയ്യുന്ന മഴവെള്ളമാണ് ഉൾപ്രദേശങ്ങളിലേക്ക് ഭൂഗർഭത്തിലൂടെ ഉപ്പുവെള്ളം അരിച്ചെത്തുന്നത് തടയുന്നത്. ഇവ നികത്തപ്പെടുന്നതോടെ പയ്യന്നൂരിലെ ശുദ്ധജല പ്രശ്നം കൂടുതൽ തീവ്രമാകും.

6. പദ്ധതിക്കായി വയൽ നികത്താൻ ഏകദേശം 900000 ലോഡ് മണ്ണാണ് ആവശ്യമായിട്ടുള്ളത്. ഈ മണ്ണിനായി കണ്ണൂർ ജില്ലയിലെ എത്രയെത്ര കുന്നുകൾ ഇടിച്ചു നിരത്തേണ്ടി വരും എന്നത് പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ പോലും മിണ്ടിയിട്ടില്ല ..
സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും അവകാശവാദങ്ങളുടെയെല്ലാം പൊള്ളത്തരം കലക്ടറുടെയും എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെയും സകല രാഷ്ട്രീയക്കാരുടെയും നൂറുകണക്കിന് നാട്ടുകാരുടെയും സാന്നിധ്യത്തിൽ കണ്ടങ്കാളിയിൽ നടന്ന പൊതുതെളിവെടുപ്പിൽ സമരസമിതിയും പരിസ്ഥിതി വിദഗ്ധരും ശാസ്ത്രസാഹിത്യ പരിഷത്തുമെല്ലാം തുറന്നു കാട്ടിയതാണ്.

എന്താണ് CPM നിലപാട്.. ?

ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നെല്ലാം പ്രസംഗിച്ച CPM നേതൃത്വം , പദ്ധതി നടത്തിപ്പിന്റെ കാര്യസ്ഥപ്പണി വളരെ കൗശലത്തോടെ നിർവഹിക്കുകയാണ്. പദ്ധതിക്കെതിരെ പാർടി ലോക്കൽ കമ്മറ്റി തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും , ഇത്തരം പരാതികളും പരിഭവങ്ങളും ഉൾപ്പാർടി ജനാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലൂടെ പാർടിക്കകത്ത് ഒതുക്കി .

പദ്ധതിയുടെ മറവിൽ ബിനാമി പേരുകളിൽ വൻകിട ഭൂമാഫിയകൾ ഭൂമി വാങ്ങിക്കൂട്ടുമ്പോൾ പ്രാദേശിക പാർടി നേതൃത്വം മൗനസമ്മതം നൽകി. പദ്ധതിയുടെ നിഗൂഢ അജൻഡകൾ ഒന്നൊന്നായി പുറത്തു വന്നപ്പൊഴും DYFI യെ പോലുള്ള യുവജന പ്രസ്ഥാനങ്ങൾ നിശബ്ദതയുടെ കവചം തീർത്ത് അതിനുള്ളിൽ അടയിരുന്നു ..
ഹരിത കേരളം സിന്ദാബാദ്..
– നിശാന്ത് –

Leave a Reply

Your email address will not be published. Required fields are marked *