പരിസ്ഥിതി പോക്കറ്റിലടിക്കുന്പോൾ…

FB Status – Muralee Thummarukudy

ഒരു കോടി ആളുകളുള്ള സ്വിറ്റ്സർലണ്ടിൽ 2016 ൽ 42 കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഒരു വർഷം ഉപയോഗിക്കപ്പെട്ടത്. ലോകത്തെല്ലാം പ്ലാസ്റ്റിക്കിനെതിരെ അവബോധം വന്ന കാലത്ത് ഇതൊന്നു കുറക്കണമെന്ന് സർക്കാരിന് തോന്നി. സാധാരണ സ്ഥലങ്ങളിൽ ഒറ്റയടിക്ക് നിരോധിക്കലാണ് പതിവെങ്കിലും, അങ്ങനെ ചെയ്താൽ ആളുകൾക്ക് ബാഗുകൾ ആവശ്യമുള്ളതുകൊണ്ട് ഗേജ് കൂട്ടി സൂപ്പർമാർക്കറ്റുകൾ നിരോധനം മറികടക്കും.

2016 ൽ സ്വിറ്റ്‌സർലണ്ട് സർക്കാരും പ്രധാന കച്ചവടക്കാരും ചേർന്ന് ഒരു കരാറുണ്ടാക്കി. പ്ലാസ്റ്റിക് ബാഗ് ഫ്രീ ആയി കൊടുക്കുന്നത് നിർത്താമെന്ന് വലിയ സൂപ്പർ മാർക്കറ്റുകൾ സമ്മതിച്ചു. പകരം പ്ലാസ്റ്റിക് നിരോധിക്കില്ല എന്ന് സർക്കാരും. ഒരു ബാഗിന് നിസ്സാരമായ തുക ഏർപ്പെടുത്തി. അഞ്ചു സെൻറിം ആണ് ഒരു പ്ലാസ്റ്റിക് ബാഗിന്റെ വില. കുപ്പി വെള്ളത്തിന് 200 സെൻറിം (മൂന്നു ഫ്രാങ്ക്), ബസ് ടിക്കറ്റിന് ചുരുങ്ങിയത് 300 സെൻറിം (മൂന്നു ഫ്രാങ്ക്), സിനിമ കാണാൻ ചുരുങ്ങിയത് 1500 സെൻറിം ആണ് നിരക്ക്. അഞ്ചു സെൻറിം എന്ന് പറയുന്നത് ഇവിടെ തീരെ കുറഞ്ഞ തുകയായതുകൊണ്ട് പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടാകില്ല എന്നാണ് എല്ലാവരും വിചാരിച്ചത്.

എന്നാൽ ഒറ്റ വർഷം കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം ആറു കോടിയായി കുറഞ്ഞു. 2018 ആയപ്പോൾ അഞ്ചരക്കോടി ആയി. രണ്ടു വർഷം കൊണ്ട് 86 ശതമാനം കുറവ് !!

ലോകത്തെവിടെയും ആളുകളെ ഏറ്റവും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പണി അവരുടെ ‘പോക്കറ്റടി’ക്കുകയാണ്. കൈയിൽ നിന്നും കാശുപോകുമെന്ന് കണ്ടാൽ, അതെത്ര നിസ്സാരമായ തുകയാണെങ്കിലും ആളുകൾ പെരുമാറ്റം വേഗത്തിൽ മാറ്റും.

മുരളി തുമ്മാരുകുടി

Leave a Reply

Your email address will not be published. Required fields are marked *