റിസോർട്ടുകൾക്ക് വേണ്ടി വാദിക്കുന്നവർ വായിച്ചറിയാൻ

ഒരു വർഷംമുമ്പ്​ മാധ്യമം വാരികയിൽ പ്രസിദ്ധികരിച്ചതാണ്​ പുനർവായനക്ക്​ വേണ്ടി വീണ്ടും | എംജെ ബാബു 

1.കഴിഞ്ഞ ഏതാനം വർഷങ്ങളായി മലയോര മേഖല, പ്രത്യേകിച്ച് ഇടുക്കിയുടെ ഹൈറേഞ്ച് പ്രദേശം സംഘർഷ ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഡോ.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമാണ് ഇടുക്കിയിൽ സംഘർഷത്തിൻറ തീപ്പൊരി വീണത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ ഇ.എസ്​.എ എന്ന ഇക്കോളിജിക്കൽ സെൻസിറ്റീവ് ഏരിയായും (പരിസ്​ഥിതി സംവേദന പ്രദേശം) കേരള വന നിയമ പ്രകാരമുള്ള ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡും ( പരിസ്​ഥിതി ദുർബല പ്രദേശം) ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നും തുടങ്ങിയ വിവാദം കത്തിക്കയറി. സി.എസ്​.ഐ സഭയും അന്നത്തെ ഇടുക്കി പാർലമെൻംഗമായ കോൺഗ്രസിലെ പി.ടി.തോമസും മാത്രമായിരുന്നു പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിൻറ ആവശ്യകതയെ കുറിച്ച് പറഞ്ഞത്. എന്തായാലും വൈകാതെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് കേന്ദ്ര സർക്കാർ തന്നെ ദയാവധം നൽകി.ഇതിന് ചുമതലപ്പെടുത്തിയത് ഡോ.കസ്​തുരി രംഗൻറ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ. കസ്​തുരി രംഗൻ റിപ്പോർട്ടും മലയോര മേഖല അംഗീകരിച്ചില്ല. അതോടെ സംസ്​ഥാന സർക്കാർ ഡോ.ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയെ നിയമിച്ച്  സമരക്കാരെ ശാന്തരാക്കി. ഈ റിപ്പോർട്ടിലെ ശിപാർശകൾ  ഇപ്പോഴും സുരക്ഷിതമായി സെക്രട്ടറിയേറ്റിലുണ്ടാകും. ഇതിനിടെ, പാർലമെൻറ് തെരഞ്ഞെടുപ്പ് വന്നു. ഇടുക്കിയിലടക്കം പ്രധാന ചർച്ചയായത് ഗാഡ്ഗിൽ, കസ്​തുരി രംഗൻ റിപ്പോർട്ടുകൾ. പി.ടി. തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ  കോൺഗ്രസിൻറ പരിസ്​ഥിതി രാഷ്ട്രിയം പച്ചയായി പുറത്ത് വന്നു, തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ജോയ്സ്​ ജോർജ് ഇടതു പിന്തുണയോടെ ലോകസഭയിലെത്തി.

പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടുകൾക്ക് രാഷ്ട്രിയ കക്ഷികളുടെ കരുത്തിൽ ദയാവധം നൽകിയെങ്കിലും, ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്​കേപ്പ് (എച്ച്.ആർ.എം.എൽ) എന്ന പദ്ധതിയാണ് പിന്നിട് ഇടുക്കിയിലെ പരിസ്​ഥിതി വിരുദ്ധരുടെ ആയുധമായത്. ഏറ്റവും ഒടുവിൽ അവരുടെ സംഘബലത്തിൽ അതും സംഭവിച്ചു– ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭാഗമായ ജി.ഇ.എഫിൻറ സഹായത്തോടെയുള്ള 36,275,000 യു.എസ്​. ഡോളറിൻറ പദ്ധതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു.

2. എന്താണ് എച്ച്.ആർ.എം.എൽ? ചില കർഷക സംഘടനകൾ പറയുന്നത് പോലെ ഇടുക്കിയിലെ 31 പഞ്ചായത്ത് പ്രദേശങ്ങൾ വനവൽക്കരിക്കാനും ജനങ്ങളെ കുടിയിറക്കി കടുവകൾക്ക് സ്വൈരവിഹാരം നടത്താനുമുള്ള പദ്ധതിയല്ലിത്. പദ്ധതി പ്രദേശത്തെ 11650 ഹെക്ടർ കുടി വന്യ ജീവി സങ്കേതങ്ങളോട് കൂട്ടി ചേർക്കാനും 84600 ഹെക്ടർ വനമാക്കി മാറ്റാനുംപദ്ധതി ലക്ഷ്യമിടുന്നില്ല. മറിച്ച്, ജില്ല നേരിടുന്ന പ്രധാന പ്രശ്നമായ കാലാവസ്​ഥ വ്യതിയാനത്തിന് പരിഹാരം നിർദേശിക്കപ്പെടുകയാണ് ഈ പദ്ധതിയിലുടെ. ഹൈറേഞ്ചിൻറ കാലവാസ്​ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ്​ ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ഇതു കാർഷിക ഉൽപാദനത്തെ പ്രതികുലമായി ബാധിച്ചു. കിഴക്കൻ അതിർത്തിയിലെ വട്ടവട പഞ്ചായത്ത് ഇതിന് ഉദാഹരണമാണ്. ഏറ്റവും കുടുതൽ ശീതകാല പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന വട്ടവട പഞ്ചായത്ത് ഇപ്പോൾ വരൾച്ചയെ നേരിടുകയാണ്. കോവിലൂർ ടൗണിലൂടെ ഒഴുകിയിരുന്ന അരുവി ഇന്നില്ല. മഴക്കാലത്ത് മാത്രമാണ് ഈ അരുവിയിൽ വെള്ളം ഒഴുകുക. വട്ടവടയിൽ മാത്രമല്ല, ഹൈറേഞ്ചിലെ നിരവധിയായ അരുവികൾ ഇല്ലാതായി. വട്ടവടയുടെ മഴക്കാടുകൾ വെട്ടി നശിപ്പിച്ചതിൻറ ദുരന്തം ഇന്ന് ആ നാട്ടുകാർ അനുഭവിക്കുന്നു. ഇതിന് പുറെമയാണ് വെള്ളമൂറ്റുന്ന ഗ്രാൻറിസും യൂക്കാലിപ്സും വ്യവസായികാടിസ്​ഥാനത്തിൽ കൃഷി തുടങ്ങിയത്.  കുടിവെള്ളത്തിന് പോലും കിലോമീറ്ററുകൾ അകലെ കുണ്ടള ഡാമിനെ ആശ്രയിക്കേണ്ടി വന്നതോടെ, ഗ്രാമക്കാർ യൂക്കാലി,ഗ്രാൻറിസ്​ കൃഷിക്കെതിരെ രംഗത്ത് വന്നു. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകുമെന്ന് സമ്മതിക്കുന്നവർ തന്നെയാണ് പരിസ്​ഥതി–ജൈവൈവിധ്യ പദ്ധതിയെ എതിർക്കുന്നതെന്ന് കാണാം. പദ്ധതി രേഖയിൽ പറയുന്ന 287 ഖണ്ഡികകൾ സസൂക്ഷ്മം വായിച്ച് നോക്കിയിരുന്നുവെങ്കിൽ ഈ പദ്ധതിയെ അന്ധമായി എതിർക്കുമായിരുന്നില്ല. എച്ച്.ആർ.എം.എൽ എന്ന പരിസ്​ഥിതി–ജൈവൈവധ്യ പദ്ധതി ഇടുക്കിയിലെ 31 ഗ്രാമ പഞ്ചായത്തുകൾക്കും എറണാകുളം ജില്ലയിലെ രണ്ടു പഞ്ചായത്തുകൾക്കും തൃശുർ ജില്ലയിലെ അതിരിപ്പള്ളി പഞ്ചായത്തിനും (ഭാഗികം) വേണ്ടി മാത്രമല്ല. മറിച്ച് കേരളത്തിൻറ വ്യവസായ തലസ്​ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചിക്കും പെരിയാറിനെ  കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ലക്ഷങ്ങൾക്കും  അതിനും ഉപരിയായി ജലവൈദ്യുത പദ്ധതികളുടെ നിലനിൽപ്പിനും വേണ്ടിയുള്ള ദീർഘവീക്ഷണത്തോടെയുള്ളതാണ്. പെരിയാർ, പാമ്പാർ, ചാലക്കുടിപ്പുഴ എന്നിവയുടെ നീർത്തടം എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്താണ്. പാമ്പാർ കിഴക്കോട്ട് ഒഴുകി മുന്നാർ, മറയുർ പഞ്ചായത്തുകളിലുടെ തമിഴ്നാടിലെത്തി കാവേരിയിൽ ചേരുന്നു. ചെറുതും വലുതുമായ കൈവഴികൾ ചേർന്ന്  പെരിയാർ രൂപപ്പെടുന്നതും ഇടുക്കിയിൽ.

കൊച്ചിയിലേക്ക് നോക്കാം. അവിടെ കുടിവെള്ള പദ്ധതികൾ മാത്രമല്ല, വ്യവസായികാവശ്യത്തിന് വെള്ളം നൽകുന്നതും പെരിയാറിൽ നിന്നാണ്. നിരവധി കുടിവെള്ള ജലസേചന പദ്ധതികൾ പെരിയാറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നു. ഇടമലയാർ ജലസേചന പദ്ധതിയും പെരിയാർ വാലി ജലസേചന പദ്ധതിയും പെരിയാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പെരിയാറിൽ വെള്ളമില്ലാതായാൽ ലക്ഷങ്ങളുടെ കുടിവെള്ളം മുടങ്ങുമെന്ന് കണ്ടാണല്ലോ, മുല്ലപ്പെരിയാർ കേസിൽ കൊച്ചി കോർപ്പറേഷനടക്കം പെരിയാറിൻറ തീരങ്ങളിലെ തദ്ദേശ സ്​ഥാപനങ്ങൾ കക്ഷി ചേരാൻ തീരുമാനിച്ചത്. മുവാറ്റുപുഴയാറും നിലനിൽക്കുന്നത് ഇടുക്കി ഡാമിലെ  വെള്ളം മൂലമറ്റം വൈദ്യുതി നിലയത്തിലുടെ പുറത്തേക്ക് ഒഴുക്കുന്നത് കൊണ്ടാണ്. അങ്ങ് വൈക്കം വരെയുള്ളവരുടെ ജലേസ്രാതസാണ് മുവാറ്റുപുഴയാർ.

3.കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്​ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ടുറിസം വരുന്നതിന് മുമ്പ് സംസ്​ഥാനത്തെ ഏറ്റവും വരുമാനം കുടിയ പഞ്ചായത്തായി മൂന്നാർ മാറിയത് തേയിലയെ ആശ്രയിച്ചായിരുന്നു. ഇതു തന്നെയാണ് ഏലത്തിൻറ അവസ്​ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്​ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു. തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് പകരം സീസൺ സമയങ്ങളിൽ  തമിഴ്നാടിലെ വീടുകളിൽ നിന്നും അതാത് ദിവസം വന്ന് പോകുന്ന അവസ്​ഥയിലേക്ക് ഏലം തോട്ടം തൊഴിലാളികൾ മാറി. തേയില, ഏലം തോട്ടങ്ങൾ അടച്ചു പൂട്ടിലയാലുണ്ടാകുന്ന  അവസ്​ഥയെ കറിച്ച് ചിന്തിച്ചിട്ടുണ്ടോ?  വണ്ടിപ്പെരിയാറിലെ ഏതാനം എസ്​റ്റേറ്റുകൾ അടച്ചിട്ട് വർഷങ്ങളായി. അവിടുത്തെ തൊഴിലാളികളുടെ ജീവിതം ചോദ്യം ചിഹ്നമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിൽ തേയില തോട്ടങ്ങൾ പൂട്ടിയപ്പോൾ അവർ ജോലി തേടി കേരളത്തിലെത്തി. എന്നാൽ, ഇവിടെ തോട്ടങ്ങൾ പൂട്ടിയാൽ എവിടേക്ക്. മൂന്നാറിൽ തേയില തോട്ടത്തിൽ വി.ആർ.എസ്​ ഏർപ്പെടുത്തിയപ്പോൾ അതു സാമുഹ്യ–സാമ്പത്തിക രംഗങ്ങളിൽ പ്രതിഫലിച്ചതും മറക്കാറായിട്ടില്ല.

തേയിലക്കും ഏലത്തിനും കാലാവസ്​ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം. എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്ത് 14200 ഹെക്ടറാണ് തേയില. 42000 ഹെക്ടറിൽ ഏലവും. 1980കളിൽ 60,000 ഹെക്ടറിലായിരുന്നു ഏലം. പച്ചപ്പൊന്നായ ഏലത്തിന് മാത്രമല്ല, കറുത്ത പൊന്നായ കുരുമുളകിനെയും കാലാവസ്​ഥ മാറ്റം പിടികൂടിയിട്ടുണ്ട്. കുരുമുളകിൻറ ഉൽപാദനം കുറഞ്ഞു. കുരുമുളകിനെ പല തരം രോഗങ്ങൾ പിടികൂടി.

4.പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. ഹൈറേഞ്ചിൻറ പ്രധാന വരുമാന മാർഗമായും ടുറിസം മാറിയിട്ടുണ്ട്. പുകയില്ലെങ്കിലും ടുറിസം സൃഷ്​ടിക്കുന്ന പാരിസ്​ഥതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്​ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്​ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്​ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്​ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചു ലക്ഷം സഞ്ചാരികളാണ് എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്​കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്.

5.  എച്ച്.ആർ.എം.എല്ലിലേക്ക് മടങ്ങാം. ജനകീയ പങ്കാളിത്തത്തോടെയുള്ള പരിസ്​ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ഏറ്റവും പുതിയ നിർദേശമാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഗെയിം സാങ്ഞ്ചറികളിലുടെയാണ്. നെല്ലിക്കാപ്പെട്ടി, ഇരവികുളം എന്നിവ ആ ഗണത്തിൽപ്പെടുന്നു. ഇതിൻറ അടുത്ത ഘട്ടമായിരുന്നു വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും. തുടർന്ന് ബയോസ്​ഫിയർ റിസർവുകൾ നിലവിൽ വന്നു. എന്നാൽ,ഇതിലൊന്നിലും ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. അതിനാൽ തന്നെ സംരക്ഷണ പ്രവർത്തനങ്ങളിൽ അതിൻറതായ പരിമിതികളും പരാധീനതകളും ഉണ്ടായിരുന്നു. തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഇക്കോ ഡവലപ്മെൻറ ് കമ്മിറ്റികളുടെ രൂപീകരണം. അതിനും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും മാത്രമല്ല, വനം–പരിസ്​ഥിതി പ്രവർത്തനങ്ങൾ എന്ന് തെളിയിക്കുന്നതായിരുന്നു കമ്മ്യൂണിറ്റി റിസർവ്  എന്ന പുതിയ ആശയത്തിൻറ പിറവിക്ക് പിന്നിൽ. എന്നാൽ, അതിനും വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ലക്ഷ്യം കൈവരിക്കാനായില്ല. ഇവിടെയാണ് പരമ്പരാഗത സംരക്ഷണ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് സംരക്ഷണ പ്രവർത്തനങ്ങൾ ഏങ്ങനെ എത്തിക്കാനാകുമെന്ന അന്വേഷണം നടന്നത്. ഇതിൻറ മറുപടിയാണ് യഥാർഥത്തിൽ ലാൻഡ് സ്​കേപ്പ് പദ്ധതി.

വന്യജീവി സങ്കേതങ്ങൾ, ദേശിയ ഉദ്യാനങ്ങൾ എന്നിവയൊക്കെ ചെറിയ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ്. ബയോസ്​ഫിയർ റിസർവ്  എന്നത് നിരവധി സംരക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വലിയ പ്രദേശങ്ങളും. ഇതിൽ നിന്നും വിത്യസ്​തമാണ് ലാൻഡ് സ്​കേപ്പ് പദ്ധതിയെന്ന പുതിയ ആശയം. പലതരം ഭൂ വിനിയോഗമുള്ള ഒരു വലിയ പ്രദേശത്തെ ഒരുയുണിറ്റായി കണ്ട് ജൈവവൈവിധ്യ–പരിസ്​ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നതാണ് പ്രത്യേകത. എച്ച്.ആർ.എം.എല്ലിനായി തെരഞ്ഞെടുക്കപ്പെട്ടത് 164700 ഹെക്ടർ പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 40 മീറ്റർ മാത്രം ഉയരമുള്ള പൂയംകുട്ടി തുടങ്ങി ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ ആനമുടി (2695 മീറ്റർ)വരെ ഇതിൽ ഉൾപ്പെടുന്നു. തേയില, ഏലം, കുരുമുളക്, കപ്പ, വാഴ തുടങ്ങി നെല്ല് വരെയുള്ള കൃഷികൾ,മഴ നിഴൽ പ്രദേശങ്ങൾ, കരിമ്പും ചന്ദനവും ഈറ്റയും  വന്യ ജീവിസങ്കേതങ്ങൾ,  ജലവൈദ്യൂത പദ്ധതിക്ക് വേണ്ടിയുള്ള ഡാമുകൾ എന്നിവയെ ഒന്നിച്ച് കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

6. നേരത്തെ സുചിപ്പിച്ച വൈദ്യുതി ഉൽപാദന രംഗത്തെ കുറിച്ച് പരിശോധിക്കാം.പള്ളിവാസൽ,മാടുപ്പെട്ടി, ചെങ്കുളം, പന്നിയാർ,നേര്യമംഗലം, ഇടുക്കി, ഇടമലയാർ, പാമ്പാർ, മാങ്കുളം  തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ പെരിയാർ, മുതിരപ്പുഴ നദിതടങ്ങളിലുണ്ട്. ജലസേചന വകുപ്പിൻറ  ഭൂതത്താൻകെട്ട് ഉൾപ്പടെ എട്ടു ജലസംരണികളുടെ വൃഷ്​ടി പ്രദേശം 10416 ഹെക്ടറാണ്. ഈ പ്രദേശവും എച്ച്.ആർ.എം.എല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതികളാണ് കേരളത്തിന് വെളിച്ചം പകരുന്നത്. അതിന് മഴയും നീരൊഴുക്കും ഉറപ്പു വരുത്തണമെങ്കിൽ അവശേഷിക്കുന്ന പുൽമേടുകളും കാടും സംരക്ഷിക്കപ്പെടണം. റവന്യൂ ഭൂമിയിലെ ഷോലക്കാടുകളും തേയില തോട്ടങ്ങൾക്കിടയിലെ ഷോലകളും സംരക്ഷിക്കണം. അതല്ലാതെ സ്വകാര്യ ഭുമിയിൽ വനവൽക്കരണം സാധ്യമാകില്ലല്ലോ?

തേയില, ഏലത്തോട്ടങ്ങളിലെ വനനശീകരണവും തടയണം. വൈദ്യുതിയും വിറകും ഉപയോഗിച്ചാണ് തേയിലുടെ സംസ്​കരണം. ഒരു കിലോ തേയിലക്ക് 1.89 കിലോ വിറക് വേണ്ടി വരും. ഇതിന് പകരം സൗരോർജം ഉപയോഗിക്കണമെന്നാണ് എച്ച്.ആർ.എം.എൽ നിർദേശിക്കുന്നത്. തണൽ വേണ്ടാത്ത പുതിയ ഇനം ഏലതൈകൾ വന്നതോടെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഏലം എസ്​റ്റേറ്റ് ഉടമകൾ അവകാശപ്പെടുന്ന മഴക്കാടുകളാണ ്ഇതിലുടെ ഇല്ലാതാകുന്നത്. ഏലക്കാടുകളിലെ രാസ വളം പ്രയോഗത്തിന്പകരം ജൈവവളങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നത് എങ്ങനെയാണ് കർഷക വിരുദ്ധമാകുന്നത്. ഏതാനം വർഷം മുമ്പു വരെ എലക്കാടുകൾ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങൾ കൂടിയായിരുന്നു. കുരങ്ങും കാട്ടുപ്പന്നിയുമൊക്കെ അക്കാലത്ത് ധാരാളം.

7.ഇരവികുളം, ചിന്നാർ, കുറഞ്ഞിമല, ആനമുടിഷോല, പാമ്പാടുംപാറ ഷോല, മതികെട്ടാൻ, തട്ടേക്കാട്, ഇടുക്കി എന്നിവയാണ് പദ്ധതി പ്രദേശത്തെ വന്യജീവി സങ്കേതങ്ങൾ. ഇതിൽ കുറിഞ്ഞിമല സങ്കേതം വന്യജീവികൾക്ക് വേണ്ടിയല്ല, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നിലകുറിഞ്ഞികൾ സംരക്ഷിക്കാനാണ്. തട്ടേക്കാടാകട്ടെ ലോകപ്രശസ്​ത പക്ഷി സങ്കേതവും. ലോകത്ത് തന്നെ അപൂർവമായി കാണുന്ന വരയാടുകൾക്ക് വേണ്ടിയാണ് ഇരവികുളം.ചിന്നാറിലെ ചാമ്പൽ മലയണ്ണാനും ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്നു. ഔഷധസസ്യങ്ങളുടെ കലവറ കുടിയാണ് ചിന്നാറും മതികെട്ടാൻ മേഖലയും. പശ്ചിമഘട്ടത്തിലെ 94 ഇനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നവയാണ്. 1044 ഇനം പുഷ്പിക്കുന്ന സസ്യങ്ങളുണ്ട്. ഇതിൽ 395 എണ്ണംവംശനാശം നേരിടുന്നവവും 38 ഇനങ്ങൾ അപൂർവ്വമായതും. 265 ഇനം ചിത്ര ശലഭങ്ങളിൽ 22 ഇനങ്ങൾ വംശനാശ ം നേരിടുന്നവതാണ്. 72 ഇനം മൽസ്യങ്ങളിൽ 23ഉം 122 ഇനം ഉരഗങ്ങളിൽ 42ഉം വംശ നാശ ഭീഷണിയിലാണ്.

8. യഥാർതത്തിൽ മണ്ണിനെ ഒരിക്കൽ കൂടി കർഷകർക്ക് പാകപ്പെടുത്തി കൊടുക്കുവാനാണ് എച്ച്.ആർ.എം.എൽ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ അതിൻറതായ വൈവിധ്യമുണ്ട്. വന്യജീവി സങ്കേതങ്ങൾ–37100 ഹെക്ടർ, ഷോല–84600 ഹെക്ടർ, കെ.എഫ്.ഡി.സി, എച്ചഎ.എൻ.എൽ എന്നിവയുടെ വാണിജ്യാടിസ്​ഥാനതതിലുള്ള യുക്കാലി–31580 ഹെക്ടർ, തേയില–14200ഹെക്ടർ, ഏലം–4200 ഹെക്ടർ, ഈറ്റക്കാടുകൾ–70,000 ഹെക്ടർ, ആദിവാസി സങ്കേതങ്ങൾ–7200 ഹെക്ടർ, ജലവൈദ്യുത പദ്ധതികൾ–10416 ഹെക്ടർ, ടുറിസം–10,00 ഹെക്ടർ തുടങ്ങി 164700 ഹെക്ടർ ഭൂമിക്കും അതിൻറതായ വിത്യസ്​തയുണ്ട്. ഒരോന്നിനെയും നിലനിർത്തിയാണ് പരിസ്​ഥിതി–വൈവൈവിധ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് പറയുന്നത്. ഭൂവിനിയോഗത്തിലെ വാണിജ്യവൽക്കരണത്തിനകത്ത് നിന്നുള്ള സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നർഥം. തേയില, ഏലം തുടങ്ങി ഓരോന്നിൻറയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മൽസ്യ കൃഷിയും കാലിവളർത്തലും ജീവനോപാധിയാക്കുന്നതിനെ കുറിച്ചും പറയുന്നു. മുമ്പ് രോഗം വന്നും വരൾച്ച ബാധിച്ചും കുരുമുളക് നശിച്ചപ്പോൾ ഹൈറേഞ്ചിലെ കർഷകരെ പിടിച്ച് നിറുത്തിയത് കാലിവളർത്തൽ ആയിരുന്നല്ലോ.

9.പശ്ചിമഘട്ടത്തിനായി യു.എൻ.ഡി.പി അനുവദിച്ച ഏക പദ്ധതിയാണ് എച്ച്.ആർ.എം.എൽ. തീരദേശത്തിന് വേണ്ടി സമാനമായ രണ്ടു പദ്ധതികൾ ഈസ്​റ്റ് ഗോദാവരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നടപ്പാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന് പുറത്തുള്ള ഭൂമി ഇപ്പോഴത്തെ രീതിയിൽ നിലനിർത്തുകയെന്നതിന് അപ്പുറം ഇവിടെ വനവൽക്കരണമോ കടുവ സങ്കേതമോ ഒന്നും ലക്ഷ്യമിടുന്നില്ല. 400 കെ വി ലൈൻ വന്നാൽ, അതിന് താഴെ റേഡിയേഷൻ ഉണ്ടാകുമെന്നും പേസ്​മേക്കർ അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ലെന്നും കുടംകുളം–മാടക്കത്തറ ലൈനിലെ എതിർക്കുന്നവർ പറയുന്നത് പോലെയാണ് ഇതും. പദ്ധതിയുടെ ആലോചന ഘട്ടത്തിൽ അതിൽ സംബന്ധിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത അതേ ജനപ്രതിനിധികളാണ് പിന്നിട് എതിർപ്പുമായി രംഗത്ത് വന്നത്. പശ്ചിമഘട്ട സംരക്ഷണമെന്നാൽ, ഇ.എഫ്.എൽ പ്രഖ്യാപനവും പ്രദേശമാകെ വനവൽക്കരണവുമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിന് കഴിയാതെ പോയി. ഇതിന് ശ്രമിക്കേണ്ട പഞ്ചായത്ത് തല ജൈവവൈവിധ്യ പരിപാലന സമിതികളുടെ അദ്ധ്യക്ഷന്മാർ പഞ്ചായത്ത് പ്രസിഡൻറുമാരാണെന്നാതണ് തിരിച്ചടിക്ക് മറ്റൊരു കാരണം. രാഷ്ട്രിയ പാർട്ടികളൊക്കെ പദ്ധതിയുടെ ശത്രുക്കളായി. അതിരിപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിർക്കാൻ പരിസ്​ഥിതിയെ കൂട്ടുപിടിക്കുന്നവർ അവിടെ നിന്നും നേരെ ഇടുക്കിയിലെത്തുമ്പോൾ പരിസ്​ഥിതി വിരുദ്ധരാകുന്നുവെന്നതും വിചിത്രം.

എച്ച്.ആർ.എം.എൽ പദ്ധതിയെന്നാൽ അമേരിക്കൻ പദ്ധതിയെന്നാണ് മറ്റൊരു ആരോപണം. ഓരോ പ്രദേശത്തിൻറയും വിവരങ്ങൾ വിരൾ തുമ്പിൽ ലഭിക്കുമ്പോൾ വിവരങ്ങൾ ചോർത്താൻ അമേരിക്കക്ക് ഇത്രയും പണം മുടക്കണമോ?  ജോൺ ഹോപ്കിൻസ്​ മെഡിക്കൽ ഇൻസ്​റ്റിറ്റ്യുട്ട് മൂന്നാറിനടുത്ത് സ്​ഥാപിക്കാനുള്ള ആലോചനയെ തകർത്തത് ആരോഗ്യ രഹസ്യങ്ങൾ ചോർത്തുമെന്ന പേരിലായിരുന്നല്ലോ? കേരളത്തിൽ ധവള വിപ്ലവത്തിന് തുടക്കമിട്ട സ്വീസ്​ സർക്കാരിൻറ സഹായമുള്ള മാടുപ്പെട്ടിയിലെ ഇൻഡോ–സ്വീസ്​ െപ്രാജക്ടും കേരളത്തിനാകെ വെളിച്ചം പകരുന്ന കാനഡയുടെ സഹകരണമുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയും വിവരങ്ങൾ ചോർത്താൻ സ്​ഥാപിച്ചതല്ലെന്ന് തിരിച്ചറിയണം.

Leave a Reply

Your email address will not be published. Required fields are marked *