ഞാൻ എന്തുകൊണ്ട് ഈ യാത്രക്കൊരുങ്ങി | ശാക്കിർ ഞാണിക്കടവ്

വാഴച്ചാൽ വനം ഡിവിഷനിലെ ആനക്കയത്ത് കേരള വെദ്യുതി ബോർഡ് നിർദ്ദേശിച്ച ആനക്കയം ജലവൈദ്യുത പദ്ധതിക്ക് വേണ്ടി 20 ഏക്കർ വനം നശിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ആനക്കയം കാടുകൾ നിലനിർത്തുന്നതിന് പദ്ധതി തന്നെ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കാസർഗോഡ് നിന്നും തുടക്കമിട്ട ഗ്രീൻ സൈക്ലോത്തോണിനെക്കുറിച്ച് ശാക്കിർ ഞാണിക്കടവ്. യാത്ര നവംബർ 27-ന് തിരുവനന്തപുരത്ത് സമാപിക്കും.
ഞാൻ എന്തുകൊണ്ട് ഈ യാത്രക്കൊരുങ്ങി?
വാഴച്ചാല് വനം ഡിവിഷനിലെ ആനക്കയത്തുനിന്നും 20 ഏക്കർ നിബിഢവനങ്ങള് മുറിച്ചുമാറ്റാനുള്ള കരാര് ഉടന് റദ്ദാക്കണമെന്നും നിര്ദ്ദിഷ്ട ആനക്കയം ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കണം എന്നും പറയാനുള്ള കാരണങ്ങൾ.
1. അതീവജൈവസമ്പന്നമായ, ആനയും കടുവയും ഉള്പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായ കാടുകളാണ് മുറിച്ചുമാറ്റാന് ഒരുങ്ങുന്നത്.
2. മുറിച്ചുമാറ്റാന് ഉദ്ദേശിക്കുന്ന 20 ഏക്കറില് 15 ഏക്കര് പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ബഫര്സോണില് ഉള്ള പ്രദേശമാണ്.
3. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ കാടുകള്, ഒരു പഠനം പോലും നടക്കാതെയാണ് മുറിച്ചുമാറ്റാനൊരുങ്ങുന്നത്.
4. വാഴച്ചാല്-ഷോളയാര് കാടുകളുടെ ഉയര്ന്ന പാരിസ്ഥിതിക പ്രാധാന്യം കാണിക്കുന്ന നിരവധി ആധികാരികപഠനങ്ങള് ലഭ്യമാണ്.
5. ആനകളുടെയും മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി ഈ മേഖലകള് വന്യജീവിസങ്കേതമോ ദേശീയോദ്യാനമോ ആക്കണം എന്ന് നാഷണല് ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സസ്, ഇന്ത്യ, ഏഷ്യന് നേച്ചര് കണ്സര്വേഷന് സൊസൈറ്റി എന്നിവ ശുപാര്ശ ചെയ്തിട്ടുള്ളതാണ്.
6. ഗാഡ്ഗില് കമ്മിറ്റിയും കസ്തൂരിരംഗന് കമ്മിറ്റിയും പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയ പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
7. 2018 ഓഗസ്റ്റിലെ പെരുമഴയില് ആനക്കയം മേഖലയില് നാലിടത്ത് മലയിടിച്ചിലുണ്ടായി. ഇതില് ഏറ്റവും വലുത് ആനക്കയം ആദിവാസി കോളനിയ്ക്കടുത്തുണ്ടായ ഉരുള്പ്പൊട്ടലാണ്. നിര്ദ്ദിഷ്ടപദ്ധതിപ്രദേശത്തിനു സമീപത്താണിത്.
8. ആനക്കയം ജലവൈദ്യുതപദ്ധതിക്കായി 3.65 മീറ്റര് വ്യാസവും 5167 മീറ്റര് നീളവുമുള്ള തുരങ്കം നിര്മ്മിക്കേണ്ടതുണ്ട്. ഇതിനായി വലിയ വിസ്‌ഫോടനങ്ങളിലൂടെ പാറ പൊട്ടിക്കേണ്ടിവരും. ഇത് പ്രദേശത്തെ ഭൂഘടനയെ കൂടുതല് ദുര്ബ്ബലമാക്കുകയും മലയിടിച്ചിലിന്റെ സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യും.
9. ദുരന്തനിവാരണനിയമം 2005 പ്രകാരം ദുരന്തസാധ്യതകള് പരമാവധി ലഘൂകരിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ചുമതലയാണ്. ഇവിടെ പക്ഷേ ദുരന്തസാധ്യതാ മേഖലയില് ദുരന്തങ്ങള് ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തി ചെയ്യാനൊരുങ്ങുകയാണ്. ഇത് ദുരന്തനിവാരണനിയമത്തിന്റെ നഗ്നമായ ലംഘനമാണ്.
10. വനാവകാനിയമം 2006 പ്രകാരം വാഴച്ചാല് വനം ഡിവിഷനിലെ ആദിവാസി ഊരുകള്ക്ക് പദ്ധതിപ്രദേശം ഉള്പ്പെടെയുള്ള 400 ച. കി. മീ. പ്രദേശത്ത് Community Forest Resources Right ലഭിച്ചിട്ടുള്ളതാണ്. അവരുടെ ഊരുകൂട്ടങ്ങളുടെ അനുമതിയില്ലാതെയാണ് പദ്ധതി നടപ്പാക്കാന് ശ്രമിക്കുന്നത്. ഇത് വനാവകാശനിയമത്തിന്റെ ലംഘനമാണ്.
11. തങ്ങള്ക്ക് ലഭിച്ചിട്ടുള്ള CFR പ്രകാരം ഈ വനഭൂമികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആദിവാസികളുടെ ചുമതലയാണ്. തങ്ങളില് നിക്ഷിപ്തമായ ചുമതല നിര്വ്വഹിക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി ഉപേക്ഷിക്കണം എന്ന് ആദിവാസി ഊരുക്കൂട്ടങ്ങള് ആവശ്യപ്പെട്ടിട്ടുണ്ട്.
12. കേരളത്തിന് ആവശ്യമായതില് അധികം വൈദ്യുതി നിലവില് ലഭ്യമാണ്. ഡിമാന്റ് കുറവായതിന്റെ പേരില് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കേന്ദ്രവിഹിതം പോലും (ശരാശരി യൂണിറ്റിന് 3.6 രൂപ) പലപ്പോഴും പൂര്ണ്ണമായി എടുക്കാന് കഴിയാറില്ല. യൂണിറ്റിന് 6-7 രൂപ വൈദ്യുതിയ്ക്ക് വില വരുന്ന സംസ്ഥാനത്തെ താപനിലയങ്ങള്, അതിനേക്കാള് കുറഞ്ഞ നിരക്കില് യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനാല് പൂര്ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
13. കേരളത്തില് ഇന്ന് ഒരു വര്ഷം ഏകദേശം 2600-2700 കോടി യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിന്റെ ആയിരത്തില് ഒരംശം പോലും വൈദ്യുതി തരാന് കഴിയാത്ത (2.25 കോടി യൂണിറ്റ്) ഈ പദ്ധതി തികച്ചും അപ്രസക്തമാണ്.
14. ജലവൈദ്യുത പദ്ധതികള്ക്ക് നിലവില് ഒരു മെഗാവാട്ടിന് ശരാശരി 9-10 കോടി രൂപയാണ് ചെലവ്. 7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ആനക്കയം പദ്ധതിയ്ക്ക് പക്ഷേ വൈദ്യുതി ബോര്ഡ് തന്നെ കണക്കാക്കുന്നത് 150 കോടി രൂപയാണ്; ഒരു മെഗാവാട്ടിന് 20 കോടി രൂപ. ഉയര്ന്ന പദ്ധതിച്ചെലവ് മൂലം ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയെങ്കിലും ചെലവുവരും. വൈദ്യുതിബോര്ഡിനും അതുവഴി ഉപഭോക്താക്കള്ക്കും നഷ്ടം വരുത്തുവാനേ പദ്ധതി ഉപകരിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *