ഗാഡ്‌ഗില്‍ വീണ്ടും വരുമ്പോൾ | ഡോ. ടി.വി സജീവ്
നാളെ പ്രൊഫ. മാധവ് ഗാഡ്‌ഗില്‍ ഒരിക്കൽ കൂടി കേരളത്തിലേക്ക് എത്തുകയാണ്. കേരള ഹൈക്കോടതിയിൽ അദ്ദേഹം പ്രഭാഷണം നടത്തും. പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ അധ്യക്ഷൻ എന്ന നിലക്കു മാത്രമല്ല ആ കാലയളവിന് മുമ്പും, ശേഷവും പലകുറി കേരളത്തിൽ വന്നിട്ടുണ്ട് അദ്ദേഹം. എന്നാൽ, ഇക്കുറി അദ്ദേഹം വരുന്നത് വളരെ വ്യത്യസ്തമായ കേരളത്തിലേക്കാണ്.
പ്രളയം നാന്നൂറിലധികം മനുഷ്യ ജീവൻ എടുത്തു കഴിഞ്ഞു. പതിനായിരത്തോളം കിലോമീറ്റർ റോഡുകൾ കേടാവുകയോ, പൂർണമായും നഷ്ടപ്പെടുകയോ ചെയ്തു. നിരവധി വീടുകൾ തകർന്നു. കേടുപാടുകൾ തീർക്കേണ്ട വീടുകളുടെ എണ്ണം ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ്. മൂന്നു ലക്ഷത്തിലേറെ മനുഷ്യർ പതുക്കെ ക്യാമ്പുകളിൽ നിന്ന് അവരവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. കേരളം കണ്ട ഏറ്റവും ഊർജസ്വലമായ രക്ഷാപ്രവർത്തനത്തിന് ശേഷം ഇപ്പോൾ നിരവധി വളണ്ടിയർമാർ വീടുകൾ വാസയോഗ്യമാക്കി മാറ്റുകയാണ്. ഇങ്ങനെയൊരു കേരളം ഒരാളുടെയും ഏറ്റവും മോശം സ്വപ്നത്തിൽ പോലും ഉണ്ടായിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിന്‍റേതടക്കം.
ഏഴു വര്‍ഷം മുമ്പാണ്, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും, പരിപാലനവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് അദ്ദേഹം നേതൃത്വം നൽകിയ പാനൽ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചത്. പശ്ചിമഘട്ട മേഖലയിലെ പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യമുള്‍ക്കൊണ്ട്, അവിടെ സുസ്ഥിരമായ ജീവിത സാഹചര്യങ്ങൾ നിലനിർത്താനായി പാനൽ ശാസ്ത്രീയവും നൂതനവുമായ രീതിയാണ് അവലംബിച്ചത്. ഓരോ പ്രദേശത്തിന്‍റെയും അപകട സാധ്യത, ഭൂമിയുടെ ചരിവ്, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ജൈവ വൈവിധ്യം, ഉല്പാദനക്ഷമത, അതിജീവനശേഷി, സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം, ലഭ്യമാകുന്ന മഴ എന്നിവയോടൊപ്പം അവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കാഴ്ചപ്പാടുകൾ കൂടി പരിഗണിച്ച്, പ്രകൃതി ശാസ്ത്രത്തിന്‍റെയും, സാമൂഹ്യശാസ്ത്രത്തിന്‍റെയും അറിവുകളെ സമന്വയിപ്പിച്ചതായിരുന്നു ആ രീതിശാസ്ത്രം. ഇത്തരത്തിൽ ഓരോ പ്രദേശത്തിന്‍റെയും മൂല്യഗണന നടത്തി പരിസ്ഥിതി ലോലതയെ മുൻനിർത്തി മൂന്ന് വ്യത്യസ്ത സോണുകളായി പശ്ചിമഘട്ടത്തെ തിരിക്കുകയും ചെയ്തു. സ്വാഭാവിക വനത്തിന്‍റെ അത്ര തന്നെയോ, അതിനു മുകളിലുള്ളതോ ആയ പ്രദേശങ്ങളാണ് സോൺ ഒന്നിൽ ഉൾപ്പെട്ടത്.
ഒന്നിലേറെ തവണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലകളിൽ ഹർത്താലുകൾ നടന്നു.
അവിടെ, വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പാറമടകൾ പോലുള്ളവ നിരോധിക്കണം എന്നും നിർദ്ദേശിച്ചു. താരതമ്യേന കുറഞ്ഞ അപകട സാധ്യതയുള്ള സോണ്‍ രണ്ടിലും, മൂന്നിലും ചെയ്യാവുന്ന പ്രവർത്തനങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് സോണുകളായി തിരിച്ചത് കൊണ്ട് തന്നെ ഏതൊക്കെ കാര്യങ്ങൾ എവിടെയൊക്കെ ചെയ്യാമെന്നും, ചെയ്യാൻ പാടില്ല എന്നുമുള്ള കൃത്യമായ നിർദേശങ്ങൾ ഉണ്ടായി. ഈ സോണുകളുടെ കൃത്യമായി നിര്‍ണയിക്കേണ്ട ഉത്തരവാദിത്വം അതാതു പ്രദേശങ്ങളിലെ ഗ്രാമസഭകൾക്കാണ് എന്ന് നിർദേശിക്കുകയും ചെയ്തു. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലേക്ക് റിപ്പോർട്ട് വിവർത്തനം ചെയ്യണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട റിപ്പോർട്ടിനോടുള്ള കേരളത്തിന്‍റെ പ്രതികരണം വളരെ തീവ്രമായിരുന്നു. ഒന്നിലേറെ തവണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലകളിൽ ഹർത്താലുകൾ നടന്നു. രണ്ടു കുറി, ഒരുവിഭാഗം പള്ളികളിൽ റിപ്പോർട്ടിലെ വസ്തുതകൾ വളച്ചൊടിച്ചു കൊണ്ട് ഇടയലേഖനങ്ങൾ വായിക്കപ്പെട്ടു. താമരശ്ശേരിയിൽ വനം വകുപ്പിന്‍റെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. വയനാട്ടിൽ പലയിടത്തും കരണമേതുമില്ലാതെ കാട് കത്തുകയും ചെയ്തു.
ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകമാകമാനം പാരിസ്ഥിതിക ദുരന്തങ്ങളുടെ എണ്ണവും തീവ്രതയും വർധിക്കുമെന്ന് വളരെ മുന്നേ തന്നെ മുന്നറിയിപ്പ് ഉണ്ടായിട്ടുള്ളതാണ്. ഓഖി കൊടുംകാറ്റും, ഇപ്പോഴുണ്ടായ അതിവൃഷ്ടിയും അതിന്‍റെ കേരളത്തിലെ ഉദാഹരണങ്ങളുമാണ്. എന്നാൽ ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗം അതാതിടങ്ങളിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിച്ചു നിർത്തുക എന്നതാണെന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന്, ഭൂമിയുടെ ഉപരിതലത്തെ മാറ്റി മറിക്കുക എന്നത് പലരാജ്യങ്ങളും നിയമം മൂലം തടഞ്ഞു കഴിഞ്ഞു. സ്വാഭാവിക നീരൊഴുക്കിന്‍റെ വഴികൾ ചെറുതാകാതെയും ആദായത്തെയും സൂക്ഷിക്കുക എന്നതും ഈ കരുതലിന്‍റെ ഭാഗമാണ്. അത്തരത്തിൽ വരാൻ പോകുന്ന ഭീഷണികളെ ഫലപ്രദമായി നിയന്ത്രിക്കാൻ തക്ക വിധത്തിൽ കേരളത്തിന്‍റെ ഭൂ പ്രകൃതിയെ നിലനിർത്തുക എന്നതായിരുന്നു ഗാഡ്‌ഗില്‍ നിർദേശങ്ങളുടെ പൊതുസ്വഭാവം. എന്നാൽ ആ നിർദേശങ്ങൾ തള്ളിക്കളഞ്ഞത് വഴി ഏകദേശം ആറായിരത്തോളം പാറമടകൾ ഇവിടെ നിർബാധമായി പ്രവർത്തിച്ചു വന്നു. വീടുകളിൽ നിന്ന് ഇരുന്നൂറു മീറ്റർ അകലത്തിലേ പാറമടകൾ പാടുള്ളൂ എന്നത് തിരുത്തി, നമ്മൾ അത് അമ്പതു മീറ്ററാക്കി. കാടിനടുത്തും പാറമടകൾ ആകാമെന്നായി. അവിടെ നടക്കുന്ന ഓരോ സ്ഫോടനവും മലനിരകളെയാകെ കുലുക്കിക്കൊണ്ടിരിക്കുകയും ചെയ്തു. വലിയ മഴ വന്നപ്പോൾ മണ്ണും പാറയുമെല്ലാം പിടിവിട്ടു താഴേക്ക് പതിക്കുകയും ചെയ്തു. മനുഷ്യ ജീവനും നിവധി വീടുകളും മണ്ണിനടിയിലായി. ഒന്നല്ല, നൂറ്കണക്കിന് ഉരുൾ പൊട്ടലുകളാണ് ഈ അതിവൃഷ്ടിക്കാലത്ത് കേരളത്തിൽ ഉണ്ടായത്.
നിറയെ നുണകൾ പറഞ്ഞ് ആ റിപ്പോർട്ട് എയ്തു വീഴ്ത്തിയപ്പോൾ തോറ്റത് ഗാഡ്‌ഗില്‍ ആയിരുന്നില്ല, ശാസ്ത്രമായിരുന്നു.
ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിർദേശങ്ങൾ എത്രമാത്രം പ്രധാനമായിരുന്നു? അതറിയാൻ ഇപ്പോൾ പുറത്തു വരുന്ന വാർത്ത മാത്രം മതി. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് ജില്ലാ കളക്ടർമാരോടും, പഞ്ചായത്ത് സെക്രട്ടറിമാരോടും ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നു. ഇക്കാര്യം ഏഴു വര്‍ഷം മുന്നേ ഗാഡ്‌ഗില്‍ റിപ്പോർട്ടിൽ എഴുതിയിരുന്നു. ഇപ്പോൾ മണ്ണിടിച്ചിലിൽ തകർന്ന കെട്ടിടങ്ങൾ പുനര്‍നിര്‍മിക്കേണ്ടെന്നും സർക്കാർ നിര്‍ദേശിച്ചിരിക്കുന്നു. ഇതാണ് നമ്മുടെ സമൂഹം വിലകൊടുക്കാതിരുന്ന ശാസ്ത്രീയ രീതിശാസ്ത്രത്തിന്‍റെ പ്രവചനാത്മകത. നിറയെ നുണകൾ പറഞ്ഞ് ആ റിപ്പോർട്ട് എയ്തു വീഴ്ത്തിയപ്പോൾ തോറ്റത് ഗാഡ്‌ഗില്‍ ആയിരുന്നില്ല, ശാസ്ത്രമായിരുന്നു. മതത്തിന്‍റെ ആധികാരികതയിൽ നിന്നുകൊണ്ട് കേരളീയ സമൂഹം ശാസ്ത്രത്തെ തോൽപിച്ച കാലമാണ് കഴിഞ്ഞു പോയത്.
വീണ്ടെടുക്കേണ്ടത് ശാസ്ത്രീയതയാണ്. ശാസ്ത്രീയ രീതിശാസ്ത്രത്തെയാണ്. അതിനു കഴിയുന്നില്ലെങ്കിൽ നമ്മുടെ സമ്പൂർണ സാക്ഷരത ഒരു ഉപകാരവുമില്ലാത്ത മേനി പറച്ചിൽ മാത്രമാകും. സ്‌കൂളുകളിലും, കോളേജുകളിലും പഠിച്ചു മറക്കാനുള്ളതല്ല ശാസ്ത്രമെന്നും, അതിനു നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ അറിയാനും അതിനോട് ഇടപെടേണ്ട രീതികൾ കണ്ടെത്താനും അങ്ങനെ മനുഷ്യ സമൂഹത്തിന്‍റെ അതിജീവനത്തിനു സഹായകമാകും എന്നതുമാണ് നമ്മൾ മറന്നത്.
ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിർദേശങ്ങൾ സർക്കാർ നടപ്പിലാക്കാൻ തുടങ്ങിക്കഴിഞ്ഞു. അതിനു പക്ഷെ, അതിഭയങ്കരമായ ഒരു പ്രളയം ഉണ്ടാകേണ്ടി വന്നു. ഇനിയും നടപ്പിലാക്കേണ്ട നിരവധി നിർദേശങ്ങൾ ഉണ്ട് ഗാഡ്‌ഗില്‍ റിപ്പോർട്ടിൽ. ഒരിക്കൽ നുണ പറഞ്ഞ് എതിർത്ത റിപ്പോർട്ടിനെ ഇപ്പോൾ അനുകൂലിക്കാൻ ജാള്യത ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, കേരളത്തിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരെയും, ഇനിയും ജീവിക്കാനുള്ള നിരവധി തലമുറകളെയും മുൻനിർത്തി ഈ ജാള്യത കുടഞ്ഞു കളഞ്ഞ് ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനായി പരിസ്ഥിതി ശാസ്ത്രത്തിന്‍റെ നിഗമനങ്ങളെ അനുസരിക്കാൻ സജ്ജമാകേണ്ട കാലമാണിത്. ഗാഡ്‌ഗിലിന്‍റെ ഈ വരവ് അതിനാവും പ്രേരകമാവുക.
(തൃശൂര്‍ പീച്ചിയിലെ കേരള വന ഗവേഷണകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞനാണ് ഡോ. ടി.വി സജീവ് )
Source: asianetnews.com