ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശുദ്ധ ഗ്രന്ഥമല്ല, പക്ഷെ അത് നല്‍കുന്ന ദിശാബോധം ശരി തന്നെയാണ്
ജയരാജന്‍ സി.എന്‍ | doolnews.com
സമീപ കാലത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് വരുന്ന ചില പരാമര്‍ശങ്ങള്‍ കേവല സ്തുതികളുടെയും ആക്ഷേപങ്ങളുടെയും ഭാഗമായി മാറുന്നുവെന്നതിനാലാണ് ഇതെഴുതുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടു വെച്ച പൊതു സമീപനവുമായി പൊരുത്തപ്പെട്ടു പോകുന്ന ഒന്നല്ല ഈ രണ്ടു രീതികളും എന്നത് പ്രത്യേകം പറയട്ടെ.
ഇനിപ്പറയുന്ന കാര്യങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കാത്തവരെ കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ്. ചിലപ്പോള്‍ തോന്നാറുണ്ട് ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നവരില്‍ ചിലരെങ്കിലും ഈ റിപ്പോര്‍ട്ട് കണ്ടിട്ടേയില്ല എന്ന്….!
ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗാഡ്ഗില്‍ തനിച്ചായിരുന്നില്ല എന്ന കാര്യമാണ്. ചിലരുടെ എഴുത്തു കണ്ടാല്‍ തോന്നും ഇത് അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയാണ് എന്ന്. തീര്‍ച്ചയായും ആ കമ്മിറ്റിയുടെ അഥവാ പാനലിന്റെ ചെയര്‍മാന്‍ ആയിരുന്നു ഗാഡ്ഗില്‍. എന്നാല്‍ അദ്ദേഹത്തെ കൂടാതെ പന്ത്രണ്ടു വിദഗ്ദ്ധര്‍ കൂടി ചേര്‍ന്നായിരുന്നു ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന പശ്ചിമഘട്ടമെന്നത് കേരളത്തിന് മാത്രം ബാധകമായ ഒന്നായിട്ട് ചിലരെങ്കിലും അറിയാതെ തെറ്റിദ്ധരിച്ചു പോകുന്നുണ്ട്. മഹാരാഷ്ട്രയിലെ താപി നദിയുടെ താഴ്വര മുതല്‍ ഇങ്ങ് കന്യാകുമാരി വരെയുള്ള 1490 കിലോമീറ്റര്‍ ദൈര്‍ഘ്യവും 129037 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും ഉള്ള പ്രദേശമാണ് അത്. കേരളം, കര്‍ണ്ണാടക, തമിഴ്നാട് , ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ അതുള്‍ക്കൊള്ളുന്നുണ്ട്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന മട്ടിലാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഒരു പക്ഷേ, കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആപേക്ഷികമായി കുറവാണ് എന്നു വേണമെങ്കില്‍ പറയാം.
കേരളത്തില്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വാസ്തവത്തില്‍ ക്രിസ്തീയ വോട്ടു ബാങ്കുകളുടെ പേരില്‍ സകല കക്ഷികളും പിന്തുണയ്ക്കുകയാണ്. അതിനപ്പുറം മറ്റു യുക്തികളൊന്നുമില്ല. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കണമന്നു പറയുന്ന ബി.ജെ.പി ഭരിയ്ക്കുന്ന കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവരോട് ചോദിക്കേണ്ടതുണ്ട്.
കൗതുകകരമായ ഒരു കാര്യം വായനക്കാരുടെ ശ്രദ്ധയിലേക്ക് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും പറയാം. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോകുന്ന റോഡുകളും നിബിഡവനങ്ങളും അവിടെ ഗതാഗത വിനിമയബന്ധങ്ങള്‍ താറുമാറാക്കുന്നു. ഈ അപ്രാപ്യതയുടെ തന്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് ഛത്രപതി ശിവാജി ശക്തമായ മറാത്താ സാമ്രാജ്യം കെട്ടിപ്പടുത്തത് എന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
അതായത്, പശ്ചിമഘട്ടത്തില്‍ ഇത്തരം സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം പണ്ടേ മുതലുള്ളതാണ്. ചുരുക്കത്തില്‍ മനുഷ്യസൃഷ്ടിയായ നാശങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും ഇത്തരം അവസ്ഥകള്‍ പണ്ടേ ഉണ്ടാാവാറുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് തന്നെ പറയുന്നുണ്ട്. (തീര്‍ച്ചയായും ഇത് മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന വിനാശപ്രവര്‍ത്തനങ്ങള്‍ക്ക് സാധൂകരണമേയല്ല)
ഇപ്പോഴും കഴിഞ്ഞ വര്‍ഷവും ഉണ്ടായിട്ടുള്ള ഉരുള്‍ പൊട്ടലുകള്‍ പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാവുന്ന കാര്യങ്ങളിലേയ്ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സൂചനകള്‍ നല്‍കിയിട്ടുണ്ട്. അതിലൊന്ന് താഴെപ്പറയും വിധത്തിലാണ്:
“ഗതാഗത വാര്‍ത്താവിനിമയ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുത ഗതിയിലുള്ള മാറ്റങ്ങളും സമ്പന്നരായ വലിയൊരു മദ്ധ്യവിഭാഗത്തിന്റെ ഉദയവും മലകള്‍ ഇടിച്ചു നിരത്താനും ഉഴുതുമറിക്കാനും പര്യാപതമായ എര്‍ത്ത് മൂവിങ്ങ് മെഷീനറികളും ലഭ്യതയും പശ്ചിമഘട്ടത്തിലെ ഒഴിവു കാല വസതികളും റിസോര്‍ട്ടുകളും നിറഞ്ഞ നഗരങ്ങളായി മാറ്റിയിരിക്കുന്നു. തല്‍ഫലമായി പ്രകൃതിദത്ത സസ്യജാല സമൂഹങ്ങളുടെ ഉന്മൂലനവും പ്രദേശ വാസികളുടെ നിഷ്‌കാസനവും സംഭവിക്കുന്നു.”
മനുഷ്യനിര്‍മ്മിത മൂലധനം സാമൂഹ്യ -പ്രകൃതിദത്ത മൂലധനത്തിന് പകരം വെയ്ക്കപ്പെടുന്ന പ്രവര്‍ത്തനത്തെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നതേയില്ല. പലരും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണയായതിനാല്‍ അതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് താഴെ ചേര്‍ക്കുന്നു.
”മനുഷ്യനിര്‍മ്മിത മൂലധനത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത മൂലധനം ഒലിച്ചു പോയി. ഇത് പരിസ്ഥിതിയ്ക്ക് കടുത്ത ആഘാതമേല്‍പ്പിക്കുകയും സാമൂഹ്യ മൂലധനത്തിന്റെ അധഃപ്പതനത്തിന് കാരണമാവുകയും ചെയ്തു. എന്നാല്‍ ഇതിനൊരു അനുകൂല വശവുമുണ്ട്.. മേല്‍പ്പറഞ്ഞ മാറ്റങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയും വളരെ ഉയര്‍ന്ന പരിസ്ഥിതി അവബോധവും പശ്ചിമഘട്ട നിവാസികള്‍ക്ക് സിദ്ധിച്ചു.. ഇവിടെ ജനാധിപത്യ സ്ഥാപനങ്ങള്‍ വളരെ ശക്തമാണ്. മനുഷ്യശേഷി ഉയര്‍ത്തുന്നതിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്.”
ഗാഡ്ഗില്‍ കമ്മിറ്റി പലയിടത്തും പ്രദര്‍ശിപ്പിക്കുന്നത് അതിന്റെ ജനകീയ സ്വഭാവമാണ്. ഓരോ പ്രദേശത്തയും ജനങ്ങളാണ് ആത്യന്തികമായി ആ പ്രദേശത്തെ വികസനം തീ:രുമാനിക്കേണ്ടത് എന്ന നിലപാട് പലയിടത്തും റിപ്പോര്‍ട്ട് പ്രകടിപ്പിക്കുന്നുണ്ട് :
”വികസനത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കും നഗരപാലകര്‍ക്കും നല്‍കിക്കൊണ്ടുള്ള 73,74 ഭരണഘടനാ ഭേദഗതികളുടെ അന്തഃസ്സത്തയ്ക്ക് വിരുദ്ധമായി വികസന തീരുമാനങ്ങള്‍ ഇന്ന് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്”
പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തെ വികലമാക്കുന്നത് ഉദ്യോഗസ്ഥമേധാവിത്തമാണെന്ന് അതിന്റെ ജനകീയ വിരുദ്ധ മുഖം വെളിവാക്കിക്കൊണ്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ എടുക്കുന്ന നടപടികള്‍ ജനവിരുദ്ധമാവുന്നതിന്റെ കാരണവും ഈ ഉദ്യോഗസ്ഥമേധാവിത്തത്തിന്റെ ജനവിരുദ്ധ സമീപനങ്ങളാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ തന്നെ കൃത്യമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കാണൂ.
”ജൈവവൈവിദ്ധ്യത്തിന്റെ കാരണക്കാര്‍ തദ്ദേശവാസികളാണെന്നും അതിനാല്‍ അവരെ പരമാവധി ഒഴിവാക്കി വേണം സംരക്ഷണ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്നുമെന്ന ധാരണയാണ് ‘സംരക്ഷിതമേഖലകളാ’യി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക നടപടികള്‍.”
ജനങ്ങളെ ചിന്താപരമായ കാര്യങ്ങളിലും ഭൗതികമായിട്ടും പശ്ചിമഘട്ട സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് വാസ്തവത്തില്‍ ഉദ്യോഗസ്ഥമേധാവിത്തമാണെന്ന തിരിച്ചറിവ് റിപ്പോര്‍ട്ടിന് ഉണ്ടെങ്കിലും ഇക്കാര്യം കാണാതെ ഉദ്യോഗസ്ഥരുടെ കുറ്റത്തിന് റിപ്പോര്‍ട്ടിനെ പഴിയ്ക്കുന്ന രീതിയാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇവര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്നറിയില്ല…
ഗാഡ്ഗിലും കൂട്ടരും കേവലമായ പരിസ്ഥിതി മൗലിക വാദികളാണ് എന്നൊരു തെറ്റിദ്ധാരണ പൊതുവേ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് കേവല പരിസ്ഥിതി മൗലികവാദത്തെ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്.
”പക്ഷേ എന്നിട്ടും ഇന്നും നമ്മള്‍ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്‍ നിന്നും വേറിട്ടു കാണുന്ന അവസ്ഥയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഇതിന്റ പരിണിത ഫലം നമ്മുടെ നയങ്ങള്‍ ഒരു വശത്ത് ചില മേഖലകളില്‍ അനിയന്ത്രിത വികസനത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റു ചില മേഖലകളില്‍ തത്വ ദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നല്‍കുന്നു. ഈ പ്രക്രിയയില്‍ ‘സംരക്ഷിതമേഖലകള്‍’ എന്ന പേരില്‍ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകള്‍ സ്ഥാപിക്കുന്നത് ഇവയ്ക്ക് പുറമേ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്. ‘സംരക്ഷിതമേഖലകളി’ ല്‍ ഒരു പുല്‍ച്ചെടിയുടെ ഇല പോലും നീക്കരുതെന്ന് വാശി പിടിയ്ക്കുന്ന നാം അതിന് പുറത്ത് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പോലും പാലിയ്ക്കാന്‍ തയ്യാറാകാത്തത് തികച്ചും അനുചിതമാണ്. ഇന്നത്തെ അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണവും എന്ന സമീപനത്തിന് പകരം സുസ്ഥിര വികസനവും ശ്രദ്ധാപൂര്‍വ്വമുള്ള പരിസ്ഥിതി സംരക്ഷണവും എന്ന നിലയിലേയ്ക്ക് നമ്മുടെ വികസന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യപ്പെടണമന്നാണ് സമിതിയുടെ അഭിപ്രായം.”
മേല്‍പ്പറഞ്ഞ വരികളില്‍ പരിസ്ഥിതി മൗലികവാദികള്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ….!
പരിസ്ഥിതി ദുര്‍ബ്ബലമേഖലയുടെ നിലവിലുള്ള സംരക്ഷണ രീതികളിലുള്ള ഗുരുതരമായ പോരായ്മയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്ക്കുന്നത് അതില്‍ അമിതമായിട്ടുള്ള ഉദ്യോഗസ്ഥമേധാവിത്ത കടന്നു കയറ്റവും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തക്കുറവുമാണ് :
”ഇതില്‍ ഏറ്റവും ഗൗരവമുള്ള പ്രശ്നം ഈ സംവിധാനം ഉദ്യോസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തക്കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവര്‍ത്തനവും ഉത്തരവാദിത്തക്കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തല്‍ഫലമായി സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗം കടുത്ത പീഢനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു.”
റിപ്പോര്‍ട്ട് ജനപക്ഷത്തു നിന്നും ചൂണ്ടിക്കാണിയ്ക്കുന്ന ഈ വര്‍ത്തമാനാവസ്ഥ കേരളത്തിലും പുറത്തും പശ്ചിമഘട്ടമേഖലകളില്‍ എത്രത്തോളം വാസ്തവമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ!
പരിസ്ഥിതി ദുര്‍ബ്ബല മേഖലകളുടെ രൂപീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന ദിശാബോധം എത്രത്തോളം ജനാധിപത്യപരമാണന്നും മറ്റു നിലപാടുകളെ അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്….എന്നാല്‍ ഇതിന്റെ നടത്തിപ്പുകാരെന്നവകാശപ്പെടുന്നവര്‍ ചെയ്തത് വാസ്തവത്തില്‍ ഇതിന്റെ ഉള്ളടക്കത്തിന് വിരുദ്ധമായിട്ടായിരുന്നു. പഴി കേട്ടതോ റിപ്പോര്‍ട്ടിനും…അതിനാല്‍ റിപ്പോര്‍ട്ടില്‍ നിന്ന് തല്‍സംബന്ധിയായ ഒരു പരാമര്‍ശം താഴെ കൊടുക്കുന്നു:
”…പരിസ്ഥിതി ദുര്‍ബ്ബലമേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സര്‍ക്കാര്‍ ഏജന്‍സികളെ മാത്രം ആശ്രയിക്കുന്നത് ഉചിതമല്ലെന്ന് സമതി ( WGEEP) വിശ്വസിക്കുന്നു. പകരം പരിസ്ഥിതി മേഖലകളുടെ അന്തിമ നിര്‍ണ്ണയത്തിന് (സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളും യുനെസ്‌കോ പൈതൃക സൈറ്റുകളായി നിര്‍ണ്ണയിച്ചിട്ടുള്ളതും ഉള്‍പ്പെടെ) സൂക്ഷ്മ ജലസ്രോതസ്സുകളും വില്ലേജ് അതിര്‍ത്തികളും കണക്കിലെടുത്തു കൊണ്ട് നിയന്ത്രിത പ്രോത്സാഹന ഘടകങ്ങളടങ്ങിയ ഒരു സംവിധാനം വേണമെന്നാണ് സമിതിയുടെ അഭിപ്രായം. ഇത് ഗ്രാമപ്പഞ്ചായത്തുകള്‍, താലൂക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, നഗരപാലികകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട സംസ്ഥാന തല അതോറിറ്റിയുടെയും ജില്ലാക്കമ്മിറ്റികളുടെയും പൊതുവായ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്ന ഒരു സംവിധാമായിരിക്കണം.. ‘
മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന ഒരു സംവിധാനമല്ല, ജനപങ്കാളിത്തമുള്ള ഒരു പദ്ധതിയാണ് റിപ്പോര്‍ട്ട് മുന്നോട്ടു വെയ്ക്കുന്നതെന്ന് മുകളില്‍ പറഞ്ഞ വരികള്‍ വ്യക്തമാക്കുന്നുണ്ട്.
മലഞ്ചെരിവുകളില്‍ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ചെരിവുകളുള്ള ഇടങ്ങളില്‍ വാര്‍ഷിക വിളകള്‍ കൃഷി ചെയ്യന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന നിര്‍ദ്ദേശം റിപ്പോര്‍ട്ട് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള കാര്യങ്ങളില്‍ നാം എന്തു മുന്‍കരുതല്‍ എടുത്തിട്ടുണ്ട് എന്നത് സ്വയം പരിശോധിക്കണം.. ഇവിടങ്ങളിലെ കൃഷി നിരുല്‍സാഹപ്പെടുത്തണമെന്നു മാത്രമാണ് റിപ്പോര്‍ട്ട് പറഞ്ഞത് , അല്ലാതെ നിരോധിക്കാനല്ല എന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ക്വാറികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വായിച്ചു നോക്കിയിട്ടാണോ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, പരിസ്ഥിതി ദുര്‍ബ്ബല മേഖലയിലെ ഒന്നാം വിഭാഗത്തില്‍ മാത്രമാണ് ക്വാറികള്‍ക്കും മണല്‍ ഖനനത്തിനും ലൈസന്‍സ് നല്‍കരുത് എന്നു പറഞ്ഞിരിക്കുന്നത്. രണ്ടാം മേഖലയില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കും സോഷ്യല്‍ ഓഡിറ്റിനും വിധേയമാക്കി മെച്ചപ്പെടുത്തി തുടരാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നാം മേഖലയില്‍ പുതുതായി തുടങ്ങുമ്പോള്‍ രണ്ടാം മേഖലയില്‍ പറഞ്ഞിട്ടുള്ള നിബന്ധനങ്ങള്‍ക്ക് പുറമേ ഗിരിജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ ചെയ്യണമെന്ന് കൂടി പറഞ്ഞിരിക്കുന്നു.
ഇതില്‍ എന്താണ് തെറ്റ്? ക്വാറികളും മണല്‍ ഖനനവും വേണ്ടെന്ന് പറഞ്ഞിരിക്കുന്നത് ഒന്നാം മേഖലയില്‍ മാത്രം. ഇപ്പോള്‍ എന്താണ് നടക്കുന്നത്? എന്നിട്ടെന്താണ് പ്രളയവേളകളില്‍ സംഭവിച്ചിട്ടുള്ളത്? പലയിടങ്ങളിലും മുന്‍പേ തന്നെ പ്രാദേശികവാസികള്‍ പ്രക്ഷോഭം നടത്തുന്നത് അറിയാമല്ലോ.
അണക്കെട്ടുകള്‍, ഖനികള്‍, ടൂറിസം, ഭവനനിര്‍മ്മാണം എന്നീ കാര്യങ്ങളില്‍ ആഘാത പഠനം നടത്തിയതിന് ശേഷം മാത്രം അനുമതി കൊടുക്കണമെന്നേ റിപ്പോര്‍ട്ട് പറയുന്നുള്ളൂ. വേണ്ടാ എന്നു പറഞ്ഞിട്ടില്ല. ഇതിലെങ്ങിനെയാണ് തെറ്റു കാണാന്‍ കഴിയുക?
ഏറ്റവും ആശങ്കാ ജനകമായ പരിസ്ഥിതി പ്രശ്നം ആയി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്ക്കുന്ന വിഷയം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് താഴെപ്പറയുന്നതാണ്:
”ഏറ്റവും ആശങ്കാജനകമായ പരിസ്ഥിതി പ്രശ്നം പശ്ചിമഘട്ടത്തിന്റെ മുകള്‍പ്പരപ്പില്‍ വെള്ളത്തിനും മണ്ണിനും സംഭവിയ്ക്കുന്ന അപചയവും മലിനീകരണവും താഴെത്തട്ടിലേയ്ക്ക് ഒഴുകിയെത്തി മദ്ധ്യഭൂതലത്തെയും തീരപ്രദേശത്തെയും മലിനീകരിക്കുന്നു എന്നതാണ്. ആകയാല്‍ പരിസ്ഥിതി വിനാശകരമായ രീതികള്‍ അടിയന്തിരമായി കുറയുകയും കൂടുതല്‍ സുസ്ഥിരമായ കൃഷി സമീപനത്തിലേയ്ക്ക് മാറ്റുകയും ചെയ്യാന്‍ സഹായിക്കുന്ന നയപരമായ മാറ്റം അത്യന്താപേക്ഷിതമാണ്”
കഴിഞ്ഞ കാല പ്രളയങ്ങളും മേല്‍പ്പറഞ്ഞ നിരീക്ഷണവും കൂടി പരിശോധിച്ചു നോക്കിയാല്‍ അതിന്റെ ആധികാരികത കൃത്യമായി മനസ്സിലാവുന്നതാണ്. നിര്‍ദ്ദേശം കൃഷിയെ ഒറ്റയടിയ്ക്ക് നിരോധിക്കാനല്ല, മറിച്ച് നയപരമായി മാറ്റങ്ങളിലൂടെ സുസ്ഥിരമായ കൃഷിയിലേക്ക് മാറാനുള്ള സാഹചര്യത്തിന് വേണ്ടിയാണ്. ഇത്തരം വാചകങ്ങളാണ് പലപ്പോഴും വളച്ചച്ചൊടിക്കപ്പെടുന്നത്.
ഇന്ത്യയിലെ വനം മാനേജ്മെന്റിനെതിരെ ശക്തമായ വിമര്‍ശനമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെച്ചിട്ടുള്ളത്. വനത്തിലൂടെയുള്ള പോക്ക് ശ്രദ്ധയോടെ വേണമന്ന നിര്‍ദ്ദേശം പ്രധാനമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന വനം അധികൃതര്‍ യാതൊരു ചിന്തയുമില്ലാതെ കേരളത്തിലും കര്‍ണ്ണാടകയിലുമൊക്കെ യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങള്‍ പിടിപ്പിച്ചു കൊണ്ട് വനത്തെ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ വനങ്ങള്‍ക്കരികെ താമസിയ്ക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ടില്‍ പറയുന്നത് താഴെ പറയും പ്രകാരമാണ്:
”ഇന്ത്യയിലെ വനങ്ങള്‍ക്കടുത്ത് ജനങ്ങള്‍ താമസിക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും വേണ്ടി നന്നായി രൂപകല്‍പ്പന ചെയ്ത ഒരു സാമൂഹ്യമാനേജ്മെന്റ് സംവിധാനം നടപ്പിലാക്കണം. ഇതിലൂടെ സംരക്ഷിത റിസര്‍വ്ഡ് വനങ്ങളുടെ ഭരണപരമായ ചെലവില്‍ തൊണ്ണൂറു ശതമാനവും ലാഭിയ്ക്കാനും വനങ്ങള്‍ക്കരികെ താമസിയ്ക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയര്‍ത്താനും സാധിയ്ക്കും..”
ചുരുക്കത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ലക്ഷ്യം വെയ്ക്കുന്നത് ജനങ്ങളുടെ ക്ഷേമവും അതിജീവനവും തന്നെയാണ്.
അപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേ പടി നടപ്പാക്കണമെന്നാണോ? തീര്‍ച്ചയായും അല്ല.
റിപ്പോര്‍ട്ട് ഇടയ്ക്കിടയ്ക്ക് പറയുന്നതു പോലെ സമയക്കുറവ് മൂലം ഉണ്ടായിട്ടുള്ള പരിമിതികള്‍ അതിനുണ്ട്…..അതിന്റെ നിരീക്ഷണങ്ങള്‍, പരിസ്ഥിതി ദുര്‍ബ്ബലമേഖലകളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ഒക്കെത്തന്നെ റിപ്പോര്‍ട്ട് മുന്നോട്ടു വെയ്ക്കുന്ന പ്രാദേശികവാസികളുടെ പങ്കാളിത്തമെന്ന ദിശാബോധം ഉള്‍ക്കൊണ്ട് വേണ്ട തിരുത്തലുകളും പഠനങ്ങളും നടത്തി സമ്പുഷ്ടമാക്കേണ്ടതുണ്ട്.
തിരുത്തലുകള്‍ ആവശ്യമായ കാര്യങ്ങള്‍ സമിതിയുടെ ധൃതി പിടിച്ചുണ്ടാക്കിയ റിപ്പോര്‍ട്ടില്‍ സ്വാഭാവികമാണ്. ഉദാഹരണത്തിന് വൈദ്യുതോല്‍പ്പാദനത്തിന്റെ കണക്ക് കാണിച്ചിരിക്കുന്ന കേരളത്തിന്റെ ഗ്രാഫ് ശരിയല്ല. .
അതുപോല പടിഞ്ഞാറോട്ടൊഴുകേണ്ട നദിയെ മുല്ലപ്പെരിയാറില്‍ കിഴക്കോട്ട് തിരിച്ചു വിടുന്നത് പ്രകൃതി നിയമങ്ങള്‍ക്കെതിരാണ് എന്ന വിലയിരുത്തല്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതമാര്‍ഗ്ഗത്തെ കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വര്‍ക്ക് കൃഷി ചെയ്താലേ ജീവിച്ചു പോകാന്‍ പറ്റൂ എന്ന കാര്യം കൂടി ഉള്‍ക്കൊള്ളണം.
ഇടുക്കി ജില്ലയിലെ പ്രദേശങ്ങള്‍ ഇന്ന് പുരോഗതിയുടെ പാതയിലെത്തിയത് അവിടെ കുടിയേറ്റക്കാര്‍ പൊന്നു വിളയിച്ചതു കൊണ്ടാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തു കൂടി പരിഗണിച്ചു കൊണ്ട് അവിടത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ, തീര്‍ച്ചയായും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അത്തരം പങ്കാളിത്തം ആവശ്യപ്പടുന്നുണ്ട്, വേണം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍. (നിര്‍ദ്ദേശങ്ങള്‍ എന്നാല്‍ ഇംഗ്ലീഷില്‍ recomemndations എന്നാണ്. അത് നിയമമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒന്നല്ല. അത് ദിശാബോധം തരുന്ന കാര്യങ്ങളാണ്. മറ്റൊരു മെച്ചപ്പെട്ട വഴികളും മുന്നിലില്ലെങ്കില്‍ നടപ്പാക്കേണ്ടവ….)
പരിസ്ഥിതി ദുര്‍ബ്ബലമേഖലകളുടെ കണക്കെടുപ്പില്‍ സമിതിയ്ക്ക് ഒടുവില്‍ കിട്ടിയ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ വേണ്ടത്ര വിലയിരുത്തല്‍ നടത്താന്‍ സമിതിയ്ക്കോ റിപ്പോര്‍ട്ടിനോ കഴിഞ്ഞിട്ടില്ല എന്ന പരിമിതി അതിനുണ്ടാകുമ്പോഴും അക്കാര്യം സത്യസന്ധമായി തുറന്നു പറഞ്ഞു കൊണ്ട് ആ പ്രദേശങ്ങളുടെ ലിസ്റ്റ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതില്‍ കേരളത്തില്‍ നിന്നുള്ള പ്രദേശങ്ങള്‍ പരിശോധിക്കുക: മണ്ടകോല്‍, പനത്തടി, പൈതല്‍മല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര-കുറ്റ്യാടി, നിലമ്പൂര്‍-മേപ്പാടി, സൈലന്റ് വാലി-ന്യൂ അമരമ്പലം, ശിരുവാണി, നെല്ലിയാമ്പതി, പീച്ചി-വാഴാനി, അതിരപ്പിള്ളി-വാഴച്ചാല്‍, പൂയംകുട്ടി-മൂന്നാര്‍, കാര്‍ഡമം ഹില്‍സ്, പെരിയാര്‍, കുളത്തൂപ്പുഴ, അഗസ്ത്യമല.
വാസ്തവത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിയ്ക്കാന്‍ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ പലയിടത്തും കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് പരിശോധിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നത് ഒരു സമഗ്രമായ , അടഞ്ഞ ഒന്നല്ല, മറിച്ച് അത് കൂടുതല്‍ വികസിപ്പിക്കപ്പെടേണ്ട ഒന്നാണ്. അതിന്റെ ദിശാബോധം ശരി തന്നെയാണ്.
കവളപ്പാറയിലെ ദുരന്തങ്ങളില്‍ ചുറ്റുമുള്ള ക്വാറികള്‍ക്കും മലയിടിച്ചു നിരത്തലുകള്‍ക്കും കാര്യമായ പങ്കില്ല എന്നു പറയുന്ന വികസന മൗലിക വാദികള്‍ക്കും പ്രകൃതിയെ സംരക്ഷിക്കണമെങ്കില്‍ വനവാസികളെയും ആദിവാസികളെയും വനത്തില്‍ നിന്ന് ഇറക്കി വിടണമെന്നു പറയുന്ന പരിസ്ഥിതി മൗലികവാദികള്‍ക്കും ബദലായി ജനാധിപത്യത്തിന്റെയും ജനകീയ പങ്കാളിത്തത്തിന്റെയും ആവശ്യകത ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മാര്‍ഗ്ഗ ദര്‍ശനമായി മാറിയ ഒന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അത് വിശുദ്ധ ഗ്രന്ഥമല്ല, അതിനെ കല്ലെറിയുകയും വേണ്ട.