പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കില്‍ നാം കനത്ത വില നല്‍കേണ്ടി വരും | ഡോ. വി.എസ് വിജയന്‍

അഭിമുഖം | പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ വിഎസ് വിജയന്‍. സാലിം അലി ഫൗഷേന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹത്തിന്റെ പഠനമാണ് സേവ് സൈലന്റ് വാലി മൂവ്‌മെന്റിന് ശാസ്ത്രീയ അടിത്തറ നല്‍കിയത്.

കേരളത്തിന്റെ പരിസ്ഥിതിയുടെ/പ്രകൃതിയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? ഇത് പരിപാലിക്കുന്നതില്‍ നാം എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്? എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ നാം പരിപാലിക്കേണ്ടത്?

കേരളത്തിന്റെ പാരിസ്ഥിതിക നിലനില്‍പ് പശ്ചിമഘട്ടത്തിന്റെ നിലനില്‍പുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മുടെ ആവാസവ്യവസ്ഥയെ നിര്‍ണയിക്കുന്നത് പശ്ചിമഘട്ടം തന്നെയാണ്. 41-ഓളം പുഴകളുടെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടമാണ്. ഈ പുഴകളെ ഒഴുകാന്‍ അനുവദിച്ചാലേ പുഴ വറ്റാതിരിക്കൂ. കൃഷിയും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടണം. വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളം കയറുക എന്നത് പ്രകൃതിയുടെ ഭാഗമാണ്. അത് നിലനിര്‍ത്തല്‍ അനിവാര്യവുമാണ്. പുഴയിലെ വെള്ളം അറബിക്കടലില്‍ ഒഴുകിയെത്തണമെങ്കില്‍ തീരങ്ങള്‍ സംരക്ഷിക്കപ്പെടണം. മലയില്‍നിന്ന് വെള്ളത്തിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ധാരാളം സൂക്ഷ്മാണുക്കള്‍ മത്സ്യസമ്പത്തിന്റെ വര്‍ധനവിന് കാരണമാകുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. പണ്ട് എല്ലാ വര്‍ഷവും ചാകര ഉണ്ടായിരുന്നു. പുഴകളുടെ ഒഴുക്ക് തടയപ്പെട്ടതിനാലാണ് ഇപ്പോള്‍ ചാകര ഉണ്ടാകാത്തത്. മലയില്‍ പെയ്യുന്ന മഴവെള്ളം ഒറ്റയടിക്ക് താഴ്ന്ന പ്രദേശങ്ങളില്‍ എത്തിയാല്‍ നമുക്ക് സങ്കല്‍പിക്കാനാകാത്തത്ര പ്രളയം ഉണ്ടാവുക സ്വാഭാവികമാണ്. കാടുകളില്‍ പെയ്യുന്ന മഴവെള്ളത്തെ നിയന്ത്രിക്കുക എന്ന ദൗത്യമാണ് മരങ്ങള്‍ നിര്‍വഹിക്കുന്നത്.
കിഴക്കന്‍ ഹിമാലയം കഴിഞ്ഞാല്‍ ജൈവ വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ് പശ്ചിമഘട്ടം. എന്നാല്‍ കടുത്ത ജൈവ വൈവിധ്യ ഭീഷണി നേരിടുന്ന ലോകത്തെ എട്ടു പ്രദേശങ്ങളില്‍ ഒന്നായി ഇത് മാറിയിരിക്കുന്നു. തനത് സസ്യജാലങ്ങളില്‍ 40 ശതമാനം നഷ്ടപ്പെടുകയോ ഈ സ്ഥലം ഇതര ആവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തുകയോ ചെയ്തു.

എല്ലാവര്‍ക്കും വികസനം വേണം. ഏതു തരത്തിലുള്ള വികസനമാണ് വേണ്ടത് എന്ന കാര്യത്തില്‍ നാം ഒരു തീര്‍പ്പിലെത്തിയിട്ടില്ല. പ്രകൃതി, കണ്ടല്‍ക്കാടുകള്‍, ജൈവ വൈവിധ്യങ്ങള്‍ എന്നിവയെ നിലനിര്‍ത്തിയുള്ളതാണ് യഥാര്‍ഥ വികസനം. നാം പ്രകൃതിയുമായി സമരത്തിലേര്‍പ്പെട്ടതിന്റെ ഫലമായാണ് പ്രളയവും മണ്ണൊലിപ്പുമൊക്കെ ഉണ്ടാകുന്നത്. എന്നാല്‍, പ്രളയത്തിന്റെ കാരണം ഇതു മാത്രമല്ല. രണ്ടു മാസംകൊണ്ട് പെയ്യേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്യുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടു കൂടിയാണ്.

പ്രളയത്തെയും മണ്ണിടിച്ചിലിനെയും മുന്‍കൂട്ടി കണ്ട് കൈകാര്യം ചെയ്യാനും പ്രതിരോധിക്കാനുമാവുക എന്നതാണ് നമ്മുടെ മുന്നിലുള്ള വഴി. ‘ഹരിതകേരളം’ പദ്ധതിയിലൂടെ നമുക്ക് കുറേയൊക്കെ മുന്നോട്ടു പോകാനായെങ്കിലും പൂര്‍ണതയിലെത്താന്‍ സാധിച്ചില്ല. ഉരുള്‍പൊട്ടാതിരിക്കണമെങ്കില്‍ മലയിടിക്കാതെ, പാറമടകള്‍ നിയന്ത്രിച്ചുകൊണ്ടുള്ള വികസനം കൊണ്ടുവരണം.

കേരളത്തിന്റെ വികസനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം എന്നിവയൊക്കെ കേരളത്തിന്റെ പ്രകൃതിക്ക് ഇണങ്ങുന്ന രൂപത്തിലാണോ?

ഒരിക്കലുമല്ല. അടിസ്ഥാനപരമായി നമ്മുടെ വികസന സങ്കല്‍പം മാറണം. വലിയ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതല്ല വികസനം. ജി.ഡി.പിയല്ല, ജി.ഡി.എച്ച് (Gross Domestic Happiness-GDH) ആയിരിക്കണം വികസനത്തിന്റെ ആധാരം. ജി.ഡി.എച്ചിന് പ്രാധാന്യം നല്‍കുമ്പോള്‍  നമ്മുടെ വികസനത്തിന് ആദ്യമായി വേണ്ടത് ഇവയാണ്:
ശുദ്ധവായു, ശുദ്ധജലം, ശുദ്ധമണ്ണ്, നല്ല ഭക്ഷണം, താമസിക്കാനൊരു വീട്, നിത്യവൃത്തിക്കൊരു തൊഴില്‍, സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, കുടുംബത്തിലെ സന്തോഷം.

ഇവയാണ് വികസനത്തിന്റെ സൂചിക. ഇവ ഉറപ്പുവരുത്തിയതിനു ശേഷമേ നിര്‍മാണങ്ങള്‍, എ.സി, കാര്‍ എന്നിവയൊക്കെ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. ലക്ഷ്വറി വികസനം എന്നത് അടുത്ത ഘട്ടത്തില്‍ ആലോചിക്കേണ്ട ഒന്നാണ്.

നമുക്ക് അടിയന്തരമായ ഒരു ‘ബില്‍ഡിംഗ് കോഡ്’ അനിവാര്യമാണ്. നാം എത്ര സ്‌ക്വയര്‍ ഫീറ്റ് വീട് പണിയണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ പണമായിരിക്കരുത്, മറിച്ച് നമ്മുടെ ആവശ്യവും കുടുംബത്തിലെ അംഗസംഖ്യയും പരിഗണിച്ചാകണം. രണ്ടു മക്കളുള്ള കുടുംബത്തിന് 1500-2000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ ഫൈന്‍ അടച്ചുപോലും അനുമതി നല്‍കരുത്. വലിയ വീട്, ആള്‍ വീതം കാറുകള്‍ എന്നതല്ല വികസനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കാടു വെട്ടിത്തെളിച്ചുള്ള കൃഷിയിലൂടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയും പശ്ചിമഘട്ടത്തിലെ നിത്യഹരിത സസ്യവിഭാഗങ്ങളും കന്യാവനങ്ങളും നശിപ്പിക്കപ്പെട്ടു. രണ്ടായിരത്തോളം അണക്കെട്ടുകളും ഇരുനൂറോളം ഡാമുകളും പശ്ചിമഘട്ടത്തിലുണ്ട്. ഇതിനോടനുബന്ധിച്ചുള്ള റോഡ് നിര്‍മാണം, വ്യാവസായിക പാര്‍ക്കുകള്‍, സ്വകാര്യ വ്യക്തികളുടെ കീഴിലുള്ള ടൗണ്‍ഷിപ്പുകള്‍, റിസോര്‍ട്ടുകള്‍, മലയോര സുഖവാസ കേന്ദ്രങ്ങള്‍ എന്നിവ പശ്ചിമഘട്ടത്തെ ആശങ്കയിലകപ്പെടുത്തിയിരിക്കുകയാണ്. നീര്‍ച്ചാലുകള്‍ക്കു കുറുകെ തടയണകള്‍ പണിയുന്നു. തണ്ണീര്‍ത്തടങ്ങള്‍, പുല്‍മേടുകള്‍, വൃഷ്ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളം ജലജീവികളും ദേശാടന സ്വഭാവമുള്ള നീര്‍പ്പക്ഷികളും അപൂര്‍വ ഇനം സസ്യലതാദികളും ഉന്മൂലന ഭീഷണി നേടുന്നതായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ പ്രളയകാലത്ത് നാം കുറച്ചുകൂടി ബോധവാന്മാരായിട്ടുണ്ടെന്നത് ശുഭപ്രതീക്ഷ നല്‍കുന്നു.

പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാനാകില്ല. കരിങ്കല്ല്, മണല്‍, മണ്ണ് എന്നിവ വികസനത്തിന് കൂടാതെ കഴിയില്ല. ഉപയോഗത്തിനും ചൂഷണത്തിനുമിടയിലെ അതിര്‍വരമ്പുകള്‍ നമുക്ക് എങ്ങനെ നിര്‍ണയിക്കാനാകും?

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വമ്പിച്ച തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ട്. വികസനവും പരിസ്ഥിതിയും സമന്വയിപ്പിക്കണമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വികസനവിരുദ്ധമല്ല. പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതി മുന്‍നിര്‍ത്തി സോണ്‍ ഒന്ന്, സോണ്‍ രണ്ട്, സോണ്‍ മൂന്ന് എന്നിങ്ങനെ കമ്മിറ്റി തരംതിരിക്കുന്നുണ്ട്. സോണ്‍ ഒന്ന് ഏറ്റവും പരിസ്ഥിതിലോല ഭൂപ്രദേശമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഇവിടെയുള്ള പാറമടകള്‍ അടച്ചുപൂട്ടണമെന്നും പുതുതായി ലൈസന്‍സ് നല്‍കരുതെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു. സോണ്‍ രണ്ടില്‍ പാരിസ്ഥിതികാഘാതം പഠിച്ച് അനുമതി നല്‍കാവുന്നതാണ്. സോണ്‍ മൂന്നില്‍ ഖനനങ്ങള്‍ക്ക് അനുമതി നല്‍കാം. സോണ്‍ ഒന്നില്‍ മാത്രമാണ് കമ്മിറ്റി കര്‍ശന നിയന്ത്രണം വേണമെന്ന് പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ കുടിയിറക്കപ്പെടുമെന്നും വീടുകള്‍ വെക്കാന്‍ സാധിക്കില്ലെന്നും പ്രചരിപ്പിച്ച് പാവപ്പെട്ട കര്‍ഷകരെയും ജനങ്ങളെയും രംഗത്തിറക്കുന്നതില്‍ ക്വാറി-മണല്‍ മാഫിയകളും മതനേതാക്കളും വിജയിച്ചു എന്നതാണ് സത്യം.

പ്രകൃതിയിലെ വിഭവങ്ങള്‍ ഭാവിതലമുറക്കു കൂടി കരുതിവെച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നമുക്ക് വേണ്ടത്. മണല്‍, സ്റ്റീല്‍, കല്ല് എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരണം. എന്റെ വീടിന്റെ നിര്‍മാണത്തില്‍ നാല്‍പ്പതു ശതമാനത്തോളം ഇത്തരം മെറ്റീരിയലുകള്‍ ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. വീടിനേക്കാള്‍ വലിയ മതിലുകള്‍ നമുക്കെന്തിനാണ്? വീടിന്റെ വലിപ്പവും മെറ്റീരിയലുകളുടെ അളവും ഗണ്യമായി കുറച്ച് നമുക്ക് പ്രകൃതിയെയും വികസനത്തെയും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കും. മഴവെള്ള സംഭരണിയുള്ള, മാലിന്യസംസ്‌കരണത്തിന് സംവിധാനമുള്ള വീടുകളാണ് നിര്‍മിക്കപ്പെടേണ്ടത്. എല്‍.ഇ.ഡിയും തുടര്‍ന്ന് സൗരോര്‍ജ സംവിധാനവും നമ്മുടെ വീടുകളില്‍ സംവിധാനിക്കപ്പെടണം. ഇഛാശക്തിയുള്ള, അഴിമതിരഹിതമായ ഒരു ഭരണകൂടത്തിനേ ഇത് നടപ്പിലാക്കാനാകൂ. എന്നാല്‍, ഇതെല്ലാം സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ്.

ഓരോ ഭൂപ്രദേശത്തിനും അതിന്റേതായ കൃഷിരീതികളുണ്ട്. അത് പാലിച്ചുകൊണ്ടാണോ കേരളത്തില്‍ കൃഷിചെയ്യുന്നത്?

കൃഷിഭൂമിയെ 22-ഓളം ഇനങ്ങളായി തിരിച്ചിട്ടുണ്ട്. മണ്ണിന്റെ ഘടന അനുസരിച്ചുള്ള കൃഷിരീതിയാണ് നാം ശീലിക്കേണ്ടത്. പശ്ചിമഘട്ടത്തില്‍ 20 സെന്റിഗ്രേഡ് കഴിഞ്ഞുള്ള സ്ഥലമെങ്കില്‍ കപ്പ പോലുള്ള വാര്‍ഷിക വിളകള്‍ പരിസ്ഥിതിനാശമുണ്ടാക്കുന്നതാണ്. അവിടെ വേണ്ടത് എന്നെന്നും നിലനില്‍ക്കുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കലാണ്. മലഞ്ചെരിവുകളിലെ നേന്ത്രവാഴ, പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള ഏകവര്‍ഷ കൃഷികള്‍ വിലപ്പെട്ട മേല്‍മണ്ണ് നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്. തേയില, കാപ്പി, ഏലം തോട്ടങ്ങള്‍ക്കു വേണ്ടിയുള്ള വനനശീകരണം മലകളിലെ അരുവികള്‍ വറ്റിപ്പോകാന്‍ കാരണമായിട്ടുണ്ട്. യൂറോപ്യന്‍ സ്വാധീനത്താല്‍ കൃഷിരീതിയില്‍ വന്ന മാറ്റത്തില്‍ നിത്യഹരിത വനങ്ങള്‍ അപ്രത്യക്ഷമാവുകയുണ്ടായി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, നാടന്‍ വിത്തുകള്‍ ഉപയോഗിക്കുക, കീടനാശിനികള്‍ ഒഴിവാക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ഇത്രയധികം പാരിസ്ഥിതികനാശം ഉണ്ടാകുമായിരുന്നില്ല.

വാസയോഗ്യമായ ഭൂമി, കൃഷിഭൂമി, വ്യവസായ ആവശ്യത്തിനുള്ള ഭൂമി എന്നിങ്ങനെ ഭൂമിയെ തരംതിരിക്കാറുണ്ട്. കുട്ടനാടിനെ കുറിച്ച് അത് ജനവാസ മേഖലയല്ല, കൃഷിഭൂമിയാണെന്ന് പറയാറുണ്ട്. ഇത്തരം തരംതിരിവുകള്‍ക്കനുസരിച്ച നിയമങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടോ?

കേരളത്തിന് അടിയന്തരമായി ഒരു ഭൂവിനിയോഗ നയം അനിവാര്യമാണ്. അടുത്ത 25 വര്‍ഷം മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഈ നയം രൂപീകരിക്കേണ്ടത്. ഇതിന്റെ കരട് സര്‍ക്കാറിന്റെ കൈവശമുണ്ട്. ഇത് പൊടിതട്ടിയെടുത്ത് മറ്റൊരു കമ്മിറ്റിയെ വെച്ച് പരിശോധിപ്പിച്ച് നടപ്പിലാക്കേ വളരെ അനിവാര്യമായ സാഹചര്യമാണുള്ളത്. ടൗണ്‍ എവിടെയായിരിക്കണം, കൃഷി-വ്യവസായങ്ങള്‍ എവിടെയായിരിക്കണം എന്നീ കാര്യങ്ങളൊക്കെ ഈ നയത്തില്‍ വിശദമാക്കപ്പെടുന്നുണ്ട്.

എന്തൊക്കെയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടെ പ്രധാന കണ്ടെത്തലുകള്‍, നിര്‍ദേശങ്ങള്‍? ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെപോയത് അടിക്കടിയുണ്ടായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാണോ?

ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. വൃഷ്ടിപ്രദേശങ്ങളിലും മലഞ്ചെരിവുകളിലുമുള്ള കെട്ടിടനിര്‍മാണം പൂര്‍ണമായി നിരോധിക്കണം. നീരൊഴുക്ക് തടഞ്ഞതിന്റെ ഫലമായി കെട്ടിടങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയത് നാം കണ്ടതാണ്. പശ്ചിമഘട്ടത്തെ കുറിച്ച് കൃത്യമായ ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നത് ഗാഡ്ഗില്‍ കമ്മിറ്റിയുടെ മുന്നിലെ പ്രധാന വെല്ലുവിളിയായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിത്യഹരിത വനങ്ങള്‍, ചോലമരക്കാടുകള്‍, പുല്‍മേടുകള്‍, ചെങ്കല്‍ പീഠഭൂമികള്‍, വരണ്ട വൃക്ഷക്കാടുകള്‍, വരണ്ട മുള്‍ച്ചെടി വനങ്ങള്‍, സസ്യലതാദികള്‍ തുടങ്ങിയവയൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ 4000 ഇനം പുഷ്പച്ചെടികള്‍, 645 നിത്യഹരിത വൃക്ഷ ഇനങ്ങള്‍, ആയിരത്തോളം ചെറു സസ്യവിഭാഗങ്ങള്‍, 682 ഇനം പായലുകള്‍, 280 ഇനം വര്‍ണലതാദികള്‍, 350 ഇനം ഉറുമ്പുകള്‍, 330 ഇനം ശലഭങ്ങള്‍, 174 ഇനം തുമ്പികള്‍, 269 ഇനം ഒച്ചുകള്‍, 288 ഇനം മത്സ്യങ്ങള്‍, 220 ഇനം ഉഭയജീവികള്‍, 225 ഇനം ഉരഗങ്ങള്‍, 500 ഇനത്തിലേറെ പക്ഷികള്‍ എന്നിവ കാണപ്പെടുന്നു. ഇവയില്‍ ഭൂരിഭാഗവും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. കൃഷ്ണ, ഗോദാവരി, കാവേരി നദികള്‍ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍നിന്നാണ്. ഈ ജൈവസമ്പത്തിനെ സംരക്ഷിച്ചില്ലെങ്കില്‍ നാം കനത്ത വില നല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ല. ഈ റിപ്പോര്‍ട്ടിനു ശേഷം വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടും വെള്ളം ചേര്‍ക്കപ്പെട്ടതാണ്. ഏറ്റവും പ്രതിലോമകരമായ റിപ്പോര്‍ട്ടാണ് ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട്. സഭ ഇതിനെ സ്വാഗതം ചെയ്തതില്‍ അത്ഭുതമില്ല. അടിയന്തരമായ ഒരു സര്‍വകക്ഷിയോഗം വിളിച്ച് ഈ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ ക്വാറികള്‍, ഖനനം എന്നിവയെ കുറിച്ച് ഗാഡ്ഗില്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍ എന്താണ്? മലകളില്‍ നടക്കുന്ന ഖനനം ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാണോ?

ഖനനം നടക്കുന്നിടത്ത് ഉരുള്‍പൊട്ടലില്ല എന്നത് ക്വാറി മാഫിയയുടെ പ്രചാരണമാണ്. ഇടുക്കിയില്‍ ധാരാളം പാറമടകളുണ്ട്. വയനാടിനെക്കുറിച്ചും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം ആര്‍ക്കും നിഷേധിക്കാനാകാത്തതാണ്.

ടൂറിസം, വികസനം, നിര്‍മാണം, പരിസ്ഥിതി എന്നിവയെ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കും? പരിസ്ഥിതി മൗലികവാദത്തിനപ്പുറം സന്തുലിതമായ പരിഹാരങ്ങള്‍ എന്തൊക്കെ?
മതമൗലികവാദം എന്ന് പറയുന്നതുപോലെ പരിസ്ഥിതി മൗലികവാദം എന്നൊന്നില്ല. വികസനം വേണ്ട, പരിസ്ഥിതി സംരക്ഷണം മാത്രം മതി എന്നു പറയുന്നതാണ് മൗലികവാദം. കേരളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ ഒരാളും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. വികസനം പരിസ്ഥിതിസൗഹൃദപരമാവണമെന്നാണ് നാം ആവശ്യപ്പെടുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി സോണ്‍ ഒന്നിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ വെച്ചിട്ടുള്ളത്. സോണ്‍ മൂന്നില്‍ കൃഷിഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. സോണ്‍ രണ്ടിലും മൂന്നിലും ടൂറിസം നയങ്ങള്‍ തുടരാം. മണല്‍, ക്വാറി, ഭൂമാഫിയകളാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആശങ്കകള്‍ പരത്തുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും കാട്ടില്‍ താമസിക്കുന്ന ആദിവാസികളെയും ഗിരിവര്‍ഗങ്ങളെയും എങ്ങനെയാണ് ബാധിക്കുന്നത്?

വയനാട്, നീലഗിരി മേഖലയില്‍ ധാരാളം ഗിരിവര്‍ഗങ്ങളുണ്ട്. ശിലായുഗ നായാടികളായ യഥാര്‍ഥ ചോലനായ്ക്കരെ നീലഗിരിയില്‍ മാത്രമാണ് കാണാന്‍ കഴിയുക. ഈ ഗിരിവര്‍ഗക്കാരുടെ നിലനില്‍പ് ഭീഷണിയിലാണ്. 2006-ലെ വനാവകാശ നിയമത്തില്‍ ആദിവാസികളുടെ അവകാശങ്ങള്‍ എടുത്തു പറയുന്നുണ്ട്. കായ്കനികളും കിഴങ്ങു വര്‍ഗങ്ങളും തിന്ന് ജീവിക്കുന്ന ഈ വിഭാഗത്തിന് കൃഷിക്ക് ആവശ്യമായ ഭൂമി നല്‍കണം. പാരിസ്ഥിതികാഘാതം അവരുടെ കുടിവെള്ളത്തെ ബാധിക്കുന്നുണ്ട്. ഗിരിവര്‍ഗക്കാരുടെ പാരമ്പര്യ കൃഷി, സംസ്‌കാരം, ഭക്ഷ്യ സംസ്‌കാരം എന്നിവ സംരക്ഷിക്കപ്പെടണം. സംഘടിത ശക്തിയല്ലാത്തതിനാല്‍ ഇവരുടെ ആവശ്യങ്ങള്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ മുഖവിലക്കെടുക്കാറില്ല.

പാരിസ്ഥിതിക പഠനവും അവബോധവും താഴെതട്ടില്‍നിന്നും തുടങ്ങേണ്ടതല്ലേ?

താഴെതട്ടില്‍നിന്നു മാത്രമല്ല, മുകള്‍തട്ടില്‍നിന്നും പാരിസ്ഥിതികാവബോധം ആരംഭിക്കണം. ജഡ്ജിമാരും മന്ത്രിമാരും തുടങ്ങി എല്ലാ ശ്രേണിയിലുള്ള ആളുകളും ബോധവത്കരിക്കപ്പെടണം. നാം ഒരു ദിവസം എത്ര ഓക്‌സിജന്‍ ശ്വസിക്കുന്നു എന്ന് ചോദിച്ചാല്‍ നമുക്കറിയില്ല. ഒരു മരം ഒരു വര്‍ഷം ഒരു ലക്ഷത്തി മുന്നൂറ്റി ഇരുപത്തിയഞ്ച് ലിറ്റര്‍ ഓക്‌സിജന്‍ പുറത്തുവിടുന്നുണ്ട്. ഇതിന്റെ കമ്പോള വില 23 കോടിയോളം വരും. ഒരാള്‍ക്ക് ഒരു ദിവസം 580 ലിറ്റര്‍ ഓക്‌സിജന്‍ ആവശ്യമാണ്. ഇതിന്റെ കമ്പോള വില 13 ലക്ഷമാണ്. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നശിപ്പിക്കുമ്പോള്‍ 98 ലക്ഷം രൂപയുടെ വാര്‍ഷിക മൂല്യമുള്ള പരിസ്ഥിതി സമ്പത്താണ് നാം നശിപ്പിക്കുന്നത്. ഒരു ഹെക്ടര്‍ മോശം കാട് നശിപ്പിക്കുമ്പോള്‍ 9,87000 രൂപയുടെ പാരിസ്ഥിതിക മൂല്യവും, നല്ല കാട് നശിപ്പിക്കുമ്പോള്‍ അമ്പത്തിയഞ്ച് ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ മൂല്യവും നമുക്ക് നഷ്ടപ്പെടുന്നു. ഒരു മരം നശിപ്പിക്കുമ്പോള്‍ നമുക്ക് പ്രാഥമികമായ ഈ അറിവുകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

പ്രളയകാലത്ത് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളത്?

ആദ്യമായി നാം നമ്മുടെ ഉപഭോഗത്തെ നിയന്ത്രിക്കാന്‍ ശീലിക്കണം. പരിസ്ഥിതിസൗഹൃദ നിര്‍മാണരീതികള്‍ വികസിപ്പിക്കണം. പുതിയ കടന്നുകയറ്റവും സുഖവാസ കേന്ദ്രങ്ങളും അനുവദിക്കരുത്. പൊതുസ്ഥലങ്ങള്‍ സ്വകാര്യ വ്യക്തിയുടെ കൈകളിലെത്താതെ സംരക്ഷിക്കപ്പെടണം. ജനിതകമാറ്റം നടത്തിയ വിളകള്‍ ഉപേക്ഷിക്കണം. യൂക്കാലിപ്റ്റസ് പോലുള്ള വിദേശ ഇനങ്ങളുടെ ഏക ഇന തോട്ടങ്ങള്‍ നിരുത്സാഹപ്പെടുത്തണം. സൗരോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഊര്‍ജ ഉല്‍പാദന പദ്ധതികള്‍ക്കു വേണ്ടി നദികളുടെ ഗതി തിരിച്ചുവിടുന്നത് തടയണം. സോണ്‍ 1, 2-ല്‍ ഖനനത്തിന് പുതിയ ലൈസന്‍സ് നല്‍കരുത്. സോണ്‍ 3-ലെ ക്വാറികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. സോണ്‍ ഒന്നിലും രണ്ടിലും പുതിയ റെയില്‍വേ ലൈനും വലിയ റോഡുകളും കൊണ്ടുവരരുത്. ഇതെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.
പ്രളയനഷ്ടത്തെ മറികടക്കാന്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിന് മുന്‍കൂറായി പണം നല്‍കണം. നിയമനിര്‍മാണത്തിലൂടെ ഇതിനാവശ്യമായ സുതാര്യത ഉറപ്പുവരുത്തണം. കൃഷി കഴിഞ്ഞ് കര്‍ഷകന്‍ തിരിച്ചടച്ച് ഒരു തുടര്‍പ്രക്രിയ പോലെ നിലനിര്‍ത്തുന്നതിന് ഒരു റിവോള്‍വിംഗ് ഫണ്ട് കര്‍ഷകര്‍ക്കുണ്ടാകണം. ഇത് തീര്‍ത്തും നീതിയുക്തവും അഴിമതിരഹിതവുമായ ഒരു സംവിധാനമായി മാറേണ്ടതുണ്ട്.

prabodhanam.net

Leave a Reply

Your email address will not be published. Required fields are marked *