ഭീതി പരത്തി കൊറോണ വൈറസ് | ഡോ. എസ്.കെ. സുരേഷ് കുമാർ
ലോക ജനതയെ ഒന്നാകെ ഭീതിയിലാക്കി മറ്റൊരങ്കത്തിന് കച്ചമുറുക്കി വരുകയാണ് മറ്റൊരു പകർച്ചപ്പനി. 2019 ഡിസംബർ പകുതിയോടെ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള വുഹാൻ സിറ്റിയിൽ കുറേപേർക്ക് ന്യൂമോണിയ രോഗം ബാധിച്ചു. എന്നാൽ, കാരണം കണ്ടെത്താനായില്ല. തുടർനിമിഷങ്ങളിൽ മനുഷ്യരിൽ ഇതുവരെ കാണാത്ത പുതിയതരം കൊറോണ വൈറസുകളാണ് രോഗകാരണമെന്ന് കണ്ടെത്തി. 2019 നോവൽ കൊറോണ വൈറസ് (2019-nCoV) എന്ന് താൽക്കാലികമായി നാമകരണം ചെയ്തു.
മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലുമൊക്കെ ശ്വാസനാളികളെ ബാധിക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. സാധാരണ നിരുപദ്രവകാരികളായ ഈ വൈറസുകളിൽ ചിലർ ഉഗ്ര പ്രഹരശേഷിയുള്ളവരാണ്. 2003ൽ ചൈനയിൽ തുടങ്ങി ലോകത്തെ വിറപ്പിച്ച ‘അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) 8098 പേരെ ബാധിക്കുകയും അതിൽ 774 പേർക്ക് മരണം സംഭവിക്കുകയുമുണ്ടായി. 2012ൽ പൊട്ടിപ്പുറപ്പെട്ട ‘മിഡിൽ ഈസ്റ്റ് റെസ്പറേറ്ററി സിൻഡ്രോം (MERS) ഇതിനകം 2468 പേരെ ബാധിക്കുകയും ഏകദേശം 910 പേർ മരണമടയുകയും ചെയ്തു (മരണ നിരക്ക് 37 ശതമാനം). ഈ രണ്ട് രോഗങ്ങൾക്കും കാരണം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്ന കൊറോണ വൈറസുകളായിരുന്നു. SARS കാട്ടുപൂച്ചകളിൽനിന്നും MERS ഒട്ടകങ്ങളിൽനിന്നുമാണ് മനുഷ്യരിലേക്ക് സംക്രമിച്ചത്.
വുഹാനിൽ ആദ്യം രോഗം ബാധിച്ചവരിൽ ഏകദേശം പകുതിയോളം ആൾക്കാർ അവിടത്തെ ഏറ്റവും വലിയ മത്സ്യ-മാംസ വ്യാപാര കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരായിരുന്നു. ഏകദേശം 50,000 ചതുരശ്ര മീറ്ററിലധികം സ്ഥലവും ആയിരത്തോളം കച്ചവടക്കാരുമുള്ള വലിയൊരു മാർക്കറ്റാണത്. മത്സ്യങ്ങൾ കൂടാതെ ഒട്ടനവധി മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും മാംസങ്ങളും ഇവിടെ ലഭ്യമാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവയെ കൊല്ലുന്നതും, തോലുരിയുന്നതും. സാധാരണ മാംസങ്ങൾ കൂടാതെ വവ്വാലുകൾ, ബീവറുകൾ, കഴുതകൾ, ഒട്ടകം, മുതല, നായ്, കുറുക്കൻ, പന്നികൾ, കോലാസ്, മയിലുകൾ, എലികൾ, പുള്ളിമാൻ, പാമ്പ് മുതലായ ഒട്ടനവധി വന്യമൃഗങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ഇറച്ചികൾ ഇവിടെ വിൽക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഏത് മൃഗത്തിൽനിന്നാണ് വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടന്നതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഒരുപക്ഷേ, പാമ്പുകളിൽനിന്നാകാം ഇവ മനുഷ്യശരീരത്തിലേക്ക് പടർന്നത് എന്ന് ചില സൂചനകൾ നിലവിലുണ്ട്. 2020 ജനുവരി ഒന്നാം തീയതിതന്നെ ഈ മാർക്കറ്റ് പൂട്ടുകയുണ്ടായി.
രോഗലക്ഷണങ്ങൾ
സാധാരണ ഒരു പനിയായിട്ടാണ് രോഗം തുടങ്ങുന്നത്. തുടർന്ന് ചുമ, തൊണ്ടവേദന, കഫക്കെട്ട്, ശരീര വേദന, ക്ഷീണം, തലവേദന, ശ്വാസതടസ്സം മുതലായവയും അനുഭവപ്പെടാം. രോഗം മൂർച്ഛിക്കുന്നവരിൽ ഏകദേശം ഒരാഴ്ചയാകുേമ്പാഴേക്കും ന്യൂമോണിയ പിടിപെടുകയും തുടർന്ന് ചിലപ്പോൾ കഠിനമായ ശ്വാസതടസ്സം, ഹൃദയസംബന്ധമായ രോഗങ്ങൾ, മറ്റു രോഗാണുബാധകൾ തുടങ്ങിയവയും ഉണ്ടാകാം. രോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തത ഇനിയും വന്നിട്ടില്ല.
രോഗം പടരുന്ന വിധം
തുടക്കത്തിൽ ഒരു മൃഗ സ്രോതസ്സിൽനിന്നാണെങ്കിലും പിന്നീട് ഇത് രോഗിയിൽനിന്ന് അടുത്തിടപഴകുന്നവരിലേക്ക് വ്യാപിക്കുന്നതായാണ് കാണുന്നത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുേമ്പാൾ വൈറസുകൾ സ്രവത്തിലൂടെ പുറന്തള്ളപ്പെടുകയും അത് അടുത്തിടപഴകുന്നവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. മറ്റ് ശരീര സ്രവങ്ങളിലൂടെ രോഗം പകരുമോ എന്നത് ഇനിയും വ്യക്തമല്ല.
രോഗം നിയന്ത്രണ വിധേയമായിട്ടില്ല
ചൈനയിൽ ഏകദേശം 10000 പേരിൽ രോഗം സ്ഥിരീകരിച്ചു. അവരിൽ 213 പേർ ഇതുവരെ മരണത്തിന് കീഴടങ്ങി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വളരെയധികം പേരിലേക്ക് രോഗം പടർന്നിരിക്കാനും സാധ്യതയുണ്ട്. ഈ സാധ്യതകളെ കണക്കിലെടുത്ത് ചൈനയിലെ കൊറോണ വൈറസിെൻറ പ്രഭവകേന്ദ്രമായ വുഹാൻ സിറ്റിയിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. വിമാന, ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു. വളരെ അത്യാവശ്യങ്ങൾക്ക് മാത്രമേ യാത്രാനുമതി നൽകുന്നുള്ളൂ. എന്നിരുന്നാലും ഇപ്പോഴേക്കും യൂറോപ്പ്, നോർത്ത് അമേരിക്ക, ആസ്േട്രലിയ, കംബോഡിയ, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങി 12ഓളം രാജ്യങ്ങളിൽ യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ നടപടികൾ ത്വരിതപ്പെടുത്തി ചൈന
യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. 2019 നോവൽ കൊറോണ വൈറസിെൻറ പ്രഭവകേന്ദ്രമായ വുഹാൻ സിറ്റി സ്ഥിതിചെയ്യുന്ന ഹൂബെ പ്രവിശ്യയിലെ പത്തോളം നഗരങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. വുഹാൻ സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനീസ് വൻമതിൽ അടച്ചു. ഷാങ്ഹായിലെ ഡിസ്നിലാൻഡ്, ബെയ്ജിങ്ങിലെ ഫോർബിഡൻ സിറ്റി (വർഷം ഏകദേശം രണ്ട് കോടിയോടടുത്ത് സന്ദർശകരാണ് ഇവിടെ വരുന്നത്) എന്നിവ അടച്ചു. രാജ്യത്ത് വന്യജീവികളുടെ വ്യാപാരം നിർത്തിവെച്ചു. രോഗ വ്യാപനം വർധിക്കുന്ന സൂചനയുള്ളതിനാൽ ഒരാഴ്ചക്കുള്ളിൽ 1000 കിടക്കകളുള്ള ഒരാശുപത്രിയും അടുത്ത രണ്ടാഴ്ചക്കുള്ളിൽ 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രിയും സുസജ്ജമാകും. പലരാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി. വരും ദിനങ്ങളിൽ ഒരുമയുടെയും അതിജീവനത്തിെൻറയും വിജയഗാഥകൾക്കായി കാതോർക്കാം.
രോഗം പ്രതിരോധിക്കാൻ സ്വയം പരിരക്ഷ
രോഗപ്രതിരോധത്തിന് പ്രതിരോധ കുത്തിവെപ്പോ, രോഗ ചികിത്സക്ക് ഫലപ്രദമായ മരുന്നോ കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിക്ക് രോഗം വരാതെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധമാർഗം.
രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ റദ്ദാക്കുക. പ്രത്യേകിച്ചും ചൈനയിലെ ഹുബെ പ്രവിശ്യയിലേക്കുള്ള യാത്രകൾ.
രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക
രോഗം നിയന്ത്രണവിധേയമാകുന്നതുവരെ വിമാന യാത്രകൾ അത്യാവശ്യമാണെങ്കിൽ മാത്രം ചെയ്യുക.
അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
തുമ്മുേമ്പാഴും ചുമയ്ക്കുേമ്പാഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. ഈ തൂവാലകൾ തിളപ്പിച്ച വെള്ളത്തിൽ കഴുകി വെയിലിൽ ഉണക്കുക.
ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈയും മുഖവും നന്നായി കഴുകുക.
പനി, ചുമ, ശ്വാസതടസ്സം ഇവയുണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
ജലദോഷപ്പനിപോലുള്ള പകർച്ചവ്യാധികളുള്ളവർ വിദ്യാലയങ്ങൾ, പാർക്കുകൾ, സിനിമ തിയറ്ററുകൾ, ആരാധനാലയങ്ങൾ, മീറ്റിങ്ങുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ മുതലായവ സന്ദർശിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
രോഗശാന്തി കിട്ടുന്നതുവരെ വീട്ടിൽ വിശ്രമിക്കുകയോ ആശുപത്രിയിൽ ചികിത്സ തേടുകയോ ചെയ്യുക.
ചൈന സന്ദർശിച്ച് മടങ്ങിയെത്തിയ ആരിലെങ്കിലും രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ പനി, ചുമ മുതലായ രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രവുമായി ഫോണിൽ ബന്ധപ്പെട്ട് തുടർനടപടികൾ അവരുടെ ഉപദേശപ്രകാരം ചെയ്യുക
ഡോ. എസ്.കെ. സുരേഷ് കുമാർ (കൺസൽട്ടൻറ് ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്, ഇഖ്റ ഹോസ്പിറ്റൽ)
Originally published in Madhyamam Jan 31 2020