മരട്: തീരദേശ മാപ്പിൽ പറയുന്ന ഒരു സ്ഥലത്തും പുതിയ മാപ്പിംഗ് നടത്തി നിർമ്മാണം അനുവദിക്കാൻ കഴിയില്ല

പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ഛയം നിൽക്കുന്ന പ്രദേശം നിർമ്മാണം അനുവദിക്കാൻ പ്രശ്നമില്ലെന്ന വാദം വാസ്തവമല്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ ശ്രീജിത്ത് പെരുമന.

അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

1996 ലെ തീരദേശ മാപ്പിൽ പറയുന്ന ഒരു സ്ഥലത്തും പുതിയ മാപ്പിംഗ് നടത്തി നിർമ്മാണം അനുവദിക്കാൻ കേരളത്തിനോ മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്കോ കഴിയില്ല; (കേന്ദ്ര ഉത്തരവിന്റെ #EXCLUSIVE പകർപ്പ് ഈ പോസ്റ്റിനോടൊപ്പം വായിക്കുക )

മരട് മുനിസിപ്പാലിറ്റിയിൽ പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾ നിലനിൽക്കുന്ന സ്ഥലങ്ങളിലോ സമീപ പ്രദേശങ്ങളിലോ നിലവിലുള്ള ഫ്ലാറ്റുകൾ പൊളിച്ചതിനു ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ പ്രചരിപ്പിക്കുന്നതുപോലെ യാതൊരു വിധ നിർമ്മാണവും നടത്താൻ സാധിക്കില്ല.

കാരണം മരട് പഞ്ചായത്ത് ആയിരിക്കുമ്പോൾ പ്രസ്തുത പ്രദേശം CRZ 3 ൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു (CRZ3 ൽ ഉൾപ്പെടുന്ന പ്രദേശമെന്നാൽ യാതൊരുവിധ നിർമ്മാണങ്ങളും അനുവദിക്കാത്ത പ്രദേശം എന്നർത്ഥം ). എന്നാൽ 2010 ൽ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി സർക്കാർ ഉയർത്തുകയുണ്ടായി. അങ്ങനെ വരുമ്പോൾ നേരത്തെ CRZ 3 ൽ വന്നിരുന്ന പ്രദേശങ്ങൾ CRZ 2 (CRZ 2 എന്നാൽ നിർമ്മാണം അനുമതിയോടെ അനുവദിക്കാവുന്ന പ്രദേശം ) എന്ന് പുതുക്കി മാപ്പുകളിൽ രേഖപ്പെടുത്തി പുതിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിന്റെ ഡ്രാഫ്റ്റ് ഇറക്കുകയും ഈ ഡ്രാഫ്റ്റ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തു.

പുതുക്കിയ 2011 ലെ CZMP ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് മരട് മുനിസിപ്പാലിറ്റിയിൽ ഫ്ലാറ്റുകൾ ഉൾപ്പെടെ നിലനിൽക്കുന്ന പ്രദേശം നിർമ്മാണം നടത്താവുന്ന CRZ 2 ലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പുതുക്കി റീ നോട്ടിഫൈ ചെയ്യണം എന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷ കേന്ദ്ര സർക്കാർ അംഗീരിച്ച് നൽകിയില്ല. അതായത് മാപ്പുകളിൽ കേരളം വരുത്തിയ മാറ്റങ്ങൾ കേന്ദ്രം അംഗീകരിച്ച് ഉത്തരവിറക്കിയില്ല.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പുതുക്കി നിർണ്ണയിച്ച മാപ്പ് എന്തുകൊണ്ടാണ് കേന്ദ്രം അംഗീകരിക്കാത്തത് എന്ന് വിശദമാക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ F. No. J-170011/18-96-IA-3 നമ്പർ ഉത്തരവ് ഇങ്ങനെ ✍️

Image may contain: text

നാഷണൽ കോസ്റ്റൽ സോങ് മാനേജ്‌മെന്റ് അതോറിറ്റിയുടെ 19 .04 .2011 നു ചേർന്ന മീറ്റിങ്ങിലും, 30 .05 .2011 നു ചേർന്ന മീറ്റിങ്ങിലും വിവിധ സംസ്ഥാനങ്ങൾ അവരുടെ തീരദേശ സോണുകൾ റീ നോട്ടിഫൈ ചെയ്യണമെന്ന് കാണിച്ചു നൽകിയ അപേക്ഷകൾ വിശദമായി പരിശോധിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ CRZ 2011 പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ റീ നോട്ടിഫിക്കേഷനുള്ള പ്രൊപ്പോസലുകൾ പരിഗണിക്കുന്നത് ഉചിതമാകുകയില്ല എന്നുമാത്രമല്ല 1996 ൽ പ്രഖ്യാപിച്ച മാപ്പുകൾ മാറ്റി റീനോട്ടിഫൈ ചെയ്യണമെന്ന ആവശ്യം വനം പരിസ്ഥിതി മന്ത്രാലയം അത്തരം റീ നോട്ടിഫിക്കേഷൻ പേക്ഷകൾ പ്രോത്സാഹിപ്പികുകയുമില്ല.

ഇത്തരത്തിൽ സംസ്ഥാനങ്ങൾ റീ ക്ലാസിഫൈ ചെയ്യുന്നതിലൂടെ അനധികൃത നിർമ്മാണങ്ങളും, തീരദേശ കയ്യേറ്റങ്ങളും റെഗുലറൈസ് അഥവാ സാധൂകരിച്ചു നൽകേണ്ടിവരും എന്ന അപകടകരമായ അവസ്ഥ ദേശീയ തീരദേശ പരിപാലന അതോറിറ്റി മനസിലാക്കുന്നു. അതുകൊണ്ടുതന്നെ വിവിധ സ്ഥലങ്ങൾ റീ ക്ലാസിഫൈ ചെയ്യണം എന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ വനം പരിസ്ഥിതി മന്ത്രാലയത്തിൽ നൽകിയിട്ടുള്ള അപേക്ഷകൾ അതാതു സംസ്ഥാനങ്ങൾക്ക് തിരികെ അയക്കുകയാണ്. 2011 ലെ CRz നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനുകൾ മാത്രമേ സംസ്ഥാനങ്ങൾ സ്വീകരിക്കാൻ പാടുള്ളൂ.

നാഷണൽ കോസ്റ്റൽ മാനേജ്‌മെന്റ് അതോറിറ്റി നൽകിയ മേൽപ്പറഞ്ഞ നിർദേശങ്ങൾ വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നു. 1991 ലെ കോസ്റ്റൽ റഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ പ്രകാരം CRz പ്രകാരം 1996 ൽ അംഗീകരിച്ച കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിൽ ഉൾപ്പെട്ട ഒരു തീരദേശ പ്രദേശവും റീ ക്ലാസ്സിഫൈ അഥവാ റീ നോട്ടിഫൈ ചെയ്യുകയില്ല എന്ന് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. പ്രതിരോധ കാര്യങ്ങൾക്കോ, സുരക്ഷാ കാര്യങ്ങൾക്കോ, കോടതി ഉത്തരവിനോ ഇതിൽ നിന്നും ഒഴിവാക്കുന്നതാണ്.

അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളും സംസ്ഥാന കോസ്റ്റൽ റെഗുലേഷൻ പ്ലാൻ സ്വീകരിക്കുമ്പോൾ 2011 ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്.

എന്ന്

ഭാരത് ഭൂഷൺ
(ഡയറക്റ്റർ വനം പരിസ്ഥിതി മന്ത്രാലയം )
11 ജൂലൈ 2011

വാൽ: ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജുപോലും ഇക്കാര്യങ്ങൾ വളച്ചൊടിച്ച് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ വ്യക്തത വരുത്തുന്നത്.
ഈ വിഷയത്തിൽ മറ്റ് യാതൊരുവിധ സംശയങ്ങൾക്കും കഴമ്പില്ല. മരട് മുനിസിപ്പാലിറ്റിയിലെ ഫ്ലാറ്റുകൾ നിൽക്കുന്ന പ്രദേശം ഇപ്പോഴും നിർമ്മാണ നിരോധനമുള്ള CRZ 3 കാറ്റഗറിയിൽത്തന്നെയാണ്. ഇപ്പോഴത്തെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയാൽ നാളെ മുതൽ പുതിയ ഫ്ലാറ്റുകൾ യഥേഷ്ടം പണിയാമെന്ന പ്രചരണം തെറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *