പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം
പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി, അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് മല്ലഞ്ചേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വാഹനത്തിലെ നോട്ടീസുകള്‍ കത്തിക്കുകയും റോഡില്‍വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിക്കുകയും ചെയ്തു.
പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങൾ
പിവി അന്‍വര്‍ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ 2018 ഒക്ടോബറിൽ ദുരന്ത നിവാരണ സമിതിയാണ് ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. 2015ലാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചത്. ചീങ്കണ്ണിപ്പാലി കോളനിയിലെ ആദിവാസികള്‍ക്കും വന്യജീവികളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കാട്ടരുവിയാണ് തടയണകെട്ടി തടഞ്ഞിട്ടുള്ളത്. 40 ഏക്കര്‍ പ്രദേശത്താണ് മലയിടിച്ച് കാട്ടരുവിയുടെ ഒഴുക്കു തടഞ്ഞ് കൃത്രിമതടാകം കെട്ടിയിട്ടുള്ളത്.
മുന്‍കൂര്‍ അനുമതി വാങ്ങാതെ മണ്ണ് നീക്കം ചെയ്തതിനും ഖനനം നടത്തിയതിനും മൈനംഗ് ആന്റ് ജിയോളജി വകുപ്പ് പിഴയും റോയല്‍റ്റിയും ഈടാക്കന്‍ തീരുമാനിച്ചിരുന്നു. പാരിസ്ഥിതികാനുമതിയില്ലാതെ നിര്‍മ്മിച്ച തടയണ ഏപ്പോള്‍ വേണമെങ്കിലെങ്കിലും തകരാമെന്നും, പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാമെന്നും പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ തൽസംബന്ധമായ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാരിസ്ഥിതികാനുമതിയില്ലാതെ നിര്‍മ്മിച്ച തടയണ ഏപ്പോള്‍ വേണമെങ്കിലെങ്കിലും തകരാമെന്നും, പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികാനുമതിയില്ലാതെ ചീങ്കണ്ണിപ്പാലിയില്‍ റോപ് വേ നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നു.
നേരത്തേ, നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികം ഭൂമി കൈവശം വച്ചു തുടങ്ങിയ പരാതികൾ എംഎൽഎക്കെതിരെ ഉയർന്നിരുന്നു. പതിനഞ്ച് ഏക്കര്‍ കാര്‍ഷികേതര ഭൂമിയേ കൈവശം വയ്ക്കാനാവൂയെന്ന ഭൂപരിഷ്ക്കരണ നിയമം നിലവിലുള്ളപ്പോള്‍ തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി പി വി അന്‍വറിന്‍റെ പേരിലുള്ളത് 207.84 ഏക്കര്‍ ഭൂമിയാണെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ എംഎല്‍എ തന്നെ സമ്മതിക്കുന്നു. 207.84 ഏക്കര്‍ ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് 11,88,900 രൂപയാണ്. അതായത് ഒരു ഏക്കര്‍ ഭൂമിക്ക് 5720 രൂപ, ഒരു സെന്‍റിന് അന്‍പത്തിയേഴ് രൂപ 20 പൈസ. 2015 വരെ വാങ്ങിക്കൂട്ടിയ ഭൂമിക്ക് വരെ ഈ വിലയാണ് കാണിച്ചിരിക്കുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളികളില്‍ സെന്‍റിന് നാലായിരം രൂപ ന്യായ വില ഉണ്ടായിരുന്ന കാലയളവിലാണ് ഈ തുച്ഛമായ തുക!
പരിസ്ഥിതി വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് നൽകാനുമുള്ള നിയസഭ കമ്മിറ്റി അംഗം കൂടിയാണ് പിവി അൻവർ എംഎൽഎ. ജപ്പാനില്‍ മഴ പെയ്യിക്കുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ കടത്തിക്കൊണ്ടു പോയിട്ടാണെന്ന വിധത്തിൽ പിവി അന്‍വര്‍ എംഎല്‍എ. മുമ്പ് നടത്തിയ ഒരു പ്രസ്താവന ഈ പാർലിമെൻറ് തെരെഞ്ഞെടുപ്പ് വേളയിലും ഉന്നയിച്ചത് പരിസ്ഥിതി പ്രവർത്തകർ വിമർശിച്ചിരുന്നു. ഇത്തരം ശാസ്ത്രബോധമില്ലാത്ത ഒരാളെ സ്ഥാനാർഥിയാക്കിയതിലും വിവിധ കോണുകളിൽനിന്നും വിമർശനമുയർന്നു.