വായുവിന് ചൂട് കൂടുന്നു, ഭൂമിക്കു പനിയും; മാറി മറിയുന്നത് അന്തരീക്ഷത്തിന്റെ താളം | ഡോ. വി. സുഭാഷ് ചന്ദ്രബോസ്
ചുട്ടുപൊള്ളുന്ന ചൂട്. ഉയിരെടുക്കുന്ന വേനൽ. ഭൂമിക്കും അന്തരീക്ഷത്തിനും ഇതെന്തുന്തുപറ്റി? ലോക അന്തരീക്ഷ ദിനത്തിൽ ചിന്തിക്കാനും പറയാനും ഏറെയുണ്ട്. പറഞ്ഞിട്ടെന്തുകാര്യം എന്നു ചോദിക്കരുത്. എല്ലാവരും എല്ലാം അറിയണം. എല്ലാവരോടും പറയണം. അതല്ലാതെ മുന്നിൽ മറ്റു മാർഗങ്ങളില്ല. മാനവരാശി അനുഭവിക്കുന്ന ചൂടിനു കാരണം സൂര്യന്റെ പ്രകാശവും താപവും തന്നെയാണ് .അൾട്രാ വയലറ്റ് രശ്മികളടക്കം ഭൂമിയിലേക്കെത്തുന്നതിന്റെ അളവു കൂടിവരികയാണ്. എന്നാൽ അന്തരീക്ഷത്തിലെ സ്ഥൂല, സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഭൂമിയിലെ വിവിധ ഘടകങ്ങൾക്ക് വലിയ പങ്കാണുള്ളത്.
അന്തരീക്ഷത്തെ അറിയാം
അന്തരീക്ഷത്തെ പൊതുവെ വായുമണ്ഡലം എന്നാണു വിളിക്കുന്നത്. ഭൂമിക്ക് മുകളിൽ നിന്ന് എട്ടു മുതൽ പത്തു കിലോമീറ്ററെ വരെ ഉയരത്തിൽ ഉള്ള സ്ഥലത്തെ ട്രോപ്പോസ്ഫിയർ എന്നും അതുകഴിഞ്ഞാൽ നാൽപതു മുതൽ അമ്പതു കിലോമീറ്റർ വരെ സ്ട്രാറ്റോസ്ഫിയർ എന്നും പിന്നെ തൊണ്ണൂറു കിലോമീറ്ററെ വരെ മിസോസ്ഫിയർ എന്നുമാണ് അറിയപ്പെടുന്നത്. പിന്നെ അറുന്നൂറ് കിലോമീറ്റർ വരെ തെർമോസ്ഫിയർ തുടർന്ന് അയണോസ്ഫിയർ എന്നിങ്ങനെ പോകുന്നു. ഇതിനിടയിൽ ഇരുപത്തിയഞ്ചു കിലോമീറ്റർ ആകുമ്പോൾ ഓസോൺ പാളികൾ കാണാവുന്നതാണ്. ഓസോൺ പാളികളാണ് അധികമായ അൾട്രാ വയലറ്റ് രശ്മികളെ ഭൂമിയിലേക്കു വരാതെ സംരക്ഷിക്കുന്നത്.
അന്തരീക്ഷത്തിൽ 78.8 ശതമാനം നൈട്രജനും 20.95 ശതമാനം ഓക്സിജനും പിന്നെ ഹൈഡ്രജൻ (0 .00005), ആർഗോൺ (0.93), സിനോൻ (0.000009), നിയോൺ(0.0018), ഹീലിയം (0.0005), ക്രിപ്റ്റോൺ ( 0.0001) എന്നിവ കാണുന്നു. ഇനിയാണ് നാം വില്ലനെന്നു വിളിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് (0.038). അന്തരീക്ഷത്തിലെത്തുന്ന സൂര്യതാപത്തിന്റെ നാലു ശതമാനം ഉപരിതലത്തിൽ നിന്നും ഇരുപതു ശതമാനം മേഘങ്ങളിൽ നിന്നും ആറു ശതമാനം അന്തരീക്ഷത്തിൽ നിന്നും തിരിച്ചു പോകുന്നുണ്ട്.
പത്തൊൻപതു ശതമാനം അന്തരീക്ഷവും മേഘങ്ങളും എടുത്തുവയ്ക്കും.പിന്നെ ഒരു അമ്പത്തൊന്നു ശതമാനം ഭൂമിയിലേക്ക് നേരിട്ടെത്തുന്നു. സൂര്യതാപം ഭൂമിയിലേക്കു വരുമ്പോൾ ഭൂമിയെ ചൂട് പിടിപ്പിക്കാറില്ല. കരയിലും കടലിലുമെത്തിയശേഷം തിരികെ അന്തരീക്ഷത്തിലേക്കു പോകുമ്പോഴാണ് ചൂടിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. കര പെട്ടെന്നു ചൂടാവുകയും പെട്ടെന്നു തന്നെ തണുക്കുകയും ചെയ്യും. എന്നാൽ സാവധാനം ചൂടാകുന്ന കടൽഭാഗം തണുക്കുവാനും സമയമേറെയെടുക്കും. ഇങ്ങനെ സൂര്യരശ്മികൾ തിരികെ പോകുന്ന സമയത്തുള്ള പ്രക്രിയയെ സൗര വികിരണം എന്നാണ് അറിയപ്പെടുന്നത്. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കൂടുന്നതിനനുസരിച്ചു ചൂടും കൂടും. കാർബൺ ധാരാളമായി മണ്ണിൽ കരുതിവെക്കണമെങ്കിൽ ധാരാളം സസ്യസമ്പത്താവശ്യമാണ്. വായുവിലെ കാർബണിനെ വലിച്ചെടുത്തു ഭൂമിക്കടിയിൽ കൊണ്ടു പോകുന്നതു മരങ്ങളാണ്. സസ്യ സമ്പത്തു കുറയുമ്പോൾ അന്തരീക്ഷത്തിലെ കാർബണിന്റെ അളവും കൂടും.
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടുകൂടി ഭൂമിയുടെ ഉപരിതലത്തിൽ ധാരാളമായി കാർബൺ വന്നു തുടങ്ങി. വ്യവസായ വിപ്ലവത്തോടെ വീണ്ടും കാർബൺ ബഹിർഗമനം രൂക്ഷമായി. ഇന്നിപ്പോൾ വാഹങ്ങൾ പുറത്തുവിടുന്ന കാർബണും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷത്തെ ചൂടാക്കുന്നതിൽ സിമന്റിനും നല്ല പങ്കുണ്ട്. കടലിന്റെ ആവാസ വ്യവസ്ഥക്കും കടുത്ത ചൂട് മാറ്റമുണ്ടാക്കുന്നുണ്ട്. എൽനിനോ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ കടലിന്റെയും കരയുടെയും പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രകൃതിയുടെ നൈസർഗികമായ സ്വഭാവം മാറുമ്പോൾ ഭൂമിയും അന്തരീക്ഷവും കൂടുതലായി ചൂടാകുന്നു. കടൽ ചൂടാകുമ്പോൾ നീരാവി കൂടുതലായി അന്തരീക്ഷത്തിലേക്കു വരും നീരാവിയിൽ ചൂടുള്ളതിനാൽ പെട്ടെന്നു വികസിച്ചു തണുത്ത വായു ഉള്ളിടത്തേക്കു പോകാൻ നോക്കും.പക്ഷേ സൂര്യന്റെ ചൂട് കൂടുമ്പോൾ പെട്ടെന്ന് ധാരാളം കടൽ വെള്ളം ചൂടായി നീരാവിയായി എത്തുമ്പോൾ നേരത്തെവന്ന നീരാവി പോയിട്ടില്ലെങ്കിൽ എല്ലാം കൂടി അന്തരീക്ഷത്തിലെ ആർദ്രത കൂട്ടും . അതിനാൽ കടുത്ത ചൂട് അനുഭവപ്പടും കാർബൺ ചക്രവും നൈട്രജൻ ചക്രവും ജല ചക്രവും കൂടിയാണ് ഭൂമിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നത്.താപയുഗമായതിനാൽ സ്വാഭാവികമായി സൂര്യന്റെ ചൂട് കൂടുന്നുണ്ടെന്നാണ് നിഗമനം. മനുഷ്യരുടെ വികലമായ വികസന ഇടപെടലുകളും ചൂടുകൂടാൻ കാരണമാകുന്നുണ്ട്.
എന്തായാലും അന്തരീക്ഷത്തിനു ചൂട് കൂടുകയാണ്. ഭൂമിക്കു പനിയും. ഇതിനനുസരിച്ച് കാലാവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നു.പ്രളയവും വരൾച്ചയും എല്ലാം കീഴ്മേൽ മറിക്കുന്നു.കടലിലെ ജലനിരപ്പുയരുന്നു. ഹിമാനികൾ ഉരുകി മഞ്ഞിറങ്ങുന്നു. മുന്നിലുള്ളത് ശുഭ വാർത്തകളല്ല. പേടിച്ചിരുന്നിട്ടോ ചിന്തിച്ചു കാടു കയറിയിട്ടോ കാര്യമില്ല. നമുക്കാവുന്നതു ചെയ്യാം. തണലിനായി. ഭൂമിയുടെ ചൂട് കുറയ്ക്കുവാനായി കഴിയുന്നതെല്ലാം.
Originally published on manoramaonline.com / bit.ly/2VGYBQN